

നമ്മുടെ സാന്നിധ്യം ഉണ്ടാകേണ്ട സ്ഥലങ്ങളില്‍ നാം സന്നിഹിതരായില്ലെങ്കില്‍ സാന്നിധ്യം വേണ്ടാത്ത സ്ഥലങ്ങളില്‍ നാം സന്നിഹിതരാകും. ആ സാന്നിധ്യം നമ്മെ മോശമായി ബാധിക്കും. ആചാര്യന്മാരായ വ്യക്തികള്‍ ഈ കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നമുക്കു നല്‍കുന്നുണ്ട്. ഒന്നാമതായി നമ്മുടെ അഭിമാനത്തിനു വില നല്‍കാത്തവരുടെ അടുത്തേക്ക് പോകരുത്. നമ്മെ ആദരിക്കാതെ അവജ്ഞയോടെ നോക്കുന്നവര്‍ നമ്മുടെ മനശ്ശക്തിയെ തകര്‍ക്കും. നമുക്കേല്‍ക്കുന്ന അപമാനം വ്യക്തിത്വത്തെ തകര്‍ക്കും. നമ്മുടെ ആത്മാഭിമാനത്തിനു പരമപ്രധാന്യം കൊടുക്കണം. നമ്മെ ചെറുതാക്കുന്ന വര്‍ത്തമാനം പറയുന്നവരില്‍ നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞു മാറണം. നമ്മില്‍ അപകര്‍ഷതാബോധമുണര്‍ത്തുന്ന സകല സംഭാഷണങ്ങളില്‍ നിന്നും അകല്‍ച്ച പാലിക്കണം. അങ്ങനെ സംസാരിക്കുന്നവര്‍ നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളാണ്. ഒരിക്കലും വളരുവാന്‍ അനുവദിക്കാത്ത ഇക്കൂട്ടര്‍ കൊടിയ വിഷമാണ്. അവരുടെ അടുത്തേക്കു പോകുമ്പോഴുള്ള പ്രസരിപ്പ് തിരിച്ചു വരുമ്പോള്‍ അപ്രത്യക്ഷമാകും. വിവേകമുള്ള മനുഷ്യര്‍ ഇതില്‍ ശ്രദ്ധിക്കണം. നമ്മുടെ മനോധൈര്യത്തെയും ആത്മാഭിമാനത്തെയും തകര്‍ത്തു കളയുന്നവരെ മുന്‍കൂട്ടി അറിയുവാന്‍ നമുക്കു കഴിയണം. അവരില്‍ നിന്നു പാലിക്കുന്ന അകല്‍ച്ച നമ്മെ ബലമുള്ളവരാക്കും.
സമൂഹത്തില്‍ വളരെ മോശമായി അറിയപ്പെടുന്ന വ്യക്തികളുടെ കുടുംബങ്ങളില്‍ പോകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. തിന്മയുടെ തരംഗങ്ങളുള്ള സ്ഥലമാണത്. മോശമായ സംസാരവും വിലയിരുത്തലുകളും ഈ ആള്‍ നടത്തുന്ന സ്ഥലങ്ങളാണത്. അതില്‍ സത്യമുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ അവിടെ സന്ദര്‍ശിക്കരുത്. മോശമായ തരംഗങ്ങള്‍ അവിടെയുണ്ടായിരിക്കും. നാം അറിയാതെ നമ്മുടെ സ്വഭാവത്തെ ആ സ്ഥലം ബാധിക്കും. ആത്മാവില്‍ ക്ഷതമേറ്റ വ്യക്തികളായി നമ്മെ മാറ്റുവാന്‍ ആ നിഷേധാത്മക തരംഗങ്ങള്‍ക്കു കഴിയും. പുറത്ത് വശീകരിക്കുന്ന സുഗന്ധമുണ്ടെങ്കിലും അകത്ത് നമ്മെ നശിപ്പിക്കുന്ന കൊടിയ വിഷമുണ്ട്. ശരീരത്തിന്‍റെ സുഖം വളര്‍ത്തുന്ന ആ സ്ഥലങ്ങളില്‍ ആത്മാവിന്‍റെ നാശത്തിനു സാക്ഷ്യം വഹിക്കും. ശരീരത്തിന്‍റെ കച്ചവടം നടക്കുന്ന സ്ഥലങ്ങള്‍ ആത്മാവിന്‍റെ ശവക്കുഴികള്‍ തീര്‍ത്തിരിക്കും. വിവേകമുള്ള മനുഷ്യന്‍ അവന്‍റെ സന്ദര്‍ശന സ്ഥലങ്ങളെക്കുറിച്ചു ആലോചിച്ച് തീരുമാനമെടുക്കും.
മൂന്നാമതായി മദ്യപാനികളുടെയും ലഹരിക്കടിമയായവരുടെയും സൗഹൃദങ്ങള്‍ അകപ്പെടരുത്! അവിടെയുള്ള കാറ്റുപോലും വിഷലിപ്തമാണ്. ആദ്യമാദ്യം ആകര്‍ഷകമായി മാടിവിളിക്കും. ചില സ്നേഹിതന്മാര്‍ നമ്മെ വശീകരിക്കാം. ചില രാഷ്ട്രീയക്കാരും സിനിമാ നടന്മാരും തകര്‍ന്നു പോയത് ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ നിന്നാണ്. ഇങ്ങനെയുള്ളവരുടെ സാന്നിധ്യത്തില്‍ കുറച്ചു സമയം ചെലവഴിക്കുമ്പോള്‍ ഉള്ളിലെ ബോധ്യങ്ങള്‍ പുറത്തുവരും. ഒരിക്കലും പുറത്തു പറയാത്ത കാര്യങ്ങള്‍ ലഹരിയിലൂടെ പുറത്ത് വിളിച്ചു പറയും. ശരീരത്തിലും മനസ്സിലും രോഗം ബാധിച്ചവരായി ഇക്കൂട്ടര്‍ മാറുന്നു. സമൂഹത്തിലുള്ള വിലയും നിലയും നഷ്ടപ്പെടുവാന്‍ ഇതു കാരണമായിത്തീരുന്നു. ഉയര്‍ന്നുവരുവാനുള്ള ഒരു വ്യക്തിയുടെ എല്ലാ സാധ്യതകള ും മദ്യപാനത്തിലൂടെ ഇല്ലാതാകുന്നു.
