top of page

മരുഭൂമികാലം

Mar 9

2 min read

ജോനാഥ് കപ്പൂച്ചിന്‍
A group of people, including a woman carrying children, walk through a vast desert landscape. They appear to be dressed in traditional clothing.

മരുഭൂമി ഉഷ്ണക്കാറ്റ് ആഞ്ഞടിക്കുന്ന ജലരഹിതമായ മണലാരണ്യമാണ്. എന്നാല്‍ തിരുവചനത്തിലത് കേവലം ഒരു ഭൂപ്രദേശമല്ല, ചിലര്‍ക്കുവേണ്ടി ദൈവം നിശ്ചയിച്ചുറപ്പിച്ച ആത്മീയ പരിശീലനയിടമാണ്. 30 വര്‍ഷം നസ്രത്തിലെ വീട്ടില്‍ തച്ചനായി ജീവിച്ച ക്രിസ്തു ലോകത്തിന് മുഴുവന്‍ മിശിഹായായി രൂപാന്തരപ്പെട്ടത് അവിടെയാണ്. സാത്താന്‍റെ ഇടപെടലുകളവന്‍ ആദ്യമായി നേരിട്ടതും അവിടെത്തന്നെ. അപ്പോള്‍ പ്രലോഭകന്‍റെ വേഷത്തില്‍ ദുരാത്മാവ് അവനോട് സംസാരിക്കുന്നു. പുറപ്പാട് പുസ്തകത്തില്‍ ഇസ്രായേല്‍ ജനവും കടന്നുപോകുന്നൊരു മരുഭൂമി അനുഭവമുണ്ട്. പരീക്ഷകളുടെയും, പട്ടിണികളുടെയും, അലച്ചിലുകളുടെയും, വിശ്വാസ ഇടര്‍ച്ചകളുടെയും വരണ്ടുണങ്ങിയ ജീവിത പരിസരമായിരുന്നത്. ആഴത്തിലൊന്ന് ധ്യാനിച്ചാലൊരു കാര്യം മനസ്സിലാകും, ക്രിസ്തുവും ഇസ്രായേല്‍ ജനവും കടന്നുപോയ മഹാമരുഭൂമിയനുഭവങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയുണ്ടെന്ന്.


യേശു ജോര്‍ദാന്‍ നദിയും ഇസ്രായേല്‍ മക്കള്‍ ചെങ്കടലും കടന്ന് മുന്നോട്ടുപോയത് ഊഷരതയുടെ ഈ മരുമണ്ണിലേക്ക് പ്രവേശിക്കാനാണ്. ദൈവപുത്രനെ വഴി നടത്തിയത് പരിശുദ്ധാത്മാവാണെങ്കില്‍, ദൈവജനത്തെ മുന്നോട്ടു നയിച്ചതും അതേ പരാശക്തിതന്നെ. ആ ദുര്‍ഘടമായ ഇടത്തിലാണ് ഇരുവരും പലവിധ പരീക്ഷണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും വിശന്നും ദാഹിച്ചും തളര്‍ന്ന് വിവശരായത്. ഏറെക്കുറെ ഇരുവരും തതുല്യമായ പരീക്ഷകളിലൂടെയാണ് കടന്നുപോയത്. അവരുടെ ഹൃദയ വിചാരങ്ങള്‍ മുഴുവനും വെളിപ്പെട്ട് കിട്ടിയത് അവിടെ വെച്ചാണ്. തന്നില്‍ പൂര്‍ണ്ണമായി ആശ്രയിക്കുവാന്‍ ദൈവം ഒരുക്കിയ പരിശീലന കാലയളവായിരുന്നത്. 40 ദിവസം കൊണ്ട് ക്രിസ്തു എല്ലാവിധ പരീക്ഷകളെയും അതിജീവിച്ച് വിജയശ്രീലാളിതനായി പുറത്തുവന്നുവെങ്കില്‍, ഇസ്രയേല്‍ ജനത്തിന് 40 വര്‍ഷം എടുത്തിട്ടും പരാജയഭാരമാണ് ബാക്കി വന്നത്. അവര്‍ തോറ്റിടത്തു നിന്ന് അവരുടെ വീണ്ടെടുപ്പിന് വേണ്ടികൂടി വിജയിച്ചു കയറിയവനാണ് ക്രിസ്തു.


