top of page

സിനിമയും ഉത്തരാധുനികതയും

Feb 16

3 min read

വിനീത് ജോണ്‍

ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ രൂപ രഹിതമായ ചിത്രങ്ങള്‍ കൊണ്ട് ആശയവിനിമയം ചെയ്തിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ രൂപ രഹിതമായ ചിത്രങ്ങളില്‍നിന്ന് മൂര്‍ത്തമായ രൂപങ്ങളിലേയ്ക്ക് അവന്‍റെ ചിത്രരചന വളര്‍ന്നു. അവന്‍ കണ്ടതും, അനുഭവിച്ചതും, ഭയന്നതും, ആഗ്രഹിച്ചതുമെല്ലാം തന്‍റെയിടങ്ങളില്‍ അവന്‍ വരച്ചിട്ടു. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വേട്ടക്കാരനായിരുന്നവന്‍ സംസ്ക്കാരങ്ങള്‍ പടുത്തുയര്‍ത്തു. മഹാകാവ്യങ്ങളും, സുന്ദരശില്‍പങ്ങളും, കൊട്ടാരങ്ങളും നിര്‍മ്മിച്ചു. പിന്നീട് ആധുനിക മനുഷ്യനിലേയ്ക്കുള്ള വളര്‍ച്ചയില്‍ അവന്‍റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ലാതായി. അതിലൊന്നായിരുന്നു നിശ്ചലമായ ചിത്രങ്ങളെ ചലിപ്പിക്കണമെന്ന മോഹം. ഒരു നിശ്ചിത എണ്ണം ദൃശ്യങ്ങള്‍, നിശ്ചിത സമയത്തനുള്ളില്‍ ക്രമമായി കാണാനായാല്‍ ആ ചിത്രങ്ങള്‍ ചലിക്കുന്ന ഒരു പ്രതീതി നമ്മുടെ തലച്ചോറില്‍ രൂപപ്പെടുമെന്ന് അവന്‍ തിരിച്ചറിഞ്ഞു.  ഈ തിരിച്ചറിവില്‍നിന്നും നിശ്ചല ചിത്ര ങ്ങളെ ചലിപ്പിക്കാന്‍ മനുഷ്യന്‍ ആരംഭിച്ച പരീക്ഷണങ്ങള്‍ വിജയം കണ്ടതിന് ലോകം വിളിച്ച പേരാണ് "സിനിമ".


1895ലാണ് ചരിത്രത്തിലേയ്ക്ക് സിനിമ ജനിച്ചുവീഴുന്നത്. 1927 ആയപ്പോള്‍ ആ ശിശു സംസാരിച്ചുതുടങ്ങി. 1939 ആയപ്പോള്‍ അതിന് നിറങ്ങള്‍ ലഭിച്ചു. പിന്നീടങ്ങോട്ട് പെട്ടന്നായിരുന്നു സിനിയുടെ വളര്‍ച്ച. ഭൂഖണ്ഡാതിര്‍ത്തികള്‍ ഭേദിച്ച ആ ശിശു രണ്ട് മഹായുദ്ധങ്ങള്‍ക്ക് സാക്ഷിയായി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മനുഷ്യനില്‍ മാനവികതെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി.  അന്നു വരെയുണ്ടായരുന്ന തത്വശാസ്ത്രങ്ങള്‍ മനുഷ്യന്‍ ഇത്രത്തോളം ക്രൂരനാകുന്നതില്‍ നിന്നും തടഞ്ഞില്ല എന്ന വിലയിരുത്തലില്‍ നിലനിന്ന എല്ലാ തത്വശാസ്ത്രങ്ങളയും തിരസ്ക്കരിച്ചുകൊണ്ട് ഉദയം ചെയ്ത തത്വശാസ്ത്രമാണ് പോസ്റ്റ് മോഡേണിസം അഥവാ ഉത്തരാധുനികത. അത് ജ്ഞാനോദയത്തെയും യുക്തി ചിന്തയേയും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. എല്ലാവിധ വൈവിധ്യങ്ങളേയും അതേപടി ആഘോഷിച്ചു. വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ ആത്മനിഷ്ടമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു. അത് കലയിലും സാഹിത്യത്തിലും ഒരു പുത്തന്‍ സൗന്ദര്യ വീക്ഷണം അവതരിപ്പിച്ചു. ഘടനാപരമായിയുള്ള അടുക്കും, ചിട്ടയും, തുടര്‍ച്ചയുമൊക്കെ മാറ്റിവച്ച് അലങ്കോലമാക്കിയതോ, ചിന്നിച്ചിതറിയതോ ആയതില്‍ സൗന്ദര്യം  കണ്ടെത്തി. വ്യത്യസ്തകളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ലളിതവത്ക്കരണത്തെ പൂര്‍ണ്ണമായും തള്ളിക്കളഞു. എല്ലാം കൃതതയും, സമഗ്രതയുമുള്ളതായിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാത്ത ഒരു നവ വീക്ഷണം. ചുരുക്കത്തില്‍ സാമ്പ്രദായികമായ സൗന്ദര്യസങ്കല്‍പ്പങ്ങളുടെ ചട്ടക്കൂടുകളെ പൊളിച്ചുമാറ്റിക്കൊണ്ട് ഒരു പുത്തന്‍ സൗന്ദര്യസങ്കല്‍പ്പം. ഉത്തരാധുനികയുടെ ഈ നവ സൗന്ദര്യസങ്കല്‍പ്പം ചില സിനിമ എഴുത്തുകാരെ ആകര്‍ഷിക്കുകയും അവര്‍ ഉത്തരാധുനിക പരീക്ഷണങ്ങള്‍ സിനമയില്‍ ആരംഭിക്കുകയും ചെയ്തു.


