

Key Takeaways:
The impact of the prevailing authoritarian culture on our society.
"സഹജീവികളോടുള്ള ഹിംസയാക്കി അധികാരത്തെ, എത്ര ചെറിയ അധികാരത്തെയും മാറ്റുന്നത് ഒരു മനുഷ്യസഹജവാസനയാവാം" അനിത തമ്പി
ഇന്നത്തെ ലോകത്ത് അധികാരവും അതിനോടു ബന്ധപ്പെട്ട വ്യവഹാരങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പ്രതിസ ന്ധികളും നിരവധിയാണ്. അധികാരികള്‍ ചെറിയ മനുഷ്യരും മനുഷ്യത്വവിരുദ്ധരുമാകുമ്പോള്‍ എല്ലാം മാറിമറിയുന്നു. ഇത്തിരിവട്ടം മാത്രം കാണുന്ന കുറിയ മനുഷ്യരാണ് അധികാരത്തിലേക്ക് ഓടിക്കയറുന്നത്. പ്രത്യയശാസ്ത്രങ്ങളും ആദര്‍ശങ്ങളും കൊഴിഞ്ഞുപോയ കാലത്ത് അധികാരം ശരിക്കും ഹിംസാത്മകമാകുന്നത് നാം കാണുന്നു. യുദ്ധങ്ങളായും വിലക്കുകളായും അപരദ്വേഷമായും അധികാരം അരങ്ങുവാഴുകയാണ് ഇവിടെ.
അധികാരത്തിന്‍റെ വലക്കണ്ണികള്‍ ഏവരെയും ചൂഴ്ന്നുനില്‍ക്കുന്നു. കുടുംബത്തില്‍, സമൂഹത്തില്‍, സ്ഥാപനങ്ങളില്‍, രാഷ്ട്രീയത്തില്‍, മതത്തില്‍ എല്ലാം അധികാരത്തിന്‍റെ ശ്രേണീഘടനയില്‍ നാം അകപ്പെടുന്നു. സൂക്ഷ്മവും സ്ഥൂലവുമായ അധികാരഘടനയെക്കുറിച്ചുള്ള മിഷേല്‍ ഫ്രൂക്കോയുടെ നിരീക്ഷണം ഇവിടെ ഓര്‍ക്കാം. രണ്ടു വ്യക്തികള്‍ക്കിടയില്‍ പോലും അധികാരം സൂക്ഷ്മമായി ഇടപെടല്‍ നടത്തുന്നത് നാം കാണുന്നു. അധികാരത്തിനായുള്ള ആസക്തി എന്തും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. 'വില്‍ ടു പവര്‍' എന്നത് പല രൂപഭാവങ്ങളില്‍ അരങ്ങേറുന്നു.
നാം സാധാരണഗതിയില്‍ ചിന്തിക്കുന്നത് രാഷ്ട്രീയാധികാരത്തെക്കുറിച്ചും ഭരണകൂടങ്ങളെക്കുറിച്ചും ആണ്. കോവിഡാനന്തരകാലത്ത് അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് നാം കാണുന്നു. ജനാധിപത്യസംസ്കാരം മെല്ലെ ഫാസിസത്തിനു വഴിമാറുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ നിരീക്ഷിക്കുന്നതുപോലെ കുടുംബത്തില്‍ പരിശീലിക്കാത്ത ജനാധിപത്യമെങ്ങനെ സമൂഹത്തിലും ലോകത്തിലും പരിശീലിക്കാന്‍ സാധിക്കും! അധികാരത്തിന്‍റെ ശ്രേണീവല്‍കൃത ഘടന മനുഷ്യരെ ഗ്രസിക്കുമ്പോള്‍ മാനുഷികമായ പലതും വിനഷ്ടമാകുന്നു.
