

Key takeaways:
*Be watchful of these 7 kinds of people around us.
*Be careful of 7 types of persons who can harm your peace. Learn to identify and be careful of 7 types of persons to protect your well-being.
*Be watchful not to become such kinds of persons
മനുഷ്യരെല്ലാവരും ഒരു യാത്രയിലാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള യ ാത്രയാണിത്. കാഴ്ചകള്‍ കണ്ടു രസിക്കുന്നതുപോലെ തന്നെ മനുഷ്യരെ വിലയിരുത്തുന്നതിലും ശ്രദ്ധിക്കണം. പല വിധത്തിലുള്ള മനുഷ്യരെ നാം കണ്ടുമുട്ടും. ഓരോരുത്തരെയും വിശദമായി പഠിച്ചുവേണം ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടത്. ചില മനുഷ്യരെ നാം പ്രത്യേകമായി പഠിച്ചു അവരില്‍ നിന്നും അകന്നുനില്‍ക്കണം. ഒരു മനുഷ്യന്‍റെ വസ്ത്രമോ, പഠനമോ ഒന്നും നോക്കി സൗഹൃദം സ്ഥാപിക്കരുത്. താഴെ പറയുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം.
ഏതു ചെറിയ കാര്യത്തിലും മറ്റുള്ളവരെ പരിഹസിക്കുന്നവരെ ശ്രദ്ധിക്കണം. ശരീരഘടന, വസ്ത്രധാരണം, വന്നുപോയ വീഴ്ചകള്‍ എന്നിവയെ മറ്റുള്ളവരില്‍ കണ്ടിട്ടു അതിനെ പരിഹസിക്കുന്നവരെ വിശ്വസിക്കരുത്. നമ്മുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നവരാണ് ഇവര്‍. സ്വന്തമായി ക്രിയാത്മകമായി ട്ട് ഒന്നും ചെയ്യുവാന്‍ കഴിവില്ലാത്ത ഇക്കൂട്ടര്‍ സമൂഹത്തിന് ശാപമാണ്. ഇവരെ ശ്രദ്ധിക്കുക, ജീവിതത്തില്‍ നന്ദികേടു കാണിക്കുന്നവരാണ്.
മറ്റൊരുകൂട്ടര്‍, ക്രിസ്തുശിഷ്യനായ യൂദാസ് അത്തരക്കാരനായിരുന്നു. പട്ടിക്കുപോലും, തീറ്റ കൊടുക്കുന്നവരോട് നന്ദിയുണ്ട്. കാര്യം നേടുന്നതുവരെ കാലുപിടിച്ചിട്ട് കാര്യം സാധിച്ചുകഴിയുമ്പോള്‍ ഒറ്റികൊടുക്കുന്നവരെ പ്രത്യേകം സൂക്ഷിക്കണം. ചെറിയ ഒരു അതൃപ്തി വന്നാല്‍ എന്തും വിളിച്ചുപറയും. എത്ര സഹായം ചെയ്തവരെയും ചെറിയ ഒരു അതൃപ്തിയുടെ പേരില്‍ തള്ളിപ്പറയുന്നവരെ ശ്രദ്ധിക്കണം.
അഹങ്കാരികളെ നാം സൂക്ഷിക്കേണ്ടതുണ്ട്. ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുമെന്ന് പരിശുദ്ധ മറിയം സ്തോത്രഗീതത്തില്‍ പറയുന്നുണ്ട്. വിനയം അല്പം പോലും ഇല്ലാത്തവരെ നാം കാണാറില്ലേ. ഞാന്‍ പറയുന്നതു മാത്രമാണ് ശരി. മറ്റുള്ളവരെല്ലാം വിവരമില്ലാത്തവരാണ്. മറ്റുള്ളവര്‍ സംസാരിക്കുന്നതിനിടയില്‍ കയറി സംസാരിക്കുന്നവര്‍. ഇങ്ങനെയുള്ള മനുഷ്യരുമായുള്ള സഹവാസം നമ്മുടെ വ്യക്തിത്വത്തെ തകര്‍ക്കും. പല ശക്തന്മാരും ജീവിതത്തില്‍ വീണുപോയത് അഹങ്കാരം കൊണ്ടാണ്. നിസ്സാരപ്പെട്ട മനുഷ്യര്‍ ഉയര്‍ന്നുവരുന്നത് വിനയം കൊണ്ടുമാണ്.
