top of page

വസന്തം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Feb 18
  • 1 min read

പാരമ്പര്യങ്ങൾക്ക് എന്തെങ്കിലും മൂല്യം കല്പിക്കുന്ന ക്രൈസ്തവ സഭകൾ ഇന്നലെയും നാളെയും ഒക്കെയായി നോമ്പ് ആചരണത്തിലേക്ക് പ്രവേശിക്കുകയാണ്.

പറയാനാണെങ്കിൽ ഏറെയുണ്ട്. വിള്ളലുകൾ നികത്തലും പുറംപൂച്ചുകൾ എടുത്തുമാറ്റലും ബന്ധങ്ങൾ സ്ഥാപിക്കലുമാണ് നോമ്പിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി തോന്നിയിട്ടുള്ളത്.


അടിമത്തത്തിൻ്റെ നുകങ്ങൾ എടുത്തുമാറ്റുക, മർദ്ദനം അവസാനിപ്പിക്കുക, മേധാവിത്തം ഇല്ലാതാക്കുക എന്നെല്ലാം ഏശയ്യാ പറയുന്നുണ്ട്. വിള്ളലുകൾ അടയ്ക്കലാണ് അപ്പറയുന്നതെല്ലാം. മനുഷ്യർ എന്ന നിലയിൽ കാലാകാലങ്ങളായി ഉണ്ടായി വന്നിട്ടുള്ള വ്യവസ്ഥയുടെ അനീതികൾ ഇല്ലാതാക്കൽ!


വരേണ്യതയും മേധാവിത്തവും കോയ്മയും പുതുതായി സൃഷ്ടിക്കപ്പെടാതെ നോക്കണം. അവ സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണ് മുഖംമൂടികളും പുറംപൂച്ചുകളും. ഞാൻ വലിയ പ്രാർത്ഥനക്കാരനാണ്, ഞാൻ ഭൂലോക നന്മമരമാണ്, ഞാൻ താപസമേരുവാണ്: ഞാൻ വലിയ സംഭവമാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള കുറുക്കുവഴികൾ! ഇപ്പറഞ്ഞതൊക്കെ അഴിച്ചുമാറ്റേണ്ടതുണ്ട്.


മണ്ണും വിണ്ണും മരവും ചരവുമായി അടുക്കലും കണക്റ്റാവലുമാണ് പിന്നെ ചെയ്യാനുള്ളത്.


കുറയ്ക്കുക, നടക്കുക, നോക്കുക, കേൾക്കുക എന്നീ നാല് ക്രിയകൾ ഓർത്താൽ എളുപ്പമായി. അനാവശ്യങ്ങൾ ഒഴിവാക്കി ലളിതവല്ക്കരിക്കുന്നതാണ് കുറയ്ക്കൽ. തീന്, കുടി, ഉടുപ്പ്, എടുപ്പ്: എല്ലാറ്റിലും. കുറയ്ക്കാൻ കുറച്ചൊക്കെ കൊടുക്കുകയും വേണം.


വീട്ടിൽ നിന്നും സൗകര്യങ്ങളിൽ നിന്നും തന്നിൽ നിന്നും പുറത്തിറങ്ങലാണ് നടക്കൽ.


ചുറ്റുപാടുകളെയും മനുഷ്യരെയും ശ്രദ്ധിക്കൽ മാത്രമല്ല, ശരിയായി കാണാൻ ശ്രമിക്കൽ കൂടിയാണ് നോക്കൽ. ബോധപൂർവ്വം സക്രിയമായി ചെയ്യേണ്ടത്.


ശബ്ദം താഴ്ത്തലും നിശ്ശബ്ദമാവലും ചേർത്ത് പ്രകൃതിയിലേക്കും ഉള്ളിലേക്കും കാതയയ്ക്കലാണ് കേൾക്കൽ.


ഇതിനൊന്നും ഒത്തിരി വലിയ സന്നാഹങ്ങളൊന്നും വേണ്ടാന്നേ. ഹിമാലയത്തിലേക്കൊന്നും പോകണ്ടാ. മുറ്റത്തേക്കോ വഴിയിലേക്കോ ഇറങ്ങിയാൽ മതി.


കുറയ്ക്കുക, നടക്കുക, നോക്കുക, കേൾക്കുക.


bottom of page