കുടുംബത്തിനുള്ളില്‍ അധികാരത്തിന്‍റെ ഇടപെടല്‍ സൂക്ഷ്മമായി അരങ്ങേറുന്നു. 'ഐ ആം ദ ഹിറ്റ്ലര്‍ ഓഫ് മൈ ഫാമിലി' എന്ന് ഗൃഹനാഥന്‍ ഭാവിക്കുമ്പോള്‍ മറ്റുള്ളവര്‍ അടിമകളോ അനുസരിക്കുന്നവരോ മാത്രമായി മാറുന്നു. അടുത്തകാലം വരെ കുടുംബത്തില്‍ സ്ത്രീകളുടെ സ്വരം ഉയര്‍ന്നുകേള്‍ക്കാറില്ലല്ലോ. പുരുഷാധികാരവ്യവസ്ഥയുടെ രൂക്ഷതയില്‍ ചിറകരിഞ്ഞുവീണ പെണ്‍ജീവിതങ്ങളെക്കുറിച്ച് നാം ചര്‍ച്ച ചെയ്യുന്ന കാലമാണിത്. അധികാരത്തിന്‍റെ ഭിന്നതലങ്ങള്‍ സമൂഹത്തില്‍ എല്ലാ രംഗത്തെയും വരിഞ്ഞുമുറുക്കിയിട്ടുണ്ട്. ഭരണഘടനയും ജനാധിപത്യവും നല്‍കുന്ന അവകാശവും അധികാരവും സ്ത്രീകള്‍ക്കും ദുര്‍ബലര്‍ക്കും ഇപ്പോഴും ലഭിക്കുന്നില്ല. അധികാരത്തിന്‍റെ ഋണാത്മകമായ ഇടപെടലുകള്‍ മനുഷ്യവികാസത്തിന്‍റെ മേഖലകളെ വല്ലാതെ ചുരുക്കിക്കളയുന്നു.
മഹത്തായ ദര്‍ശനങ്ങള്‍ ആവിഷ്കരിക്കുന്ന മതങ്ങളിലും അധികാരത്തിന്‍റെ ഘടന മുറുകിയതാണ്. ഒന്നാമനാകാന്‍ അഗ്രഹിക്കുന്നവര്‍ അവസാനത്തെ ആളാകുന്നതിനെക്കുറിച്ചൊക്കെ പറയുമ്പോഴും സാധാരണ വിശ്വാസികള്‍ക്ക് ലഭിക്കുന്ന സ്ഥാനം താഴെത്തന്നെയാണ്. നയിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും അധികാരമുള്ളവരെന്ന് ഭാവിക്കുന്നവരെ നാം കാണുന്നു. അധികാരത്തില്‍ നിന്നു മാറി നടന്നവരാണ് പല മഹാത്മാക്കളും. എന്നാല്‍ അവരെ പിന്തുടരുന്നവര്‍ അധികാരത്തിന്‍റെ ഘടനയാണ് സൃഷ്ടിക്കുന്നത്.
ക്ലാസ്മുറിയില്‍ അധ്യാപകരും കുട്ടികളോടു മുതിര്‍ന്നവരും അധികാരഭാഷയില്‍ മാത്രമാണ് സംസാരിക്കുന്നത്. അതിനുള്ള അവകാശം തങ്ങള്‍ക്കുണ്ട് എന്നാണ് അധ്യാപകര്‍ ചിന്തിക്കുന്നത്. മുന്നിലിരിക്കുന്ന കുട്ടികളുടെ വ്യക്തിത്വം ഒട്ടും പരിഗണിക്കാതെ അധികാരം പ്രയോഗിക്കുന്ന അധ്യാപകര്‍ അച്ചടക്കത്തിന്‍റെ വാളോങ്ങി നില്‍ക്കുന്നു. വിധേയത്വമാണ് അനുസരണം എന്ന വിചാരം പലപ്പോഴും കുട്ടികളില്‍ അധമചിന്ത വളര്‍ത്തുന്നു. തലമുറകളായി പകരുന്ന അടിമത്ത ചിന്ത കുട്ടിക്കാലത്തു തന്നെ വേരുപിടിക്കുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയാത്ത, അധികാരത്തിനു മുന്നില്‍ കുനിഞ്ഞു നില്‍ക്കുന്നവരായി മനുഷ്യരെ മാറ്റിത്തീര്‍ക്കുന്നു. സ്ഥാപനങ്ങള്‍ പലതും അധികാരത്തിന്‍റെ ഇടങ്ങളുമാണ്. ഓഫീസുകളും ചെറുതുംവലുതുമായ സ്ഥാപനങ്ങളും അധികാരത്തെ ഊട്ടിയുറപ്പിക്കുന്നു.
