top of page

വംശീയതയുടെ ജീവതന്മാത്രകള്‍

May 7

4 min read

വിനീത് ജോ�ണ്‍
Dark forest backdrop with intense faces of three people overlaid. Red text in a bold script. Tense and mysterious atmosphere.

Key Takeaways:

The article is about the film KIRKANN focusing on themes of racism, caste prejudice, and flawed aesthetics.

The article analyzes the film's critique of honor killings and inherited societal biases.

The piece concludes KIRKANN's theme is impactful despite its weak cinematic style.

2005 ല്‍ കോട്ടയത്ത് നടന്ന ഒരു പെണ്‍കുട്ടിയുടെ മരണവും അതിന്‍റെ അന്വേഷണവും ആധാരമാക്കി 2023ല്‍ നിര്‍മ്മിച്ച സിനിമയാണ് കിര്‍ക്കന്‍/ 120 മനിറ്റ്/ മലയാളം. ജോഷ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സലിംകുമാര്‍, വിജയരാഘവന്‍, കനി കുസൃതി, അപ്പാനി ശരത്, അനാര്‍ക്കലി മരക്കാര്‍, മക്ബൂല്‍ സല്‍മാന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഗൗതം ലെനിനും എഡിറ്റിംഗ് രോഹിത് വി. എസുമാണ്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീത സംവിധാനം.


അടിസ്ഥാനപരമായി കിര്‍ക്കന്‍ ഒരു അപസര്‍പ്പക കഥയാണ്. ഏതൊരു അപസര്‍പ്പക കഥയിലേയും പോലെ അന്വേഷണം ഒടുവില്‍ പ്രതിയിലേയ്ക്കെത്തുന്നു. എന്നാല്‍ പ്രതിയെ ആ കൊലയിലേയ്ക്ക് നയിച്ച അയാളുടെ മനോഭാവമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. കൂടാതെ പ്രസ്തുത കുറ്റകൃത്യം നിര്‍വ്വഹിച്ച വ്യക്തിയും അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുമെല്ലാം പ്രതിയുടെ അതേ മനോവികാരം ഉള്ളവരാണെന്നതാണ് സിനിമയെ കാലത്തിനപ്പുറത്തേയ്ക്കെത്തിക്കുന്നത്. ഇവരിലെല്ലാമുള്ള ആ മനോഭാവത്തില്‍ നിന്നും പുറത്തുവരിക എന്നത് അത്ര എളുപ്പവുമല്ല. ജീവതന്മാത്രകള്‍ അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യുന്നതിനോടൊപ്പം ഈ മനോഭാവവും കൈമാറ്റം ചെയ്യപ്പെടുന്നു. സമൂഹവും, സമ്പത്തും, രാഷ്ട്രീയവും അവിശുദ്ധമായി ഇഴചേര്‍ന്ന് ഉഴുതുമറിച്ച മണ്ണില്‍ ആഴത്തില്‍ വേരൂന്നിയ ആ മനോഭാവത്തെ നമുക്ക് "വംശീയത" എന്നോ "അപര വിദ്വേഷം" എന്നോ വിളിക്കാം.


കിര്‍ക്കന്‍റെ പശ്ചാത്തലം


റേച്ചല്‍ എന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്തയോടെയാണ് കിര്‍ക്കന്‍റെ കഥ ആരംഭിക്കുന്നത്. അന്വേഷണം കൃത്യമായി പ്രതിയിലേയ്ക്കെത്തുന്നതോടെ നമ്മുക്ക് ഇന്ന് സുപരിചിതമായ ഒരു സാമൂഹ്യ വിപത്തിലേയ്ക്ക് സിനിമ വിരല്‍ ചൂണ്ടുന്നു. "ദുരഭിമാനക്കൊല".


