

Key takeaways:
The article is about hurtful household communication.
The article details negative speech patterns; positive dialogue builds loving homes.
ഉള്ളവനും ഇല്ലാത്തവനും എന്ന് രണ്ടുതരമേ ലോകത്തിലുള്ളൂ എന്ന് കാള്‍ മാര്‍ക്സ് മനുഷ്യരെ തരം തിരിച്ചിട്ടുണ്ട്. നമ്മുടെ വീടുകളിലും രണ്ടു തരം മനുഷ്യരേയുള്ളൂ. സ്വീകരിക്കപ്പെട്ടവരും തിരസ്കരിക്കപ്പെട്ടവരും. മനസിലാക്കപ്പെട്ടവരും തെറ്റിദ്ധരിക്കപ്പെട്ടവരും. സ്നേഹിക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും. മാറ്റി നിര്‍ത്തപ്പെട്ടവരും ചേര്‍ത്തു നിര്ത്തപ ്പെട്ടവരും. അപമാനിക്കപ്പെട്ടവരും ബഹുമാനിക്കപ്പെട്ടവരും.
ഇരുപതു വര്‍ഷം മുന്‍പ് കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഉപയോഗിച്ചിരുന്ന രണ്ടു പദങ്ങള്‍ 'മുറിവ്' എന്നതും 'തിരസ്കരണം' എന്നതും ആയിരുന്നു. ഇന്ന് പുതിയ വാക്കുകള്‍ കൊണ്ട് നാമതിനെ സ്കെച്ച് ചെയ്യാന്‍ ശ്രമിക്കുന്നു. 'ട്രോമ' യും 'ടോക്സിക്' ഉം 'നാര്‍സിസിസ്റ്റ്' ഉം ഒക്കെയുള്ള പദാവലികള്‍ പകരം വച്ചു എന്നു മാത്രം. അനുഭവങ്ങളെല്ലാം അന്നും ഇന്നും ഒന്നു തന്നെ.
ഇതിന്‍റെയെല്ലാം അടിസ്ഥാനം വീടിനുള്ളിലെ സംസാരമാണ്. അതിനാല്‍ വീടിനുള്ളിലെ മനുഷ്യരെ വിശാലമായ അര്‍ത്ഥത്തില്‍ രണ്ടായി തിരിക്കാം. വാക്കുകൊണ് ട് മുറിഞ്ഞവരും വാക്കുകൊണ്ട് വളര്‍ന്നവരും.
വീടിനുള്ളിലെ സംസാരം മുറിവായി മാറിയതു കൊണ്ട് നമുക്കെത്ര പേരെ നഷ്ടപ്പെട്ടു! നാടുവിട്ടവര്‍. മരണം വരിച്ചവര്‍. ലഹരിയില്‍ ഒടുങ്ങിയവര്‍. പകയില്‍ നീറുന്നവര്‍. സ്നേഹത്തിന്‍റെ ഉറവക്കണ്ണുകള്‍ അടഞ്ഞു പോയവര്‍. നല്ല അപ്പനാകാനും നല്ല അമ്മയാകാനും, നല്ല ഭാര്യയാകാനും നല്ല ഭര്‍ത്താവാകാനും, നല്ല മകനും മകളുമാകാനും കഴിയാതെ പോകുന്നവര്‍. സമൂഹത്തിലേക്കിറങ്ങുമ്പോള്‍ നല്ല ഉദ്യോഗസ്ഥരോ നല്ല തൊഴിലാളികളോ നല്ല മനുഷ്യരോ ആകാന്‍ കഴിയാതെ പോകുന്നവര്‍. നല്ല അയല്‍ക്കാരനാകാനും കഴിയാത്തവര്‍. എല്ലാത്തിന്‍റെയും അടിസ്ഥാനം വീടിനുള്ളില്‍ രൂപപ്പെടുന്ന സംസാര ശൈലികളാണ്.
