top of page

അടയിരിക്കുന്ന ആണ്‍പക്ഷി

Jan 4

5 min read

ഫാ. നിര്‍മ�്മലാനന്ദ് OIC

Key Takeaways:

  • The article discusses silence, contemplation, and self-reflection in the context of the New Year.


പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അടയിരിക്കുന്ന ആണ്‍പക്ഷിയുടെ കഥ പറഞ്ഞു തുടങ്ങാം. പച്ചമുട്ടയിടുന്ന, മുപ്പതുവര്‍ഷത്തോളം ജീവിതകാലമുള്ള, പക്ഷിരാജ്യത്തില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനക്കാരായ ഇവര്‍ എല്ലാത്തിലും എന്നതുപോലെ പ്രജനനത്തിലും വ്യത്യസ്തരാണ്. പെണ്‍പക്ഷി മുട്ടിയിട്ടുകഴിഞ്ഞാല്‍ തുടര്‍ന്നുള്ള അറുപതു ദിവസം ആഹാരവും ജലവും ഉപേക്ഷിച്ച് ആണ്‍പക്ഷി അടയിരിക്കുന്നു. അതുവരെ ശബ്ദകോലാഹലമായിരുന്ന അവന്‍റെ ലോകം മൗനത്തിന്‍റെ മറയ്ക്കുള്ളിലാകുന്നു. ഭക്ഷണമില്ല, ജലപാനമില്ല, ശബ്ദകോലാഹലങ്ങളില്ല. പുതിയ ജീവന്‍റെ പിറവിക്കുവേണ്ടിയുള്ള തപസ്സിലാണ് എമുപക്ഷി. പുതിയ ജീവന്‍ പിറന്നുവീഴുന്നതുവരെ മൗനത്തിന്‍റെ മഹാമേരുവില്‍ അടയിരിക്കുന്ന ഇവന്‍റെ മൗനവും തപസ്സും തിരുപ്പിറവിയേയും പുതുവത്സരത്തെയും ഓര്‍മ്മപ്പെടുത്തുന്നു.


ആകാശത്തിന്‍റെ മൗനം ഘനീഭവിച്ച് ക്രിസ്തുവായി മാതാവിന്‍റെ ഉദരത്തില്‍ ഉരുവാകുന്ന ഡിസംബര്‍ മാസം, ജീവനെ പ്രതീക്ഷിക്കുന്നവരെല്ലാം മൗനത്തിനുമേല്‍ അടയിരിക്കേണ്ട മാസം. ഡിസംബറിനുശേഷം പുതിയ വര്‍ഷത്തിന്‍റെ പുതിയ പുലരിയാണ്. പുതിയ പുലരി ജീവന്‍റെ ലഹരിയായി മാറണം എങ്കില്‍ ജീവനുവേണ്ടി മൗനത്തിനുമേല്‍ അടയിരിക്കുന്നവര്‍ കാലഘട്ടത്തില്‍ ഉണ്ടായിവരണം.


ആകാശത്തിന്‍റെ മൗനത്തിലൂടെ ഊര്‍ന്നിറങ്ങി ഏലിയായുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ദൈവത്തെ പഴയനിയമത്തില്‍ നാം കണ്ടുമുട്ടുന്നു. "മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തും കൊണ്ട് കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റു കഴിഞ്ഞ് ഭൂകമ്പമുണ്ടായി, ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു. ഭൂകമ്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു. അപ്പോള്‍ ഏലിയാ മേലങ്കി കൊണ്ട് മുഖം മറച്ച് പുറത്തേക്കു വന്നു" (1 രാജാ. 19: 11-13). മൗനത്തിന്‍റെ മഹാസാഗരത്തിലേക്ക് ഇറങ്ങാത്തവര്‍ക്ക് ദൈവദര്‍ശനം അസാധ്യമാണ്.


ബാലിന്‍റെ പ്രവാചകന്മാരെ വാളിനിരയാക്കി ആഹാബിന്‍റെ മുമ്പില്‍ മഴ പെയ്യിക്കാതെ ആകാശത്തെ അടച്ച്, ആവേശത്തിന്‍റെ കൊടുമുടി കയറിയുള്ള വരവാണ് ഏലിയാ. അവന്‍റെ മനസ്സില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുണ്ട്, മലകളെയും പാറകളെയും പിളര്‍ക്കത്തക്ക ശക്തമായ കൊടുങ്കാറ്റാണ്, മനസ്സ് ആടിയുലയുന്നുണ്ട്; പിന്നീട് സകലതും തകര്‍ത്തെറിയുന്ന ഭൂകമ്പമാണ്, അതിനുശേഷം എല്ലാം ചാമ്പലാകുന്ന അഗ്നിയുടെ വരവാണ്. കോപത്തിലും ആവേശത്തിലും ഇതുമാത്രമാണ് നടക്കുന്നത്. സകലവും വിഴുങ്ങിക്കളയുന്ന സംഹാരതാണ്ഡവം, ഇത് മരണത്തിന്‍റെ സംസ്കാരമാണ്. ഇവിടെ നിനക്ക് ദൈവദര്‍ശനം അസാധ്യമാണ്. ജീവന്‍റെ നാഥനെ കണ്ടെത്തുക ശ്രമകരമാണ്.


