പുരോഹിതൻ
- George Valiapadath Capuchin

- Mar 20
- 2 min read

മുമ്പൊരിക്കൽ ജെറുസലേം ദേവാലയത്തെയും അതിലെ വിശുദ്ധ സ്ഥലത്തെയും വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തെയും കുറിച്ച് എഴുതിയിരുന്നു. അന്ന് ഉണ്ടാക്കി ഉപയോഗിച്ച അതേ ചിത്രം ആണ് ഇതോടൊപ്പം വീണ്ടും ഇടുന്നത്.
മൂന്ന് വസ്തുക്കളാണ് വിശുദ്ധ സ്ഥലത്ത് പൂജ്യമായ രീതിയിൽ സൂക്ഷിക്കപ്പെട്ടിരുന്നത് എന്ന് അന്ന് പറഞ്ഞിരുന്നു. ഒന്ന്: സ്വർണ്ണത്തിൽ തീർത്ത, മിനോറാ എന്ന ഏഴ് ശിഖരങ്ങൾ ഉള്ള വിളക്ക്. മോശ ദൈവത്തെ ആദ്യമായി മുഖാമുഖം കണ്ട രൂപത്തിൻ്റെ പ്രതീകവൽകൃത ആവിഷ്ക്കാരമായിരുന്നു സത്യത്തിൽ ആ വിളക്ക് എന്ന് അന്ന് കുറിച്ചിരുന്നു. മോശ ആടുകളെ മേയിച്ച് നടക്കുമ്പോൾ ഒരു മുൾച്ചെടിയിൽ തീ ആളുന്നത് കണ്ടു. ഏറെനേരം കഴിഞ്ഞിട്ടും മുൾച്ചെടി ദഹിച്ചു പോയില്ല എന്നത് മോശയെ അത്ഭുതപരതന്ത്രനാക്കി. അങ്ങനെയാണ്, എന്താണ് ഈ അത്ഭുതത്തിന് പിന്നിലെ രഹസ്യം എന്ന് അടുത്തുപോയി നോക്കാൻ മോശ തീരുമാനിക്കുന്നത്. അങ്ങനെ അയാൾ സമീപിക്കുമ്പോഴാണ് മുൾച്ചെടിയിൽ നിന്ന് ദൈവം അയാളോട് സംസാരിക്കുന്നതും തന്നെത്തന്നെ വെളിപ്പെടുത്തുന്നതും. ചുരുക്കത്തിൽ മോശ കണ്ട ദൈവത്തിൻ്റെ ബാഹ്യരൂപം ആയിരുന്നു ജ്വലിച്ചിട്ടും ദഹിപ്പിക്കപ്പെടാത്ത ആ മുൾച്ചെടി. പ്രസ്തുത മുൾച്ചെടിയുടെ ദൃശ്യാവിഷ്കാരമാണ് ഏഴ് ശിഖരങ്ങൾ ഉള്ള ദീപപീഠം.
വിശുദ്ധ സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരുന്ന രണ്ടാമത്തെ വസ്തു 12 ഗോത്രങ്ങളിൽ നിന്ന് കൊണ്ടുവരപ്പെട്ട തിരുസാന്നിധ്യത്തിന്റെ കാഴ്ചയപ്പം ആയിരുന്നു. അവയുടെ പ്രാതിനിധ്യ സ്വഭാവവും നിത്യനൂതനത്വവും ശ്രദ്ധാർഹമാണ്.
വിശുദ്ധ സ്ഥലത്തുണ്ടായിരുന്ന മൂന്നാമത്തെ വസ്തു സുവർണ്ണ ധൂപപീഠവും അതിൽനിന്ന് നിരന്തരം ഉയർന്ന ധൂപവും ആയിരുന്നു. ദൈവസാന്നിധ്യത്തിനു മുന്നിൽ നിരന്തരം ഉയരുന്ന പ്രാർത്ഥനകളുടെയും ബലികളുടെയും പ്രതീകമാണ് ധൂപപീഠം എന്നും, അതിനാൽത്തന്നെ പൗരോഹിത്യത്തിൻ്റെ അടയാളചിഹ്നമാണതെന്നും അന്ന് എഴുതിയിരുന്നു. ഇന്ന് പക്ഷേ, അതുമായി ബന്ധപ്പെടുത്തി മറ്റൊരു ചിന്തയാണ് എനിക്ക് തോന്നുന്നത്.
മാർച്ച് 19 ജോസഫിൻ്റെ ഓർമ്മ ദിനമാണ്. ജറൂസലേം ദേവാലയത്തിലെ വിശുദ്ധ സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരുന്ന മേല്പറഞ്ഞ മൂന്ന് പീഠങ്ങൾ: തീ പിടിച്ചിട്ടും ദഹിച്ചു പോകാത്ത മുൾച്ചെടിയെ ദൃശ്യവല്ക്കരിക്കുന്ന ദീപപീഠം; പന്ത്രണ്ട് ഗോത്രങ്ങളിൽ നിന്ന് വന്ന കാഴ്ചയപ്പത്തിൻ്റെ സുവർണ്ണപീഠം; പൗരോഹിത്യത്തിൻ്റെ പ്രതീകമായ ധൂപപീഠം: ഇവ മൂന്നും നസ്രത്തിലെ തിരുക്കുടുംബത്തെക്കുറിക്കുന്ന സൂചനകളായും കാണാവുന്നതാണ് എന്നു തോന്നുന്നു.