സംസാരത്തിന് ഒരു വൈകാരിക ഭാവമുണ്ട് (Emotion). സംസാരത്തിന് ഒരു മനോഭാവമുണ്ട് (Attitude). ഇവ രണ്ടും നെഗറ്റീവാകുന്നിടത്ത് ബന്ധങ്ങളില്‍ 'മുറിവുകള്‍' ഉണ്ടാകും. ഇവ രണ്ടും പോസിറ്റീവ് ആകുന്നിടത്ത് ബന്ധങ്ങള്‍ വളരും.
എവിടെപ്പോയാലും മടങ്ങിയെത്താന്‍ ആഗ്രഹം തോന്നേണ്ടയിടമാണ് വീട്. ചിലരാകട്ടെ, ആ വീടുകളിലേക്ക് തിരികെ ചെല്ലാന്‍ ഇഷ്ടപ്പെടുന്നില്ല. കയറി ചെല്ലേണ്ടി വന്നാല്‍ മനസില്ലാ മനസോടെയാണ് കയറി ചെല്ലുന്നതും. അത്തരം വീടുകളില്‍ താഴെപ്പറയുന്ന ശൈലികള്‍ കാണാം. ചിലയിടത്ത് അപ്പന്‍. മറ്റു ചിലയിടത്ത് അമ്മ. ചിലയിടത്ത് ഭര്‍ത്താവ്. മറ്റു ചിലയിടത്ത് ഭാര്യ. അല്ലെങ്കില്‍ മക്കള്‍.

വീടിന്‍റെ മൊത്തം മൂഡ് നശിപ്പിക്കുന്ന ആ സംസാര ശൈലികള്‍ ഏറെക്കുറെ ഇനി പറയുന്നതു പോലെയാണ്.
1. അരിശപ്പെട്ട് സംസാരിക്കുന്നത് (Angry tone): ഭക്ഷണം എടുക്കട്ടെ എന്ന ചെറിയ ചോദ്യത്തിനു പോലും പത്തു കിലോ തൂക്കത്തില്‍ മാത്രം മറുപടി പറഞ്ഞു ശീലിച്ചവരുണ്ട്. ഒറ്റ വിളിയില്‍ വിളിപ്പുറത്തു വന്നില്ലെങ്കില്‍ കലി പൂണ്ടു വിറയ്ക്കുന്നവരുണ്ട്. ആ വീടിനു മുകളില്‍ എപ്പോഴും ഭയം തിങ്ങി നില്‍ക്കും. ആരുടെ മുഖത്തും പ്രസാദമുണ്ടാകില്ല.
2. അലറി സംസാരിക്കുന്നത് (Shouting): ഒരു ചെറിയ അഭിപ്രായ വ്യത്യാസം വരുമ്പോള്‍ പോലും ശബ്ദം ഉയരുന്നവരുണ്ട്. ഉറക്കെ പറഞ്ഞാലേ അധികാരമാകൂ എന്ന വിചാരമുള്ളവരുണ്ട്. മറ്റെയാളെ അടിച്ചിരുത്തണമെങ്കില്‍ കൂടുതല്‍ ഉറക്കെ സംസാരിച്ചേ പറ്റൂ എന്ന് ചിന്തിക്കുന്നവരുണ്ട്. പറഞ്ഞു ജയിക്കലാണ് വിജയം എന്നു വരുന്നത് എല്ലാ ബന്ധങ്ങളുടെയും സൗന്ദര്യം കെടുത്തും.
3. തരം താഴ്ത്തി സംസാരിക്കുന്നത് (Humiliation): 'നിന്നെയൊക്കെ അല്ലെങ്കിലും എന്തിനു കൊള്ളാം. നിന്നെ പറഞ്ഞു വിട്ടപ്പഴേ ഇങ്ങനെയൊക്കെയേ സംഭവിക്കൂ എന്നറിയാമായിരുന്നു' തുടങ്ങി കഴിവില്ലായ്മയും കുടുംബ പാരമ്പര്യവുമടക്കം പറഞ്ഞ് ഇടിച്ചു താഴ്ത്തുന്ന വീടുകളില്‍ നിന്നും സ്നേഹം എപ്പഴേ പടിയിറങ്ങി കാണും.
