

The Key Takeaways:
The article discusses the fourth cup of wine at the Last Supper and facing one's personal struggles.
തെല്ലുനേരത്തേക്ക് മനുഷ്യരുടെ കരങ്ങളില്‍ താന്‍ ഏല്പിക്കപ്പെടും എന്ന് തന്നെയാണയാള്‍ ഗലീലിയില്‍ വച്ച് പറഞ്ഞത്. ഏതൊരു മനുഷ്യന്‍റെയും ശിരോലിഖിതമാണിതെന്ന് തോന്നുന്നു.
സ്വന്തം ജീവിതത്തെ തിരശ്ശീലയിലെന്നപോലെ നിസ്സംഗമായി കാണേണ്ട കാണി മാത്രമാണ് ഇനി നിങ്ങള്‍. കുടുംബകോടതിയില്‍ തല കുനിച്ച് നില്‍ക്കുന്ന വീട്ടമ്മയെപ്പോലെ ജീവിതം! ആരൊക്കെയോ നിങ്ങള്‍ക്ക് വേണ്ടി കഥ മെനയുന്നു, സംസാരിക്കുന്നു, തര്‍ക്കിക്കുന്നു, തീര്‍പ്പിലെത്തുന്നു.
മനുഷ്യപുത്രന്‍ പാപികളുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെടും എന്നാണ് ലൂക്കിന്‍റെ സുവിശേഷത്തില്‍. ലക്ഷ്യം തെറ്റുക എന്ന് അര്‍ത്ഥം വരുന്ന ഒരു പദമാണ് ഹീബ്രുവില്‍ 'പാപ'ത്തിന്‍റെ എറ്റിമോളജി. അങ്ങനെയെങ്കില്‍ 'പാപികള്‍' എന്ന പദത്തെ ഏകാഗ്രതയോ ലക്ഷ്യബോധമോ ദിശാസങ്കല്പങ്ങളോ ഇല്ലാത്തവര്‍ എന്ന് നീട്ടി കണ്ടെത്താവുന്നതാണ്. അവരാണ് അലക്ഷ്യമായി നമ്മുടെ ജീവിതത്തെ കരുണയോ അവധാനതയോ ഇല്ലാതെ പന്താടുന്നത്.
ഒരേ നേരം ചിത്രകാരനും വൈദ്യനുമായിരുന്നു സുവിശേഷകനായ ലൂക്കാ. തോട്ടത്തില്‍ അയാള്‍ രക്തം വിയര്‍ത്തതായി എഴുതി വയ്ക്കുമ്പോള്‍ ലൂക്കായിലെ ഏതൊരാളാണതില്‍ ഒരു പൊടിക്ക് മീതെ നിന്നതെന്ന് നമുക്കറിയില്ല. അയാളുടെ കഠിന വ്യഥയെ അടയാളപ്പെടുത്താന്‍ തീവാക പോലെ ചോപ്പുള്ള കടുംവര്‍ണ്ണം ഉപയോഗിച്ചതാവാം. രക്തം വിയര്‍ത്തുവെന്നല്ല രക്തം പോലെ വിയര്‍ത്തുവെന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. His sweat was Like drops of blood.. . അല്ലെങ്കില്‍ വൈദ്യനെന്ന നിലയില്‍ കേട്ടറിവുള്ള Hematidrosis‑ എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മെഡിക്കല്‍ കണ്ടീഷനുമാവാം. മരണത്തോളം ദുഃഖമനുഭവിച്ച രാവെന്നാണയാള്‍ ആത്മഗതം ചെയ്യുന്നത്.
യേശുവിനെ അവ സാനത്തെ ആദമായി കരുതുന്ന ദൈവശാസ്ത്ര വിചിന്തനങ്ങളുണ്ട്. രണ്ട് തോട്ടങ്ങളില്‍ രണ്ട് മനുഷ്യര്‍ നില്‍ക്കുന്നു. ആദ്യത്തേത് ഏദനാണ്. അവിടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവസന്ധാരണത്തിലേര്‍പ്പെടേണ്ട ആദ്യത്തെ നരനുണ്ട്. അവസാനിക്കാത്ത ആ സ്വേദകാണ്ഡത്തില്‍ അയാള്‍ ചോരകൊണ്ട് തുല്യം ചാര്‍ത്തുകയാണ്, മറ്റൊരു തോട്ടത്തില്‍ വെച്ച്. കഠിനവേലയുടെ ധ്വനികളുണ്ട് ആ പേരില്‍ പോലും - ഗദ്സമേനി. ഒലിവ് ചക്കുകളുടെ ഇടമെന്നാണ് അതിനര്‍ത്ഥം. വാസ്തവത്തില്‍ ചോരയല്ലാതെ മറ്റെന്താണ് വിയര്‍പ്പ്.
അയാള്‍ വെള്ളം വീഞ്ഞാക്കുന്നതുപോലെ മനുഷ്യര്‍ വിയര്‍പ്പിനെ ചോര ചാറിചുവപ്പിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.
' ഫോട്ടോഗ്രാഫറായിരുന്നു അപ്പന്‍"
'ഇപ്പം ചെയ്യുന്നുണ്ടോ'
' ഇല്ല.അനവധി വര്‍ഷങ്ങള്‍ ക്യാമറയുടെ ഭാരമെടുത്ത് തോളു പൊടിഞ്ഞു പോയി'.
ഇതൊരു textual variant എന്ന് കരുതുന്നവരുണ്ട്. എന്നു വച്ചാല്‍ ആദ്യകാല കൈയെഴുത്ത് പ്രതികളില്‍ ഇതില്ലായിരുന്നുവെന്ന്. എന്നാലും കുഴപ്പമില്ല. ചരിത്രത്തെക്കാള്‍ അഗാധമാണ് കവിത.