ദൈവദര്‍ശനത്തിന് നിന്‍റെ മനസ്സ് ശാന്തമാകണം. "വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവ് തോട്ടത്തില്‍ ഉലാത്തുന്നതിന്‍റെ ശബ്ദം അവര്‍ കേട്ടു" (ഉല്പത്തി 3: 8). ദൈവത്തിന് അപ്പുറത്തേക്കു വളരാന്‍ ശ്രമിക്കുന്നവരുടെ കാഴ്ചകള്‍ക്കു പുറത്താണ് ദൈവം. മരത്തിന്‍റെ മറവില്‍ നിന്നു മാറി, ദൈവം നിന്‍റെ മനസ്സില്‍ ഉറയ്ക്കണം. വികാരങ്ങളുടെ വെയിലാറുമ്പോള്‍ ദൈവത്തിന്‍റെ പാദശബ്ദം നിനക്ക് കേള്‍ക്കാം, അവിടെ ദൈവത്തിന്‍റെ ശബ്ദം മുഴങ്ങും, "ആദമേ നീ എവിടെയാണ്?" "ശാന്തമാകുക, ഞാന്‍ ദൈവമാണെന്ന് അറിയുക" എന്നു സങ്കീര്‍ത്തകന്‍ പറയുന്നതിന്‍റെ പൊരുളിതാണ്. ശാന്തമാകാത്തവന്‍ ദൈവത്തെ എങ്ങനെ മനസ്സിലാക്കും.


വികാരങ്ങളുടെ വേലിയേറ്റത്തില്‍ നിന്‍റെ കണ്ണുകള്‍ അന്ധമാകും, ഉള്‍ക്കാഴ്ചകള്‍ ഉണ്ടാകണമെങ്കില്‍ വികാരങ്ങളുടെ വെയിലാറണം. കൊടുങ്കാറ്റും ഭൂകമ്പവും അഗ്നിയും നിന്‍റെ മനസ്സില്‍ നിന്ന് പടിയിറങ്ങണം. ശാന്തത ഒരു ദിവസം കൊണ്ടു വരുന്നതല്ല. ഉഗ്രതപസ്സിന്‍റെ പിന്‍ബലം ഇതിനാവശ്യമാണ്. പഞ്ചാഗ്നിമദ്ധ്യത്തില്‍ തപസനുഷ്ഠിച്ച ആര്‍ഷഭാരതത്തിന്‍റെ ഋഷിമാരാണ് മുനിപദത്തിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍. മൗനത്തിന്‍റെ കൊടുമുടി കയറുന്നവര്‍ക്കാണ് ദൈവദര്‍ശനം, ദൈവത്തിന്‍റെ ശബ്ദം അവര്‍ക്കു കേള്‍ക്കാം.


"ആദമേ, നീ എവിടെയാണ്?" "ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു?" രണ്ടു ചോദ്യങ്ങളാണ്. ആദ്യത്തെ ചോദ്യം എന്നെ ദൈവത്തോടു ചേര്‍ത്തുനിര്‍ത്തും. നീ എവിടെയാണ്? എന്നില്‍നിന്നും എത്ര അകലെയാണ്? നീ മരങ്ങളുടെ മറവില്‍ മറഞ്ഞുനില്‍ക്കേണ്ടവനല്ല, ദൈവത്തിന്‍റെ കരം പിടിച്ച് നടക്കേണ്ടവനാണ്. ദൈവത്തിന്‍റെ കര്‍മ്മത്തില്‍ പങ്കുകാരനാകേണ്ടവനാണ്. ഞാന്‍ ദൈവത്തില്‍ നിന്നും എത്ര അകലെയാണ്, പുതുവര്‍ഷപുലരിയില്‍ മുഖംമൂടികള്‍ അഴിച്ചുമാറ്റിയാല്‍ ക്രിസ്തുവില്‍ നിന്നും എത്ര ദൂരെയാണ് ഞാന്‍. ക്രിസ്തുവിനെ ഒറ്റി കൊടുക്കുന്നവനും തള്ളിപ്പറയുന്നവനും ആണോ ഞാന്‍? അല്ല എന്ന് നൂറുവട്ടം ആവര്‍ത്തിക്കുമ്പോഴും എന്തേ നിന്‍റെ നടവഴികളില്‍ ക്രിസ്തുവിന്‍റെ കാല്പാടുകള്‍ പതിയാതെ പോകുന്നു. മൗനത്തിന്‍റെ മൂശയില്‍ നീ എവിടെയാണെന്നുള്ള ചോദ്യം ഉരുക്കഴിക്കപ്പെടുന്നില്ല എന്നതാണ് സത്യം; ഇതിന്‍റെ ഉത്തരംതേടല്‍ എന്നെ മുനിയാക്കിമാറ്റും.


