top of page

പശ്ചാത്തലം പ്രണയം!

5 days ago

4 min read

വി�നീത് ജോണ്‍

കഥപറയുന്ന അഭ്രപാളി


a scene from the movie Titanic

Key Takeaways:

*The article discussing love as a theme and background in cinema, focusing on February.

*The article mentions classic and modern films that use romance to enhance their narratives.

*The article connects the universal emotion of love to various film milestones, from early shorts to recent blockbusters.

ഫെബ്രുവരി: വിശുദ്ധ വാലന്‍റൈന്‍റെ ഓര്‍മ്മകളാല്‍ പ്രണയം പൂക്കുന്ന മാസം.

പ്രണയം; ഏറ്റവും നൈസര്‍ഗ്ഗികമായ മനുഷ്യ വികാരങ്ങളില്‍ ഒന്ന്. എപ്പോള്‍ മുതലായിരിക്കാം മനുഷ്യന്‍ പ്രണയിച്ചുതുടങ്ങിയത്? കൃത്യമായി ഒരുത്തരമറിയില്ലെങ്കിലും ഏതാണ്ട് മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ടാവുമതിന്. ഇണയെ ആകര്‍ഷിക്കാന്‍ മനുഷ്യന്‍ ആര്‍ജ്ജിച്ച ഏറ്റവും ലളിതമായ ഉപായമായിരുന്നു പ്രണയം. മനുഷ്യരാശിയുടെ വളര്‍ച്ചയില്‍ അവന്‍റെ സര്‍ഗാത്മകതയും, സംസ്കാരവും, ശാസ്ത്രവും വളര്‍ന്നു. സര്‍ഗാത്മകതയുടെ കൈവഴികളിലൊരെണ്ണം സിനിമയ്ക്ക് ജന്മമേകി. സിനിമയില്‍ സര്‍ഗ്ഗാത്മകത ശാസ്ത്രത്തോടിഴചേര്‍ന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു.


പ്രണയം എന്നത് മനുഷ്യന്‍റെ ഏറ്റവും അടിസ്ഥാനപരമായ വികാരമായതുകൊണ്ടാവാം കലകള്‍ അതിനോടിഴചേര്‍ന്നു നില്‍ക്കുന്നത്. സിനിമയെന്ന കലയുടെ ചരിത്രവും മറ്റൊന്നല്ല. 1896ല്‍ 18 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ദി കിസ്സ് എന്ന ആദ്യ പ്രണയ ചിത്രം, 1919 ല്‍ ബ്രോക്കണ്‍ ബ്ലോസ്സം എന്ന ആദ്യ നാടകീയ പ്രണയ സിനിമ, സിനിമയക്ക് ശബ്ദവും, വര്‍ണ്ണങ്ങളും സ്വന്തമായശേഷം 1939 ല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ഇതിഹാസ പ്രണയചിത്രം "ഗോണ്‍ വിത്ത് ദി വിന്‍ഡ്", 1942ല്‍ റിലീസ് ചെയ്ത "കാസാബ്ലാങ്ക" എന്ന ത്രികോണ പ്രണയകഥ; ഇങ്ങനെ പോകുന്നു ആ പട്ടിക. ഈ പറഞ്ഞ പ്രണയചിത്രങ്ങളുടെ 'മൈല്‍ സ്റ്റോണു'കള്‍ക്കിടയില്‍ പിറന്നുവീണ അസംഖ്യം പ്രണയ സിനിമകള്‍ വേറെ. ഒന്നുകില്‍ മുഖ്യപ്രമേയം പ്രണയമായി അല്ലെങ്കില്‍ മുഖ്യ പ്രമേയത്തോട് ഇഴചേര്‍ന്ന്.


