top of page

പ്രസംഗം അധികമാകുമ്പോള്‍

May 1

3 min read

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Cover image of Assisi Magazine

Key Takeaways:

The reflects on effective versus ineffective preaching.

It stresses that words must create genuine movement/love for Christ.

കുഞ്ഞുനാള്‍ മുതല്‍ എത്രയധികം പ്രസംഗങ്ങള്‍ കേട്ടു, നിരവധി ധ്യാന ഗുരുക്കന്‍മാരുടെ പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ യൗവനാരംഭത്തില്‍ ജീവിതത്തിന്‍റെ അര്‍ത്ഥം തിരഞ്ഞു തുടങ്ങിയ കാലത്ത് കേട്ട ഒരു പ്രഭാഷണമാണ് ജീവിതത്തെ 180 ഡിഗ്രി തിരിച്ചുവിട്ടത്. ഏറ്റവും അടുത്ത സുഹൃത്തായ കസിന്‍ ചേച്ചിയുടെ നിര്‍ബന്ധ പ്രകാരം അടുത്തുള്ള മാര്‍ത്തോമ്മ പള്ളിയില്‍ വച്ചു നടന്ന ഒരു പ്രഭാഷണം കേള്‍ക്കാന്‍ പോയി. ഇതുവരെ കണ്ടിട്ടില്ലാത്ത, അലസമായി മുടിയും താടിയും വളര്‍ത്തിയ മുപ്പതുകളുടെ അവസാനമെത്തിയ ഒരു അച്ചന്‍. ബോബി ജോസച്ചനെ ആദ്യമായിട്ട് അന്നാണ് കണ്ടത്, കേട്ടത്. ശാലോമില്‍ ഒക്കെ പ്രസംഗിക്കുന്ന ആളാണ് എന്ന് കേട്ടിരുന്നു. ഞാനതൊന്നും കണ്ടിട്ടില്ലായിരുന്നു. മൂന്നു മണിക്കൂറോളം അച്ചന്‍ യേശുവിനെക്കുറിച്ചു സംസാരിച്ചു. ബഹളങ്ങളില്ലാതെ, യേശു യേശുവെന്ന് ഒരുപാടു തവണ ആവര്‍ത്തിക്കാതെ, പക്ഷേ പറഞ്ഞതൊക്കെ അവനെ കുറിച്ചും അവനെ പിന്‍ചെല്ലുന്നവര്‍ ജീവിക്കേണ്ട ഒരു ജീവിതത്തെ കുറിച്ചും ആയിരുന്നു. നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ഒരാള്‍ വന്നു സംസാരിക്കുന്നതുപോലെ അത്ര അഗാധമായി.


അത്രയും നേരം ഉറങ്ങാതെ ശ്രദ്ധിച്ചിരിക്കാന്‍ കഴിഞ്ഞു. അദ്ദേഹം സംസാരിച്ച നേരമത്രയും ഹൃദയം വല്ലാതെ തുടിച്ചു കൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍, കഷ്ടിച്ച് അറുപതോളം വരുന്ന ചെറിയ സമൂഹത്തെ നോക്കി അച്ചന്‍ പറഞ്ഞു: ഞാന്‍ ഈ പറഞ്ഞതൊക്കെ ഒരു പക്ഷേ രണ്ടു പേര്‍ക്കുവേണ്ടിയായിരിക്കാം, അതുമതി. അതില്‍ ഒരാള്‍ ഞാനാണെന്ന്, ഉള്ളില്‍ ഒരു തികഞ്ഞ ബോധ്യത്തോടെ എനിക്ക് തോന്നി. ഒരുപക്ഷേ അതുകേട്ട എല്ലാവര്‍ക്കും അങ്ങനെ തന്നെ തോന്നിയിട്ടുണ്ടാവാം. ആ ദിവസവും ആ പ്രഭാഷണവും ജീവിതത്തിന്‍റെ എല്ലാ മൂല്യങ്ങളെയും പുന:ക്രമീകരിക്കുന്നതായിരുന്നു. അദ്ദേഹം ഒരു ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ വൈദീകനാണെന്നും എറണാകുളത്തു നിന്നാണ് വന്നതെന്നും പുസ്തകങ്ങള്‍ എഴുതുമെന്നും അറിഞ്ഞു. അന്നു കേട്ട ആ പ്രഭാഷണവും 'ഹൃദയവയല്‍' എന്ന പുസ്തകവുമാണ് എന്‍റെ ദൈവവിളിയിലെ വഴിവിളക്കുകള്‍.


