

ക്രിസ്തുമസ് - ഒരു വാക്കു പാലിക്കുന്നതിന്‍റെ ആഘോഷമാണ്. ആദിമാതാപിതാക്കള്‍ പാപത്തിന് അടിമയായിത്തീര്‍ന്നു. നിരാശയും വേദനയും നിറഞ്ഞുനിന്ന ജീവിതത്തില്‍ ദൈവം ഒരു വാഗ്ദാനം അവര്‍ക്കായി കൊടുത്തു. സാത്താന്‍റെ തല തകര്‍ക്കുന്നവന്‍ നിങ്ങളുടെ മോചനത്തിനായി കടന്നുവരും. ദൈവത്തിന്‍റെ ആ വാക്കുകള്‍ ക്രിസ്തുവിന്‍റെ പിറവിയില്‍ പൂര്‍ത്തിയായി. യേശുവിന് 700 വര്‍ഷം മുമ്പ് ഏശയ്യാ അവനെക്കുറിച്ചു പ്രസംഗിച്ചു. ക്രിസ്തുവിന് 550 വര്‍ഷം മുമ്പ് ചൈനയില്‍ കണ്‍ഫ്യൂഷ്യസ് എന്ന ചിന്തകന്‍ ഇപ്രകാരം പറഞ്ഞു: "ലോകത്തെ നവീകരിക്കുന്നവന്‍ മധ്യധരണ്യാഴിയുടെ തീരത്തു ജനിക്കും. അവന്‍ ചൈനയില്‍ നിന്നായിരിക്കില്ല വരുന്നത്." അനലക്സ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴ ുതിയിട്ടുണ്ട്.
യേശുവിന് 550 വര്‍ഷങ്ങള്‍ക്കു മുമ്പ് മീക്കാ പ്രവാചകന്‍ ബേത്ലഹേമില്‍ ജനതകളുടെ പ്രതീക്ഷ പൂവണിയുന്നതിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നു. യേശുവിനു 400 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്ലേറ്റോ എന്ന ചിന്തകന്‍ റിപ്പബ്ലിക്ക് എന്ന പുസ്തകത്തില്‍ എഴുതി: "ചരിത്രത്തെ മാറ്റിമറിക്കുന്നവന്‍ വരും. അവന്‍ ഗ്രീസില്‍ നിന്നല്ല, മധ്യധരണ്യാഴിയുടെ തീരത്തു നിന്നു വരും". റോമന്‍ ചരിത്രകാരനായ റ്റാസിറ്റസ് തന്‍റെ ഗ്രന്ഥമായ ഹിസ്റ്ററീസില്‍ എഴുതി: "അടിമകള്‍ക്കിടയില്‍ ജനിച്ചവന്‍ ചരിത്രത്തെ രണ്ടായി ഭാഗിക്കും". യേശുവിന്‍റെ ജനനത്തോടുകൂടി BC എന്നും AD എന്നും ചരിത്രം പകുക്കപ്പെടും. എല്ലാ പ്രതീക്ഷയുടെയും സാക്ഷാത്കാരം ക്രിസ്തുമസ് രാത്രിയില്‍ നടന്നു. ദൈവം പറഞ്ഞ വാക്ക്, അതുപോലെ പാലിച്ചെങ്കില്‍ നമ്മളും കൊടുക്കുന്ന വാക്കുകള്‍ കൃത്യമായി പാലിക്കണം. ചെറിയവരോടും വലിയവരോടും കൊടുക്കുന്ന വാക്കുകള്‍ കൃത്യമായി പാലിക്കുവാനുള്ള കൃപ ലഭിക്കുവാനായി ഈ പിറവിത്തിരുന്നാളില്‍ പ്രാര്‍ത്ഥിക്കാം.