പ്രിത്തോറിയത്തിനു വെളിയില്‍ കണ്ണുനീര്‍ത്തുള്ളി കടലായി മാറിയത് ഈ ചോദ്യത്തിനുള്ള ഉത്തരംതേടലായിരുന്നു. ആരൊക്കെ നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ കൂടെ കാണും എന്നു വമ്പു പറഞ്ഞവനെ ക്രിസ്തു തിരിഞ്ഞു നോക്കുമ്പോള്‍ ഈ ചോദ്യമായിരുന്നു നോട്ടത്തില്‍. നീ എന്നില്‍ നിന്നും എത്ര അകലെയാണു പത്രോസേ. ഈ ചോദ്യത്തിന്‍റെ ഉത്തരം തേടല്‍ തലകീഴായി കുരിശില്‍ തറയ്ക്കുന്നതുവരെ അവന്‍റെ ബോധ്യങ്ങളില്‍ നിറഞ്ഞുനിന്നു. ഞാന്‍ എവിടെയാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം തേടല്‍ എന്നെ ക്രിസ്തുവിന്‍റെ സഹയാത്രികനാക്കിത്തീര്‍ക്കും. എന്നിട്ടും എന്‍റെ ഉപബോധമനസ്സില്‍പോലും ഈ ചോദ്യം ഉയരാതെ പോകുന്നു. സത്രങ്ങളുടെ വാതില്‍ വലിച്ചടയ്ക്കുന്നവര്‍ ഉത്തരം കണ്ടെത്താതെ പോയവരാണ്. അവരുടെ ഉള്ളില്‍ ക്രിസ്തുവിനു ജനിക്കാന്‍ സ്ഥലം ഇല്ലാതെ പോകുന്നു.


മൗനത്തിന്‍റെ ആഴത്തില്‍ നിന്നും രണ്ടാമതൊരു ചോദ്യം നാം കേള്‍ക്കുന്നു. 'ഏലിയാ നീ ഇവിടെ എന്തു ചെയ്യുന്നു?'(1 രാജ. 19:13) തമ്പുരാനില്‍ നിന്നും എത്ര ദൂരെയാണ് ഞാന്‍ എന്നു മനസിലാക്കിയാല്‍, ദൗത്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുമായി തമ്പുരാന്‍ എന്‍റെ മുമ്പിലെത്തും. ഞാന്‍ വഴിമാറിനടക്കേണ്ടതായുണ്ട്. "കഴുതയെ മൂന്നുപ്രാവശ്യം അടിച്ചതെന്തിന്? നിന്‍റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെ തടയാന്‍ ഞാന്‍ വന്നിരിക്കുന്നു" (സംഖ്യ. 22:32). ഞാന്‍ ദൈവത്തിന്‍റെ വഴിയില്‍ നിന്നും അകന്നു പോകുന്നു എന്ന് കഴുതയ്ക്കു പോലും മനസ്സിലായി, കഴുതയ്ക്കു പോലും ദൈവദര്‍ശനം കിട്ടിയിട്ടും എന്‍റെ കണ്ണിനു ദൈവദര്‍ശനം ഇല്ലാതെ പോകുന്നു. കാരണം ഞാന്‍ വഴിമാറിയാണ് നടക്കുന്നത്, എന്‍റെ യാത്രക്ക് തടസ്സമാകുന്ന എല്ലാറ്റിനേയും തുടച്ചു മാറ്റാന്‍ ശ്രമിക്കുകയാണ് ഞാന്‍.