സ്നേഹം, എളിമ, അനുസരണം എന്നിവയാണ് ഈശോ, മറിയം, യൗസേപ്പ് എന്ന ത്രയം നമ്മിലേക്ക് എത്തിക്കുന്നത്. തന്നെക്കുറിച്ചുതന്നെ മറിയം പറയുന്ന ആദ്യവാക്യം: "ഇതാ കർത്താവിൻ്റെ ദാസി" എന്നാണ്. പിന്നീടും അവൾ അതാവർത്തിക്കുന്നുണ്ട്. എളിമയാണ് അവളുടെ അടിസ്ഥാന മൂലകം.
തീ പിടിച്ചിട്ടും ദഹിച്ചു തീരാത്ത മുൾച്ചെടിയാണവൾ. അകത്ത് ദൈവം കത്തുമ്പോഴും പുറത്ത് മുറ്റമടിച്ചും പാത്രം കഴുകിയും പാചകം ചെയ്തും വെള്ളം ചൂടാക്കിയും എലിസബത്തിന് ഗർഭകാല ശുശ്രൂഷ ചെയ്യുന്ന എളിമ; അമ്മയാകുമ്പോഴും കന്യകയായിരിക്കുന്നവൾ- ജ്വലിച്ചിട്ടും ദഹിക്കാത്തവൾ!
ബേത്ലെഹെം എന്നാൽ അപ്പത്തിൻ്റെ വീട് എന്നാണർത്ഥം. സ്വർഗ്ഗത്തിൽനിന്ന് ഭൂമിയുടെ മേൽ ദൈവം പൊഴിച്ച മന്നായായിരുന്നു അവൻ. "ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവൻ്റെ അപ്പം" എന്നാണ് തന്നെക്കുറിച്ചുതന്നെ യേശു പറയുന്നത്. മുറിഞ്ഞ് ഭോജ്യമായിത്തീരുക എന്നതാണ് അപ്പത്തിൻ്റെ ധർമ്മം. അന്ത്യത്താഴ വേളയിൽ 'എടുത്തു കഴിക്കൂ. ഇത് ഞാനാണ്' എന്നുപറഞ്ഞ് അവൻ മുറിച്ചു വിളമ്പിയ അപ്പം!
അഹറോൻ്റേതിനു സദൃശ്യമായി പുഷ്പിച്ച ഒരു വടിയുടെ കഥ യൗസേപ്പിനെക്കുറിച്ചും പറയുന്നുണ്ട് പാരമ്പര്യം. ദൈവസ്വരത്തിന് കാതോർത്തിരുന്ന അയാൾ നിദ്രയിലും ജാഗ്രത്തായിരുന്നു എന്നാണ് വേദഗ്രന്ഥ സാക്ഷ്യം. സരണിയിൽ പിന്നാലെ പോകൽ: അനു-സരണം- ആണ് അയാളുടെ മുഖമുദ്ര. "ഞാനെൻ മിഴിനാളം അണയാതെരിച്ചും
നീറും ഉള്ളകം അകിലായ് പുകച്ചും" എന്നൊരു പഴയ സിനിമാഗാനം പാടുന്നതുപോലെ, ബാഹ്യമായി നിദ്രയിലാവുമ്പോഴും അയാൾ തൻ്റെ മിഴിനാളം അണയാതെ സൂക്ഷിക്കുകയും ഉള്ളകം സദാ അകിലായ് പുകയ്ക്കുകയും ചെയ്തു. തൻ്റെ വാഗ്ദാന പേടകം ചുമക്കാൻ ദൈവം വിളിച്ച് ഭരമേൽപ്പിച്ചത് അയാളെയായിരുന്നു. സ്വർഗ്ഗത്തിൽ നിന്ന് ദൈവം പൊഴിച്ച വിശുദ്ധ മന്നായെ സംവഹിക്കുന്ന വാഗ്ദാന പേടകവും ചുമന്നുകൊണ്ട് അയാൾ ദൂരങ്ങൾ താണ്ടി. ദൈവകൂടാരത്തിൽ മിനാേറാ എന്ന സുവർണ്ണദീപപീഠത്തിനും സുവർണ്ണമേശമേൽ പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധയപ്പത്തിനും മദ്ധ്യേ പുരോഹിതശുശ്രൂഷയായി പുകഞ്ഞുകൊണ്ടിരുന്ന സുവർണ്ണധൂപപീഠമായിരുന്നു യൗസേപ്പ്. യൂദാ ഗോത്രത്തിൽ നിന്നുള്ള ആദ്യത്തെ നിത്യപുരോഹിതൻ!

























