ഒരുപിടി ആള്‍ക്കാരുടെ ഉറക്കം കെടുത്തിയ രാത്രിയാണ് ക്രിസ്തുമസ്സ് രാത്രി. സുഖനിദ്രയിലാണ്ട യൗസേപ്പിന്‍റെ ഉറക്കം നഷ്ടപ്പെട്ട രാത്രി. സ്വപ്നത്തില്‍ മാലാഖാ പ്രത്യക്ഷപ്പെട്ട് രക്ഷകപ്പിറവിയെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ഉറക്കം നഷ്ടപ്പെട്ടു. മംഗളവാര്‍ത്ത ഹൃദയത്തില്‍ സ്വീകരിച്ച മറിയത്തിന് പിന്നീടുള്ള രാവുകള്‍ നിദ്രാവിഹീനങ്ങളായിരുന്നു. ചെന്നായ്ക്കളില്‍ നിന്നും ആടുകളെ രക്ഷിക്കുവാന്‍ കാവലിരുന്ന ആട്ടിടയന്മാരുടെ ചെറിയ ഉറക്കം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് മാലാഖമാര്‍ കടന്നുവന്നു. നിതാന്തജാഗ്രതയിലാര്‍ന്നിരുന്ന മാലാഖമാര്‍ ഉറങ്ങാതെ രക്ഷകപ്പിറവിയുടെ സദ്വാര്‍ത്ത പ്രഘോഷിച്ചു. പാതിരാത്രിയില്‍ പിറവിത്തിരുന്നാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരും ഈ നഷ്ടപ്പെടുത്തുന്ന ഉറക്കത്തിന്‍റെ സാക്ഷികളല്ലേ? ദൈവികസന്ദേശത്തിനും ദൈവത്തിന്‍റെ ഇടപെടലിനുമായി ഉറക്കൊഴിഞ്ഞു കാത്തിരിക്കാന്‍ നമുക്കും കഴിയണം. ദൈവസാന്നിദ്ധ്യം അടുത്തുവരുമ്പോള്‍ ഭയപ്പെട്ട് ഉറക്കം നഷ്ടപ്പെട്ട ഹേറോദേസിനെപ്പോലെയാകാതെ സന്തോഷം കൊണ്ടു ഹൃദയം നിറഞ്ഞ ആട്ടിടയരെപ്പോലെ നമുക്കും ഉണര്‍വുള്ളവരായിരിക്കാം.
നമ്മളോരോരുത്തരും നമ്മെക്കുറിച്ചു സ്വപ്നങ്ങളുള്ളവരാണ്. നമ്മുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ശ്രമിക്കുന്നവരുമാണ് നമ്മള്‍. യൗസേപ്പു പിതാവിനും തന്‍റേതായ സ്വപ്നങ്ങളുണ്ടായിരുന്നു. മാലാഖ വന്ന് യൗസേപ്പിനോടു പറയുന്നു, നിന്‍റെ സ്വപ്നങ്ങള്‍ക്കനുസരിച്ച് നീ ജീവിച്ചാല്‍ പോരാ. നിന്നെക്കുറിച്ചുള്ള എന്‍റെ സ്വപ്നങ്ങള്‍ നീ അറിയിക്കണം. ദൈവം തരുന്ന അവസരങ്ങളെ നീ കൈനീട്ടി വാങ്ങണം. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ കാര്യങ്ങളിലൂടെ യൗസേപ്പ് കടന്നുപോകണം. തന്‍റേതല്ലാത്ത കുഞ്ഞിന്‍റെ പിതാവായി യൗസേപ്പു ജീവിക്കണം. ഒരു കഴുതയുടെ കയറും പിടിച്ച് അറിയില്ലാത്ത രാജ്യത്തേക്കു നടക്കണം.
നമ്മുടെ ബുദ്ധിക്ക് ഗ്രഹിക്കാനാവാത്ത പലതും അനുഭവിക്കുമ്പോള്‍ വിധേയത്വത്തോടെ കുനിഞ്ഞു കൊടുക്കണം. നമ്മിലൂടെ രക്ഷകപ്പിറവി ലോകത്തില്‍ സംഭവിക്കും.
പിറവിത്തിരുനാളിന്‍റെ രാത്രിയില്‍ അത്ഭുതനക്ഷത്രം പ്രകാശം പരത്തി. നമ്മളെല്ലാം നക്ഷത്രങ്ങളായി മാറിയാല്‍ ഈ ലോകം മുഴുവന്‍ പ്രകാശം കൊണ്ടു നിറയും. ഈ ലോകം മുഴുവന്‍ ഇന്ന് ഇരുട്ടാണ്. ഈ ഇരുട്ടില്‍ പ്രകാശനക്ഷത്രമായി നാം ഓരോരുത്തരും മാറണം. ഇരുണ്ട ജീവിതങ്ങളില്‍ പ്രകാശം പരത്തണം. ആലംബഹീനരില്‍, നിസ്സഹായരില്‍, സമൂഹം പുറംതള്ളിയവരുടെയൊക്കെ ജീവിതത്തില്‍ നാം സഹായവുമായെത്തണം. പ്രഭ പകരുന്ന ജീവിതം തന്നു കടന്നുപോകുന്നവരുടെ കാല്പാടുകള്‍ നാം പിഞ്ചെല്ലണം. അവര്‍ കാണിച്ചുതരുന്ന നല്‍വഴികളിലൂടെ നാം സഞ്ചരിക്കണം. നക്ഷത്രങ്ങളെ നോക്കി നടക്കുന്നവര്‍ നക്ഷത ്രപ്രകാശം ഹൃദയത്തില്‍ ആവഹിക്കുകയും അവര്‍ ചെല്ലുന്നിടത്തെല്ലാം അന്ധകാരം അപ്രത്യക്ഷമാവുകയും ചെയ്യും.