പരിണാമപരമായ ആനുകൂല്യമുള്ളതുകൊണ്ട് മുഖ്യപ്രമേയം യുദ്ധവും, കലാപവും, ദുരന്തങ്ങളുമൊക്കെയായിരുന്നാലും എഴുത്തുകാര്‍ മിക്കപ്പോഴും ഒരു 'പ്രണയം' അതില്‍ എഴുതിചേര്‍ത്തു. എഴുത്തുകാരെ സംബന്ധിച്ച് ഇത്തരം പ്രമേയങ്ങളിലേയ്ക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലാന്‍ അവരെ അത് സഹായിച്ചു. എന്നാല്‍ ആസ്വാദകരെ സംബന്ധിച്ച് പശ്ചാത്തലമെന്തുതന്നെയായലും തിരശ്ശീലയിലെ പ്രണയത്തെ അവനവന്‍റെ ജീവിതത്തോടവര്‍ ചേര്‍ത്തു വായിച്ചു. തങ്ങളുടെ നഷ്ടപ്രണയത്തിന്‍റെയും, പ്രേമവികാരങ്ങളുടെയും ഓര്‍മ്മകളിലേയ്ക്കവര്‍ ഊളിയിട്ടു. കഥാപാത്രങ്ങളുടെ വേദനകളില്‍ ഹൃദയം വിതുമ്പി. കേവലം കഥകളാണെന്ന് മറന്നുകൊണ്ട് കഥാപാത്രങ്ങള്‍ക്കുവേണ്ടിയവര്‍ പ്രാര്‍ത്ഥിച്ചു. പ്രതിനായക കഥാപാത്രങ്ങളെ ശപിച്ചു. കൊട്ടകയിലെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് അതിലും വലിയ ജീവിത്തിലെ ക്യാന്‍വാസുകളിലേയ്ക്കവര്‍ പറന്നിറങ്ങി.


ഗോണ്‍ വിത്ത് ദി വിന്‍ഡ് എന്ന സിനിമയില്‍ സ്കാര്‍ലെറ്റിന്‍റെ പ്രണയസങ്കങ്ങള്‍ക്ക് അമേരിക്കന്‍ ആഭ്യന്തരകലാപവും കാസാബ്ലാങ്ക യില്‍ ഇല്‍ സായുടെ പ്രണയത്തിന് രണ്ടാം ലോകമഹായുദ്ധ വുമൊക്കെ പശ്ചാത്തലമായി വരുന്നത് മേല്‍ പറഞ്ഞപോലുള്ള സൃഷ്ടികളാണ്. ഇവരിലൂടെ യുദ്ധത്തിന്‍റേയും, കലാപത്തിന്‍റെയും കെടുതികള്‍ക്കുള്ളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ എഴുത്തുകാര്‍ക്ക് കൂടുതല്‍ സാദ്ധ്യതകള്‍ തുറന്നുകിട്ടും. ഈ ഗണത്തില്‍ ഏറ്റവും എളുപ്പത്തില്‍ ഓര്‍ത്തെടുക്കാവുന്ന ജനകീയ സിനിമയാണ് ടൈറ്റാനിക്. ടൈറ്റാനിക് എന്ന കപ്പലിന്‍റെ തകര്‍ച്ചയില്‍ അതിലുള്ളവര്‍ അനുഭവിച്ച കെടുതികള്‍ പൂര്‍ണ്ണമായും ആസ്വാദകന് അനുഭവഭേദ്യമാകുന്നത് ജാക്കിന്‍റേയും റോസിന്‍റെയും പ്രണയ പശ്ചാത്തലത്തിലാണ്. മറ്റേതെങ്കിലും വിധത്തിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഈ ഉദ്യമത്തിന് ശ്രമിച്ചിരുന്നതെങ്കില്‍ ആ സിനിമയെ തലമുറകള്‍ക്കപ്പുറവും ഇപ്പുറവുമുള്ളവര്‍ ഒരു പക്ഷേ ഇതുപോലേറ്റെടുക്കില്ല. ഒടുവില്‍ റോസ് ഈ ലോകത്ത് ഒറ്റക്കായി ആസ്വാദകരോട് അവരുടെ പ്രണയകഥ വിളിച്ചു പറഞ്ഞപ്പോള്‍ ചലച്ചിത്രം വാരിക്കൂട്ടിയത് അന്നത്തെക്കാലത്ത് രണ്ട് ബില്യണ്‍ ഡോളറിനു മുകളിലാണ്.


