top of page

ഗുരുവിനെപ്പോലെ ആകുവാന്‍

Aug 7, 2009

1 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jesus

ശിഷ്യന്‍ ഗുരുവിനെപ്പോലെയാകുവാന്‍ വിളിക്കപ്പെട്ടവനാണ്. ഗുരുവിന്‍റെ മുഖത്തുനിന്നും പാഠങ്ങള്‍ പഠിച്ച് ജീവിതത്തില്‍ പകര്‍ത്തുന്നവന്‍ ഗുരുവിനെപ്പോലെയാകും. നമ്മുടെ ഏറ്റവും വലിയ ഗുരുവായ യേശുവിന്‍റെ മാതൃക നമ്മുടെ മുമ്പില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍ മറ്റൊന്നിലേക്കും നാം തിരിയേണ്ടതില്ല. ശിഷ്യരായ നമുക്ക് അനുകരിക്കുവാന്‍ മനോഹരമായ ജീവിതവഴി അവിടുന്ന് നമുക്ക് കാണിച്ചു തരുന്നു.

ഒന്നാമതായി, ശരിയായ ആത്മാവബോധം യേശുവിലുണ്ടായിരുന്നു. ഈ ആത്മാവബോധം നമുക്കുണ്ടാവണം. നാം എവിടെ നിന്നു വന്നുവെന്നും എവിടേയ്ക്കു പോകുന്നുവെന്നുമുള്ള ആത്മാവബോധം... ഭ്രാന്തന്മാര്‍ക്കില്ലാത്തത് ആത്മാവബോധമാണ്. ഈ ബോധം നഷ്ടപ്പെടുമ്പോള്‍ ലക്ഷ്യമില്ലാത്തവരെപ്പോലെ നാം പെരുമാറും. ചെറിയ ചെറിയ കാര്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കും. ജീവിതത്തിന് അര്‍ത്ഥമില്ലായെന്ന തോന്നല്‍ കടന്നുവരും. ആത്മാവബോധമുണ്ടായിരുന്ന യേശുവിനെ യാതൊന്നും കുലുക്കിയില്ല. അവന്‍ കാണിച്ച അതേ ആത്മധൈര്യം നമുക്കുണ്ടാവണം.

രണ്ടാമതായി, യേശുവില്‍ ദൗത്യബോധം നിറഞ്ഞുനില്‍ക്കുന്നതായി കാണാം. പിതാവു തന്നെ ഏല്പിച്ച ഒരു ദൗത്യമുണ്ടെന്നും അതു പൂര്‍ത്തിയാക്കുന്നതുവരെ തനിക്കു വിശ്രമമില്ലെന്നും ജീവിതം വഴി അവിടുന്നു നമ്മെ പഠിപ്പിച്ചു. ജീവിതത്തിന് അര്‍ത്ഥം തരുന്നത് ഈ ദൗത്യബോധമാണ്. ഏതു നിസ്സാരപ്പെട്ട പണിയും വിശ്വസ്തതയോടെ ചെയ്തു തീര്‍ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈ ദൗത്യബോധമാണ്. മറ്റുള്ളവരെ വിമര്‍ശിക്കാതിരിക്കുവാനും, മൗനം പാലിക്കുവാനും ദൗത്യബോധം നമ്മെ ശക്തിപ്പെടുത്തുന്നു.

മൂന്നാമതായി യേശുവില്‍ ഒരു പ്രതിബദ്ധതയുള്ളതായി നാം കാണുന്നു. തന്നെ അയച്ച പിതാവിനോടും തന്‍റെ കയ്യില്‍ ഏല്പിക്കപ്പെട്ട ലോകത്തോടുമുള്ള പ്രതിബദ്ധത പൂര്‍ണ്ണമായും അവിടുന്ന് നിറവേറ്റി. ഈ ഭൂമിയില്‍ മനുഷ്യരായി ജീവിക്കുന്നിടത്തോളം കാലം ഈ പ്രതിബദ്ധതകള്‍ നാമും നിറവേറ്റണം. ദൈവം ഏല്പിച്ച ദൗത്യങ്ങളോടുള്ള വിശ്വസ്തതയില്‍ നാം നിലനില്‍ക്കണം. നമ്മുടെ ചുറ്റുമുള്ള ലോകത്തിന് അല്പം കൂടി പ്രകാശം കൊടുത്ത് നാം കടന്നുപോകണം.