നാലാമതായി നാം അകലം പാലിക്കേണ്ടയിടം ശത്രുവിന്‍റെ വീടാണ്. ഒരിക്കലും അങ്ങനെയുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തരുത്. എന്നെ കൊല്ലുവാന്‍ വേണ്ടി കാത്തിരിക്കുന്നവന്‍റെ മുമ്പില്‍ എന്‍റെ തല കുനിച്ചു കൊടുക്കരുത്! പാലിക്കേണ്ട അകലത്തില്‍ നടന്നു നീങ്ങാന്‍ ഞാന്‍ എന്നെ പരിശീലിപ്പിക്കണം. ശത്രുവിന്‍റെ വീട് വിഷം നിറഞ്ഞ കിണര്‍പോലെയാണ്. ഞാന്‍ അവനെ നേടാന്‍ നോക്കുന്തോറും ഞാന്‍ തളര്‍ന്നു പോകുന്നു. ചില ശത്രുക്കള്‍ നമ്മെ മയക്കുന്നവരെപ്പോലെ പെരുമാറും. തേനീച്ചക്കൂടുപോലെയാണ് അവരുടെ സാന്നിധ്യം. പുറത്തു മധുരമുള്ള തേന്‍. അകത്തു കുത്തി നോവിക്കുന്ന ഈച്ചകള്‍. ഹൃദയത്തില്‍ പ്രതികാരത്തിന്‍റെ വിത്തു സൂക്ഷിക്കുന്നവരെപ്പറ്റി കരുതിയിരിക്കുക. ആരാണ് ശത്രു? എന്‍റെ നാശത്തിനായി ബോധപൂര്‍വ്വം ഗമിക്കുന്നവരാണവര്‍. എന്‍റെ ആത്മാവിനെ നശിപ്പിക്കുന്നവരാണവര്‍. എന്‍റെ ശരീരത്തെ നശിപ്പിക്കുന്നവരും ശത്രുക്കളാണ്. നിതാന്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ നാം അപകടത്തില്‍ ചെന്നുവീഴും.
അഞ്ചാമതായി പറയുന്നത് അത്യാഗ്രഹികളുടെ സാന്നിധ്യത്തെക്കുറിച്ചാണ്. അവര്‍ ഭൗതികമായ ധനത്തില്‍ കണ്ണുവെക്കുന്നവരാണ്. ഏതു വിധത്തിലും പണം സമ്പാദിക്കാനുള്ള തത്രപ്പാടില്‍ ആത്മാവിനെ അവര്‍ മറന്നുകളയും. ലൗകീകത മനസ്സിനെ അലട്ടുമ്പോള്‍ ആധ്യാത്മികത അപ്രത്യക്ഷമാവും. ദൈവത്തെയും പണത്തെയും ഒന്നിച്ചു കൊണ്ടുപോകുവാന്‍ കഴിയില്ലെന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ ധ്യാനവിഷയമാക്കണം. അത്യാഗ്രഹികളോട് സുഹൃത്ബന്ധം സ്ഥാപിച്ചാല്‍ അവരുടെ സ്വഭാവം എന്നെ ഗ്രഹിക്കും. നല്ല ഒരു കടലാസ്സു കഷണം തീ നാളത്തിലേക്കു വച്ചാല്‍ അതു ചാരമാകും. ഇതുപോലെയാണ് അത്യാഗ്രഹികളുടെ കൂട്ടത്തില്‍ നമ്മള്‍ ചേര്‍ന്ന് നിന്നാല്‍ നമുക്കു സംഭവിക്കുന്നതും.
അവസാനമായി നാം ശ്രദ്ധിക്കേണ്ട കൂട്ടര്‍ അഹങ്കാരികളാണ്. ദൈവസാന്നിധ്യം മറന്ന് ദൈവത്തെ വെല്ലുവിളിക്കുന്ന ഇത്തരക്കാരില്‍ നിന്നും അകന്നു നില്‍ക്കണം. അവര്‍ക്കു സംസാരിക്കാനുള്ളത് സ്വന്തം പ്രതാപങ്ങളാണ്. വിനയത്തിന്‍റെ കൃപ ഇവര്‍ക്ക് അന്യമാണ്. അഹങ്കാരികളെ ദൈവം ചിതറിക്കുവെന്ന പരിശുദ്ധ മറിയത്തിന്‍റെ വാക്കുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാം. അഹംഭാവം കൊണ്ടു തകര്‍ന്നുപോയ രാജാക്കന്മാരുണ്ട്. ആത്മീയ ജീവിതത്തിലും അഹങ്കാരത്തിന്‍റെ അംശം സൂക്ഷിക്കുന്നവരുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവരെല്ലാം നിപതിക്കും. അകല്‍ച്ച പാലിക്കേണ്ട സ്ഥലങ്ങളും വ്യക്തികളും നമ്മുടെ മുമ്പില്‍ കടന്നുവരുമ്പോള്‍ സര്‍പ്പത്തിന്‍റെ വിവേകത്തോടെ ഇഴഞ്ഞു മാറുക.
ദൂരം പാലിക്കേണ്ട ഇടങ്ങള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അസ്സീസി മാസിക, നവംബർ,2025
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