ഒരധികാരി സ്ഥാപനത്തിന്‍റെ ചുമതല ഏറ്റെടുക്കുമ്പോള്‍ തന്നോടൊപ്പം ജോലിചെയ്യുന്നവരെ പലപ്പോഴും അടിച്ചമര്‍ത്താനും വരുതിയില്‍ നിര്‍ത്താനും ശ്രമിക്കും. തനിക്കിഷ്ടമില്ലാത്തവരെയെല്ലാം പുറത്താക്കുമെന്നും അനുസരിക്കാനും വിധേയപ്പെടാനും സാധിക്കാത്തവര്‍ ജോലി ഉപേക്ഷിച്ചു പോകാനും ആഹ്വാനം ചെയ്യുന്നവരെ നാം കാണുന്നു. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന സാധാരണക്കാര്‍ എന്ത് അപമാനവും സഹിക്കാന്‍ വിധിക്കപ്പെടുന്നു. ചെറിയ മനുഷ്യര്‍ക്ക്, സ്വന്തം കഴിവില്‍ ആത്മമവിശ്വാസമില്ലാത്തവര്‍ക്ക് അധികാരം കിട്ടിയാല്‍ അവര്‍ സ്ഥാപനത്തെ നരകമാക്കുന്നു. എല്ലാവരുടെയും ഏറ്റവും നല്ല കഴിവുകള്‍ സ്ഥാപനത്തിന്‍റെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കാന്‍ അവര്‍ പരാജയപ്പെടുന്നു. തന്‍റെ കസേര ഉറപ്പിച്ചു നിര്‍ത്താന്‍ അസത്യങ്ങളും അര്‍ത്ഥസത്യങ്ങളും എടുത്തുപയോഗിക്കാന്‍ മടിയില്ലാത്തവരാണ് അധികാരക്കൊതിയുള്ളവര്‍. അധമവികാരങ്ങള്‍ ഒതുക്കിവച്ച് അവര്‍ നല്ലവരായി ഭാവിക്കുന്നു. അതൊരു അഭിനയം മാത്രമാണ്. സ്വന്തം കഴിവില്‍ ആത്മവിശ്വാസമുള്ളവര്‍ ഒരിക്കലും തന്നോടൊത്തു പ്രവര്‍ത്തിക്കുന്നവരെ ദുഷിക്കില്ല.
എല്ലായിടത്തും ക്യമറയൊക്കെ ഘടിപ്പിച്ച് മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും നിരീക്ഷിച്ച് സ്വന്തം സ്ഥാനമുറപ്പിക്കുന്ന മേധാവികള്‍ അല്പത്തരത്തിന്‍റെ പൊള്ളജീവിതം ജീവിച്ചു തീര്‍ക്കുന്നു. മറ്റുള്ളവരെല്ലാം തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നു ധരിച്ചുവശാകുന്നവര്‍ അധികാരത്തെ ഹിംസാത്മകമായി ഉപയോഗിക്കുന്നു. വാക്കിലൂടെയും പ്രവൃത്തികളിലൂടെയും അധികാരഹിംസയുടെ പ്രതീകമായി ഇവര്‍ മാറുന്നു. അപരവിദ്വേഷത്തിന്‍റെ സംസ്കാരം കാത്തുസൂക്ഷിക്കുന്ന ചിലര്‍ അധികാരത്തെ ദുഷിപ്പിക്കുന്നു.
ഏവരും അധികാരത്തിന്‍റെ ഇരകളും വേട്ടക്കാരുമാണ്. നമുക്കു താഴെയുള്ളവരുടെ അടുത്ത് നാം അധികാരം പ്രയോഗിക്കുന്നു. അധികാരത്തിന്‍റെ അടരുകള്‍ നിരവധിയാണ്. ഹ്രസ്വദൃഷ്ടികളായവര്‍ അധികാരം കൈയ്യടക്കിയ കാലം നരകത്തിലേക്കുള്ള വഴി തുറന്നിടുന്നു.
അധികാരത്തിന്‍റെ അടരുകള്‍
ഡോ. റോയി തോമസ്
അസ്സീസി മാസിക, ജനുവരി 2026





















