കണ്ണീരുപ്പ്
- George Valiapadath Capuchin

- May 20
- 1 min read

പൗലോസ് എങ്ങനെയാണ് പ്രധാനയിടങ്ങളിൽ സഭാസമൂഹത്തെ സ്ഥാപിച്ച് വളർത്തിയത് എന്നതിനെക്കുറിച്ച് നമുക്ക് സൂചന ലഭിക്കുന്നത് അപ്പസ്തോല പ്രവൃത്തി 20-ാം അധ്യായത്തിൻ്റെ ഉത്തരാർദ്ധം വായിക്കുമ്പോഴാണ്. ഒത്തിരി ഹൃദയാവർജ്ജകമായ വിവരണമാണത്. "കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നത് എന്ന് എല്ലാ നഗരത്തിലും പരിശുദ്ധാത്മാവ് എനിക്ക് വ്യക്തമാക്കിത്തരുന്നുണ്ട്"(23) എന്നുമാത്രം അറിയുന്ന പൗലോസ് തിരക്കിട്ട് അതിലേക്ക് പോവുകയാണ്. "സാധിക്കുമെങ്കിൽ പന്തക്കുസ്താദിനത്തിൽ ജറൂസലേമിൽ എത്തിച്ചേരാൻ അവന് തിടുക്കമായിരുന്നു"(16) പോലും! (അവിടെ വച്ചാണ് അവൻ ബന്ധനസ്ഥനാവുകയും കാരാഗൃഹത്തിലടക്കപ്പെടുകയും റോമിലേക്ക് കൊണ്ടുപോകപ്പെടുകയും അവിടെ വച്ച് വധിക്കപ്പെടുകയും ചെയ്യുക!)
സമയം തീരെ കളയാനില്ലാത്തതിനാലാണ് മിലേത്തോസിൽ കപ്പലിറങ്ങിയ ശേഷം എഫേസോസിലേക്ക് ആളയച്ച് അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വരുത്തുന്നത്. താൻ ആയിരുന്നതും ജീവിച്ചതുമായ രീതി പൗലോസ് അവരോട് പറയുകയാണ്. "പൂർണ്ണ വിനയത്തോടും കണ്ണുനീരോടും, യഹൂദരുടെ ഗൂഢാലോചനയിൽ എനിക്കുണ്ടായ പരീക്ഷണങ്ങളോടും കൂടി ഞാൻ നിങ്ങളുടെ ഇടയിൽ കർത്താവിന് ശുശ്രൂഷ ചെയ്തു. നിങ്ങളുടെ നന്മക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങൾക്ക് പറഞ്ഞുതരാൻ ഞാൻ മടി കാണിച്ചിട്ടില്ല. പൊതുസ്ഥലത്തുവച്ചും വീടുതോറും വന്നും ഞാൻ നിങ്ങളെ പഠിപ്പിച്ചു" (19-20) എന്നാണ് പൗലോസ് വ്യക്തമാക്കുന്നത്. ഒട്ടും വിട്ടുവീഴ്ച ചെയ്യാതെയായിരുന്നു പ്രബോധിപ്പിച്ചത്. "മൂന്നുവർഷം രാപകൽ കണ്ണുനീരോടുകൂടി നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതിൽനിന്ന് ഞാൻ വിരമിച്ചിട്ടില്ല" (31).
"ഞാൻ ആരുടെയും വെള്ളിയോ സ്വർണ്ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല. എൻ്റെയും എന്നോടുകൂടെ ഉണ്ടായിരുന്നവരുടെയും ആവശ്യങ്ങൾ നിർവഹിക്കാൻ എൻ്റെ ഈ കൈകൾ തന്നെയാണ് അധ്വാനിച്ചിട്ടുള്ളത് എന്ന് നിങ്ങൾക്കറിയാം" (33,34).
അദ്ദേഹത്തിന് ചുറ്റിലും അപകടവും പീഡനവും ഉണ്ടായിരുന്നു. എന്നിട്ടും ഒട്ടും മായം ചേർക്കാതെ സുവിശേഷത്തിൻ്റെ എല്ലാ വശങ്ങളും പഠിപ്പിച്ചു. പൊതുസ്ഥലത്തുവച്ചും വീടുതോറും കയറിയിറങ്ങിയും വിനയത്തോടും കണ്ണുനീരോടും കൂടിയാണ് അയാൾ പഠിപ്പിച്ചത്. തിരിച്ച് ഒന്നും കൈപ്പറ്റാതെ സ്വന്തം കൈകൊണ്ട് അധ്വാനിച്ചാണ് ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത്. "സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്ക്കരം' എന്നുപറഞ്ഞ കർത്താവായ യേശുവിൻ്റെ വാക്കുകൾ നിങ്ങളെ ഞാൻ അനുസ്മരിപ്പിക്കുന്നു" (35) എന്നുപറഞ്ഞ് അവസാനമായി ഒരു തവണകൂടി എല്ലാം ഓർമ്മിപ്പിച്ചാണ് പൗലോസ് വിടവാങ്ങുന്നത്.
പൗലോസ് ഇനി തിരികെ വരില്ല!!




























































