ജോര്‍ജ് വലിയപാടത്ത്
Oct 4
'നിങ്ങള്‍ റബ്ബീ എന്നു വിളക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്" (മത്താ. 23:8)
ബീജഗണിതമോ ഭാഷയോ അറിയണമെങ്കില്‍, സൈക്കിള്‍ ചവിട്ടാനോ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനോ കഴിയണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു അധ്യാപകനെ ആവശ്യമുണ്ട്. പക്ഷേ, ശാസ്ത്ര-സാങ്കേതികവിദ്യകളോ കണക്കോ പഠിപ്പിക്കുന്നതുപോലെ, ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ടവ - സ്നേഹം, സത്യം, ദൈവം - യെക്കുറിച്ചു പഠിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. മറ്റുള്ളവര്‍ക്ക് ആകെ നല്കാനാവുക ചില ഫോര്‍മുലകളാണ്. ഒരു ഫോര്‍മുലയുപയോഗിച്ച് നിങ്ങള്‍ ജീവിക്കാന്‍തുടങ്ങിയാല്‍ അതിനര്‍ത്ഥം, മറ്റൊരാളുടെ കണ്ണിലൂടെ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തെ കാണുന്നു എന്നാണ്. നിങ്ങള്‍ നിങ്ങളുടേതായരീതിയില്‍ കാണാനോ അറിയാനോ ശ്രമിച്ചിട്ടില്ലെന്നു മരണക്കിടക്കയില്‍വച്ച് നിങ്ങള്‍ക്കു ഖേദിക്കേണ്ടി വരും. ഫോര്‍മുലകള്‍ നിങ്ങളെ തടവറയിലാക്കുന്നു.
ചില അനുഭവങ്ങള്‍ നിങ്ങളുടെ ഓര്‍മ്മയിലില്ലേ? അവയെ വിശദീകരിക്കാന്‍ പാകമായ ഒരു വാക്കും നിങ്ങള്‍ക്കു കണ്ടെത്താനായിട്ടുണ്ടാവില്ല. എങ്കിലും നിങ്ങള്‍ക്കറിയാം, ആ അനുഭൂതികള്‍ കുഴിമാടംവരെ നിങ്ങളോടൊപ്പം ഉണ്ടാകും. സത്യത്തില്‍ അതങ്ങനെയാണ്: അനുഭൂതികളെ സംവേദനംചെയ്യാന്‍ പറ്റിയ ഒരു വാക്കും ഒരു ഭാഷയിലുമില്ല. ഓര്‍ത്തു നോക്കൂ അത്തരം അനുഭൂതികള്‍: ഒരു കിളി തടാകപരപ്പിനുമുകളിലൂടെ പറന്നുപോയത്, പാറയുടെ വിള്ളലിലൂടെ ഒരു പുല്‍നാമ്പ് തലനീട്ടിനോക്കിയത്, നിശ്ശബ്ദനിശീഥിനിയില്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍കേട്ടത്, ഒരു നഗ്നശരീരത്തിന്‍റെ സ്നിഗ്ദ്ധത അനുഭവിച്ചത്, ശവപ്പെട്ടിയില്‍ കിടക്കുന്ന തണുത്തുറഞ്ഞ മൃതദേഹത്തെ നോക്കിനിന്നത്... ചിത്രരചനയിലൂടെയോ, ഗാനത്തിലൂടെയോ, കവിതയിലൂടെയോ ആ അനുഭൂതിയെക്കുറിച്ചു സംസാരിക്കാന്‍ നിങ്ങള്‍ തുനിഞ്ഞിട്ടുണ്ടാകാം. എങ്കിലും നിങ്ങള്‍ക്കറിയാം നിങ്ങളുടെ അനുഭൂതിയെ ആര്‍ക്കും അതേപടി ഒപ്പിയെടുക്കാന്‍ ആകില്ലെന്ന്. മറ്റാര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാനോ ആരെയെങ്കിലും പഠിപ്പിക്കാനോ ആവാത്തവയാണ് അനുഭൂതികള്‍.
നിങ്ങള്‍ ഒരു ഗുരുവിനോട് ജീവിതത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ സത്യത്തെക്കുറിച്ചോ ചോദിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന നിസ്സഹായതയും ഇതിനു സമാനമാണ്. അദ്ദേഹത്തിന് ആകെ സാധിക്കുന്നത് കുറെവാക്കുകള്‍ പെറുക്കിവച്ച് ഒരു ഫോര്‍മുല തരിക എന്നതാണ്. പക്ഷേ വാക്കുകള്‍കൊണ്ട് എന്തു പ്രയോജനം?