4. താരതമ്യപ്പെടുത്തി സംസാരിക്കുന്നത് (Comparison): പേരന്‍റിംഗ് ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ പറയുന്ന കാര്യം, ദയവായി മക്കളെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത് എന്നാണ്. കുട്ടികള്‍ മാത്രമല്ല, ഭാര്യയായാലും ഭര്‍ത്താവായാലും മറ്റുള്ളവരെ അപേക്ഷിച്ച് കഴിവു കെട്ടവരാണ് എന്ന ധ്വനിയുള്ള സംസാരം കുടുംബത്തിന്‍റെ അടിത്തറയിളക്കും.
5. പരിഹസിക്കുന്നത് (Comparison): പല്ലിനെപ്പറ്റി, മുടിയെപ്പറ്റി, നിറത്തെപ്പറ്റി, ആരോഗ്യത്തെപ്പറ്റി, കഴിവില്ലായ്മയെപ്പറ്റി പരിഹസിച്ചു സംസാരിക്കുന്നത് വലിയ മാനസിക മുറിവിലേക്കു നയിക്കും. ഒരു കാലത്ത് കത്തോലിക്കാ സഭയുടെ ആന്തരിക സൗഖ്യ ധ്യാനങ്ങളുടെ പ്രധാനമായ ഒരു ഫോക് കസ് ഇത്തരം മുറിവുകളുടെ സൗഖ്യമായിരുന്നു.
6. വീഴ്ചകളെ ആവര്‍ത്തിച്ച് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് (Blaming): പരീക്ഷയില്‍ തോറ്റാലും, കച്ചവടം നഷ്ടം വന്നാലും, അബദ്ധങ്ങള്‍ പറ്റിയാലും ആശ്വാസത്തിനായി കയറി വരുന്ന ഇടമാണ് വീട്. അവിടെ കയറി വരുമ്പോള്‍ പത്തു വര്‍ഷം മുമ്പ് കാണിച്ച അബദ്ധങ്ങളും തോല്‍വികളും മുതല്‍ എടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്ന ഇടമാണ് അതെങ്കില്‍ ആര്‍ക്കു കയറി വരാന്‍ തോന്നും !
7. മനസിലാക്കാതെ സംസാരിക്കുന്നത് (Misunderstanding): മറ്റെയാള്‍ക്കു സംഭവിച്ചത് എന്താണ് എന്ന് പൂര്‍ണമായി അറിയാന്‍ ശ്രമിക്കാതെ, അയാളുട െ ഭാഗം ശ്രദ്ധിക്കുക പോലും ചെയ്യാതെ പഴി പറയാനും വഴക്കു പറയാനും കുറ്റപ്പെടുത്താനും തുടങ്ങുന്ന വീടിന് സമാധാനം ഉണ്ടാകുമോ? കോടതി പോലും കുറവാളിക്കു പറയാനുള്ളത് കേള്‍ക്കാന്‍ മനസു കാട്ടാറുണ്ട്. ചില വീടുകളില്‍ അതില്ല.
8. മുന്‍വിധിയോടെ സംസാരിക്കുന്നത് (Prejudice): ഒരു കാര്യം സംഭവിച്ചു എന്നു കേള്‍ക്കുമ്പോള്‍ തന്നെ, അത് നിന്‍റെ കുഴപ്പം കൊണ്ടാണ് എന്ന് എനിക്കുറപ്പാ എന്ന രീതിയില്‍ സംസാരിക്കുന്നവരുണ്ട്. തന്നെ അവിശ്വസിക്കുന്നു എന്ന് മറ്റെയാള്‍ക്കുണ്ടാകുന്ന തോന്നല്‍ തന്നെ എത്ര ഹൃദയഭേദകമാണ്.
9. ധാര്‍ഷ്ട്യത ്തോടെ സംസാരിക്കുന്നത്(Arrogance): എന്നെക്കൊണ്ട് ഇങ്ങനയേ കഴിയൂ, എനിക്കിങ്ങനെ സംസാരിക്കാനേ അറിയൂ, സൗകര്യമുണ്ടെങ്കില്‍ സഹിച്ചാല്‍ മതി എന്ന മനോഭാവത്തോടെ ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്നത് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കും.
