
ഹോമോ ഊസിയായ്ക്കും അപ്പുറം: മാംസരൂപം പ്രാപിച്ച ദൈവം - ഒരു 'ഇടര്‍ച്ച'! (Beyond the Homoousia: The Scandal of the Flesh)
Feb 1
3 min read

Key Takeaways:
The article discusses the significance of Christ's full humanity beyond the Nicene Creed's emphasis on his divinity.
എ.ഡി. 325-ല്‍ നടന്ന നിഖ്യാ കൗണ്‍സില്‍ (Council of Nicea) ക്രൈസ്തവ വിശ്വാസപ്രമാ ണത്തിന്‍റെ രൂപീകരണത ്തിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായിരുന്നു.. യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം 'ഹോമോ ഊസിയോസ്' (homoousios -ὁμοούσιος പിതാവിനോട് ഏക സത്തയായവന്‍) എന്ന പദത്താല്‍ എന്നെന്നേക്കുമായി നിര്‍വചിക്കപ്പെട്ടു. പുത്രന്‍ പിതാവിനോടൊപ്പം നിത്യനും പൂര്‍ണ്ണ ദൈവവുമാണെന്ന് പ്രഖ്യാപിച്ചതിലൂടെ ആര്യനിസത്തെ (Arianism) സഭ തള്ളിക്കളഞ്ഞു. പതിനേഴു നൂറ്റാണ്ടുകളായി ക്രൈസ്തവ ദൈവ ശാസ്ത്രത്തെയും ആത്മീയ ചിന്തകളെയും നയിക്കുന്നത് ദൈവത്തിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള നിഖ്യായുടെ ഈ ആഴമേറിയ പ്രഖാപനമാണ് .
എങ്കിലും, ക്രിസ്തുവിന്‍റെ ദൈവത്വത്തിന്മേല്‍ (divinity) നല്‍കപ്പെട്ട ഈ പ്രാധാന്യം പലപ്പോഴും അവന്‍റെ പൂര്‍ണ്ണമായ മനുഷ്യത്വത്തെ (humanity) ഒരു രണ്ടാം നിര ദൈവശാസ്ത്ര വിഷയമായി തരംതാഴ്ത്താന്‍ കാരണമായിട്ടുണ്ട്. ഗ്രീക്ക് തത്വശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ 'ഹോമോ ഊസിയ' (homoousia - ὁμοούσια) എന്ന പദത്തില്‍ മാത്രം നാം ഒതുങ്ങിപ്പോയാല്‍, നിഖ്യായുടെ വിപ്ലവാത്മകമായ സാധ്യതയുടെ പകുതി മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. പുരാതന ലോകത്തും ഇന്നും ഒരുപോലെ വിസ്മയിപ്പിക്കുന്നത് യേശു ദൈവമാണ് എന്ന പ്രഖ്യാപനമല്ല, മറിച്ച് ദൈവം ഒരു മനുഷ്യനായിത്തീര്‍ന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്. സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ 'ഇടര്‍ച്ച' അഥവാ സ്കാന്‍ഡലോണ്‍ (skándalon-σκάνδαλον) എന്നത് ദൈവം മാംസം ധരിച്ചു (Incarnation) എന്നുള്ളതാണ്. വിശപ്പും ദുഃഖവും അറിവില്ലായ്മയും മരണവും അനുഭവിക്കുന്ന നിസ്സഹായനായി, 'മനുഷ്യ മാംസ'മായി വചനം (logos) രൂപാന്തരപ്പെട്ടു എന്നത് വലിയൊരു വെല്ലുവിളിയാണ്.
നിഖ്യാ വിശ്വാസവും ദൈവത്വത്തിന്‍റെ പ്രഖ്യാപനവും
നിഖ്യാ കൗണ്‍സില്‍ പുത്രനെ വിശേഷിപ്പിച്ചത് 'പിതാവിനോട് ഏകസത്തയായവന്‍' (homoousion, consubstantialem) എന്നും 'സൃഷ്ടിക്കപ്പെട്ടവനല്ല, ജനിച്ചവന്‍' (gennethénta - γεννηθέντα) എന്നുമാണ്. പുത്രന്‍ 'സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവമാണ്' എന്ന് വിശ്വാസപ്രമാണം പ്രഖ്യാപിച്ചു. 'പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു'(en pote hote ouk en) എന്ന് വാദിച്ച ആര്യനിസത്തെ സഭ പുറന്തള്ളി.