കേരള ഗവണ്‍മെന്‍റിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള. ഡേറ്റാ.ജി.ഒ.വി. (Kerala.data.gov) എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 2017 മുതല്‍ 2021 വരെ ഇന്ത്യയിലാകമാനം 203 കേസുകളും, കേരളത്തില്‍ 4 കേസുകളും മേല്‍പറഞ്ഞ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച കെവിന്‍ നീനു പ്രണയവും ഒടുവില്‍ കെവിന്‍റെ അതിദാരുണമായ മരണവും കേരള മനസാക്ഷി മറന്നുകാണാന്‍ ഇടയില്ല. കെവിനും നീനുവും ക്രിസ്ത്യാനികളായിരുന്നിട്ടും കെവിന്‍ ദളിത് ക്രിസ്ത്യാനിയാണെന്ന പേരില്‍ അതി ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും സജീവമായി നിലനിന്നരുന്ന ജാതി സമ്പ്രദായത്തില്‍ നിന്നും മുക്തിപ്രാപിക്കാന്‍ ഇവിടെ പടുത്തുയര്‍ത്തപ്പെട്ട ക്രൈസ്തവ വിശ്വാസ പ്രസ്ഥാനങ്ങള്‍ക്കായില്ല. ജീര്‍ണ്ണിച്ച അടിമ - ഉടമ സമ്പ്രദായത്തിന്‍റെ കാലഘട്ടത്തെ ഗൃഹാദുര സ്മരണകളോടെ ഓര്‍ത്തെടുത്ത് സ്വന്തം ജീവിതത്തിന്‍റെ ഭാഗമാക്കുന്നതില്‍ അഭിരമിക്കുന്നവരാണ് ഒരു വലിയ വിഭാഗം ക്രൈസ്തവര്‍. ഉപാധികളില്ലാതെ സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്‍റെ ജീവിതം അവര്‍ എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു.


ഒരല്‍പം ശാസ്ത്രവും, സമൂഹിക ശാസ്ത്രവും...


നരവംശ ശാസ്ത്രപ്രകാരം മനുഷ്യര്‍ അതിന്‍റെ ജീവിതം ആരംഭിച്ചത് ചെറിയ കൂട്ടങ്ങളായിട്ടായിരുന്നു. ഭക്ഷണം കണ്ടെത്താനും, ശത്രുക്കളില്‍ നിന്ന് രക്ഷനേടാനും, കുഞ്ഞുങ്ങളെ വളര്‍ത്താനും എല്ലാം ഇത് അവരെ സഹായിച്ചു. ഈ ശീലം മൂലം സ്വന്തം കൂട്ടത്തിലുള്ളവരെ മുന്‍വിധികളില്ലാതെ വിശ്വസിക്കാനും അപരഗോത്രത്തോട് അകലം പാലിക്കാനും അവര്‍ പരിശീലിക്കപ്പെട്ടു. ഇത്തരത്തില്‍ ജനിതകപരമായും, മസ്തിഷ്ക്കപരമായും മനുഷ്യനുള്ള ആനുകൂല്യങ്ങള്‍ അതിജീവനത്തിനു മാത്രമായിരുന്നു. യുഗങ്ങള്‍ക്ക് ശേഷം കാട്ടില്‍ ജീവിച്ചവര്‍ യുഗങ്ങള്‍ക്കുശേഷം സംസ്കാരങ്ങള്‍ പടുത്തുയര്‍ത്തിയപ്പോഴും ഈ മാനസീകാവസ്ഥ അവനെ വിട്ടുപോയില്ല.


സംസ്ക്കാരങ്ങളുടെ വളര്‍ച്ചയില്‍ സ്ഥാപിതമായ നിരവധി അധികാര കേന്ദ്രങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന്‍റെ ഭാഗമായി രൂപം കൊടുത്തവയിലെല്ലാം ഒരു നമ്മള്‍-അവര്‍ ദ്വന്ദം നിര്‍മ്മിച്ചെടുത്തു. അത് മിക്കവാറും അവരുടെ നിലനില്‍പ്പിനും, അധികാര സുസ്ഥിരിരതയ്ക്കും ആയിരുന്നു. രാഷ്ട്രീയവും, സമ്പത്തും, അധികാരവും മുന്‍ നിറുത്തിയുള്ള ഈ പ്രവണത കാലം പോകവേ വിദ്വേഷത്തിന്‍റെ സാമൂഹിക രൂപങ്ങള്‍ ആയി മാറി. ഈ മാറ്റം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല; മറിച്ച് സാമൂഹികമായും, സാമ്പത്തീകമായും, രാഷ്ട്രീയമായും, മനഃശാസ്ത്രപരമായും പ്രവര്‍ത്തിച്ച നിരവധി ഘടകങ്ങളുടെ ദീര്‍ഘകാല സംയോജനഫലമാണ്. ഇന്ന് അത് വളര്‍ന്ന് അതിന്‍റെ പരകോടിയില്‍ എത്തിനില്‍ക്കുന്നു. വര്‍ത്തമാന ഭൂപടത്തിലെമ്പാടും നിറത്തിന്‍റേയും, വംശത്തിന്‍റേയും, ജാതിയുടേയും പേരില്‍ മനുഷ്യര്‍ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയവും, സംസ്ക്കാരവും, മിത്തുകളും ചേര്‍ന്ന് ഒരോനിമിഷവും അവയെ കൂടുതല്‍ ശക്തമാക്കികൊണ്ടിരിക്കുന്നു.