10. കണക്കു പറയുന്നത്: ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ചിലവഴിച്ച സമയം, ചിലവാക്കിയ പണം, എന്‍റെ കഷ്ടപ്പാടുകള്‍ എന്നു തുടങ്ങി നീയൊക്കെ തിന്നു മുടിച്ചത് എന്നു വരെയുള്ള കണക്കു പറച്ചിലുകള്‍ മറ്റുള്ളവരിലേല്‍പ്പിക്കുന്ന അപമാനത്തിന്‍റെ ആഴം എത്ര വലുതാണ്. എത്രയോ പേര്‍ വീടു വിട്ടു പോകാന്‍ പോലും ഇതു കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണത്തെകുറിച്ചുള്ള കണക്കു പറച്ചില്‍. മക്കളെ തോല്‍പ്പിക്കാന്‍ വേണ്ടി, തിന്നാന്‍ പോലും കിട്ടാറില്ല എന്ന് പതം പറയുന്ന വൃദ്ധമാതാപിതാക്കളും ഉണ്ട്.
11. സ്വയം ശപിക്കലും പഴിക്കലും (Self pitying): ഈ കുടുംബത്തില്‍ വന്നു പെട്ടത്, ഇവിടെ ജനിച്ചത് എന്‍റെ മോശം സമയമാണ്, തലേ വരയാണ് എന്നു പറഞ്ഞ് എപ്പോഴും അസംതൃപ്തിയും പിറുപിറുക്കലുമായി നടക്കുന്ന ഒരാള്‍ ഒരു വീടിന്‍റെ മൊത്തം സ്വസ്ഥതയും കൊടുത്തും.
12. ആവലാതിയും കരച്ചിലും (Complaining): നിങ്ങളാരെങ്കിലും എന്നെ മനസിലാക്കാറുണ്ടോ, എനിക്കെന്താ വേണ്ടത് എന്നു ചോദിച്ചിട്ടുണ്ടോ, എന്‍റെ അഭിപ്രായത്തിനു വില തന്നിട്ടുണ്ടോ, എന്നെ എന്നും രണ്ടാം തരമായിട്ടല്ലേ കണ്ടിട്ടുള്ളൂ എന്‍ നു പറഞ്ഞ് എന്തിനും മുഖം വീര്‍പ്പിക്കുന്നൊരാള്‍, ഒറ്റപ്പെട്ട് മാറി നടക്കുന്നൊരാള്‍ വീടിന് എന്തൊരു അസ്വസ്ഥതയായിരിക്കും !
13. നിഷേധവും വെല്ലുവിളിയും (Rebellion): നിങ്ങളെന്താന്നു വച്ചാ ചെയ്യ് എന്ന് ഒരു ഭാര്യ ഭര്‍ത്താവിനെ വെല്ലു വിളിച്ചാല്‍, ഭര്‍ത്താവ് ഭാര്യയോട് തട്ടിക്കയറിയാല്‍, മക്കള്‍ മാതാപിതാക്കളോട് മറുതലിച്ചാല്‍ ആ കുടുംബം വിജയിക്കുമോ? ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകുമോ ?
14. ജയിക്കാന്‍ വേണ്ടി എന്തും പറയല്‍: പറഞ്ഞു തോല്‍പ്പിക്കുക എന്നൊരു പ്രയോഗമുണ്ട്. ഒരു തര്‍ക്കമോ അനിഷ്ടമോ ഉണ്ടാകുമ്പോള്‍ ജയിക്കാന്‍ വേണ്ടി നിങ്ങളീ കുടുംബത്തിനു വേണ്ടി എന്താ ചെയ്തിട്ടുള്ളത്, നിങ്ങളെക്കൊണ്ട് എന്തു പ്രയോജനമുണ്ടായിട്ടുണ്ട് എന്നൊക്കെ ചോദിക്കുന്നത് താല്‍ക്കാലികമായി അടിച്ചിരുത്താന്‍ സഹായിച്ചേക്കും. പക്ഷേ, കേള്‍ക്കുന്നയാളുടെ ഉള്ളില്‍ വീണ മുറിവ് ഒരിക്കലും കരിയുകയില്ല.