എന്നാല്‍ ഈ ദൈവത്വ പ്രഖ്യാപനത്തിനിടയില്‍ യേശുവിന്‍റെ മനുഷ്യത്വം പലപ്പോഴും നിഴലിലായിപ്പോയി. പുതിയ നിയമ ഗ്രന്ഥകര്‍ത്താക്കള്‍ ക്രിസ്തുവിനെ 'ജഡപ്രകാരം'(katà sárka - κατὰ σάρκα) മനുഷ്യനായും 'ആത്മാവിന്‍ പ്രകാരം' (katà pneûma - κατὰ πνεῦμα) ദൈവമായും ഒരേസമയം കണ്ടിരുന്നു. ഈ രണ്ട് സത്യങ്ങളെയും ഒരുമിച്ച് കൊണ്ടുപോവുക എന്നതായിരുന്നു ദൈവശാസ്ത്രത്തിന്‍റെ പ്രധാന ദൗത്യം.

മാംസരൂപം പ്രാപിച്ച ദൈവത്തിന്‍റെ വിസ്മയം (The Scandal of the Flesh)
ലോകത്തെ അത്ഭുതപ്പെടുത്തിയത് ക്രിസ്തുവിന്‍റെ ദൈവത്വമല്ല, മറിച്ച് അവന്‍റെ മനുഷ്വത്വമാണ് (Flesh). 'വചനം മാംസമായി തീര്‍ന്നു' (kai ho Lógos sárx egéneto - Καὶ ὁ λόγοσ σὰρξ ἐγένετο) എന്നതാണ് സത്യം (യോഹന്നാന്‍ 1:14). യേശുവിന്‍റെ പൂര്‍ണ്ണ മനുഷ്യത്വത്തെ അംഗീകരിക്കാന്‍ ശിഷ്യന്മാര്‍ക്കു പോലും പ്രയാസമുണ്ടായിരുന്നു. യോഹന്നാന്‍ 6:60-61 ല്‍ പറയുന്ന 'ഇടര്‍ച്ച' (skándalon - σκάνδαλον) അവന്‍റെ മാംസം ഭക്ഷിക്കണം എന്ന പ്രഖ്യാപനത്തോടൊപ്പമുള്ളതാണ്. ഇത് അവന്‍റെ പൂര്‍ണ്ണ മനുഷ്യത്വത്തെ അംഗീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. അവന്‍റെ ശാരീരിക ക്ഷീണം (യോഹന്നാന്‍ 4:6), സങ്കടം (മത്തായി 26:37-38), ഏകാന്തത (മര്‍ക്കോസ് 15:34), ക്രോധം (യോഹ ന്നാന്‍ 2:15), പരിമിതമായ അറിവ് (മര്‍ക്കോസ് 13:32) എന്നിവയെല്ലാം ഈ പൂര്‍ണ്ണ മനുഷ്യത്വത്തിന്‍റെ അടയാളങ്ങളാണ്.
ആരിയൂസ് വിശ്വസിച്ചിരുന്നത് കഷ്ടാനുഭവങ്ങളും മരണവും ദൈവത്തിന് ഏല്‍ക്കാന്‍ കഴിയില്ല എന്നാണ്. അതിനാല്‍ വിശപ്പും ദുഃഖവും അറിവില്ലായ്മയും ഉള്ളവന്‍ ദൈവമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ സഭ പഠിപ്പിച്ചത് വചനം ഒരു പൂര്‍ണ്ണ മനുഷ്യനായിത്തീര്‍ന്നു എന്നാണ്. ജ്ഞാനവാദം (Gnosticism) പോലുള്ള ആദ്യകാല പാഷണ്ഡതകള്‍, ഡോസെറ്റിസം (Docetism) എന്ന വാദത്തിലൂടെ ക്രിസ്തുവിന്‍റെ മനുഷ്യത്വം വെറും തോന്നല്‍ മാത്രമാണെന്ന് (Greek - dokéō: δοκέω തോന്നുക) വാദിച്ചു. ഭൗതികവസ്തുക്കള്‍ അശുദ്ധമാണെന്ന ഗ്രീക്ക് ചിന്താഗതിയാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ സഭ പഠിപ്പിച്ചത് ക്രിസ്തു ശരീരവും ആത്മാവും ബുദ്ധിയുമുള്ള ഒരു പൂര്‍ണ്ണ മനുഷ്യനായിരുന്നു എന്നാണ്.