ഉത്തരാധുനിക സൗന്ദര്യസങ്കല്‍പ്പങ്ങള്‍ സിനിമയില്‍ പ്രയോഗിച്ച നാള്‍ മുതല്‍ പാശ്ചാത്യലോകത്ത് സിനിമകള്‍ക്ക് അതിഭീകരമായ വ്യതിയാനങ്ങള്‍ സംഭവിച്ചുതുടങ്ങി. വ്യത്യസ്തമായൊരു ഭാവനാ ലോകത്തിലേയ്ക്ക് അത് പറന്നുയര്‍ന്നു. നോണ്‍ ലീനിയര്‍, ഫ്രാഗ്മെന്‍റേഷനും റിയലിസം, ഹൈപ്പര്‍ റിയലിസത്തിനും വഴിമാറി. ഒരു സിനിമയില്‍ ഒരു കഥ എന്നത് തിരുത്തി. വിവിധ വിഭാഗങ്ങളില്‍പ്പെടുത്താവുന്ന കഥകള്‍ ഒറ്റ സിനിമയിലേയ്ക്ക് ഇഴ ചേര്‍ന്നു. അതിഭീകരമായ വിഷയങ്ങള്‍പോലും ചിലപ്പോള്‍ ആക്ഷേപഹാസ്യങ്ങളിലൂടെ കഥ പറഞ്ഞു. ഇത്തരത്തില്‍ അന്നോളം ഉണ്ടായിരുന്ന സിനിമ സങ്കല്‍പ്പങ്ങളെ ഉത്തരാധുനികത മാറ്റി മറിച്ചു.


ഉത്തരാധുനികതയുടെ ഈ സൗന്ദര്യസങ്കപ്പം ആദ്യം കടന്നുവരുന്നത് അക്കാദമികലോകത്താണ്. അത്തരത്തില്‍ അക്കാദമികലോകത്ത് വളരെ അധികം ആഘോഷിക്കപ്പെട്ട ഒരു സിനിമയാണ് 1981 ല്‍ റിലീസ് ചെയ്ത 'ദി ഫ്രഞ്ച് ലഫ്റ്റനന്‍റ്സ് വുമണ്‍.' ജോണ്‍ഫോവല്‍സിന്‍റെ നോവലിനെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് സംവിധായകനായ കാരേല്‍ റൈസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയില്‍ തമ്മില്‍ ബന്ധമില്ലാത്ത രണ്ട് കഥകളാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന രണ്ട് വ്യത്യസ്ത സംഭവങ്ങള്‍. രണ്ട് കഥകള്‍ക്കും ഒരേ അഭിനേതാക്കള്‍ (മെറില്‍ സ്ട്രപ്പും, ജെറമി ആയണ്‍സും) ജീവനേകി. രണ്ട് കഥകള്‍ ഉള്ളതുകൊണ്ട് തന്നെ രണ്ട് ക്ലൈമാക്സ് സീനുകളാണ് സിനിമയ്ക്കുള്ളത്. സിനിമയില്‍ മേരി ലൂയിസ് സ്ട്രീപ്പ് എന്ന മെറില്‍ സ്ട്രീപ്പിന്‍റെ അഭിനയം കൂടിയായപ്പോള്‍ സിനിമ അതിന്‍റെ പൂര്‍ണ്ണതയില്‍ മുത്തമിട്ടു. ദുര്‍ഗ്രഹമായ ആഖ്യാനശൈലിമൂലമായിരിക്കാം നിരൂപക പ്രശംസ ധാരാളം നേടിയെങ്കിലും സിനിമ ജനകീയമായില്ല. പക്ഷേ സിനിമയിലെ ഉത്തരാധുനിക പരീക്ഷണങ്ങളില്‍ നിര്‍ണ്ണായകമായ ഒന്നായിരുന്നു 'ദി ഫ്രഞ്ച് ലഫ്റ്റനന്‍റ്സ് വുമണ്‍.'


