top of page

കാണാമറ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Mar 26
  • 1 min read
Collage of somber events: top left, a formal gathering; top right, orchestra performance; bottom left, religious service; bottom right, funeral.

പല സംസ്കാരങ്ങളിലും ചില പ്രത്യേക അവസരങ്ങളിൽ ആളുകൾ കറുപ്പുവസ്ത്രം ഉപയോഗിക്കാറുണ്ട്. സമകാലിക സാഹചര്യത്തിൽ അത് വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതായി തോന്നിയിട്ടുണ്ട്. മൃതസംസ്കാര ചടങ്ങുകളിൽ, ഔപചാരികമായ സായാഹ്ന പരിപാടികളിൽ, സംഗീത വിരുന്നുകളിൽ, ഒക്കെ അതിൽ പങ്കെടുക്കുന്നവർ കറുത്തവസ്ത്രം ധരിക്കുക പാശ്ചാത്യ സംസ്കാരത്തിൻ്റെ ഭാഗമാണ്. അതുപോലെതന്നെ പല മുന്തിയ ഭക്ഷണശാലകളിലും വെയ്റ്റർമാരും വെയ്റ്റ്റസ്സുകളും കറുത്ത യൂണിഫോം ധരിക്കണമെന്ന് അതിൻ്റെ നടത്തിപ്പുകാർ ആവശ്യപ്പെടാറുണ്ട്. സത്യത്തിൽ എന്താണ് ഇതിനെല്ലാം ആധാരം? എന്താണ് ഇപ്പറഞ്ഞ എല്ലാറ്റിനും അടിസ്ഥാന ചോദനയായി നിലകൊള്ളുന്നത്?


ഏറ്റവും ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ: ഫോക്കസ്സിൽ നിന്ന് പുറത്തുപോകൽ ആണത്. മേല്പറഞ്ഞ എല്ലാ സാഹചര്യത്തിലും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. താനാവരുത് ഫോക്കസ്സ്. തൂവെള്ളയാേ അഥവാ വിവിധ നിറങ്ങളിലോ ഉള്ള വസ്ത്രങ്ങൾ നമ്മിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അത്തരുണത്തിൽ നാം മറ്റുള്ളവരുടെ ശ്രദ്ധയുടെ കേന്ദ്രം ആയി മാറും. ഒരു മൃതസംസ്കാരത്തിൽ പങ്കെടുക്കുന്നവർ എല്ലാം ഔട്ട് ഓഫ് ഫോക്കസ്സ് ആവുകയും അന്ത്യയാത്ര പോവുന്ന ആൾ മാത്രം ഫോക്കസ്സിലാവുകയും ചെയ്യാൻ വേണ്ടിയാണ് എല്ലാവരും കറുപ്പ് ധരിക്കുന്നത്.


ഒരു ഗാനസന്ധ്യയിൽ ഉപകരണവാദകർക്കല്ല മറിച്ച് സംഗീതത്തിന് ശ്രദ്ധ ലഭിക്കുന്നതിനുവേണ്ടിയാണ് സ്റ്റേജിലുള്ളവരെല്ലാം കറുപ്പുവേഷം ധരിക്കുന്നത്. ഒരു വേള വായ്പാട്ടുകാർ മാത്രം ശുഭ്രമോ വർണ്ണമോ ധരിച്ചെന്നു വരാം.


അതുപോലെ, ഭക്ഷണശാലകളിലും അവിടെ വരുന്ന അതിഥികൾക്ക് തങ്ങളാണ് ശ്രദ്ധാകേന്ദ്രം എന്നു തോന്നണം. വെയ്റ്റേഴ്സ് ബാക്ഗ്രൗണ്ടിലേക്ക് ചുരുങ്ങണം എന്നതിനാലാണ് അവിടെയും പലരും കറുപ്പ് യൂണിഫോം നിഷ്കർഷിക്കുന്നത്. പല സഭകളിലും വൈദികരുടെയും സന്ന്യസ്തരുടെയും ഔദ്യോഗിക വസ്ത്രം കറുപ്പ് ആണ്. ലക്ഷ്യം മേല്പറഞ്ഞതുതന്നെ. അവരാവരുത് ഫോക്കസ്സ്. കറുപ്പ് വലിയ ഗൗരവപരത (solemnness) കൊണ്ടുവരുന്നുണ്ട്. കറുപ്പ് മരണത്തിൻ്റെ നിറമൊന്നുമല്ല. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു പോയതാണ്!


വലിയ നോമ്പിൻ്റെ അവസാന ഘട്ടത്തിൽ പല പാശ്ചാത്യ-പൗരസ്ത്യ സഭകളിലും കറുപ്പോ വയലറ്റോ നിറത്തിലുള്ള മൂടുപടം കൊണ്ട് രൂപങ്ങളും ചിത്രങ്ങളും മറയ്ക്കാറുണ്ട്. തൻ്റെ മരണം പെസഹാദിനങ്ങളിൽ സംഭവിപ്പിക്കേണ്ടതിന് ഏതാനും ദിവസം യേശു ജോർദ്ദാന് മറുകരയിലേക്ക് പിൻവാങ്ങുന്നതായി സുവിശേഷങ്ങളിൽ നാം വായിക്കുന്നുണ്ട്. യേശുവിൻ്റെ ഒളിവിൽ പോകലിനെ ദ്യോതിപ്പിക്കുന്നതിനാണ് ഇങ്ങനെ രൂപങ്ങളും ചിത്രങ്ങളും മറയ്ക്കുന്നത് എന്നാണ് പൊതുവേ പറയാറ്. എന്നാൽ, കാഴ്ചകളുടെ ബാഹ്യപരതയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ രൂപങ്ങളും ചിത്രങ്ങളും മൂടുപടമിട്ട് മറയ്ക്കുന്നത് എന്നതാണ് ശരി.


അതായത്, ഈ ഘട്ടത്തിൽ രൂപങ്ങൾ പോലും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിച്ചുകൂടാ. കാഴ്ചകൾക്കപ്പുറത്തേക്ക് നാം വിശ്വാസനേത്രങ്ങളെ കൊണ്ടുപോകണം. ദേവാലയത്തിൽ നേരത്തേതന്നെ - വലിയ നോമ്പിൻ്റെ ആരംഭത്തിൽത്തന്നെ - പൂക്കളും മറ്റ് അലങ്കാരങ്ങളും ഒഴിവാക്കിയിരുന്നു. കത്തിക്കുന്ന മെഴുതിരികളുടെ എണ്ണം പോലും പരമാവധി കുറച്ചിരുന്നു. ഉപകരണസംഗീതം കുറക്കുകയോ ഒഴിവാക്കുകയോ ചെയ്തിരുന്നു. ഒഴിവാക്കാനാവുന്ന രൂപങ്ങളും ഒഴിവാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ കുരിശുരൂപം പോലും മറയ്ക്കപ്പെടുകയാണ്. ദേവാലയത്തിൽ കാണാൻ ഒന്നുമില്ലാത്ത അവസ്ഥ! ബാഹ്യനേത്രങ്ങൾക്ക് ഒന്നും തിന്നാൻ ഇല്ലാത്തപ്പോൾ ആന്തരിക നേത്രങ്ങൾ മെല്ലെ തുറക്കപ്പെടണം! ബാഹ്യരൂപങ്ങൾ ഔട്ട് ഓഫ് ഫോക്കസ്സ് ആക്കുകയാണ്. ആന്തരികയാഥാർത്ഥ്യങ്ങളെ ഫോക്കസ്സിലേക്ക് എത്തിക്കാൻ!

bottom of page