എന്‍റെ യാത്രകള്‍ക്ക് തടസ്സം നില്ക്കുന്നവര്‍ ദൈവത്തിന്‍റെ പിന്‍ബലത്തില്‍ അല്ല എന്നു എങ്ങനെ പറയും? ഇവിടെ എന്‍റെ ശത്രുക്കള്‍ എന്നു ചിന്തിച്ചു കൂട്ടിയവരെല്ലാം വിശുദ്ധിലേക്കുള്ള എന്‍റെ സഹയാത്രികരായിരുന്നു എന്നു മനസ്സിലാകും. എന്‍റെ ശത്രുക്കള്‍ എന്നു ചിന്തിച്ചവര്‍ എന്‍റെ യാത്ര തടസ്സപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്നേ ഇല്ലാതായിപ്പോകേണ്ടതായിരുന്നു; എന്നിട്ടും ഇന്നും എന്‍റെ ലിസ്റ്റില്‍ അവരുടെ പേരുകള്‍ ശത്രുവിന്‍റെ കൂട്ടത്തിലാണ്. എന്നെ നേര്‍വഴി പഠിപ്പിക്കാന്‍ ശ്രമിച്ച അധികാരിയും ഗുരുവും മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ എന്‍റെ ശത്രുക്കളുടെ പട്ടിക നീളുകയാണ്. ഇനിയും എന്നാണ് ഇവരില്‍ ക്രിസ്തുവിന്‍റെ മുഖം ഞാന്‍ കാണുന്നത്.


പഴയനിയമത്തിന്‍റെ പഴമയിലേക്ക് മായാതെ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്നതാണ് ജോസഫിന്‍റെ ജീവിതം. കിണറ്റില്‍ തള്ളിയിട്ടും, വിദേശികള്‍ക്ക് വിറ്റും സഹോദരങ്ങളുടെ ക്രമം വിട്ട യാത്രകള്‍. രാജകൊട്ടാരത്തിലെ രണ്ടാമനാകാനുള്ള ജോസഫിന്‍റെ വഴിയില്‍ സഹോദരങ്ങള്‍ എങ്ങനെ ശത്രുക്കള്‍ ആകും. ജോസഫിന്‍റെ വളര്‍ച്ചയുടെ പടവുകള്‍ ആയിരുന്നു അവര്‍ എന്ന് മനസ്സില്‍ നൂറുവട്ടം ആണയിടുമ്പോഴും എന്‍റെ ജീവിതത്തില്‍ സമാനതകള്‍ വരുമ്പോള്‍ അവര്‍ വീണ്ടും ശത്രുവായി എണ്ണപ്പെടുന്നു. ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നുപോകേണ്ടവനല്ല ഞാന്‍.


"കര്‍ത്താവ് കല്പിച്ചു: നീ ദമാസ്കസിന് അടുത്തുള്ള മരുഭൂമിയിലേക്ക് മടങ്ങുക. അവിടെ ഹസയേലിനെ സിറിയാ രാജാവായി അഭിഷേകം ചെയ്യുക" (1 രാജാ. 19: 15). നീ എവിടെയാണെന്നുള്ള ദൈവത്തിന്‍റെ ചോദ്യത്തിനുത്തരമായി നീ ദൈവത്തിങ്കലേക്ക് തിരികെ നടന്നാല്‍, നിന്‍റെ ദൗത്യം വലിയതാകും; രാജാക്കന്മാരെയും പ്രവാചകന്മാരെയും അഭിഷേകം ചെയ്യുന്ന തലത്തിലേക്ക് നീ ഉയരും. ധാര്‍മ്മീകതയുടെ ചുക്കാന്‍ പിടിക്കുന്നവരെ അഭിഷേകം ചെയ്യണമെങ്കില്‍ എന്‍റെ ധാര്‍മ്മീകതയുടെ മുഴക്കോല്‍ വളവുകള്‍ ഇല്ലാത്തതാകണം. എന്‍റെ ധാര്‍മ്മീകത താഴ്ന്നുപോയാല്‍ അഭിഷേകം ചെയ്യുന്ന അധികാരികള്‍ അധര്‍മ്മത്തിന്‍റെ മൂര്‍ത്തികളായി മാറും. രാജ്യത്ത് അധര്‍മ്മം പെരുകുന്നു എങ്കില്‍ അതിന്‍റെ അര്‍ത്ഥം ധര്‍മ്മത്തിന്‍റെ സംരക്ഷകരായി ദൈവത്തിന്‍റെ ദൗത്യവാഹകരില്ലാതെ പോകുന്നു എന്നതാണ്. മറ്റുള്ളവരുടെ നേരേ വിരല്‍ ചൂണ്ടുന്നതിനുമുമ്പ് വിരലുകള്‍ എന്‍റെ മുഖത്തിനു നേരേ തിരിയണം.