വളരെ കരുതലോടെ നമ്മള്‍ ഇടപഴകേണ്ട മറ്റൊരു കൂട്ടരുണ്ട്. മറ്റുള്ളവരുടെ കുറ്റം പറയുന്നവരാണവര്‍. നമ്മുടെ കൂടെയില്ലാത്തവരെക്കുറിച്ച് നമ്മോടു കുറ്റം പറയുന്നവര്‍ നമ്മളില്ലാത്തപ്പോള്‍ നമ്മെക്കുറി ച്ചും കുറ്റം പറയും. ഒരുമിച്ചിരുന്ന് സംസാരിച്ച ഒരാള്‍ എന്തെങ്കിലും ആവശ്യത്തിനായി എണീറ്റുപോയാല്‍ ആ വ്യക്തിയെക്കുറിച്ച് ഉടന്‍ കുറ്റം പറയുന്നവരുണ്ട്. ഒരിക്കലും ഇക്കൂട്ടരെ വിശ്വസിക്കരുത്. അതവരുടെ സ്വഭാവമാണ്. ഞാനില്ലാത്ത അവസരത്തില്‍ എന്നെക്കുറിച്ചു ഇതുതന്നെ പറയുമെന്ന് ഉറപ്പാണ്. ഇത്തരക്കാരുമായി ബന്ധങ്ങള്‍ സ്ഥാപിക്കരുത്. നമ്മുടെ ആത്മീയ ജീവിതത്തെ തകര്‍ക്കുന്ന പൈശാചിക ശക്തിയായി ഇവരെ കാണേണ്ടതുണ്ട്.
നമ്മെക്കാള്‍ പദവി കൂടിയവരോടു ബഹുമാനവും നമ്മെക്കാള്‍ താഴ്ന്നവരോടു പുച്ഛഭാവവും പുലര്‍ത്തുന്നതും നാം കാണാറില്ലേ. സ്വാധീനമുള്ള, സമൂഹത്തില്‍ വലുപ്പമുള്ള ഒരു വ്യക്തിയുടെ മുമ്പില്‍ ആദരവോടെ നില്‍ക്കും. സ്വാധീനമില്ലാത്ത പാവപ്പെട്ടവന്‍റെ മുമ്പില്‍ അഹന്തയ ോടെ നില്‍ക്കും. തന്നെക്കാള്‍ താഴ്ന്നവരോട് ആദരവില്ലാതെ പെരുമാറുന്നവര്‍ നല്ലവരല്ല. അവരില്‍ തിന്മയുണ്ട്. ചെറിയവരില്‍ ഒരുവനില്‍ ദൈവത്തിന്‍റെ മുഖം കാണുന്നവരാണ് വിലപ്പെട്ടവര്‍. ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കുന്നവരുണ്ട്.