ബസില്‍ യാത്രചെയ്യുന്ന ഒരു ടൂറിസ്റ്റ്സംഘത്തെ സങ്കല്പിക്കുക. ബസിന്‍റെ ഷട്ടറുകളെല്ലാം താഴ്ത്തിയിട്ടിരിക്കുകയാണ്. അതുകൊണ്ട് ആ ബസ് കടന്നുപോകുന്ന പ്രദേശത്തിന്‍റെ അഭൗമമായ സൗന്ദര്യം അവര്‍ അറിയുന്നതേയില്ല, ഒരു ഗന്ധവും അവര്‍ക്കുകിട്ടുന്നില്ല. ഒന്നും കാണുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നില്ല. യാത്രയിലുടനീളം ഒരു ടൂറിസ്റ്റ് ഗൈഡ് ആ പ്രദേശത്തെക്കുറിച്ചും അതിന്‍റെ നിറങ്ങളെക്കുറിച്ചും ഗന്ധങ്ങളെക്കുറിച്ചും ശബ്ദങ്ങളെക്കുറിച്ചും വര്‍ണ്ണിക്കുകയാണ്. അവര്‍ കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും ആ വര്‍ണ്ണനകള്‍ മാത്രം. ആ വര്‍ണ്ണനകള്‍ ചമയ്ക്കുന്ന ചിത്രങ്ങളാണ് അവര്‍ക്കു യാഥാര്‍ത്ഥ്യം. അവര്‍ക്ക് എന്തൊക്കെ കാണാമെന്നും പ്രതീക്ഷിക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങളെല്ലാം അവരില്‍നിറച്ചിട്ട് ആ ഗൈഡ് ബസ്നിര്‍ത്തി, ആ പ്രദേശത്ത് അവരെ ഇറക്കിവിട്ടുവെന്നിരിക്കട്ടെ. അവര്‍ കാണുന്നതൊന്നും തൊട്ടുമുമ്പിലുള്ള യാഥാര്‍ത്ഥ്യമായിരിക്കില്ല, ഗൈഡ് കൊടുത്ത ഫോര്‍മുലകളെന്ന അരിപ്പയിലൂടെ അരിച്ചെത്തുന്നവ മാത്രമായിരിക്കും. അവര്‍ പഠിച്ച ചില ഫോര്‍മുലകളോട് അനുരൂപപ്പെടുന്നവ മാത്രം അവര്‍ കാണുന്നു. ബാക്കിയുള്ളവ അവരറിയാതെ അവര്‍ തിരസ്കരിക്കുന്നു. അങ്ങനെ അവര്‍ ചെയ്യുന്നത് യാഥാര്‍ത്ഥ്യത്തെ കാണുക എന്നതായിരിക്കില്ല, പിന്നെയോ തങ്ങളുടെ ഫോര്‍മുലകളെ സാധൂകരിക്കുക എന്നതായിരിക്കും.
യഥാതഥമായതിനെയാണു നിങ്ങള്‍ അനുഭവിക്കുന്നത് എന്നറിയാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ? ഇതാ ഒരു അടയാളം: ആ അനുഭവത്തെ നിങ്ങള്‍ക്ക് വാക്കുകളിലാക്കാന്‍ ആവില്ല. മറ്റാരെങ്കിലുമോ, നിങ്ങള്‍ തന്നെയോ സൃഷ്ടിച്ചെടുത്ത ഫോര്‍മുലകളിലേക്കൊന്നും അവയെ ഒതുക്കാനാവില്ല. അപ്പോള്‍ ഒരു ഗുരുവിനു ചെയ്യാനാവുന്നത് എന്താണ്? അയഥാര്‍ത്ഥമായത് എന്തെന്ന് അവര്‍ക്കു കാണിച്ചുതരാനാകും, പക്ഷേ യാഥാര്‍ത്ഥ്യത്തെ കാണിച്ചുതരാനാകില്ല. ഫോര്‍മുലകള്‍ നശിപ്പിക്കാനാകും; പക്ഷേ അവ ചൂണ്ടിക്കാണിക്കുന്നതെന്താണെന്നു പറഞ്ഞുതരാനാകില്ല. നിങ്ങളുടെ തെറ്റുകള്‍ ഏവയെന്നു വിശദീകരിക്കാനാകും, പക്ഷേ സത്യത്തെ നിങ്ങളുടെ കൈയില്‍ വച്ചുതരാനാകില്ല. അങ്ങേയറ്റം അവര്‍ക്കു സാധിക്കുക, സത്യത്തെ ചൂണ്ടിക്കാണിച്ചു തരികയെന്നതാണ്. പക്ഷേ നിങ്ങള്‍ എന്തു കാണണമെന്ന് അവര്‍ക്കു പറഞ്ഞുതരാനാകില്ല. അതു നിങ്ങള്‍ സ്വയം അന്വേഷിച്ച്, തനിയേ യാത്രചെയ്തു കണ്ടെത്തേണ്ട ഒന്നാണ്.