'അവനവനാത്മസുഖത്തിനാചരിക്കുന്ന

തപരനു സുഖത്തിന്നായി വരണം'


നാരായണഗുരു പറഞ്ഞവച്ചത് ധാര്‍മ്മികതയുടെ തകര്‍ച്ചയെക്കുറിച്ചാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആര്‍ഷഭാരതത്തിന്‍റെ പ്രാര്‍ത്ഥനയും ധാര്‍മ്മികത തകര്‍ന്നുപോകാതിരിക്കാനുള്ള പ്രാര്‍ത്ഥനായിരുന്നു. ധര്‍മ്മത്തിന്‍റെ സംരക്ഷകരെ അഭിഷേകം ചെയ്യുക മാത്രമല്ല, ഏലിയായെപ്പോലെ അവര്‍ക്ക് രാജഗുരുക്കന്മാരായിത്തീരുന്നതും എന്‍റെ ദൗത്യമാണ്. ധര്‍മ്മം സംരക്ഷിക്കുക, നീതി നടത്തുക, ക്രിസ്തുവായി ലോകത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആയിരിക്കുക (യോഹ. 16: 8).


പരിത്രാണായ സാധുനാം

വിനാശായ ദുഷ്കൃതം

ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ

സംഭവാമി യുഗേ യുഗേ (ഭഗവത്ഗീത 4: 5)


നീതിമാന്മാരെ സംരക്ഷിക്കാനും ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യാനും ധര്‍മ്മം പുനസ്ഥാപിക്കാനും ഞാന്‍ ഭൂമിയില്‍ യുഗങ്ങള്‍ തോറും അവതരിക്കുന്നു. ഗീതയില്‍ കൃഷ്ണന്‍ പറയുന്നതാണിത്. ധര്‍മ്മത്തിന്‍റെ സംരക്ഷകരാകണമെങ്കില്‍ ധര്‍മ്മം എന്താണെന്നു മനസ്സിലാക്കണം, ധര്‍മ്മത്തിന്‍റെ മൂര്‍ത്തിയുടെ കൂടെ നടക്കണം, പാദത്തിങ്കല്‍ ഇരിക്കണം. ഇവിടെ മുനിയാകാതെ വേറേ വഴിയില്ല. മൗനത്തിന്‍റെ താക്കോലില്ലാതെ മൗനത്തിന്‍റെ സാമ്രാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.


ഭഗവത്ഗീതയില്‍ ഇതു കുറേക്കൂടി വ്യക്തമാക്കുന്നുണ്ട്. മൗനത്തിന്‍റെ വാതായനം തുറക്കുന്നത് ഭഗവത് സാന്നിദ്ധ്യത്തിലാണ്. അര്‍ജുനന്‍ മൗനത്തില്‍ ഭഗവാന്‍റെ മുമ്പില്‍ ആയിരുന്നപ്പോളാണ് ഗീതോപദേശം ആരംഭിക്കുന്നത്. ശത്രുതാപനായ അര്‍ജുനന്‍ ഇപ്രകാരം പറഞ്ഞ് പിന്നേയും ശ്രീകൃഷ്ണഭഗവാനോടായി 'ഞാന്‍ യുദ്ധം ചെയ്യില്ല' എന്നു പറഞ്ഞിട്ട് മൗനിയായി അങ്ങനെ ഇരുന്നു (ഗീത 2: 9). ഭഗവാന്‍റെ മുന്നില്‍ ധ്യാനനിമഗ്നനായപ്പോള്‍ പ്രസിദ്ധമായ ഗീതോപദേശം ഭഗവാനില്‍നിന്നും ഒഴുകിയിറങ്ങുന്നു. മൗനത്തിന്‍റെ പൊരുളറിഞ്ഞവന് ഭഗവത്ദര്‍ശനം അകലെയല്ല. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് എന്‍റെ മൗനത്തിലാണ്.


വിഭൂതിയോഗത്തിലേക്ക് വരുമ്പോള്‍ മൗനം കുറേക്കൂടി ആഴത്തില്‍ വേരോടിയിരിക്കുന്നത് കാണാം.

"മൗനം ചൈവാസ്മിഗുഹ്വാനം,

ജ്ഞാനം ജ്ഞാനവതാമഹം" (ഗീത 10: 36).