ഉത്തരാധുനികത റിയലിസത്തിനുമപ്പുറം ഹൈപ്പര്‍ റിയലിസം എന്ന ഒരു 'സിനിമാറ്റിക്' ശൈലി കാണികള്‍ക്ക് പരിചയപ്പെടുത്തി. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് വച്ചോസ്കി സഹോദരിമാര്‍ (ട്രാന്‍സ്ജെന്‍റേഴ്സ്) സംവിധാനം ചെയ്ത "ദി മെട്രിക്സ്." അപ്പോകാലിപ്റ്റിക് ശൈലിയില്‍ ജെയിംസ് കാമറൂണിനെപ്പോലെ ഒരു മഹാ ശില്പി സൃഷ്ടിച്ച 'ദി ടേര്‍മിനേറ്റര്‍' സിനിമയോട് സാദൃശ്യം തോന്നുന്ന ഒരു കഥയുമായി വിണ്ടും വെള്ളിത്തിരയില്‍ വരാന്‍ വച്ചോസ്കി സഹോദരിമാര്‍ കാണിച്ച ധൈര്യത്തിന്‍റെ പേരാണ് ഉത്തരാധുനികത. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന കഥകളെ ഇടകലര്‍ത്തി പറയുന്ന ഉത്തരാധുനിക ശൈലിയാണ് 'ദി മെട്രിക്സില്‍' ഉള്ളതെങ്കിലും അതിലെല്ലാം ഉപരി മെട്രിക്സിനെ വ്യത്യസ്തമാക്കുന്നത് മുന്‍പ് പറഞ്ഞ ഹൈപ്പര്‍ റിയലിസമാണ്. യാഥാര്‍ത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കുമിടയില്‍ കാണികള്‍ തെന്നിക്കളിച്ചു. സിനിമ റിലീസ് ചെയ്ത 90 കളേക്കാള്‍ ജീവിതത്തിന്‍റെ നല്ലൊരു പങ്ക് സമയവും വെര്‍ച്വല്‍ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ മനുഷ്യന് സിനിമ കൂടുതല്‍ വ്യക്തമാകും. സിനിമയിലേതുപോലെ തന്നെ നിര്‍മ്മിത ബുദ്ധിയും, അല്‍ഗോരിതങ്ങളും നിര്‍മ്മിക്കുന്ന മായികമായ ലോകത്തെ യഥാര്‍ത്ഥമായി കാണുന്ന ഇന്നത്തെ മനുഷ്യനോട് സിനിമയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു.