അതുപോലെ മറ്റൊരുദാഹരണമാണ് ഡാനിബോയല്‍ സംവിധാനം ചെയ്ത് 2009ല്‍ റിലീസ് ചെയ്ത സ്ലംഡോഗ് മില്ലിയണയര്‍. ഇന്ത്യ യില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സിനിമ യാണിത്. വികാസ് സ്വരൂപിന്‍റെ ക്യു ആന്‍റ് എ എന്ന നോവലിനെ ആധാരമാക്കി ഒരുക്കിയ സിനിമയിലെ നായകനായ ജമാല്‍ മാലികിന് ലളിതയോടുള്ള പ്രണയം സിനിമയുടെ മുഖ്യപ്രമേയത്തിന് മാറ്റു കൂട്ടുന്ന ഒന്നാണ്. ഇന്ത്യയിലെ ചേരികള്‍, അധോ ലോകജീവിതം, കലാപം തുടങ്ങിയവയെല്ലാമാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. എന്നാലവയെല്ലാം തമ്മില്‍ കോര്‍ത്തിണക്കപ്പെടുന്നത് ജമാല്‍-ലളിത പ്രണയ പശ്ചാത്തലത്തിലാണ്. സിനിമ ഓസ്കാറില്‍ പത്ത് നോമിനേഷന്‍ നേടുകയും അതില്‍ എട്ടും സ്വന്തമാക്കുകയും ചെയ്തു.

a scene from the movie Avatar

മേല്‍ പറഞ്ഞ സ്വഭാവത്തില്‍ വരുന്ന ഏറ്റവും വലിയ സിനിമയാണ് 2009ല്‍ റിലീസ് ചെയ്ത "അവതാര്‍". ഭൂമി വാസയോഗ്യമല്ലാതായതുമൂലം മറ്റൊരു ഗ്രഹം കീഴടക്കാന്‍ മനുഷ്യന്‍ നടത്തുന്ന ക്രൂരമായ അധിനവേശത്തിന്‍റെ കഥയാണ് അവതാര്‍ പറയുന്നത്. എന്നാല്‍ പണ്ടോര എന്ന ആ ഗ്രഹത്തിലെ പെണ്‍കുട്ടി നൈത്തീരിക്ക് ഭൂമിയില്‍ നിന്നും ചെല്ലുന്ന ജെയ്ക്കിനോടുള്ള പ്രണയം സിനിമയുടെ പ്രധാന ഇതിവൃത്തത്തിന് കൂടുതല്‍ വൈകാരികത നല്‍കുന്നു. ഏകദേശം മൂന്ന് ബില്യണ്‍ ഡോളറാണ് ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടിയത്. വിഷ്വല്‍ എഫക്റ്റിന്‍റെ അതികായകത്വം സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാന സംഗതിയാണെന്നത് വിസ്മരിച്ചുകൊണ്ടല്ല; മറിച്ച് സിനിമയ്ക്ക് വൈകാരികതയും പിരമുറുക്കവും വര്‍ദ്ധിപ്പിക്കുന്നതില്‍ ജെയ്ക്കിന്‍റേയും നൈത്തീരിയുടേയും പ്രണയം പ്രധാന പങ്കുവഹിച്ചു.


2008 ല്‍ റിലീസ് ചെയ്ത "ദി റീഡര്‍" ഇതേ പട്ടികയില്‍ പെടുത്താവുന്ന മറ്റൊരു ഇതിഹാസ സിനിമയാണ്. ബെര്‍ണാര്‍ഡ് ഷ്ളിങ്കിന്‍റെ നോവലിനെ ആസ്പദമാക്കി അതേ പേരില്‍തന്നെ നിര്‍മ്മിച്ച സിനിമയാണ് "ദി റീഡര്‍" രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ജോലി ചെയ്യുകയും, യുദ്ധാനന്തം ജര്‍മ്മനിയിലാകമാനം നടന്ന കോടതി വിചാരണകളിലൊന്നില്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ഹന്ന ഷ്മിറ്റ്സ് എന്ന സ്ത്രീയുടെ കഥപറയുന്ന സിനിമയാണ് റീഡര്‍. അവരുടെ ജീവിതത്തിലെ ഒരു കുറവ് ഒളിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി അവര്‍ സ്വന്തമായി വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം.

Two people sitting on a patterned couch; one holds a book and looks distressed, while the other comforts them. Soft, warm lighting.