അനേക വര്‍ഷങ്ങള്‍ ഞങ്ങളുടെ സന്യാസ സമൂഹത്തിൻ്റെ നോവിസ് മാസ്റ്ററായിരുന്നു ഫാ. ജോര്‍ജുകുട്ടി ഉപ്പുപുറം. മാസ്റ്റര്‍ എന്നു ഞങ്ങള്‍ വിളിക്കുമ്പോള്‍ ക്ലാസ്സ് മുറിയിലെ ഭിത്തിയിലെ ഈശോയുടെ രൂപത്തിലേക്കു ചൂണ്ടി, "ഞാനല്ല അവനാണ് നിങ്ങളുടെ മാസ്റ്റര്‍. എന്നെയല്ല അവനെ അനുഗമിക്കുവിന്‍" എന്ന് പറയുമായിരുന്നു. സെമിനാരി പരിശീലനകാലം മുതല്‍ തന്നെ പ്രഭാഷണങ്ങള്‍ക്കായി പോയിരുന്ന അദ്ദേഹം വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ക്കു എണ്ണമുണ്ടാകില്ല. അച്ചന്‍റെ പ്രസംഗങ്ങള്‍ വേനല്‍ മഴപോലെ കുളിര്‍പ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ഉടച്ചുവാര്‍ക്കുന്നതുമായിരുന്നു. അച്ചന്‍റെ സംസാരം കേള്‍ക്കാന്‍, പ്രസംഗം കേള്‍ക്കാന്‍ ഞങ്ങളൊക്കെ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. അനേകം മനുഷ്യരെ ഈശോയോട് അടുപ്പിച്ചിട്ടുള്ള, കുടുംബങ്ങളിലും സമൂഹങ്ങളിലും സമാധാനം സ്ഥാപിച്ചിട്ടുള്ള അനവധി പ്രഭാഷകരുള്ള കപ്പൂച്ചിന്‍ സഭയിലെ രണ്ടു പേരുടെ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. വ്യക്തിപരമായ ഒരു അഭിരുചി കൊണ്ട് ഈ രണ്ടു പേരുടെ പ്രഭാഷണങ്ങളോട് കൂടുതല്‍ അടുപ്പം തോന്നിയിട്ടുണ്ട്, അവയെന്നെ വളര്‍ത്തിയിട്ടുമുണ്ട്.


വാക്കുകള്‍ വളര്‍ത്തുകയും നശിപ്പിക്കുകയും ചെയ്യും. ഒരേ വാക്കുകള്‍ തന്നെ നന്മയ്ക്കും തിന്മയ്ക്കും കാരണമാകാം. എത്രയോ പ്രഭാഷകരുള്ള ലോകമാണിത്. ചിലരുടെ വാക്കുകള്‍ വലിയ മുഴക്കത്തോടെ ഉള്ളില്‍ മുഴങ്ങുന്നു. അത് ഉള്ളില്‍ ചലനമുണ്ടാക്കുന്നു. ചിലത് ചെവി വരെ മാത്രം എത്തി നില്‍ക്കുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദവും ഒഴുക്കുള്ള വാഗ് ധാരയുമായി പിടിച്ചിരുത്തുന്ന പ്രഭാഷകരുണ്ട്. അന്തരീക്ഷവായുവില്‍ ആ ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന ചലനം കേള്‍വിക്കാരുടെ ഉള്ളില്‍ ഉണ്ടാക്കാന്‍ അവയില്‍ എത്രയെണ്ണത്തിന് കഴിയുന്നുണ്ട്? ശരിയാണ് പലതരം ശൈലിയില്‍ പ്രഭാഷണങ്ങള്‍ ഉണ്ട്, പ്രസംഗങ്ങള്‍ ഉണ്ട്. ഓരോ വ്യക്തിയുടെയും അഭിരുചിയനുസരിച്ച് പ്രഭാഷകരെ അവര്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അപ്പോഴും അവശേഷിക്കുന്ന ചോദ്യം, ഈ വാക്കുകള്‍ എന്തു ചലനമാണ് സൃഷ്ടിക്കുന്നത്. ഹൃദയമില്ലാത്ത, ഉള്ളില്‍ ആഴമില്ലാത്ത വാക്കുകള്‍ എങ്ങും ഏശാതെ കടന്നുപോകും.