ഉത്തരാധുനിക കലാസൗന്ദര്യം അവിശ്വസനീയമാം വണ്ണം ജനകീയമാകുന്ന കാഴ്ച കണ്ട സിനിമയാണ് 'പള്‍പ്പ് ഫിക്ഷന്‍'. ക്വിന്‍റീന്‍ ടാരന്‍റീനോയുടെ സംവിധാനത്തില്‍ 1994 ല്‍ റിലീസ് ചെയ്ത സിനിമയാണ് 'പള്‍പ്പ് ഫിക്ഷന്‍'. ഏറെക്കുറേ ഉത്തരാധുനികതയുടെ എല്ലാ ശൈലികളും ടാരന്‍റീനോ തന്‍റെ സിനിമയില്‍ പരീക്ഷിച്ചു. 30 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ സിനിമ നമ്മളോട് മാന്ത്രികമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. നാല്‍പ്പതുകളുടെ തുടക്കം മുതല്‍തന്നെ നോണ്‍ലീനിയര്‍ ആഖ്യാനശൈലി സിനിമയില്‍ ആരംഭിച്ചിരുന്നു. അത് പലപ്പോഴും വിവിധ കാലഘട്ടത്തെയോ, വിവിധ വീക്ഷണങ്ങളെയോ പ്രദര്‍ശിപ്പിക്കാന്‍ ആയിരുന്നു. ഉത്തരാധുനികതില്‍ നോണ്‍ലീനിയറിനേക്കാള്‍ ഫ്രാഗ്മെന്‍റേഷനായിരുന്നു പ്രാധാന്യം. തികച്ചും ചിന്നിച്ചിതറിയ ശൈലിയില്‍ ആണ് പള്‍പ്പ് ഫിക്ഷന്‍റെ ആഖ്യാനം. ഫ്രാഗ്മെന്‍റേഷന് ഉദാഹരണം പറയാന്‍ ഇതിനു മുകളില്‍ ഒരു സിനിമ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. അന്നുവരെ നിലനിന്നിരുന്ന നായക സങ്കല്‍പ്പങ്ങള്‍ക്കൂടി തകര്‍ക്കപ്പെട്ടപ്പോള്‍ ഈ സിനിമ ഒരു അത്ഭുത സൃഷ്ടിയായി.  സിനിമ വിദ്യാര്‍ത്ഥികള്‍ ഇന്നും ആ സിനിമയെ പഠനവിഷയമാക്കിക്കൊണ്ടിരിക്കുകയാണ്. ആ വര്‍ഷത്തെ ഓസ്ക്കാറും പാം ഡിയോറുമടക്കം വിവിധ ചലച്ചിത്ര മേളകളില്‍ നിന്നായി ലഭിച്ച എഴുപത്തിരണ്ടോളം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും അറുപത്തിയൊന്‍പതും പള്‍പ്പ് ഫിക്ഷന്‍ സ്വന്തമാക്കി.


ഇവയെക്കൂടാതെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി വെസ്റ്റ്', 'ബ്ലേഡ് റണ്ണര്‍', 'മെമന്‍റോ', 'മള്‍ഹോളണ്ട് ഡ്രൈവ്', 'എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് ദ സ്പോട്ട്ലെസ് മൈന്‍ഡ്', 'ഇന്‍സെപ്ഷന്‍' തുടങ്ങി ഒട്ടനവധി സിനിമകള്‍ ഉത്തരാധുനികശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ സിനിമകള്‍ക്കുദാഹരണമാണ്.  ഉത്തരാധുനികതയുടെ ആരംഭകാലത്ത് നിര്‍മ്മിച്ചതില്‍ നിര്‍ണ്ണായകമായ മൂന്നെണ്ണം മാത്രം തിരഞ്ഞെടുത്തു എന്നേ ഉള്ളൂ.


ജ്ഞാനോദയ സാഹിത്യവും, മുതലാളിത്യവും സമാന്തരമായാണ് ചരിത്രത്തിലേയ്ക്ക് ചുവടു വയ്ക്കുന്നത്. ജ്ഞാനോയം കലയുടെ ഭംഗി ഇല്ലാതാക്കി എന്നാണ് റൊമാന്‍റിസിസത്തിന്‍റെ ആരോപണം. ഐസക് ന്യൂട്ടന്‍ മഴവില്ലിന്‍റെ കാല്പനിക സൗന്ദര്യത്തെ നശിപ്പിച്ചു എന്നൊക്കെ ആരോപിക്കുന്നത് അതിന്‍റെ ഭാഗമാണ്. ഇതേ റൊമാന്‍റിസിസം വ്യവസായിക വത്ക്കരണത്തില്‍ ഇരകളാക്കപ്പെടുന്നവരെക്കുറിച്ച് നിശബദ്ധത പാലിച്ചു. അവരെക്കുറിച്ചു കൂടി സംസാരിക്കണമെന്ന് വാശിപിടിച്ചു കൊണ്ടാണ് റിയലിസം കടന്നുവരുന്നത്. റിയലിസത്തില്‍ കലയുടെ സൗന്ദര്യം നഷ്ടപ്പെടുന്നു എന്ന് വീണ്ടും ആക്ഷേപമുണ്ടാവുകയും തല്‍ഫലമായി എയ്സ്തെറ്റിസിസം കടന്നുവരികയും ചെയ്തു. "കല കലയ്ക്ക് വേണ്ടി" എന്ന വാദമൊക്കെ അക്കാലഘട്ടത്തിന്‍റെ നിര്‍മ്മിതിയാണ്. ഇങ്ങനെ ജ്ഞാനോദയം മുതല്‍ എയ്തെറ്റിസിസം വരെയുള്ള എല്ലാത്തിന്‍റേയും അപൂര്‍ണ്ണതകളെ ചോദ്യം ചെയ്തുകൊണ്ടാണ് മോഡേണിസം കടന്നു വരുന്നത്. മോഡേണിസത്തിലൂടെ കലയുടെ സൗന്ദര്യത്തെ സംബന്ധിച്ച് മാറ്റൊരു അദ്ധ്യായം തുറക്കപ്പെടുകയായിരുന്നു. "മോഡേണ്‍ ആര്‍ട്ടുകള്‍" വ്യത്യസ്തപ്പെടുന്നതിനു കാരണമതാണ്. സിനിമ ജനിച്ചുവീഴുന്നത് ഈ മോഡേണിസത്തിലേയ്ക്കാണ്. സിനിമ പക്ഷേ ഒരു 'മോഡേണ്‍ ആര്‍ട്ട്' ആയിരിക്കുമ്പോഴും അത് ജ്ഞാനോദയത്തിന്‍റെ, റൊമാന്‍റിസിസത്തിന്‍റെ, റിയലിസത്തിന്‍റെ, എയ്തെറ്റിസിസത്തിന്‍റെ ഒക്കെ ഒരു അവിയലായി നിലകൊണ്ടു. അതുകൊണ്ടുതന്നെ സിനിമയെ ഇതിലേതെങ്കലുമൊരു കള്ളിയിലേയ്ക്ക് ചുരുക്കുന്നത് അജ്ഞതയെന്നേ പറയാനാകൂ.