സ്വന്തം തെറ്റുകള്‍ ന്യായീകരിക്കുന്നവരെ ശ്രദ്ധിക്കണം. വന്നുപോയ തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരാണിവര്‍. സ്വന്തം മദ്യപാനത്തിനു കാരണം ഭാര്യയുടെ സ്നേഹമില്ലായ്മയാണ്. വഴിപിഴച്ച ജീവിതത്തിന് ഭര്‍ത്താവിന്‍റെ കരുതലില്ലായ്മയാണ് കാരണം. മറ്റുള്ളവര്‍ മൂലമാണ് ഞാനിങ്ങനെയായിത്തീര്‍ന്നത് എന്നു പറയുന്നവരെ കാണാം. സത്യത്തില്‍ ഇക്കൂട്ടര്‍ തന്നെയാണ് തെറ്റുകാര്‍. ആരെങ്കിലും ഇക്കൂട്ടരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവരെ ശത്രുക്കളായി കാണും. സ്വന്തം തെറ്റുകള്‍ ഏറ്റുപറയുകയും അപരന്‍റെ നന്മയെ അംഗീകരിക്കുകയും ചെയ്യുന്നവരാണ് മഹത്വ്യക്തികള്‍. വന്നുപോയ തെറ്റുകള്‍ ഏറ്റുപറയുവാന്‍ ധൂര്‍ത്തപുത്രന്‍ ഒരുങ്ങിയപ്പോള്‍തന്നെ അവനെ സ്വീകരിക്കുന്ന വാത്സല്യനിധിയായ പിതാവിനെ സുവിശേഷത്തില്‍ നാം ധ്യാനിക്കുന്നു.
മറ്റുള്ളവര്‍ക്ക് എന്തൊക്കെ സംഭവിച്ചാലും ഒരു സഹാനുഭൂതിയില്ലാത്ത ചിലരെ കാണാം. മനുഷ്യത്വത്തിന്‍റെ അഭാവമുള്ള ഇത്തരക്കാര്‍ സമൂഹത്തിന്‍റെ ശാപമാണ്. അപരന്‍റെ അല്ലലില്‍ വേദന തോന്നാത്തവര്‍ മൃഗമാണ്. ദൈവികതയുടെ അംശം ലവലേശമില്ലാത്ത ഇത്തരക്കാര്‍ സ്വാര്‍ത്ഥരാണ്. കാല്‍പ്പാദത്തില്‍ തിളച്ച വെള്ളം വീഴുമ്പോള്‍ പൊള്ളല്‍ തോന്നാത്തവര്‍ കുഷ്ഠം ബാധിച്ചവരാണ്. അയല്‍ക്കാരന്‍റെ തകര്‍ച്ചയില്‍ നൊമ്പരം തോന്നാത്തവര്‍ ഹൃദയത്തില്‍ കുഷ്ഠം ബാധിച്ചവരാണ്. സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്‍റെയും അഭാവം മനുഷ്യനെ മൃഗതുല്യനാക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്മാരാണെന്നും അവര്‍ക്കു കരുണ ലഭിക്കുമെന്നുമുള്ള ക്രിസ്തുവിന്‍റെ തിരുവചനത്തെ ധ്യാനിക്കണം. കരുണയില്ലാത്ത മനുഷ്യരോടു ചേര്‍ന്നിരിക്കുന്നവരിലും സാവധാനം കാരുണ്യത്തിന്‍റെ ഉറവകള്‍ വറ്റിപ്പോവും.
അവസാനമായി ഒരു കൂട്ടരെക്കൂടി നാം ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്. അസൂയയും വിദ്വേഷവും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണവര്‍. അപരന്‍റെ ഉയര്‍ച്ചയില്‍ ഹൃദയത്തില്‍ നൊമ്പരവും, അപരന്‍റെ തകര്‍ച്ചയില്‍ ഉള്ളില്‍ ആനന്ദവും അനുഭവിക്കുന്നവരുണ്ട്. ഇതിന്‍റെ പേരാണ് അസൂയ. ഹൃദയത്തില്‍ അസൂയയും വിദ്വേഷവും സൂക്ഷിക്കുന്നവരോട് ഒരിക്കലും സൗഹൃദം സ്ഥാപിക്കരുത്. അകന്നുനില്‍ക്കേണ്ടവരില്‍ നിന്ന് അകന്നുനിന്നും അടുക്കേണ്ടവരോട് അടുത്തുനിന്നും ജീവിതയാത്രയില്‍ മുന്നേറുക.
ഇവരെ സൂക്ഷിക്കുക
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍





