ഇവിടെ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നു, ഗോപനീയങ്ങളായുള്ളവയില്‍ മൗനം ഞാനാകുന്നു എന്ന്. നമ്മുടെ ഉള്‍ക്കാഴ്ചകള്‍ ബലപ്പെടുത്തേണ്ടതായുണ്ട്; മൗനം ഭഗവാന്‍ തന്നെയാണെന്നു പറയുമ്പോള്‍ അതിനെ അറിയേണ്ടത് അട്ടഹാസങ്ങളില്‍ അല്ലാ എന്നെങ്കിലും നാം അറിയണം. ദൈവത്തെ കണ്ടവരൊക്കെ മുനിയായി മാറുന്നതിന്‍റെ പൊരുളാണിവിടെ ചുരുള്‍ നിവരുന്നത്. ദൈവദര്‍ശനം ഉണ്ടാകുവാന്‍ നീ മൗനത്തിന്‍റെ ആഴങ്ങളിലേക്ക് നടക്കണം. ലാസര്‍ ഉയിര്‍പ്പിക്കപ്പെട്ട ശേഷം ആരോടും സംസാരിച്ചിരുന്നില്ല എന്ന കഥയൊക്കെ ഇതിനോടു ചേര്‍ത്തു വായിക്കാം.

Bird peeking from woven nest on a tree branch beside a window. Green palm leaves contrast with dark window panels. Calm atmosphere.

മൗനത്തിന്‍റെ വാതായനങ്ങള്‍ പ്രകൃതിയില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത് നമുക്ക് കാണാം. പുഴു പൂമ്പാറ്റയായി മാറുന്ന പ്രകൃതിയുടെ മാസ്മരികതയില്‍ മൗനം നമ്മുടെ മുമ്പില്‍ ചുരുള്‍ നിവരുന്നുണ്ട്. മൗനം എന്ന വാല്മീകത്തിന്‍റെ അപ്പുറവും ഇപ്പുറവും എന്ന് രണ്ടായി തിരിക്കാം പുഴുവിന്‍റെ ജീവിതത്തെ. മണ്ണില്‍ ഇഴഞ്ഞുനടന്ന് സകലവിധ മാലിന്യങ്ങളിലും കയറിയിറങ്ങി കണ്ടാല്‍ അറപ്പുളവാക്കുന്ന ശരീരപ്രകൃതിയുമായി തൊടുവാന്‍ അറയ്ക്കുന്ന രൂപത്തില്‍ നടക്കുന്ന പുഴു; മൗനത്തിന്‍റെ വാല്മീകത്തില്‍ പ്യൂപ്പയായി ഒരു സുപ്രഭാതത്തില്‍ തപസ്സാരംഭിക്കും. കഠിനമായ തപസ്സിന്‍റെയും മൗനത്തിന്‍റെയും ധ്യാനത്തിന്‍റെയും അവസാനത്തില്‍ കുട്ടികളുടെ തോഴനായ പൂമ്പാറ്റയായി പുനര്‍ജ്ജനിക്കും. വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും വ്യത്യാസമുള്ള പുതിയ ജീവിയായി ഉയരത്തിലേക്കു പറക്കുന്ന പൂമ്പാറ്റയായി മൗനം പുഴുവിനെ മാറ്റിയെടുത്തു. മൗനം അവന്‍റെ സ്വപ്നങ്ങള്‍ക്ക് മിഴിവേകി. ഇഴഞ്ഞു നടന്നവന്‍ പറന്നുയരുവാന്‍ തുടങ്ങി. മൗനത്തിന്‍റെ പിന്‍ബലമുള്ളവര്‍ക്കു മാത്രം സാധ്യമാകുന്ന വര്‍ണ്ണപ്രപഞ്ചത്തിലേക്കുള്ള യാത്ര.


യേശുവിന്‍റെ വിശ്വരൂപദര്‍ശനം താഴ്വാരങ്ങളില്‍ എങ്ങും സംഭവിക്കുന്നില്ലാ എന്നതും ഓര്‍മ്മിക്കേണ്ടതാണ്. അത്ഭുതങ്ങള്‍ പലതും താഴ്വാരങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ വിശ്വരൂപദര്‍ശനം മേഘങ്ങള്‍ കാവല്‍ നില്ക്കുന്ന മലമുകളിലാണ്. ദൈവദര്‍ശനത്തിന് മൗനത്തിന്‍റെ അകമ്പടി വേണം. "ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയര്‍ന്ന മലയിലേക്ക് പോയി അവന്‍ അവരുടെ മുമ്പില്‍ വച്ച് രൂപാന്തരപ്പെട്ടു"(മര്‍ക്കോസ് 9:2). ആറു ദിവസം കഴിഞ്ഞ് ഏഴ് പൂര്‍ണ്ണതയാണ് അത് സാബത്താണ് ദൈവത്തിന്‍റെ ദിവസം; മൗനത്തിലും ധ്യാനത്തിലും തപസ്സിലും ആയിരിക്കേണ്ട ദിവസം. അന്നു നീ ഉയര്‍ന്ന മലയിലേക്ക്, മൗനത്തിന്‍റെ തമ്പുരാന്‍റെ സന്നിധിയോളം ഉയരണം. അവിടെ നിനക്ക് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടാകും. നിനക്ക് ദൈവദര്‍ശനം ഇല്ലാതെ പോകുന്നുവെങ്കില്‍ അതിന്‍റെ അര്‍ത്ഥം മൗനത്തിന്‍റെ മലകള്‍ താണ്ടുവാന്‍ നിന്‍റെ കാലുകള്‍ക്ക് ബലമില്ലാതായി എന്നാണ്.