ചെറുത്തുനില്‍പ്പിന്‍റെ രസതന്ത്രം...


കുഞ്ഞുങ്ങള്‍ ജനിച്ചു വീഴുമ്പോള്‍ മുതല്‍ അവന്‍റെ/ അവളുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്നത് അവര്‍ വളര്‍ന്നു വരുന്ന സാമൂഹിക സാഹചര്യങ്ങളാണ്. കുടുംബം, സമൂഹം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെയാണ് അവര്‍ കാര്യങ്ങള്‍ പഠിക്കുന്നത്. കഥകളും കെട്ടുകഥകളും, മിത്തുകളും, വിശ്വാസങ്ങളുമെല്ലാം കുട്ടികളുടെ അടിസ്ഥാന ധാരണകള്‍ക്ക് രൂപം നല്‍കും. ചെറുപ്പം മുതല്‍ കേട്ടുവളരുന്ന വിദ്വേഷകഥകള്‍ പിന്നീട് അവരെ വിട്ടുപോകില്ല.


വംശീയതയെ ചെറുക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസം കുട്ടികളിലേയ്ക്ക് ചെറുപ്പം മുല്‍ എത്തിക്കുക എന്നതാണ്. ജനിതകപരമായി മനുഷ്യര്‍ എല്ലാം ഒന്നാണെന്ന് വിദ്യാഭ്യസത്തിലൂടെ അവര്‍ തിരിച്ചരിയണം. സമത്വത്തെക്കുറിച്ചും, മാനവികതയെക്കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചുമുള്ള നേരായ ധാരണകള്‍ വിദ്യാഭ്യാസത്തോടൊപ്പം അവര്‍ക്ക് ലഭിച്ചു തുടങ്ങണം. ചരിത്രപാഠങ്ങള്‍ അധികാരരാഷ്ട്രീയത്തിന്‍റെ യഥാര്‍ത്ഥ പശ്ചാത്തലം വ്യക്തമാക്കുന്ന രീതിയില്‍ അഭ്യസിപ്പിക്കണം. കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഒരു സുപ്രസിദ്ധ ചലച്ചിത്രതാരം മീനാക്ഷി പങ്കുവച്ച ചില ചിന്തകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

Malayalam  Movie Actress
ചലച്ചിത്രതാരം മീനാക്ഷി

മീനാക്ഷി മുഖപുസ്തകത്തില്‍ കുറിച്ചു "...ഏതാണ്ട് എട്ടാം ക്ലാസ്സ് മുതല്‍ നാം പഠിക്കേണ്ടി വരുന്ന 'വര്‍ണ്ണാ പിരമിഡുകളും' ഇതിനോടൊപ്പം ശ്രദ്ധയില്‍ പെടേണ്ട ഒന്നു തന്നെയാണ്...' ബ്രാഹ്മണന്‍... ക്ഷത്രിയന്‍... വൈശ്യന്‍... ശൂദ്രന്‍ എന്നെഴുതിയതിന് ശേഷം തൊട്ടു താഴെയായി ഇപ്പോഴും നിലനില്ക്കുന്ന 'ദളിതന്‍ തൊട്ടുകൂടത്തവന്‍' എന്ന പദം. അന്നും.. ഇന്നും.. എന്നെ അലോസരപ്പെടുത്തുന്നു." പിന്നീട് ഒരു ചാനല്‍ ഇതിനെക്കുറിച്ച് കൂടുതലായി ചോദിച്ചപ്പോള്‍ മീനാക്ഷി തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും "ദളിതരെ ആരാണ് അത്തരത്തില്‍ ആക്കിയതെന്ന് നമ്മള്‍ പഠിക്കുന്നില്ല" എന്ന് ഒരു വാചകം തന്‍റെ മുഖപുസ്തക പോസ്റ്റിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