ദൈവം മനുഷ്യനായ വിപ്ലവം(The Theological Revolution)
ദൈവം മാംസം ധരിച്ചു (sarx - σάρξ) എന്നത് മനുഷ്യ കുലത്തോടുള്ള കൂട്ടായ്മയ്ക്കായി ദൈവം തന്നെത്തന്നെ ശൂന്യമാക്കിയതാണ് (Kenosis). അതു കൊണ്ടുതന്നെ ഗാസയിലും ഉക്രൈനിലും മണിപ്പൂരിലും മ്യാന്‍മാറിലും നൈജീരിയയിലും വെനസ്വലയിലും പീഡനമനുഭവിക്കുന്ന സാധാരണ മനുഷ്യന്‍റെ വേദനകളില്‍ ക്രിസ്തു ഇന്നും പങ്കു ചേരുന്നു. ക്രിസ്തുവിന്‍റെ മനുഷ്യത്വം കേവലം ഒരു തത്വമല്ല, മറിച്ച് എല്ലാ മനുഷ്യരോടുമുള്ള ദൈവത്തിന്‍റെ ഐക്യദാര്‍ഢ്യമാണ്.
ദൈവം മനുഷ്യനായിത്തീര്‍ന്നതിലൂടെ അവന്‍ ഏതെങ്കിലും പ്രത്യേക മതത്തെയോ സംസ്കാരത്തെയോ അല്ല ഉയര്‍ത്തിയത്, മറിച്ച് മനുഷ്യത്വത്തെയാണ്. ജാതി, മതം, വര്‍ഗ്ഗം, ലിംഗഭേദം എന്നിവയ്ക്കപ്പുറം എല്ലാ മനുഷ്യരും ദൈവത്തിന്‍റെ സാദൃശ്യത്തിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്ന ബോധ്യം ഇത് നല്‍കുന്നു. 'യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ ദാസനെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒന്നത്രേ' (ഗലാ. 3:28).
വിശുദ്ധീകരിക്കപ്പെട്ട നരവംശശാസ്ത്രം (Toward a Consecrated Anthropology)
ദൈവവചനം ഒരു സാമാന്യ മനുഷ്യത്വത്തെയല്ല സ്വീകരിച്ചത്, മറിച്ച് നസ്രായനായ യേശു എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതത്തെ യാണ്. ഇത് മനുഷ്യശരീരത്തെയും വികാരങ്ങളെയും ബന്ധങ്ങളെയും വിശുദ്ധീകരിച്ചു. വിശുദ്ധ അത്തനാസിയൂസ് പറഞ്ഞതുപോലെ, 'മനുഷ്യന്‍ ദൈവമാകുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യനായിത്തീര്‍ന്നത്.'
അതുകൊണ്ട് തന്നെ സഭയുടെ ദൗത്യം ഓരോ മനുഷ്യരിലും യേശുവിന്‍റെ മുഖം ദര്‍ശിക്കുക എന്നതാണ്. അത് ജാതിക്കും മതത്തിനും അപ്പുറമാണ്. നിസ്സഹായരിലും വേദനിക്കുന്നവരിലും ദൈവത്തെ കാണാന്‍ കഴിയാത്ത ഒരു ഭക്തി വഴി പിഴച്ചതാണ്. സഭ കേവലം ഒരു ആരാധനാലയമല്ല, മറിച്ച് സമൂഹത്തിന്‍റെ മനസ്സാക്ഷിയും സേവകനുമായിരിക്കണം.

വേഷപ്രച്ഛന്നനായ ക്രിസ്തുവിനെ തിരിച്ചറിയുക
കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ഈ ദൈവശാസ്ത്രത്തിന്‍റെ പ്രായോഗിക രൂപമാണ്. ദരിദ്രരിലും തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവരിലും അവള്‍ ക്രിസ്തുവിനെ കണ്ടു. 'ദരിദ്രരുടെ വേഷപ്രച്ഛന്നനായ ക്രിസ്തു' (Christ in distressing disguise)എന്നായിരുന്നു അവള്‍ അവരെ വിളിച്ചത്. ക്രിസ്തു ദരിദ്രനായി ജനിച്ചു എന്നത് ഒരു ദൈവശാസ്ത്ര സങ്കല്പമല്ല, മറിച്ച് നാം അവനെ തിരിച്ചറിയേണ്ട അടയാളമാണ്. അയല്‍ക്കാരനില്‍ ക്രിസ്തുവിനെ കാണാത്ത ഏതൊരു ക്രിസ്ത്യാനിയും തന്‍റെ വിശ്വാസത്തിന് വിരുദ്ധമായല്ലേ ജീവിക്കുന്നത്?