അങ്ങ് ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പാനപാത്രം എടുത്തു മാറ്റണമേ. ഇതായ ിരുന്നു തോട്ടത്തില്‍ മുഴങ്ങിയ ഒടുവിലത്തെ പ്രാര്‍ത്ഥന.
ഒരു പാനപാത്രവും ഒഴിവാക്കാനുള്ളതല്ല, കുടിക്കാനുള്ളതാണ്!
നാലു പാത്രങ്ങളില്‍ വീഞ്ഞു വിളമ്പിയിരുന്ന ഒരത്താഴം കഴിഞ്ഞതേയുള്ളൂ.അത് അവരുടെ രീതിയാണ്. ഓരോന്നിലും ഓരോ ഓര്‍മ്മയുണ്ട്. അടക്കിപ്പിടിച്ച പ്രാര്‍ത്ഥനയുണ്ട്. അതില്‍ മൂന്നാമത്തേത് അനുഗ്രഹത്തിന്‍റെ പാനപാത്രമാണ്. അതും വാഴ്ത്തി പങ്കിട്ടു.
ഒടുവിലത്തേത് പൂര്‍ത്തീകരണത്തിന്‍റെ ചഷകമാണ്.അതില്‍ വേദനയുടെയും ആത്മബലിയുടെയും ധ്വനികളുണ്ട്. അത് വാഴ്ത്താതെയും പങ്കിടാതെയും മേശയില്‍ തന്നെ ഉപേക്ഷിച്ചു. അതില്‍ ഒരാസന്ന മരണ വിശേഷമുണ്ട്. വീഞ്ഞിന്‍റെ ചോപ്പില്‍ ചോരയുടെ സൂചനകളുണ്ട്. മാറ്റി വെച്ച ആ നാലാമത്തെ കോപ്പയെ ഓര്‍ത്താണ് ഈ പാനപാത്രം എടുത്തു മാറ്റണേ എന്ന നിലവിളി .
ആരുടെ മേശയിലാണ് ഒരു നാലാം ചഷകം ഇല്ലാത്തത്. ആണിനെപ്പോലെ /പെണ്ണിനെപ്പോലെ അഭിമുഖീകരിക്കണം. എത്ര നാളാണ് ഒരാള്‍ അതില്‍ നിന്ന് തെന്നി മാറുന്നത്. വേദനയുടെ ഒരു പ്രോസ്സസിംഗ് (processing) നാണ് അയാള്‍ നമ്മളെ സഹായിക്കാന്‍ പോകുന്നത് ഒരു തരം pain management സമാന്തര ലോകമൊന്നും അധികനാള്‍ ഓടില്ല.
ലക്ഷണമൊത്ത ഒരു മദ്യപാ നത്തില്‍ നിരീക്ഷിക്കുന്നതു പോലെ സങ്കടങ്ങളുടെ ഈ പാനോപചാരത്തില്‍ മൂന്ന് ചുവടുണ്ട്. ആദ്യം hold, വെറുതെ അതിലേക്ക് ഉറ്റു നോക്കുക, തെല്ലകത്തിപ്പിടിച്ച്. പിന്നെ toast, തലയ്ക്ക് മീതെയുള്ള ചൈതന്യത്തിലേക്ക് ഉയര്‍ത്തുക. ഒടുവില്‍ ഒരോരോയിറുക്കായി മെല്ലെ കുടിക്കുക, Sip. എളുപ്പമല്ല.
പിറ്റേന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കാണ് അയാള്‍ അഗാധവിഷാദത്തിന്‍റെ ആ പാനപാത്രം കുടിച്ച് തീര്‍ത്തത്. എല്ലാം പൂര്‍ത്തിയായി എന്ന അന്ത്യമൊഴിയില്‍ തലേന്ന് ആരംഭിച്ച അത്താഴം പൂര്‍ത്തിയായെന്നും അര്‍ത്ഥമുണ്ട്.
ഇത്തവണത്തെ നോമ്പില്‍ പലകാരണങ്ങള്‍ കൊണ്ട് നിങ്ങളിന്നോളം തട്ടിമാറ്റിയ ഒരു നാലാം ചഷകത്തെ ഓര്‍ത്തെടുക്കുക. നല്ലതായിരിക്കും. അതിനോട് ആമേന്‍ പറയുന്നതും!
നാലാമത്തെ ചഷകം
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക മാർച്ച് 2026
Related Posts

ബോബി ജോസ് കട്ടിക്കാട്
Aug 11, 2025
2 min read
ഹൃദയപക്ഷം
നൂറ്റിയഞ്ചു വയസുള്ള ഒരാള്‍ നിലയ്ക്കാതെ പെയ്ത മഴയുള്ള ദിവസം വലിയ ചുടുകാട്ടില്‍ എരിഞ്ഞു പോയി. ഞങ്ങളുടേത് ഒരു ചെറിയ പട്ടണമാണ്. അതിന്‍റെ...

ബോബി ജോസ് കട്ടിക്കാട്
Dec 15, 2025
3 min read
മനുഷ്യപുത്രന്‍
1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന്‍ എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സ...

ബോബി ജോസ് കട്ടിക്കാട്
Jul 14, 2025
3 min read
ശരണാലയം
സഞ്ചാരിയുടെ നാള്‍വഴി 1 തെളിഞ്ഞ ബുദ്ധിയായിരുന്നു അയാളുടെ പ്രശ്നം. അതു കൊണ്ടാണ് ഒമ്പതു വയസു തൊട്ടേ തന്‍റെ പരിസരം തന്നോട് ഒരിക്കലും...






