മാതാപിതാക്കളുടെ ജീവിതത്തില്‍ ധ്യാനം കുറയുമ്പോള്‍ അടുത്ത തലമുറയില്‍ മൗനത്തിന്‍റെ വേലിക്കെട്ടുകള്‍ പൊളിഞ്ഞുവീഴുന്നു; ദൈവദര്‍ശനം ഇല്ലാതെപോകുന്നു. മൗനവും തപസ്സുമില്ലാത്ത തലമുറ ഉറഞ്ഞു തുള്ളുന്ന പേക്കോലമായി മാറുന്ന കാഴ്ച കാലഘട്ടത്തിന്‍റെ സങ്കടമാണ്. ഉപഭോഗസംസ്കാരത്തില്‍ മൗനം കിട്ടാക്കനിയായി മാറുന്നു. അലര്‍ച്ചയും അഹങ്കാരവും നിറഞ്ഞാടുമ്പോള്‍ മൗനമായ ദൈവത്തെ എവിടെ കാണാന്‍ കിട്ടും. യൗസേപ്പ് പിതാവിന് ദര്‍ശനം കിട്ടുന്നത് മൗനത്തിന്‍റെ മറയ്ക്കുള്ളിലാണ്. മാതാവിനു ദൈവദര്‍ശനം ഉണ്ടാകുന്നത് ധ്യാനത്തിന്‍റെ നിറവിലാണ്. ദര്‍ശനമില്ലാത്ത മാതാപിതാക്കള്‍ തലമുറകളുടെ ശാപമായി മാറുന്നു. മലങ്കര കത്തോലിക്കാ സഭാസ്ഥാപകനായ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മൗനത്തെക്കുറിച്ച് വാചാലനാകുന്നുണ്ട്. 'നിശ്ശബ്ദതയും ഏകാന്തതയുമത്രേ സന്ന്യാസജീവിതത്തിന് ആവശ്യം. ദൈവകൃപയെ ഒഴിച്ചാല്‍ ഇവയ്ക്കു തന്നെയാണ് പ്രാമുഖ്യം നല്‍കേണ്ടത്. അതിനാല്‍ ജനവാസമില്ലാത്തതായി, പ്രാപഞ്ചിക തിരമാലകളുടെ ശബ്ദം പോലും കേള്‍ക്കപ്പെടാന്‍ ഇടയില്ലാത്തതായി ഒരു ഭാഗം അന്വേഷിച്ച് മുണ്ടന്‍മലയില്‍ എത്തി.' (മാര്‍ ഈവാനിയോസ്). കല്‍ക്കട്ട എന്ന മഹാനഗരത്തിന്‍റെ സംസാരസാഗരത്തില്‍ നിന്നും, സെറാമ്പൂര്‍ കോളേജിന്‍റെ ബൗധിക അഹംഭാവത്തില്‍ നിന്നും മൗനത്തിന്‍റെ മഹാസാഗരമായ മുണ്ടന്‍മലയിലേക്ക് തന്‍റെ ആശ്രമം ഉറപ്പിക്കുവാന്‍ മാര്‍ ഈവാനിയോസ് എന്ന മാമുനിയെ പ്രേരിപ്പിച്ചത് ഉള്‍ക്കാഴ്ചകളുടെ പിന്‍ബലമാണ്.