ഒന്നോര്‍ത്തു നോക്കൂ, ദൈവജനത്തിന്‍റെ വീഴ്ചകളിലൊന്ന് വിശപ്പിനെ കുറിച്ചുള്ള ആകുലതയായിരുന്നു. മരുഭൂമിയില്‍ അവര്‍ അനുദിനം പരുഭവപ്പെട്ടത് ആഹാരത്തിനു വേണ്ടിയായിരുന്നു. ദൈവം ആകാശത്തു നിന്നും മന്ന വര്‍ഷിച്ചിട്ടും അവര്‍ക്ക് പ്രിയം ഈജിപ്തിലെ ഇറച്ചിക്കഷണങ്ങളായിരുന്നു. ദൈവപുത്രനും നേരിട്ട പരീക്ഷണങ്ങളില്‍ ആദ്യത്തേതും വിശപ്പ് തന്നെയായിരുന്നു. വിരുന്നുകളില്‍ അതിഥിയാകുന്നതിന് മുമ്പ്, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നതിനു മുമ്പ്, അത്ഭുതം പ്രവര്‍ത്തിക്കുന്നതിന് മുമ്പ്, നിയമജ്ഞരോട് തര്‍ക്കിക്കുന്നതിന് മുമ്പ് ആദ്യം നേരിട്ടത് മരുഭൂമിയിലെ കൊടും വിശപ്പാണ്. എന്നിട്ടുമവന്‍ കല്ലുകളെ അപ്പമാക്കിയില്ല, ആകാശത്തിലെ മന്ന ആഗ്രഹിച്ചില്ല, ഈജിപ്തിലെ ഇറച്ചിക്കഷണം മോഹിച്ചുമില്ല. കാരണം, മാനവകുലത്തിന്‍റെ അന്നമായി തീരുവാന്‍ ദൈവം നിശ്ചയിച്ച ഒരാള്‍ക്ക് നശ്വരമായ വിശപ്പിനെകുറിച്ച് അധികം വ്യാകുലപ്പെടാനാകില്ല.


ദൈവം കരുതലിന്‍റെ കൈവെള്ളയില്‍ താങ്ങി കൊണ്ടുവന്ന ജനമാണ് ഇസ്രയേല്‍ മക്കള്‍. അവരെ വഴി നടത്തുവാന്‍ ഈജിപ്തുകാര്‍ക്കെതിരെ മഹാമാരി അയച്ചവന്‍, ചെങ്കടല്‍ പകുത്ത് വഴിയൊരുക്കിയവന്‍, രാത്രിയില്‍ അഗ്നിസ്തംഭമായും പകല്‍ മേഘസ്തംഭമായും അനുയാത്ര ചെയ്തവന്‍. എന്നിട്ടുമവര്‍ മരുഭൂമിയില്‍ ഉടനീളം ദൈവത്തിന്‍റെ സ്നേഹത്തെയും കരുതലിനെയും പരീക്ഷിച്ചു കൊണ്ടേയിരുന്നു. ക്രിസ്തു നേരിട്ട പ്രലോഭനങ്ങളില്‍ രണ്ടാമത്തെതും ദൈവത്തിന്‍റെ ഈ കരുതലുമായി ബന്ധപ്പെട്ടത് തന്നെയായിരുന്നു. പിശാച് അവനോട് ദേവാലയത്തിന്‍റെ അഗ്രത്തില്‍ നിന്നുകൊണ്ട് ചാടുവാന്‍ ആവശ്യപ്പെടുന്നു. ദൈവം തന്‍റെ ദൂതരെ അയച്ച് താങ്ങുമോ ഇല്ലയോയെന്ന് അങ്ങനെ ഉറപ്പിക്കണമായിരുന്നു. ക്രിസ്തുവാകട്ടെ അവന്‍റെ വാക്ക് കേട്ട് ദൈവത്തിന്‍റെ കരുതലിനെ പരീക്ഷിച്ചില്ല. എന്നുമാത്രമല്ല, ആരുമതിന് ശ്രമിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു.