തെല്ലു മുതിര്‍ന്ന ഒരു സഹോദരന്‍റെ കാഴ്ചപ്പാടില്‍ നമ്മുടെ പ്രസംഗം കേള്‍ക്കുന്നവര്‍ക്ക് ഒരിത്തിരിയെങ്കിലും സ്നേഹം ഈശോയോട് കൂടുതല്‍ തോന്നണം. ചിലപ്പോഴൊക്കെ പ്രസംഗിക്കുമ്പോള്‍ വല്ലാത്ത സംശയം ഉണ്ട്, കേള്‍ക്കുന്നവര്‍ക്ക് ദൈവത്തോട് ഇഷ്ടം കൂടിയോ അതോ ഉള്ളതുകൂടി കുറഞ്ഞോ? ഈ എഴുതി വിടുന്നതുമൊക്കെ വായിക്കാന്‍ സമയം മാറ്റിവയ്ക്കുന്നവര്‍ക്ക് ഒരു അല്പമെങ്കിലും സ്നേഹം ഉള്ളില്‍ തോന്നിയില്ലെങ്കില്‍, ആശ്വാസമോ പ്രത്യാശയോ ലഭിക്കുന്നില്ലെങ്കില്‍... ദൈവേമേ ...


നയചാതുരിയോടെ സംസാരിക്കുന്നവരുണ്ട്. ഉള്ളിലുള്ളതെല്ലാം മറച്ചുവച്ചു കൊണ്ട് പുറമേ തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യം പറയാന്‍ കഴിവുള്ളവര്‍. സ്വാര്‍ത്ഥമായ കാര്യങ്ങള്‍ക്കു വേണ്ടി, സംസാരിക്കാനുള്ള തങ്ങളുടെ കഴിവിനെ ഉപയോഗിക്കുന്നവര്‍ സഭയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഒട്ടും കുറവൊന്നുമല്ല. തങ്ങളുടെ വാഗ് ചാതുര്യം കൊണ്ട് വേറൊരു ലോകം തന്നെ സൃഷ്ടിക്കുന്നവര്‍. സംസാരത്തിലുടെ എല്ലാം തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നവരുമുണ്ട്. അത്തരം കാര്യങ്ങളില്‍ ഉള്ളം അറിയുന്ന ദൈവം അവര്‍ക്ക് വിധികര്‍ത്താവാകട്ടെ!


ഇക്കാലത്ത് പള്ളി പ്രസംഗങ്ങളെ കുറെയധികം ആളുകള്‍ പേടിക്കുന്നുണ്ട്. എവിടെ നിര്‍ത്തണം എന്ന് അറിയാതെ നീണ്ടുപോകുന്ന പ്രസംഗങ്ങള്‍. നീളം കൂടിയ ആമുഖങ്ങളും വചന പ്രഘോഷണവും അറിയിപ്പുകളും ചേര്‍ത്തു മൂന്നു പ്രസംഗങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന സാധാരണ വിശ്വാസി. കേള്‍വിക്കാരെ കുറിച്ചുള്ള ശ്രദ്ധയില്ലാതെ പോകുമ്പോള്‍, പറയുന്നവര്‍ക്ക് ഔചിത്യം ഇല്ലാതായാല്‍ എല്ലാം കുഴമറിയും.