ക്രിസ്തുമസ്സ് പപ്പായെന്ന സാന്‍റാക്ലോസിനെ നാം സന്തോഷത്തോടെ എതിരേല്‍ക്കുന്ന ദിവസങ്ങളാണല്ലോ ക്രിസ്തുമസ്സ് രാവുകള്‍. സമ്മാനങ്ങള്‍ തരുന്നവനായതിനാല്‍ കുട്ടികളും മുതിര്‍ന്നവരും സാന്‍റാക്ലോസിനെ കാത്തു നില്‍ക്കും. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുള്ള സമ്മാനമായി മാറ്റണം. എനിക്കുള്ളതും ഞാന്‍ ഇതുവരെ കൊടുക്കാത്തതുമായ ഒരു സമ്മാനം എന്‍റെ കയ്യിലുണ്ട്. എന്താണ് ആ സമ്മാനം? അല്പം കൂടി ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവായി മാറുക. അല്പം കൂടി ഭര്‍ത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യയായി രൂപാന്തരപ്പെടുക. അല്പം കൂടി മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളായിത്തീരുക. ഇത്തവണത്തെ ക്രിസ്തുമസ്സിന് ഇങ്ങനെയൊരു സമ്മാനം നല്‍കിക്കൂടെ? നന്മകളാല്‍ അലങ്കരിക്കപ്പെട്ട ഒരു ക്രിസ്തുമസ്സ് ട്രീയായി ഞാന്‍ മാറണം. സ്നേഹസമ്മാനങ്ങള്‍ നിറഞ്ഞ എന്നിലേക്ക് മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം ഓടിയണയണം.
രക്ഷകപ്പിറവി നടത്തുവാനായി ദൈവം ആദ്യം വന്നത് സത്രത്തിലേക്കാണ്. സത്രമുടമസ്ഥര്‍ വാതിലടച്ചു. 'സത്രത്തില്‍ അവന് ഇടം കിട്ടിയില്ല' എന്ന് തിരുവചനത്തില്‍ കുറിച്ചിരിക്കുന്നു. ചരിത്രത്തില്‍ ഏറ്റവും വലിയ സ്ഥാനം പിടിക്കുമായിരുന്ന ആ സംഭവത്തിന് നേരെ അവര്‍ വാതിലടച്ചു. രക്ഷകന്‍ പിറന്നുവീഴുന്ന സ്ഥലം ലോകം ഏറ്റവും ശ്രദ്ധയോടെ നോക്കി കാണും. വസിക്കാനിടം തേടി ഓരോ വാതില്‍ക്കലും ക്രിസ്തു മുട്ടിവിളിക്കുന്നു. വാതില്‍ തുറന്നു കൊടുത്തവരുടെ പേരുകളും സ്ഥലങ്ങളും പുല്‍ത്തൊഴുത്തു പോലെ പ്രശസ്തമായി. ജീവിതമെന്ന സത്രം തുറന്നുകൊടുത്ത ഫ്രാന്‍സിസ് അസ്സീസിയെ രണ്ടാം ക്രിസ്തുവെന്ന് വിളിച്ചു. അസ്സീസി നഗരവും പ്രശസ്തിയുള്ളതായിത്തീര്‍ന്നു. വിശുദ്ധ മദര്‍ തെരേസാ സ്വന്തം ജീവിതം സത്രമായി തുറന്നുകൊടുത്തവളാണ്. ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയും സ്വന്തം ജീവിതസത്രം കര്‍ത്താവിനായി തുറന്നുകൊടുത്തു. നമുക്കും ഹൃദയങ്ങളെ തുറന്ന് ഉണ്ണിയേശുവിനെ സ്വീകരിക്കാം. അവന്‍ പിറക്കുമ്പോള്‍ ബേത്ലഹേമിലെ കാലിത്തൊഴുത്തു പോലെ നമ്മുടെ ജീവിതവും വേര്‍തിരിക്കപ്പെട്ട് മുദ്രകുത്തും.
തിരുപ്പിറവി
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക, ഡിസംബർ,2025




