15. അധ്വാനത്തെ വിലമതിക്കാത്ത സംസാരം: ഭാര്യാഭര്‍തൃ ബന്ധത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്തെല്ലാം കേള്‍ക്കുന്ന ഒരു ക്ലീഷേ ഡയലോഗുണ്ട്. ശമ്പളക്കാരിയല്ലാത്ത, വെറും വീട്ടമ്മ മാത്രമായ പാവം സ്ത്രീയെക്കുറിച്ച് അയാള്‍ പറയാറുള്ള ആ പതിവു വാചകം - അവള്‍ക്കിവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ എന്ന് ! ഒരു പ്രായമെത്തിയ മക്കള്‍ തിരി ഞ്ഞു നിന്ന്, നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നു ചോദിക്കുന്നതും വേദനാജനകമാണ്.
വീട്ടിനുള്ളില്‍ ചിലര്‍ മുറിവേറ്റവരും മൗനത്തിലേക്കു ഉള്‍വലിയുന്നവരുമാകുന്നത് ഭൂഷണമല്ല. ഒരുമിച്ചു കഴിക്കാത്ത, ഒരുമിച്ചു യാത്ര ചെയ്യാത്ത, ചിരിയും സന്തോഷവുമില്ലാത്ത, പരിഗണനയും സ്നേഹവുമില്ലാത്ത വീടുകള്‍ വെറും കെട്ടിടങ്ങള്‍ മാത്രമാണ്.

വീടിനുള്ളിലെ ആരോഗ്യപരമായ സംഭാഷണങ്ങളുടെ ചില അടിസ്ഥാന നിയമങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
1. കേള്‍ക്കപ്പെടാനും മനസിലാക്കപ്പെടാനുമുള്ള ആഗ്രഹം എല്ലാവരിലുമുണ്ട്. കേള്‍ക്കാന്‍ സമയം കണ്ടെത്തുക. സ്ക്രീന്‍ ടൈം ഒഴിവാക്കി അരമണിക്കൂറെങ്കിലും ഒരുമിച്ചിരിക്കാനും വര്‍ത്തമാനം പറയാനും എന്നും സമയം കണ്ടെത്തുക. ഓരോരുത്തരെയും ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ശ്രദ്ധിക്കപ്പെടാതെ പോകുന്നത്, കേള്‍ക്കപ്പെടാതെ പോകുന്നത് ഒരാളെ ഒറ്റപ്പെടുത്തും എന്ന് തിരിച്ചറിയുക.
2. അനുമോദനത്തിനും അംഗീകാരത്തിനുമുള്ള ആഗ്രഹത്തെ തിരിച്ചറിയുക. ഒരു വലിയ പരീക്ഷയില്‍ വിജയം നേടുമ്പോള്‍ മാത്രമല്ല, ഓരോ ചെറിയ നേട്ടത്തിലും മക്കളോട് അനുമോദനം പറയുക. ഓരോ ഭക്ഷണത്തിനും, നന്നായിരിക്കുന്നു എന്ന് അമ്മയോട് പറയുക. മാതാപിതാക്കളുടെ അധ്വാനത്തിന് നന്ദി പറയുക. പോസിറ്റീവാ യ വാക്കുകള്‍ വീടിനുള്ളില്‍ സ്നേഹത്തിന്‍റെ പ്രകാശം പരത്തും. 'താങ്ക് യു' പറയുന്നത് ഒരു ശീലമാക്കാവുന്നതാണ്. 'കൊള്ളാം', 'നന്നായിട്ടുണ്ട്' എന്നിവയൊക്കെ magic words ആണ്.
3. മാനിക്കപ്പെടാനുള്ള ആഗ്രഹം എല്ലാവരിലുമുണ്ട്. എത്ര ചെറിയ കുട്ടിയിലും എത്ര മുതിര്‍ന്നവരിലും അതുണ്ട്. അതിനാല്‍ സംഭാഷണത്തിലുപയോഗിക്കുന്ന ഭാഷ അന്തസ്സും മാന്യതയും ഉള്ളതായിരിക്കേണ്ടതുണ്ട്. എത്ര സങ്കടം വന്നാലും, എത്ര പ്രകോപനം വന്നാലും മോശം വാക്കുകള്‍ ഉപയോഗിക്കില്ല എന്ന തീരുമാനം മാതാപിതാക്കള്‍ പുലര്‍ത്തിയാല്‍ അത് മക്കള്‍ക്കു നല്‍കുന്ന ജീവിത മാതൃക വലുതായിരിക്കും. ക്ഷോഭം അടങ്ങിയതിനു ശേഷം സംസാരിക്കുക എന്നത് ഒരു നയമായി സ്വീകരിക്കാവുന്നതാണ്. മോശമായ പെരുമാറ്റത്തിനോ സംസാരത്തിനോ ഇട വന്നാല്‍ 'സോറി' എന്നു പറയാനും മടിക്കരുത്.
4. സഹാനുഭൂതി (Empathy) യുടെ ക്ഷേത്രമാണ് വീട്. ലോകത്ത് എവിടെ നിന്നെല്ലാം തിരിച്ചടികള്‍ കിട്ടിയാലും, പരാജയങ്ങള്‍ നേരിട്ടാലും തന്നെ മനസിലാക്കുമെന്നും ചേര്‍ത്തു പിടിക്കുമെന്നും അപമാനിക്കുകയില്ലെന്നും ഉള്ള ധൈര്യത്തോടെ ഒരാള്‍ കയറി വരുന്നയിടമാണ് വീട്. 'സാരമില്ല' എന്ന വാക്കിന് ചില നേരങ്ങളില്‍ unlimited value ഉണ്ട്. തകര്‍ന്നു തരിപ്പണമായിപ്പോയ എത്രയോ പേരെ അത് പടുത്തുയര്‍ത്തിയിട്ടുണ്ട്.
5. ആശ്വസിപ്പിക്കപ്പെടുന്നതിനും ധൈര്യപ്പെടുത്തലിനും വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് എപ്പോഴും വിചാരിക്കുക. 'കാര്യങ്ങള്‍ ശരിയാവും' എന്ന് ധൈര്യപ്പെടുത്തുക. 'ഒറ്റയ്ക്കല്ല, ഞാനും ഒപ്പമുണ്ടല്ലോ' എന്നു പറയുക. ഈ വാക്കുകള്‍ ഒരു കുടുംബനാഥന്, ഒരു ഭാര്യയ്ക്ക്, മകള്‍ക്ക് ഒക്കെ നല്‍കുന്ന ആത്മധൈര്യം എത്രയാവും എന്ന് ചിന്തിച്ചിട്ടുണ്ടോ?
കഥകളിലും നോവലുകളിലും സിനിമകളിലും മാത്രമല്ല നല്ല വീടുകള്‍ ഉള്ളത്. അതൊരു ഭാവനാ സൃഷ്ടിയുമല്ല. നാം എന്തു തീരുമാനിക്കുന്നുവോ അതാണ് നമ്മുടെ വീട്. എന്‍റെ വീട്ടില്‍ നിന്നും ചോരവാര്‍ന്ന ഹൃദയത്തോടെ, കണ്ണീരുണങ്ങിയ കവിളോടെ, അനാഥത്വ ബോധത്തോടെ ഒരാള്‍ ഇറങ്ങി നടക്കാന്‍ ഇടവരില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ പ്രസാദമുള്ള വീടുകള്‍ ഉണ്ടാകും. സ്വര്‍ഗം അങ്ങ് ആകാശത്തിലല്ല, ഇങ്ങ് ഭൂമിയിലാണ്. പണിയുന്നവര്‍ ഞാനും നിങ്ങളുമാണ്.
വാക്കു കൊണ്ടു മുറിഞ്ഞ വീടുകള്‍
ജോയ് മാത്യു പ്ലാത്തറ
അസ്സീസി മാസിക മേയ് 2026