ഇത്രയും പ്രസംഗങ്ങള്‍ ഉള്ള പ്രാസംഗികര്‍ ഉള്ള മറ്റൊരു മതം ഉണ്ടാകില്ല. വിശ്വാസികള്‍ക്ക് അത് ബലവും നവീകരണവും നല്കുന്നു. അവരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുന്നു; ശരി തന്നെ. പക്ഷേ അത് എത്രമാത്രം ഗുണപരമായി മാറുന്നുണ്ട്? (How do these preaching qualitatively affect the practice of Christianity?) സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന കര്‍ത്തൃകല്പന പാലിക്കുന്നു എന്നതു ശരി തന്നെ. പ്രസംഗിക്കുന്ന കാര്യം പറയുന്നയാളെയും കേള്‍ക്കുന്നയാളെയും തൊടാതെ, രണ്ടു കൂട്ടര്‍ക്കും ഒരു കുളിരു മാത്രം നല്കി തീര്‍ന്നുപോകുന്നില്ലേ പലപ്പോഴും? എത്രമാത്രം ആഴത്തില്‍ വ്യക്തികളെ സ്വാധീനിക്കാന്‍ ഈ പ്രഭാഷകര്‍ക്ക് കഴിയുന്നുണ്ട്?


സാമൂഹിക മാധ്യമങ്ങളുടെ വരവോടെ എത്രയോ പേരുടെ, പ്രസംഗങ്ങള്‍ വിവിധ ഭാഷകളിലായി എത്ര കോടി മണിക്കുറുകള്‍ Internet ല്‍ ലഭ്യമാണ്.Youtube ല്‍ മാത്രം എത്രയധികമുണ്ട്. അതുപോലെ Facebook, Instagram, WhatsApp എന്നിവയില്‍ ഉള്ളത്. പ്രാസംഗികരുടെ ശബ്ദമുഖരിതമായ ഈ അന്തരീക്ഷത്തില്‍ ക്രിസ്തുവിന്‍റെ മന്ത്രണം വല്ലാതെ ദുര്‍ബലമായി പോകുന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ വരവോടെ രാത്രി സംഗീതം നമ്മള്‍ കേള്‍ക്കാതെ ആയതു പോലെയാണിത്. ഇപ്പോഴും പുറത്ത് ചീവീട് , തവള, വേര്‍തിരിക്കാന്‍ കഴിയാത്ത ഒരുപാടു ചെറു പ്രാണികള്‍ രാത്രിയില്‍ നമ്മുടെ വിശ്രമത്തിന് ഉതകും വിധം സംഗീതമൊരുക്കുന്നുണ്ട്. ചെറിയ ചെറിയ സദ് സംഘങ്ങള്‍ പലയിടങ്ങളിലായി അവനെപ്പറ്റി പറയുന്നുണ്ട്. ആത്മാര്‍ത്ഥതയുള്ള, വ്യക്തിപരമായ അനുഭവത്തില്‍ നിന്നും ക്രിസ്തുവിന്‍റെ സ്നേഹത്തെപ്പറ്റി സുവിശേഷത്തെപ്പറ്റി പറയുന്ന ധാരാളം പ്രഭാഷകര്‍ ഇവിടെയുണ്ടാകട്ടെ !


'എപ്പോഴും വചനം പ്രഘോഷിക്കുക ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക' എന്നു പറഞ്ഞ വി. ഫ്രാന്‍സിസിനെപ്പോലെ ജീവിതം കൊണ്ടും മൗനം കൊണ്ടും സുവിശേഷ പ്രഘോഷണം നടത്താമെന്ന് നമുക്ക് തെളിയിച്ചാലോ?


പ്രസംഗം അധികമാകുമ്പോള്‍

റോണി കിഴക്കേടത്ത്

അസ്സീസി മാസിക മേയ് 2026

May 1

0

0

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page