top of page

വംശങ്ങൾ

Writer: George Valiapadath Capuchin
George Valiapadath Capuchin
Dec 19, 2025
1 min read

സത്യം പറയാമല്ലോ. എനിക്കെൻ്റെ വംശാവലി അറിയില്ല. അപ്പൻ്റെ പേര് അറിയാം. ഞാൻ വീട്ടിലെ മൂത്തമകനായതുകൊണ്ട് അപ്പൂപ്പൻ്റെ പേരും അറിയാം. അപ്പൻ തൻ്റെ തലമുറയിലെ മൂത്തയാൾ ആയതുകൊണ്ട് മുതുമുത്തപ്പൻ്റെ പേരും അതായിരിക്കാം എന്ന് ഊഹമുണ്ട്. കാരണം, ഞങ്ങളുടെ നാട്ടിൽ അപ്പൂപ്പൻ്റെ പേരായിരുന്നു മൂത്ത ആൺമക്കൾക്ക് നല്കപ്പെട്ടിരുന്നത്! അതായത് പരമാവധി 3 തലമുറ മുമ്പ് വരെ ഒരു വിധം ഊഹിക്കാം. അതിനപ്പുറം അന്വേഷിക്കാൻ ഞാൻ മെനക്കെട്ടിട്ടില്ല എന്നതാണ് സത്യം. എന്നാൽ, യഹൂദ ജനതയോളം ചരിത്രത്തിന് ഇത്രയേറെ പ്രാധാന്യം നല്കിയ മറ്റുജനതകൾ ഉണ്ടെന്ന് തോന്നുന്നില്ല.


മത്തായിയുടെ പേരിൽ അറിയപ്പെടുന്ന സുവിശേഷം ആരംഭിക്കുന്നത് യേശുവിൻ്റെ വംശാവലി ശൃംഖല എഴുതിക്കൊണ്ടാണ്. മുമ്പും ഒന്നുരണ്ടുതവണ ഇതേക്കുറിച്ച് ഇവിടെ കുറിച്ചിട്ടുണ്ട്. ലൂക്കായുടെ സുവിശേഷത്തിലെ വംശാവലിയിൽനിന്ന് ഭിന്നമാണ് മത്തായിയുടെ സുവിശേഷത്തിലെ വംശാവലി എന്നും നമുക്കറിയാം. യാക്കോബും യൂദായും ദാവീദും സോളമനും പോലെ ആ വംശാവലിയിൽ പലരും വലിയ പരിശുദ്ധരാെന്നും ആയിരുന്നില്ല. മത്തായിയുടെ വംശാവലിയിൽ ഗ്രന്ഥകാരൻ അഞ്ച് സ്ത്രീകളെ ഉൾപ്പെടുത്തുന്നുണ്ടെന്നും നമുക്കറിയാം. യേശുവിൻ്റെ അമ്മയായ മറിയം ഒഴികേ വിജാതീയരായ നാല് സ്ത്രീകളെയാണ് മത്തായി യേശുവിൻ്റെ വംശാവലിയിൽ ഉൾപ്പെടുത്തുന്നത്. മത്തായിയുടെ സുവിശേഷം ഓഡിയൻസായി കണ്ടത് യഹൂദ ക്രൈസ്തവരെയും അവരിലൂടെ യഹൂദരെയുമായിരുന്നു എന്നാണ് നമുക്കറിയാവുന്നത്. എന്നിട്ടും ഗ്രന്ഥകാരൻ അബ്രാഹത്തിൻ്റെ ഭാര്യ സാറായെയോ ഇസഹാക്കിൻ്റെ ഭാര്യ റബേക്കയെയോ യാക്കോബിൻ്റെ ഭാര്യ ലേയയെയോ അതുപോലെ പ്രാമുഖ്യമുള്ള മറ്റ് യഹൂദ സ്ത്രീകളെയാരെയും ഉൾപ്പെടുത്തിയില്ല എന്നത് വിചിത്രതരമായി തോന്നുന്നില്ലേ? താമാറും റാ ഹാബും കാനാന്യ സ്ത്രീകളായിരുന്നു. റൂത്ത് ഒരു മൊവാബീയ സ്ത്രീയായിരുന്നു. ദാവീദ് കാമം തോന്നി പാപകരമായ വഴിയേ സ്വന്തമാക്കിയ ബേത്ഷേബായാകട്ടെ ഹിത്യനായ ഊറിയായുടെ ഭാര്യയായിരുന്നു. (ഹിത്യർ ഇസ്രായേല്യർ ആണെന്നും അല്ലെന്നും വാദമുണ്ട്).

ഇവരിൽ റൂത്ത് ഒഴിക മറ്റ് മൂന്ന് സ്ത്രീകളും പാപകരമായ വഴിയേ സഞ്ചരിച്ചവരും ആയിരുന്നു. എന്തുകൊണ്ടാവാം മത്തായി യേശുവിൻ്റെ വംശാവലി ചരിത്രം എഴുതുമ്പോൾ ഇവരുടെ പേരുകൾ സൂചിപ്പിക്കുന്നത്? എല്ലാ വംശാവലികളിലും വിജാതീയ രക്തവും ഉൾച്ചേർന്നിട്ടുണ്ട് എന്ന് കാണിക്കാനോ? എല്ലാ വംശങ്ങളിലും എന്ന പോലെ യേശുവിൻ്റെ വംശത്തിലും പാപം ഒരു യാഥാർത്ഥ്യമായിരുന്നു എന്ന് കാണിക്കാനോ? പുരുഷന്മാരിലെന്നപോലെ തന്നെ സ്ത്രീകളിലും ഉദാത്തരായവരും അത്ര ഉദാത്തതയൊന്നും ഇല്ലാത്തവരും ഉണ്ടെന്ന് തുന്നുകാട്ടാനോ? വളഞ്ഞുപുളഞ്ഞ വരകളിലൂടെയാണ് ദൈവം ഋജുരേഖ വരയ്ക്കുന്നത് എന്ന് കാണിക്കാനോ? ആരെയും നാം തള്ളിക്കളയേണ്ടതില്ല എന്ന് കാണിക്കാനോ? പാപികളിലും ദൈവത്തിൻ്റെ നിഗൂഢജ്ഞാനം വചനമായി കുറിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണിക്കാനോ? ഭൂമിയിലെ ഒരാളും ഏറെ അഹങ്കരിക്കേണ്ടതില്ല എന്ന് വെളിവാക്കാനോ? ശരീരത്തിൽ പ്രത്യാശ വെക്കുന്ന ഏവരും ലജിക്കണം എന്ന് മനസ്സിലാക്കാനോ? രക്തം വഴിയോ സ്വാഭാവിക പരിശുദ്ധി വഴിയാേ അല്ല ആരും ദൈവ കുടുംബത്തോട് ചേർക്കപ്പെടുന്നത് എന്ന് വ്യക്തമാക്കാനോ? ഏവരും അഹങ്കാരം വെടിഞ്ഞ് വിനയാന്വിതരാകുന്നതിനോ?


bottom of page