എന്നാല്‍ മധ്യവയസ്കയായിരുന്ന കാലത്ത് തന്നെക്കാള്‍ ഇരുപത് വയസ്സോളം പ്രായം കുറഞ്ഞ മൈക്കിള്‍ ബര്‍ഗ് എന്ന കൗമാരക്കാരനുമായുള്ള ഹന്നയുടെ ഹൃസ്വപ്രണയം ഒടുവില്‍ സിനിമയുടെ തന്നെ വഴിത്തിരിവാകുന്ന ഒന്നാണ്. എന്തെന്നാല്‍ ലോകസിനിമയില്‍ മൈക്കിളിനോളം പോന്ന ഒരു കാമുകനിന്നോളം ആരും ജന്മം കൊടുത്തിട്ടില്ല. ഈ മൈക്കിളില്‍ നിന്നാണ് അവസാനകാലത്തെങ്കിലും അവള്‍ അതുവരെ രഹസ്യമായി സൂക്ഷിച്ച തന്‍റെ കുറവിനെ മറികടക്കുന്നത്. വാര്‍ദ്ധക്ക്യത്തിലെങ്കിലും തന്‍റെ ഒരാഗ്രഹം സാധിച്ച് അവള്‍ മരണത്തിന് കീഴങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു. മുഖ്യപ്രമേയത്തോടൊപ്പം ചേര്‍ന്നുകിടക്കുന്ന മൈക്കിള്‍-ഹന്ന പ്രണയം ചിത്രത്തിന്‍റെ വൈകാ രികാഘാതം ഇരട്ടിയാക്കുന്നു. ഡേവിഡ് ഹെര്‍ തിരക്കഥയും, സ്റ്റീഫന്‍ ദാല്‍ദ്രി സംവിധാനവും ചെയ്ത സിനിമ നിരവധി നോമിനേഷനുകളും, അതിലെ ഹന്നയെ അവതരിപ്പിച്ച കേറ്റ് വിന്‍സ്ലേറ്റ് മികച്ച നടിയ്ക്കുള്ള ഓസ്കാറും, ബാഫ്റ്റയും ഉള്‍പ്പെടെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കി.


1998ല്‍ റിലീസ് ചെയ്ത "ഷേക്സ്പിയര്‍ ഇന്‍ ലൗ" അത്ഭുതകരമായ ഭാവനയുടെ മറ്റൊരു മികച്ച ഉദാഹരണമാണ്. 'റോമിയോ ആന്‍റ് ജൂലിയറ്റ്' എഴുതുന്ന സമയത്ത് ഷേക്സ്പിയര്‍ വയോള എന്ന സ്ത്രീയുമായി പ്രണയത്തിലാകുന്നതായി സങ്ക ല്‍പ്പിച്ചാണ് മാര്‍ക് നോര്‍മാനും, റ്റോം സ്റ്റോപ്പാര്‍ഡും "ഷേക്സ്പിയര്‍ ഇന്‍ ലൗ" എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. വയോളയോടുള്ള ഷേക്സ്പിയറിന്‍റെ പ്രണയത്തിലൂടെയാണ് ചിത്രത്തില്‍ റോമിയോയുടേയും ജൂലിയറ്റിന്‍റെയും നാടകം വികസിക്കുന്നത്. ജോണ്‍ മാഡന്‍ എന്ന സംവിധാ യകന്‍ അല്‍പ്പം നര്‍മ്മം കലര്‍ന്ന ഒരു ഇതിഹാസ രൂപം ചിത്രത്തിനുനല്‍കിയപ്പോള്‍ ആസ്വാദകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ലോക പ്രശസ്തമായ നിരവധി അവാര്‍ഡുകള്‍ക്കുപുറമേ 13 ഓസ്കാര്‍ നോമിനേഷനില്‍നിന്നായി ഏഴ് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.


സിനിമ ഒരു മോഡേണ്‍ ആര്‍ട്ടായിട്ടാണ് കരുതപ്പെടുന്നത് എങ്കിലും കലയുടെ ചരിത്രത്തിലെ ഏതാണ്ട് ക്ലാസ്സിസം മുതലുള്ള കലാസൃഷ്ടികളുടെ പുനരവതരണം സിനിമയ്ക്ക് പ്രമേയമായിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ ഒരു കലാ സൃഷ്ടിയായിരിക്കുമ്പോഴും ചില സിനമകള്‍ക്കെങ്കിലും ഒരു നവേത്ഥാന മുഖവുമുണ്ട്. പ്രണയത്തെതന്നെ മുഖ്യ പ്രമേയമാക്കി അത്തരം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുമുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് "ഇറ്റ് എന്‍ഡ് വിത്ത് അസ്". 2024ല്‍ റിലീസ് ചെയ്ത ഈ ചിത്രം 'വിഷലിപ്തമായ പുരുഷത്വ'ങ്ങളെ ആഘോഷമാക്കുന്ന സമൂഹങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചലച്ചിത്രമാണ്. എന്താണ് പ്രണയമെന്ന് ഇത് പഠിപ്പിക്കുന്നില്ലെങ്കിലും എന്തല്ല പ്രണയമെന്ന് ഈ ചലച്ചിത്രം കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.