ഒടുവിലായി, ഇസ്രയേല്‍ ജനം മണലാരണ്യത്തില്‍ ചെയ്ത മഹാ അപരാധം ദൈവത്തെ മറന്നു സ്വര്‍ണ്ണ കാളകുട്ടിയെ ആരാധിച്ചു എന്നതാണ്. തേനും പാലും ഒഴുകുന്ന കാനാം ദേശം വാഗ്ദാനം ചെയ്തവനെ വിസ്മരിച്ച് ആലയില്‍ ഉരുക്കിയ വെറും വിഗ്രഹത്തെ കുമ്പിട്ട് വണങ്ങുന്നു. ക്രിസ്തുവും തത്തുല്യമായ പ്രലോഭനത്തിലൂടെയാണ് ഒടുവില്‍ കടന്നുപോകുന്നത്. സാത്താന്‍ അവനും വാഗ്ദാനം ചെയ്യുന്നുണ്ട്, ലോകത്തിലെ എല്ലാ രാജ്യങ്ങളും അതിന്‍റെ മഹത്വവും നല്‍കാമെന്ന്. പകരമായി തന്നെ സാഷ്ടാംഗം പ്രണമിച്ച് ആരാധിക്കണമെന്ന്. ഏകദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവു എന്ന് കല്‍പിച്ചുകൊണ്ടവന്‍ സാത്താന്‍റെ തന്ത്രങ്ങളെ തകര്‍ക്കുന്നുണ്ട്. അങ്ങനെ മരുഭൂമിയില്‍ ഇസ്രയേല്‍ ജനത്തിന് സംഭവിച്ച വീഴ്ചകള്‍ക്ക് മരുഭൂമിയില്‍ തന്നെ ക്രിസ്തു പരിഹാരമാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. 40 വര്‍ഷമെടുത്തിട്ടും അവര്‍ക്ക് കഴിയാതെ പോയത്, അവന്‍ വെറും 40 ദിനങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കുന്നു. അങ്ങനെ ഇസ്രയേലിന്‍റെ പരാജയകഥയെയവന്‍ വിജയ ചരിത്രമാക്കിമാറ്റുന്നു.


ഏതൊരുവനും അവന്‍റെ ജീവിതത്തില്‍ വന്നുചേരാന്‍ ഇടയുള്ളൊരു ആത്മീയ വരള്‍ച്ചാക്കാലമുണ്ട്. ആ ഊഷരതയുടെ മരുഭൂമിയില്‍ നിശ്ചയമായും ശരീരത്തിന്‍റെ കാമനകളുടെ വിശപ്പും, ദൈവത്തിന്‍റെ കരുതലിനെ കുറിച്ചുള്ള ആശങ്കയും, അവിടുത്തെ അവഗണിച്ചുള്ളൊരു ജീവിതശൈലിക്ക് വേണ്ടിയുളള അഭിവാഞ്ചയും പ്രലോഭനമായി കടന്നു വന്നേക്കാം. അപ്പോള്‍ എങ്ങനെ അതിനെ പ്രതിരോധിച്ച് ജീവിക്കണമെന്നും അതിജീവിക്കണമെന്നും ക്രിസ്തു പഠിപ്പിച്ചു. സത്യത്തില്‍, മരുഭൂമിയവനെ രൂപപ്പെടുത്തുകയായിരുന്നു, അവന്‍റെ പൂര്‍ണ്ണതയിലേക്ക്. ആ മണലാരണ്യത്തിന്‍റെ ചൂടുള്ള പ്രലോഭനവഴികള്‍ ചവിട്ടി നടന്നാണവന്‍ തുടര്‍ന്നുള്ള മൂന്നുവര്‍ഷത്തെ പരസ്യ ജീവിതത്തിന്‍റെ മിശിഹാനിയോഗം ഏറ്റെടുക്കുവാന്‍ കരുത്തുള്ളവന്‍ ആയത്. കാരണം, മരുഭൂമിയൊരു പരീക്ഷണം ഇടം മാത്രമല്ല, പരിവര്‍ത്തനയിടം കൂടിയാണ്. ആകയാല്‍, നമ്മുടെ മുഴുവന്‍ നന്മയുടെയും സാധ്യതയിലേക്ക് വളരുവാന്‍ മരുഭൂമിയുടെ ഈ തപസ്സുകാലം കാരണമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കാം, നമുക്ക്.


മരുഭൂമികാലം

ജോനാഥ് കപ്പൂച്ചിന്‍

അസ്സീസി മാസിക മാർച്ച് 2026

Mar 9

0

47

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page