തനിയേ യാത്രചെയ്യുക എന്നു വച്ചാല്‍ മറ്റുള്ളവരില്‍നിന്നോ, പുസ്തകങ്ങളില്‍നിന്നോ, ഭൂതകാല അനുഭവത്തിന്‍റെ വെളിച്ചത്തിലോ നിങ്ങള്‍ പഠിച്ച ഫോര്‍മുലകളില്‍നിന്നു ദൂരേയ്ക്കുപോവുക എന്നാണ്. അതാണ് ഒരുപക്ഷേ ഒരു വ്യക്തിക്ക് ചെയ്യാനാവുന്ന ഏറ്റവും സാഹസികമായ ഒരു കാര്യം: അറിയാത്തതിലേക്ക് ഒരു ഫോര്‍മുലയുടെയും സഹായംകൂടാതെ പ്രവേശിക്കുക. പ്രവാചകരും മിസ്റ്റിക്കുകളും അതാണു ചെയ്തത്. അവര്‍ ചുറ്റുമുള്ളവരുടെ സൗഹൃദമല്ല, ഫോര്‍മുലകളാണ് ഉപേക്ഷിച്ചത്. അപ്പോള്‍ ആള്‍ക്കൂട്ടത്തിലാണെങ്കിലും നിങ്ങള്‍ സത്യമായും ഒറ്റപ്പെട്ടവള്‍തന്നെ.
അതൊരു ഭയങ്കരമായ ഏകാന്തതയാണ്. ആ ഏകാന്തതയാണ് യഥാര്‍ത്ഥത്തില്‍ നിശ്ശബ്ദത. ഈ നിശ്ശബ്ദതയിലാണു നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാണുക. അങ്ങനെ കാണാനാകുന്നതോടെ നിങ്ങള്‍ പുസ്തകങ്ങളെയും ഗുരുക്കന്മാരെയും ഉപദേഷ്ടാക്കളെയും ഉപേക്ഷിക്കും.
അപ്പോള്‍ നിങ്ങള്‍ എന്തൊക്കെയായിരിക്കും കാണുക? എന്തും നിങ്ങള്‍ കാണും: കൊഴിഞ്ഞു വീഴുന്ന ഒരില, ഒരു സുഹൃത്തിന്‍റെ പെരുമാറ്റം, തടാകപരപ്പിലെ കുഞ്ഞോളങ്ങള്‍, കല്ലുകളുടെ ഒരു കൂന, ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്, ഇരമ്പുന്ന ഒരു തെരുവ്, നക്ഷത്രഖചിതമായ ആകാശം... അങ്ങനെയെന്തും. അവയെക്കുറിച്ചൊക്കെ ഒന്നുപറയാന്‍ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടും. കാരണം എല്ലാ പറച്ചിലുകളും ഫോര്‍മുലകളാണെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ക്കു വ്യാഖ്യാനിച്ചുതരാന്‍ ആരെങ്കിലും തയ്യാറായാല്‍ അപ്പോഴും നിങ്ങള്‍ നിഷേധിക്കും. കണ്ടതൊക്കെ വ്യാഖ്യാനങ്ങള്‍ക്ക് അതീതമാണെന്നു നിങ്ങള്‍ക്കറിയാം. സാവധാനം, ആദ്യമൊക്കെ ഒട്ടുംതിരിച്ചറിയാനാവാത്ത രീതിയില്‍, ഒരു മാറ്റം നിങ്ങളെ പിടികൂടും. അത് ഒരു സമൂലമായ മാറ്റത്തിലേക്കു നിങ്ങളെ നയിക്കും. കാരണം, ഓരോ കാഴ്ചയ്ക്കുംശേഷം നിങ്ങള്‍ക്കു പഴയതുപോലെ ആയിരിക്കാനാവില്ല. നിങ്ങളെ സന്തോഷംകൊണ്ടു നിറയ്ക്കുന്ന ഒരു സ്വാതന്ത്ര്യം നിങ്ങള്‍ അനുഭവിക്കും. സകല ഫോര്‍മുലകളും അവയെത്ര വിശുദ്ധമാകട്ടെ, ഉപയോഗശൂന്യമെന്നു നിങ്ങള്‍ തിരിച്ചറിയും. ആരെയും അതുമുതല്‍ നിങ്ങള്‍ ഗുരു എന്നു വിളിക്കില്ല. അതോടുകൂടി നിങ്ങള്‍ക്ക് ഒരു നിമിഷംപോലും പഠിക്കാതിരിക്കാനും ആകില്ല. ഓരോ ദിവസവും നിങ്ങള്‍ പുതിയതു കാണുകയും ഗ്രഹിക്കുകയും ചെയ്യും. സകലകാര്യങ്ങളും വസ്തുക്കളും വ്യക്തികളും നിങ്ങള്‍ക്കു ഗുരുക്കളായിത്തീരും.
നിങ്ങളുടെ പുസ്തകങ്ങളും ഫോര്‍മുലകളും ഒന്നു മാറ്റിവയ്ക്കാന്‍ ധൈര്യം കാണിക്കൂ; നിങ്ങളുടെ ഗുരുവിനെ ഉപേക്ഷിക്കാന്‍ ഒന്നു തയ്യാറാകൂ. എന്നിട്ടു നിങ്ങള്‍ സ്വയം യാഥാര്‍ത്ഥ്യത്തെ നിങ്ങളുടേതായ രീതിയില്‍ കാണുക. ഭയംകൂടാതെ, ഫോര്‍മുലകളുടെ സഹായംകൂടാതെ ചുറ്റുമൊന്നുനോക്കാന്‍ ധൈര്യം കാണിക്കുക. അധികം താമസിക്കാതെ നിങ്ങള്‍ക്കു കാഴ്ച സ്വന്തമാകും.