ഒരു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ നിരീക്ഷണം അങ്ങേയറ്റം പ്രതീക്ഷ തരുന്ന ഒന്നാണ്. നമ്മുടെ വിദ്യാഭ്യാസ പദ്ധതികള്‍ ചരിത്രത്തിന്‍റെ യഥാര്‍ത്ഥ മുഖങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കേണ്ട സമയം അതിക്രമിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പാഠപുസ്തകം തയ്യാറാക്കുന്നവര്‍ ഉറക്കം നടിച്ചു കിടക്കുകയാണ്. അവര്‍ ഉണരാനും, അവരെ ഉണര്‍ത്താനും ആരും ആഗ്രഹിക്കുന്നില്ല. ഞാന്‍ ആദ്യം പറഞ്ഞപോലെ ജീവതന്മാത്രകള്‍ അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യുന്നതിനോടൊപ്പം അപര വിദ്വേഷവും കൈമാറാന്‍ നമ്മള്‍ ശീലിച്ചുകഴിഞ്ഞു. അതില്‍ നിന്നും വെളിയില്‍ വരാനോ, അതിനെ മറികടക്കാനോ വേണ്ടിയത് എന്താണോ അത് ചെയ്യാതിരിക്കാനാണ് പ്രസ്തുത വ്യവസ്ഥിതികളില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ശ്രമിക്കുന്നത്. മാനവികബോധത്തിന്‍റെ നല്ല നാളെകള്‍ക്കായി നമ്മുടെ വിദ്യാഭ്യാസപദ്ധതികളില്‍ പ്രതീക്ഷ അര്‍പ്പിക്കാം.


എയ്സ്തെറ്റിക്സില്‍ കാലിടറിയ കിര്‍ക്കന്‍


അപസര്‍പ്പക കഥകള്‍ പറയുമ്പോള്‍ സിനിമ സാധാരണ സ്വീകരിക്കാറുള്ള സിനിമാറ്റിക് ശൈലിയില്‍ നിന്നും വ്യത്യസ്തമായി റിയലിസത്തിലാണ് ജോഷ് തന്‍റെ സിനിമ പരീക്ഷിച്ചത്. അതുകൊണ്ട് വരിഞ്ഞു മുറുകുന്ന ഒരു അനുഭൂതിയ്ക്ക് പകരം കണ്‍മുന്നില്‍ നടക്കുന്ന ഒരുമരണവും അതിന്‍റെ അന്വേഷണവുമാണ് പ്രേക്ഷകന് കാണാന്‍ സാധിക്കുക. ലളിതമായ ശബ്ദ-വെളിച്ച വിന്യാസം, നാടകീയമല്ലാത്ത സംഭാഷണം തുടങ്ങിയ പകരുന്ന സൗന്ദര്യാനുഭൂതി അപസര്‍പ്പക കഥകള്‍ക്ക് അത്രകണ്ട് ഗുണകരമണോ എന്നത് പ്രേക്ഷകനെ ആശ്രയിച്ചിരിക്കും. സംവിധായകന്‍ സൗന്ദര്യാനുഭൂതിയില്‍ പരമാവധിയില്‍ നില്‍ക്കുമ്പോഴും ആസ്വാദകന് അത് അത് അതേപടി ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ ആ പരീക്ഷണം ആസ്വാദനപരമായി പരാജയപ്പെട്ടു എന്നു പറയേണ്ടിവരും.


ദൃശ്യഭാഷയുടെ സഹായത്തോടെ കഥ പറയുന്ന മാധ്യമമാണ് സിനിമ. അപസര്‍പ്പക കഥയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടിയത് പിരിമുറക്കമാണ്. പിരിമുറുക്കം കൂടുംതോറുമാണ് ആസ്വാദകര്‍ സിനിമയ്ക്കുള്ളിലേയ്ക്ക് അടുക്കുന്നത്. റിയലിസത്തിന് ആ പിരിമുറക്കം നല്‍കുന്നതില്‍ ഒപുപാട് പരിമിതികള്‍ ഉണ്ട്. ആ പിരിമതികളെ മറികടക്കുന്നതില്‍ കിര്‍ക്കന്‍റെ തിരക്കഥ അത്രമേല്‍ വിജയിച്ചില്ല എന്നു പറയേണ്ടിവരും. ദൃശ്യഭാഷയുടെ സാധ്യതകളെ പരമാവധി ഊറ്റിയെടുക്കാന്‍ പാകത്തിനൊരു സിനിമാറ്റിക് ശൈലി ജോഷ് കൈക്കൊണ്ടിരുന്നേല്‍ ആസ്വാദകനില്‍ അതൊരു ആഘാതം സൃഷ്ടിച്ചേനെ. സിനിമ കഥപറയുന്നത് കേവലം സംഭാഷണങ്ങള്‍ കൊണ്ട് മാത്രമല്ല. ക്യാമറ, എഡിറ്റിംഗ്, ലൈറ്റിംഗ്, ശബ്ദം എന്തിന് നിശബദ്മായ രംഗങ്ങള്‍ പോലും പ്രേക്ഷകനോട് ശക്തമായി സംസാരിക്കും.