സാത്വികനാകണമെങ്കില്‍, ദൈവദര്‍ശനമുണ്ടാകണമെങ്കില്‍, വിശ്വരൂപദര്‍ശനം ഉണ്ടാകണമെങ്കില്‍ മൗനത്തിന്‍റെ അകമ്പടി കൂടിയുണ്ടാകണം എന്ന് ആ പുണ്യപിതാവ് മനസ്സിലാക്കി. ഭജനയിരിക്കുന്ന ദിവസങ്ങളിലെ ക്രമത്തെക്കുറിച്ച് തന്‍റെ ശിഷ്യരോട് പറയുമ്പോള്‍ മൗനത്തിന്‍റെ ആഴം വാക്കുകളില്‍ ദര്‍ശിക്കാം. "ഭജനദിവസങ്ങളില്‍ കൂട്ടുകാരുമായി ഇടപെടരുത്. ആത്മാവില്‍ ഏകാന്തത പാലിക്കണം. മൗനം നിഷ്കര്‍ഷമായി പാലിക്കണം. അന്വോന്യം ആംഗ്യം വഴിയായിപ്പോലും സംസാരിക്കരുത്. ഏകാന്തതയ്ക്ക് ഭംഗവും, അകമെയും പുറമെയും അശ്രദ്ധയും വരുത്തുന്ന കാര്യങ്ങളെല്ലാം വര്‍ജ്ജിക്കണം" (സന്ന്യാസജീവിത സഹായി - മാര്‍ ഈവാനിയോസ്).


ഇത് മൗനത്തെ ഗൗരവമായി കാണുന്നവരുടെ ജീവിതമാണ്. "ഒരുപാട് ആരവങ്ങള്‍ക്കിടയില്‍ മനസ്സു മറന്നുപോയ വരദാനമാണ് മൗനം. പുറത്തെ ആരവങ്ങളെക്കാള്‍ ഉള്ളിലെ ആരവങ്ങളാണ് നമ്മുടെ മൗനം കെടുത്തിക്കളയുന്നത്. ഇനി നമ്മള്‍ അന്വേഷിച്ചു പോകേണ്ടത് പുതിയ പ്രാര്‍ത്ഥനകളെയല്ല, ഉള്ളിലെ മൗനത്തെയാണ് " (ഖലീല്‍ ജിബ്രാന്‍).


മൗനത്തെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം, നെഗറ്റീവായും പോസറ്റീവായും. മൗനത്തിലാകുന്നതിലൂടെ അഹംഭാവത്തിന്‍റെ നിഷേധവും അഹങ്കാരവും സര്‍വ ധാര്‍ഷ്ട്യങ്ങളും നമുക്ക് മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കാം. എനിക്കെല്ലാം അറിയാം എന്ന ഭാവപ്രകടനവും മൗനത്തിലൂടെ പ്രകടിപ്പിക്കുന്നതു കാണാം. മൗനത്തിലൂടെ ദൈവത്തിങ്കലേക്കു നമ്മെ നയിക്കുന്നതാണ് പോസിറ്റീവായ മൗനം. തത്വമസിയില്‍ നിന്നും അഹം ബ്രഹ്മാസ്മിയിലേക്കുള്ള ദൂരമാണത്. നിഷേധത്തില്‍ നിന്നും നിര്‍മ്മലതയിലേക്കുള്ള യാത്ര.


മുറിയില്‍ കടന്ന് വാതിലടയ്ക്കുവാനുള്ള ക്ഷണമാണ് പുതുവര്‍ഷപ്പുലരി. എന്‍റെ ശരീരമാകുന്ന വീടിന്‍റെ വാതിലുകളായ പഞ്ചേന്ദ്രിയങ്ങളെ അടച്ച് ഹൃദയത്തിന്‍റെ ഗുഹയില്‍ ഇരിക്കുന്ന ദൈവത്തെ കാണുവാനുള്ള ക്ഷണം. പോയ വര്‍ഷത്തെ അലച്ചിലില്‍ നിന്‍റെ മൗനത്തിന്‍റെ താക്കോലുകള്‍ നഷ്ടമായെങ്കില്‍, അതു തിരഞ്ഞു കണ്ടുപിടിക്കേണ്ടത് തിരിനാളങ്ങള്‍ കെടാത്ത മൗനത്തിന്‍റെ രാത്രികളിലാണ്. പുതുവര്‍ഷത്തിന്‍റെ രാവും പുലരിയും അതിനു സഹായകമാകട്ടെ. അടുത്ത തലമുറയ്ക്ക് ജന്മമേകുവാന്‍ സമയമായി എന്നറിയുന്ന പക്ഷി തന്‍റെ കൂട്ടിലേക്ക് ഒതുങ്ങുന്നതുപോലെ തപസും ധ്യാനവും മൗനവുമായി പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കാം. പുതുവത്സരാശംസകള്‍ സ്നേഹപൂര്‍വ്വം നേരുന്നു.

അടയിരിക്കുന്ന ആണ്‍പക്ഷി

ഫാ. നിര്‍മ്മലാനന്ദ് OIC

അസ്സീസി മാസിക, ജനുവരി 2026

Recent Posts

bottom of page