സാര്‍വത്രികമായ ക്രിസ്തു (A Christ for All Cultures)
ദൈവം ഒരു പ്രത്യേക യഹൂദ ശരീരത്തില്‍ അവതരിച്ചു എന്നത് സത്യത്തിന്‍റെ മേലുള്ള ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയെ തകര്‍ക്കുന്നതാണ്. നിഖ്യാ കൗണ്‍സില്‍ ഗ്രീക്ക് ഭാഷ ഉപയോഗിച്ചത് സുവിശേഷത്തെ ഗ്രീക്കുവല്‍ക്കരിക്കാനല്ല, മറിച്ച് അന്നത്തെ ലോകത്തിന് സുവിശേഷം മനസ്സിലാകുന്ന രീതിയില്‍ വിവര്‍ത്തനം ചെയ്യാനാണ്. ക്രിസ്തു ഏതെങ്കിലും ഒരു മതത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ മാത്രം സ്വത്തല്ല. അവന്‍ സകല മനുഷ്യരുടെയും രക്ഷകനാണ്. ഭാരതത്തിന്‍റെ 'നാനാത്വത്തില്‍ ഏകത്വം' എന്ന സങ്കല്പത്തിന് ക്രിസ്തുവിന്‍റെ ഈ മനുഷ്യാവതാരം വലിയ അര്‍ത്ഥം നല്‍കുന്നു. മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറം ഓരോ മനുഷ്യനിലും ക്രിസ്തുവിന്‍റെ ആത്മാവ് വസിക്കുന്നു.
ഉപസംഹാരം
നിഖ്യാ കൗണ്‍സില്‍ നമുക്ക് നല്‍കിയത് വെറുമൊരു വിശ്വാസപ്രമാണമല്ല, മറിച്ച് ദൈവത്തെയും മനുഷ്യനെയും കുറിച്ച് സംസാരിക്കാനുള്ള ഒരു പുതിയ ഭാഷയാണ്. ദൈവം പൂര്‍ണ്ണമായും മനുഷ്യനായിത്തീര്‍ന്നു എന്ന സത്യം നമ്മുടെ വിശ്വാസത്തിന്‍റെ പൂര്‍ത്തിയാകാത്ത വിപ്ലവമാണ്. നിഖ്യാ കൗണ്‍സിലിന്‍റെ 1700-ാം വാര്‍ഷികത്തില്‍, ദൈവത്തിന്‍റെ ഔന്ന്യത്യത്തെ മാത്രം ആരാധിക്കുന്ന സഭയില്‍ നിന്ന്, വേദനിക്കുന്ന മനുഷ്യരിലെ ദൈവത്തിന്‍റെ സാന്നിധ്യത്തെ(Immanence) പ്രഘോഷിക്കുന്ന സഭയിലേക്കുള്ള മാറ്റം അനിവാര്യമാണ്.
വിശ്വാസപ്രമാണം എന്നത് ഒരു കൂട്ടിലടച്ച ദൈവമല്ല, മറിച്ച് തുറക്കപ്പ െട്ട ഒരു വാതിലാണ് (The Creed, then, is not a cage for a distant deity but a wide-open door). ആ വാതിലിലൂടെ നടന്നു വരുന്നത് വെറുമൊരു ആത്മീയ രക്ഷകനല്ല, മറിച്ച് കരയുകയും രക്തം ചിന്തുകയും മരിക്കുകയും ചെയ്ത നസ്രായനായ മനുഷ്യനാണ്. അവന്‍ മുറിവേറ്റ ലോകത്തിന് ജീവനുള്ള ദൈവത്തിന്‍റെ മുഖമായി മാറുന്നു.
(It is a summary of the article published as "THE INCARNATE REVOLUTION God's Hierarchy-Shattering Flesh and the Anathema of Religious Power" in VJTR 90/1 (January 2026) 44-61.)
ഹോമോ ഊസിയായ്ക്കും അപ്പുറം: മാംസരൂപം പ്രാപിച്ച ദൈവം - ഒരു 'ഇടര്‍ച്ച'!
(Beyond the Homoousia: The Scandal of the Flesh)
മ ിഥുന് ജെ ഫ്രാന്‍സിസ് എസ് ജെ
അസ്സീസി മാസിക, ഫെബ്രുവരി 2026