ഇവയെല്ലാം കൂടിച്ചേര്‍ന്നാണ് ആസ്വദകനില്‍ പിരിമുറുക്കം കൂട്ടുന്നത്. എന്നാല്‍ പിരിമുറക്കം ഉണ്ടാക്കുന്നതില്‍ കിര്‍ക്കനില്‍ അവയെല്ലാം തന്നെ അമ്പേ പരാജയപ്പെട്ടു. അതിന്‍റെ ഫലമായി കഥ സ്ക്രീനില്‍ നടക്കുമ്പോഴും പ്രേക്ഷകന്‍ അതിന്‍റെ ഉള്ളിലേക്ക് കടക്കാതെ ഒരു കാഴ്ച്ചക്കാരന്‍ മാത്രമായി മാറുന്ന സാഹചര്യം ഉണ്ടായി.


സിനിമയിലെ അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിക്കുമ്പോള്‍, മിക്കവരും അവരുടെ കഥാപാത്രങ്ങളെ വളരെ ശ്രദ്ധാപൂര്‍വം അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അഭിനയത്തില്‍ അമിതമായ നാടകീയത ഇല്ലാത്തത് റിയലിസത്തിനോട് പൊരുത്തപ്പെടുന്ന ഒരു സമീപനമാണ്. എന്നാല്‍, ഈ പ്രകടനങ്ങള്‍ പ്രേക്ഷകരുമായി ശക്തമായ ഒരു വൈകാരിക ബന്ധം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് അഭിനയത്തിന്‍റെ കുറവ് കൊണ്ടല്ല, മറിച്ച് ആ അഭിനയത്തെ സിനിമാറ്റിക് രീതിയില്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ സംവിധായകന്‍ വരുത്തിയ പിഴമൂലമാണ്.


മേല്‍ പറഞ്ഞതിന്‍റെയെല്ലാം ഫലമായി ഒരുപാട് ആളുകള്‍ കണ്ട് സ്വയം വിമര്‍ശനത്തിന് കാരണമാകേണ്ട ഒരു നല്ല പ്രമേയം ജനകീയമാകാതെ, ചര്‍ച്ചയാകാതെ പരാജയപ്പെട്ടു. വളരെ അധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ ഏതാനും ആളുകളിലേയ്ക്ക് മത്രമായി ചുരുങ്ങി. സംഭവങ്ങളെ അമിതമായി നാടകീയമാക്കാതെ അവതരിപ്പിക്കാനുള്ള സംവിധായകശ്രമം കലാപരമായി അഭിനന്ദാര്‍ഹമാണ്. പക്ഷേ റിയലിസത്തെ ശക്തമായ സിനിമാറ്റിക് ഭാഷയാക്കി മാറ്റുന്നതില്‍ അദ്ദേഹം വലിയ പിഴവും വരുത്തി.


കിര്‍ക്കന്‍ എന്ന സിനിമയുടെ പ്രത്യേകത ജാതിയുടെ പേരിലുള്ള ഇത്തരം ദുരഭിമാനത്തില്‍ നിന്നും നമ്മള്‍ ആരും മുക്തരല്ല എന്ന് കാണിക്കുന്നതാണ്. അത്തരത്തില്‍ രചിക്കപ്പെട്ട സിനിമയുടെ ക്ലൈമാക്സ് ആസ്വാദകരെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നാണ്. ആസ്വാദനത്തിലും, അനുഭൂതിയിലും കാലിടറിയെങ്കിലും പ്രമേയപരമായി കൃത്യമായൊരാഘാതം നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. കലയോടൊപ്പം കിര്‍ക്കന്‍ ഒരു വിദ്യാഭ്യാസ പദ്ധതികൂടെയാകുന്നത് അവിടെയാണ്; കല വെളിച്ചമാകുന്ന ഇടം. അതാണ് കിര്‍ക്കന്‍...


വംശീയതയുടെ ജീവതന്മാത്രകള്‍

വിനീത് ജോണ്‍

അസ്സീസി മാസിക മേയ് 2026

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page