ഇപ്പറഞ്ഞ സിനിമകളെല്ലാം തന്നെ പ്രണയത്തെ പശ്ചാത്തലമാക്കി എഴുത്തുകാര്‍ മറ്റുകഥകള്‍ പറഞ്ഞതിനുദാഹരണമാണ്. കേലവം നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ് ഇവിടെ പ്രതിപാദിച്ചതെങ്കിലും ഇതിനു മുന്നിലും, പിന്നിലുമായി എണ്ണിയാലൊടുങ്ങാത്തത്ര സിനിമകള്‍ വേറെയുമുണ്ട്. ഏറ്റവും ചുരുക്ക രൂപത്തില്‍ ചില മൈല്‍സ്റ്റോണുകളെ ഇവിടെ കുറിച്ചിട്ടു എന്നു മാത്രം. ഇത്തരം ചലച്ചിത്രങ്ങള്‍ക്കൊപ്പം പ്രണയത്തെ മാത്രം മുഖ്യപ്രമേയമായെടുത്ത വേറെയും ധാരാളം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. രണ്ടു വിഭാഗങ്ങളിലുംപെട്ട സിനിമകളുടെ പട്ടിക ഒരിക്കലും അവസാനിക്കില്ല. കാരണം മനുഷ്യൻ പ്രണയത്തില്‍ അധിഷ്ഠിതമായി അതിജീവിക്കുന്നവരാണ്. അവന്‍ പ്രണയത്തെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും. കലയും, സാഹിത്യവും, സിനിമയുമൊക്കെ അതിനൊരു മാര്‍ഗ്ഗം മാത്രം.


ആത്മാവിഷ്ക്കാരത്തിനും, ആസ്വാദനത്തനുമപ്പുറം പ്രണയം ജീവനുറ്റ പ്രതിഭാസമായി മനുഷ്യനില്‍ ഒഴുകിക്കൊണ്ടിരിക്കണം. പ്രകൃതി നിയമമാണത്. പ്രകൃതിയുടെ നിലനില്‍പ്പിനുതന്നെ ആധാരമാണത്. എപ്പോഴെങ്കിലും അതിന്‍റെ ഒഴുക്കുനിലച്ചാല്‍ ഇല്ലാതാകുന്നത് മനോഹരമായ ഈ ജീവിതം തന്നെയാണ്. അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചാല്‍ വിശുദ്ധ വാലന്‍റൈനെപ്പോലുള്ള ദൈവദൂതന്മാര്‍ ഭൂമിയില്‍ അവതരിക്കും. അത് കാലത്തിന്‍റെ കാവ്യ സൗന്ദര്യമാണ്.


ഇതില്‍ പറഞ്ഞ ദി റീഡര്‍ എന്ന സിനിമയിലെ വരികള്‍ കടമെടുത്താല്:

നീ തേടി നടന്ന മാലാഖയാണ് ഞാന്‍...

ജീവിതം ആരംഭിച്ചതിലും മനോഹരമായി

നീ അതിനോട് വിട പറയും.

സ്വര്‍ഗ്ഗം നിന്നെ തിരികെ സ്വീകരിക്കും;

പിന്നെ നിന്നോട് പറയും

"ഒരു ആത്മാവിനെ പൂര്‍ണ്ണമാക്കുന്നത് എന്താണെന്ന് നീ അറിയുക...

അത് പ്രണയം മാത്രമാണ്..!


പശ്ചാത്തലം പ്രണയം!

വിനീത് ജോണ്‍

അസ്സീസി മാസിക, ഫെബ്രുവരി 2026

Recent Posts

bottom of page