ജ്ഞാനോദയം, റിയലിസം, എയ്തെറ്റിസിസം തുടങ്ങിയവയെ സംബന്ധിച്ച് ഉത്തരാധുനികതയ്ക്ക് അതിന്‍റേതായ നിര്‍വ്വചനങ്ങള്‍ ഉണ്ടായിരുന്നു. തത്വശാസ്ത്രതലത്തില്‍ ഉത്തരാധുനികത അത്യന്തം പ്രതിലോമകരവും പിന്‍തിരിപ്പനുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കലയുടെ മേഖലയില്‍ 'അതി ഭീകരമായൊരു' ഭാവനാലോകം അവര്‍ക്ക് കെട്ടിപ്പെടുക്കാനായി. പ്രത്യേകിച്ച് സിനിമ പോലെ വലിയ ക്യാന്‍വാസിലെ കലാരൂപങ്ങള്‍ക്ക്. സെല്ലുലോയിഡില്‍ (ഫിലിമില്‍) സന്നിവേശിപ്പിക്കപ്പെട്ട നിശ്ചല ചിത്രങ്ങളില്‍ നിന്ന് പ്രണയവും, യാഥാര്‍ത്ഥ്യവും, പ്രതികാരവും, ഹാസ്യവും വായിച്ചെടുക്കുന്നതിന് ഉത്തരാധുനികത പുതിയ മാനങ്ങള്‍ നല്‍കി. അതും ഭ്രമാത്കമകമായൊരു സൗന്ദര്യാനുഭൂതി തുളുമ്പി നിറച്ചുകൊണ്ട്.


മലയാളസിനിമകളുടെ കാര്യമെടുത്താല്‍ ജിയോ ബേബി, ദിലീഷ് പോത്തന്‍, മധു സി. നാരായണന്‍, ആഷിക് അബു തുടങ്ങിയ നവസിനിമ പ്രവര്‍ത്തകരിലൂടെ നമ്മുടെ സിനിമകള്‍ മാറുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ഉത്തരാധുനികത സൗന്ദര്യ ശാസ്ത്രത്തിന്‍റെ മുഴുവന്‍ സാധ്യതകളേയും ഉപയോഗിച്ചുകൊണ്ട് ഒരു മലയാള സിനിമ ഇന്നും നമുക്ക് ലഭ്യമായിട്ടില്ല. ഉത്തരാധുനിക ശൈലിയിലെ പല സങ്കേതങ്ങളെയും പുതു സിനിമ പ്രവര്‍ത്തകര്‍ പരീക്ഷിക്കുന്നുണ്ട് എന്നത് ആശാവഹമാണ്. അതില്‍ മുന്നിട്ടുനില്‍ക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഈ പ്രവണത നിലനിറുത്തിയാല്‍ ഒരു പക്ഷേ ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആയിരിക്കാം ആദ്യമായി മലയാളത്തില്‍ അത്തരമൊന്ന് നിര്‍മ്മിക്കപ്പെടുക. ആരാല്‍ നിര്‍മ്മിക്കപ്പെട്ടാലും അത്തരമൊന്ന് വേഗം സൃഷ്ടിക്കപ്പെടട്ടെ!

Feb 16

വിനീത് ജോണ്‍

0

123

Cover images.jpg

Recent Posts

bottom of page