യേശുവിന്‍റെ സ്വഭാവ പ്രത്യേകതകളും ശ്രദ്ധിക്കേണ്ടതായുണ്ട്. ജീവിതയാത്രയില്‍ ആരെല്ലാം അവന്‍റെ മുമ്പില്‍ വന്നോ അവരെയെല്ലാം ശ്രദ്ധിച്ചു കേട്ട യേശുവിനെയാണ് നാം കാണുന്നത്. പാപിനിയായ സ്ത്രീയെയും പരാതി പറയുന്ന ശിഷ്യന്മാരെയും പരിഹാസ വാക്കുകള്‍ പറഞ്ഞ ഫരിസേയരെയുമെല്ലാം അവന്‍ ശ്രദ്ധിച്ചു കേട്ടു. നമ്മെ ഇഷ്ടപ്പെടുന്നവരെയും നാം ഇഷ്ടപ്പെടുന്നവരെയും മാത്രം ശ്രദ്ധിക്കുന്ന രീതികള്‍ നാം വെടിയണം. ഓരോരുത്തരും പറയുന്ന കൊച്ചുകാര്യത്തിലും വലിയ സത്യമുണ്ടെന്ന വിശ്വാസത്തോടെ നാം അവരെ ശ്രദ്ധിച്ചു കേള്‍ക്കണം. മറ്റുള്ളവരുടെ അഭിപ്രായവും സഹകരണവും യേശു തേടുന്നതായി ബൈബിളില്‍ കാണുന്നുണ്ട്. നികുതി കൊടുക്കുവാനുള്ള നാണയത്തിനായി പത്രോസിനെക്കൊണ്ടു വലയെറിയിച്ചും, പെസഹാ ഒരുക്കുവാന്‍ ശിഷ്യന്മാരെ പറഞ്ഞയച്ചും മറ്റുള്ളവരുടെ സഹകരണം യേശു തേടിയിരുന്നു. എല്ലാക്കാര്യങ്ങളും ഒറ്റയ്ക്കു നടത്തുവാന്‍ കഴിവുള്ളപ്പോഴും മറ്റുള്ളവരെ സഹകരിപ്പിക്കുന്ന ഒരു മനസ്സ് നമുക്കുണ്ടോയെന്ന് സ്വയം പരിശോധിക്കാം.

സ്വന്തം ഇഷ്ടത്തിനോ താല്പര്യത്തിനോ അനുസരിച്ചല്ല പിന്നെയോ പരാര്‍ത്ഥമായ ലക്ഷ്യമായിരുന്നു യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു പിമ്പിലുണ്ടായിരുന്നത്. പരിഹസിക്കപ്പെട്ടിട്ടും തളരാതെ പ്രവര്‍ത്തിക്കുവാന്‍ യേശുവിന് ശക്തികൊടുത്തതും ഈ പരാര്‍ത്ഥമായ ജീവിതദര്‍ശനമായിരുന്നു. സ്വാര്‍ത്ഥതയുടെ കവചങ്ങള്‍ തകര്‍ത്ത് അപരനുവേണ്ടി ജീവിക്കുവാന്‍ നമുക്കും പരിശ്രമിച്ചുകൂടെ? ഗുരുവിനെ മുമ്പില്‍ നിറുത്തി ജീവിത വഴികളെ ക്രമീകരിക്കുവാന്‍ നമുക്കു പരിശ്രമിക്കാം.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts