

Key Takeaways:
Article details how home, school, media shape child's worldview via listening.
Author urges adults to ensure children hear positive, educational conversations.
കുട്ടികളുടെ മനസ്സ് ഒരു വെള്ളക്കടലാസ് പോലെയാണ്. അതില്‍ ആദ്യം പതിയുന്ന വാക്കുകളാണ് അവരുടെ വ്യക്തിത്വത്തിന്‍റെ അടിത്തറ പാകുന്നത്. ഒരു കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വീട്, വിദ്യാലയം, സമൂഹം, മാധ്യമങ്ങള്‍ മുതലായവ കുട്ടികളുടെ കേള്‍വിയുടെ ലോകത്തെ വളരെയധികം സ്വാധീനിക്കുന്നു. മാതാപിതാക്കളുടെ വാക്കുകളില്‍ നിന്നാണ് കുഞ്ഞ് സ്നേഹവും സുരക്ഷിതത്വവും തിരിച്ചറിയുന്നത്. അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന സംസാരങ്ങള്‍ അവരുടെ സാമൂഹികബോധത്തെയും ആത്മവിശ്വാസത്തെയും ഉണര്‍ത്തുന്നു. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ സംസാരം കുട്ടികളില്‍ മൂല്യങ്ങളും മനോഭാവങ്ങളും ശരിതെറ്റുകളെക്കുറിച്ചുള്ള ധാരണയും രൂപപ്പെടുത്തുന്നു. മാധ്യമങ്ങളിലൂടെ കേള്‍ക്കുന്ന ഭാഷയും ശൈലികളും അവരുടെ ഭാഷാപ്രയോഗത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നു. കേള്‍ക്കുന്ന വാക്കുകള്‍ വെറും ശബ്ദങ്ങളല്ല, മറിച്ച് അവ കുട്ടികളുടെ ചിന്തകളെയും മനോഭാവത്തെയും രൂപപ്പെടുത്തുന്ന കരുത്തുറ്റ ഉപകരണങ്ങളാണ്. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഓരോ വാക്കും ഒരു കുട്ടിയുടെ ഭാവി രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു എന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്.
കുടുംബത്തിലെ ആശയവിനിമയരീതി കുട്ടികളുടെ ലോകവീക്ഷണം രൂപപ്പെടുത്തുന്ന ഒരു പ്രക്രിയയാണ്. കാരണം കുഞ്ഞിന്‍റെ ആദ്യത്തെ പാഠപുസ്തകം അവന്‍റെ വീടാണ്. മാതാപിതാക്കള്‍ കുട്ടിയോട് സംസാരിക്കുന്ന വാക്കുകളുടെ അളവും ഗുണനിലവാരവും ആണ് കുട്ടിയുടെ പദസമ്പത്ത് നിശ്ചയിക്കുന്നത്. പ്രതിസന്ധികളിലും സന്തോഷത്തിലും മുതിര്‍ന്നവര്‍ എങ്ങനെ സംസാരിക്കുന്നു, വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു, തര്‍ക്കങ്ങള്‍ എങ്ങനെ മാന്യമായി സംസാരിച്ചു പരിഹരിക്കുന്നു, മറ്റുള്ളവരെക്കുറിച്ച് വീട്ടിലിരുന്ന് സംസാരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാന്യതയും, നന്ദിയും, ബഹുമാനവും എങ്ങനെ പ്രകടിപ്പിക്കുന്നു, മുതലായവ കുഞ്ഞുമനസ്സില്‍ ആഴത്തില്‍ പതിയുന്നു.
മാതാപിതാക്കള്‍ കുഞ്ഞിനെക്കുറിച്ച് സ്ഥിരമായി പറയുന്ന പോസിറ്റീവും നെഗറ്റീവും ആയ ഭാഷാപ്രയോഗങ്ങള്‍, വീടിനുള്ളിലെ സംസാരത്തിലെ സ്നേഹവും കരുതലും, മൂല്യങ്ങളെക്കുറിച്ചുള്ള കുടുംബത്തിന്‍റെ കാഴ്ചപ്പാടുകളും എല്ലാം കുട്ടിയുടെ ഉള്ളില്‍, ഒരു ചെടിക്കു വളരാന്‍ ആവശ്യമായ മണ്ണും വളവും വെള്ളവും പോലെ ആയിത്തീരുന്നു. വീട്ടിലെ മുതിര്‍ന്ന സഹോദരങ്ങള്‍ ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ റോള്‍മോഡലുകളാണ്. അനുകരണവും ആത്മവിശ്വാസവും സാമൂഹിക നൈപുണ്യവും അറിവു പങ്കവയ്ക്കലുകളുമെല്ലാം കുഞ്ഞിന്‍റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. മുത്തശ്ശനില്‍നിന്നും മുത്തശ്ശിയില്‍നിന്നും കേള്‍ക്കുന്ന കഥകള്‍, അനുഭവങ്ങള്‍ ഇവ കുട്ടികളില്‍ സംസ്കാരത്തെയും കുടുംബപാരമ്പര്യത്തെയും കുറിച്ച് ആഴത്തിലുള്ള വേരുകള്‍ ജനിപ്പിക്കുന്നു.
വീടു കഴിഞ്ഞാല്‍ ഒരു കുട്ടിയുടെ ഏറ്റം സന്തോഷകരമായ ലോകം അവന്‍റെ സ്കൂള്‍ ആണ്. അധ്യാപകരും സഹപാഠികളും ഒരു കുട്ടിയോട് എങ്ങനെ സംസാരിക്കുന്നു എന്നത് അവരുടെ സ്വഭാവരൂപീകരണത്തിലും ആത്മവിശ്വാസത്തിലും പ്രധാനപങ്ക് വഹിക്കുന്നു. "നിനക്കിത് ചെയ്യാന്‍ സാധിക്കും" എന്ന അധ്യാപകന്‍റെ ഒരു വാക്ക് കുഞ്ഞിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. നേരേമറിച്ച് എല്ലാവരുടെയും മുന്‍പില്‍ വച്ചുള്ള കുറ്റപ്പെടുത്തലുകള്‍ കുട്ടിയെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കും. സഹപാഠികള്‍ക്കിടയിലെ പോസിറ്റീവായ സംസാരങ്ങള്‍ താന്‍ ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന തോന്നല്‍ കുഞ്ഞില്‍ ജനിപ്പിക്കുന്നു. ഊഴം കാത്തുനില്‍ക്കാനും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും കുട്ടി പഠിക്കുന്നത് സ്കൂളിലെ സംഭാഷണങ്ങളിലൂടെയാണ്. സ്കൂളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് ശരിയും തെറ്റും തിരിച്ചറിയാനുള്ള പ്രാഥമിക ധാരണകള്‍ ഒരു കുഞ്ഞിന് ലഭിക്കുന്നത്. നന്മ, സത്യസന്ധത, സഹകരണം തുടങ്ങിയ ഗുണങ്ങള്‍ സംസാരങ്ങളിലൂടെ ഇവരുടെ ഉള്ളില്‍ ഉറക്കുന്നു. എന്നാല്‍, മറ്റു കുട്ടികളുമായുള്ള താരതമ്യം ചെയ്യല്‍, ശരീരപ്രകൃതി, വസ്ത്രധാരണം, പഠനത്തിലെ പോരായ്മകള്‍ മുതലായവുമായി ബന്ധപ്പെട്ട പരിഹാസങ്ങള്‍, കുഞ്ഞിന്‍റെ കഴിവുകേടുകളെക്കുറിച്ചുള്ള ആവര്‍ത്തനങ്ങള്‍, ലിഗവിവേചനവുമായി ബന്ധപ്പെട്ട അധാര്‍മ്മികമായ വാക്കുകള്‍ - ഇവയെല്ലാം കുഞ്ഞുമനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ സംസാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. ഒരു കുട്ടി ഭാഷ പഠിക്കുന്നതുമുതല്‍ സാമൂഹികബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതുവരെ ഈ സ്വാധീനം നീളുന്നു. മുതിര്‍ന്നവര്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കുമ്പോഴാണ് വാക്കുകള്‍ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ പഠിക്കുന്നത്. കുട്ടികള്‍ സ്വാഭാവികമായും അനുകരണശീലമുള്ളവരാണ്. ബഹളങ്ങളും മോശം പദപ്രയോഗങ്ങളുമാണ് അവര്‍ ചുറ്റുപാടുകളില്‍ നിന്ന് കേള്‍ക്കുന്നതെങ്കില്‍ അത്തരം രീതികള്‍ സ്വാഭാവികമാണെന്ന് അവര്‍ കരുതും. സ്നേഹവും പ്രോത്സാഹനവും നിറഞ്ഞ സംസാരങ്ങള്‍ കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നുവെങ്കില്‍ വഴക്കുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കുഞ്ഞുങ്ങളില്‍ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാകാന്‍ കാരണമാകും.
മറ്റുള്ളവരെക്കുറിച്ച് സമൂഹം സംസാരിക്കുന്നതു കേട്ടാണ് കുട്ടികള്‍ മുന്‍വിധികളും മൂല്യങ്ങളും രൂപപ്പെടുത്തുന്നത്. സമൂഹം, അയല്‍പക്കങ്ങള്‍ എന്നിവരില്‍ നിന്നുള്ള നെഗറ്റീവ് സംഭാഷണങ്ങള്‍ കുട്ടികളില്‍ അനഭിലഷണീയമായ പെരുമാറ്റവൈകല്യങ്ങള്‍ക്കും മാനസികസമ്മര്‍ദ്ദങ്ങള്‍ക്കും കാരണമായിത്തീരാം. ഒപ്പംതന്നെ മതം, ജാതി, സാമ്പത്തികാവസ്ഥ, ആണ്‍-പെണ്‍ വ്യത്യാസങ്ങളെക്കുറിച്ചുള്ള ഇടുങ്ങിയചിന്താഗതികള്‍ മുതലായവ കുഞ്ഞുങ്ങളില്‍ തെറ്റായ സാമൂഹികബോധം ഉടലെടുക്കുന്നതിന് കാരണമാകുന്നു.
സോഷ്യല്‍ മീഡിയായിലെയും ഇന്‍റര്‍നെറ്റിലെയും സംഭാഷണങ്ങല്‍ കുഞ്ഞുങ്ങളുടെ ചിന്താഗതിയെയും സ്വഭാവത്തെയും ബാധ ിക്കുന്നത് ഏറെ കരുതലോടെയും കുറച്ചധികം ഭയത്തോടെയും നോക്കിക്കാണേണ്ട ഒരു കാലത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ കുഞ്ഞുങ്ങളുടെ പൊതുവിജ്ഞാനം വര്‍ധിപ്പിക്കുകയും സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ലളിതമായി വിവരിക്കുന്ന വീഡിയോകള്‍ അവരുടെ പഠനത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ കാര്യങ്ങളെ പല കോണില്‍നിന്ന് നോക്കിക്കാണാന്‍ അവര്‍ പഠിക്കുകയും ഇന്‍ഫ്ളുവന്‍സര്‍മാരും വിദഗ്ദ്ധരും കുട്ടികളില്‍ പോസിറ്റീവായ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം സോഷ്യല്‍മീഡിയായില്‍ പ്രചരിക്കുന്ന അശ്ലീലപദങ്ങള്‍, അധിക്ഷേപങ്ങള്‍, തരംതാണ സ്ലാംഗുകള്‍ എന്നിവ കുട്ടികള്‍ അറിവില്ലായ്മകൊണ്ട് അനുകരിക്കാനും സാധ്യതയുണ്ട്. സൈബറിടങ്ങളിലെ തര്‍ക്കങ്ങളും വിദ്വേഷം നിറഞ്ഞ സംസാരങ്ങളും കുട്ടികളില്‍ ഭയവും ഉത്കണ്ഠയും ഉണ്ടാക്കാം. മറ്റുള്ളവരുടെ ആഡംബരജീവിതത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്വന്തം ജീവിതത്തെക്കുറിച്ച് അവര്‍ക്ക് അപകര്‍ഷതാബോധം തോന്നാം. ഇന്‍റര്‍നെറ്റില്‍ കേള്‍ക്കുന്ന എല്ലാക്കാര്യങ്ങളും സത്യമാണെന്ന് കുഞ്ഞുങ്ങള്‍ വിശ്വസിച്ചേക്കാം. ഇത് തെറ്റായ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും അന്ധവിശ്വാസങ്ങളില്‍ വീഴുന്നതിനും കാരണമാകാം. പ്രകോപനപരമായ സംസാരങ്ങളും വെല്ലുവിളികളും കുട്ടികളില്‍ ദേഷ്യവും അക്രമസ്വഭാവവും വളര്‍ത്താന്‍ ഇടയാക്കിയേക്കാം.
കുട്ടികളുടെ സംസാരം അവര്‍ വളരുന്ന സാഹചര്യത്തിന്‍റെ കണ്ണാടിയാണ്. കുട്ടികള്‍ കേള് ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അതേ രീതിയില്‍ അവരോടും മറ്റുള്ളവരോടും സംസാരിക്കുക. കുഞ്ഞ് ഒരു പുതിയ വാക്ക് കേള്‍ക്കുമ്പോള്‍ അതിന്‍റെ അര്‍ഥവും ഉപയോഗിക്കേണ്ട സാഹചര്യവും കുട്ടിക്ക് ലളിതമായി പറഞ്ഞുകൊടുക്കുക. വാക്കുകള്‍ക്ക് ഒരു തലമുറയെ വാര്‍ത്തെടുക്കാനും തകര്‍ക്കാനും കഴിയും. കുഞ്ഞുങ്ങള്‍ കേള്‍ക്കുന്ന സംഭാഷണങ്ങള്‍ പോസിറ്റീവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. കുട്ടികളുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ നാം ഉപയോഗിക്കുന്ന ഓരോ വാക്കും അവരുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ചുരുക്കം.
സോഷ്യല്‍ മീഡിയായില്‍ കുഞ്ഞുങ്ങള്‍ കാണുന്ന ഉള്ളടക്കങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും അവ പ്രായത്തിന് അനുയോ ജ്യമായവ മാത്രമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. സോഷ്യല്‍ മീഡിയായില്‍ അവര്‍ കേട്ട കാര്യങ്ങളെക്കുറിച്ച് വീട്ടില്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യം വീടുകളില്‍ ഉണ്ടായിരിക്കേണ്ടതാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ചുരുക്കത്തില്‍ കുട്ടികള്‍ക്കു ചുറ്റും ഒരു ആരോഗ്യപരമായ സംഭാഷണസംസ്കാരം സൃഷ്ടിക്കേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. കാരണം അവര്‍ കാണുന്നതും കേള്‍ക്കുന്നതുമാണ് അവരുടെ ലോകത്തെ രൂപപ്പെടുത്തുന്നത്.
നിങ്ങളെ കേള്‍ക്കുന്ന കുട്ടികള്‍
ഡോ. സ്വപ്ന ചെറിയാന്‍
അസ്സീസി മാസിക മേയ് 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.


















