
സ്വാതന്ത്ര്യത്തിന്‍റെ സപ്തതിയും വലതുപക്ഷവത്ക്കരണ പ്രതിരോധവും
Aug 2, 2016
6 min read

ബ്രിട്ടീഷാധിപത്യത്തില്‍ നിന്നും ഇന്ത്യയുടെ മോചനത്തിനു നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു 2016 ല്‍ പ്രായം 131 വയസ്സ്. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു പ്രായം 69. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു സപ്തതിയായി. മനുഷ്യായുസ്സുമായി തട്ടിച്ചുനോക്കിയാല്‍ സപ്തതി അഥവാ എഴുപതുവര്‍ഷം എന്നത് വാര്‍ദ്ധക്യസഹജമായ ജീര്‍ണ്ണതയിലേക്കുള്ള കാല്‍വെയ്പാണ്. പക്ഷെ രാജ്യങ്ങളുടെ പ്രായത്തെ മനുഷ്യരുടെ പ്രായവുമായി താരതമ്യപ്പെടുത്തുന്നത് യുക്തിശൂന്യമാണ്. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട സംസ്ക്കാരങ്ങളുടെ വളര്‍ച്ചയെ ആരോഗ്യകരമായി അതിജീവിച്ചവയാണ് ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളും. നമ്മള്‍ ഇന്ത്യക്കാര്‍ എന്തുകൊണ്ട് ഇപ്പോഴേ എഴുപതിന്‍റെ ജീര്‍ണ്ണതകളിലേക്കു തലകുത്തിവീണുപോയി? ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യം ഒരുതരം അകാലവാര്‍ദ്ധക്യത്തിലേക്കു പതിച്ചിരിക്കുകയാണ്. ജനാധിപത്യം, മനുഷ്യാവകാശസംരക്ഷണം, സ്ത്രീപുരുഷതുല്യത, ജാതീയമായ ഉച്ചനീചത്വങ്ങള്‍, പ്രാദേശികമായ അസന്തുലിതാവസ്ഥകള്‍, പാരിസ്ഥിതിക ബോധത്തെ മാനിക്കാതെയുള്ള വികസനഭ്രാന്ത്, ഉപഭോഗാസക്തിയുടെ കൂത്താട്ടം, അധികാരാസക്തിയിലും അഴിമതിയിലും മുങ്ങിത്താണുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കസര്‍ത്തുകള്‍, മതദാര്‍ശനികരംഗത്തു ലോകവ്യാപകമായി വളര്‍ന്നുവരുന്ന വലതുപക്ഷ മൗലികതാവാദം, അധോലോകലോഭികള്‍ ഇവയത്രയും എഴുപതിലേക്കടുക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയശരീരത്തിലെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്വയം നക്കിത്തുടയ്ക്കാനല്ലാതെ ഈ വ്രണങ്ങളുടെ ശാശ്വതമായ സുഖപ്പെടുത്തലിനു ക്ഷിപ്രഫലപ്രാപ്തി ഉറപ്പു വരുത്തുന്ന ഔഷധങ്ങളൊന്നും ഇല്ലെന്നതാണ് പരമാര്‍ത്ഥം. ഇവിടെ സ്വാതന്ത്ര്യത്തെ കേവലം രാഷ്ട്രീയമായ അര്‍ത്ഥത്തിലല്ലാതെ അതിന്‍റെ ദാര്‍ശനിക തലങ്ങളിലേക്കു കൂടി ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം പ്രസക്തമാണെന്നു വരുന്നു. സ്വാതന്ത്ര്യം അഥവാ ഇന്‍ഡിപ്പെന്‍റന്‍സ് (Independence) എന്ന വാക്കിനു രാഷ്ട്രീയം എന്നതുപോലെ ആത്മീയവും ദാര്‍ശനികവുമായ അര്‍ത്ഥതലങ്ങളുണ്ട്. ഡിപ്പന്‍റെന്‍സ് അല്ലെങ്കില്‍ വിധേയത്വം എന്നത് എല്ലാ ജീവിവര്‍ഗ്ഗങ്ങളുടെയും നൈസര്‍ഗിക സ്വഭാവമാണ്. ഈ സ്വഭാവത്തെ മറികടന്നുകൊണ്ടു മാത്രമേ പടിപടിയായുള്ള വിധേയത്വനിഷേധവും ഘട്ടം ഘട്ടമായി സ്വായത്തമാക്കാന്‍ കഴിയുന്ന ഇന്‍ഡിപ്പെന്‍ഡന്‍സ് അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന അവസ്ഥയിലേക്കു ജീവിവംശങ്ങള്‍ക്കു വളരാന്‍ കഴിയൂ. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ വ്യക്തികളുടെ സര്‍ഗ്ഗശേഷി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളു. അതുവരെയും സ്വന്തം പരിസ്ഥിതികളോട് വിധേയത്വം പുലര്‍ത്തിപ്പോന്ന വ്യക്തി സ്വന്തം പരിസ്ഥിതികളുടെ സ്രഷ്ടാവായി മാറുന്നു. എല്ലാ സൃഷ്ടിപ്രക്രിയയും സര്‍ഗ്ഗാത്മകമായിരിക്കും. അങ്ങനെയല്ലാത്ത കേവലമായ നിര്‍മ്മാണപ്രവൃത്തികള്‍ സൃഷ്ടി എന്ന വിശേഷണത്തിനൊട്ടും തന്നെ അര്‍ഹമല്ല.
സൃഷ്ടിയുടെ മറുവശമാണ് സംഹാരം. സംഹാരം അതില്‍ത്തന്നെ വിനാശകാരിയല്ല. സംഹാരം സംഹാരത്തിനു വേണ്ടി മാത്രമാകുമ്പോള്‍, സംഹാരം സൃഷ്ടിക്കുന്ന ശൂന്യത സൃഷ്ടികൊണ്ട് നികത്തപ്പെടാതെ വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഉല്‍ക്കണ്ഠാജനകമാകുന്നു. സമകാലിക ആഗോളരാഷ്ട്രീയ ഗതിമാറ്റങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഈ ഉല്‍ക്കണ്ഠ വര്‍ദ്ധിക്കുന്നു. ഇതുവരെയും ഇടതുപക്ഷത്തിനു മുന്നേറ്റമുണ്ടായിരുന്ന ലോകരാഷ്ട്രീയം കൂടുതല്‍ വലത്തോട്ട് ചാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇടതുപക്ഷം ഹൃദയപക്ഷമായിരുന്നെങ്കില്‍ വലതുപക്ഷം ആമാശയപക്ഷമാണെന്നായിരുന്നു പൊതുധാരണ. ആഗോളരാഷ്ട്രീയം ഹൃദയപക്ഷത്തെയും മസ്തിഷ്ക്കപക്ഷത്തെയും ഒക്കെ കൈവെടിഞ്ഞ് ആമാശയപക്ഷത്തേക്കു സങ്കോചിക്കുകയാണ്. മനുഷ്യന്‍ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് യേശു സാത്താനു നല്‍കിയ പ്രത്യുത്തരം അസാധുവാക്കപ്പെടുകയാണ്. അപ്പത്തിനുവേണ്ടി എന്തതിക്രമവും ആകാം എന്ന നിലയിലേക്കു ലോകം സങ്കോചിച്ചിരിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാനുള്ള ബ്രിട്ടീഷ് ഭൂരിപക്ഷത്തിന്‍റെ തീരുമാനം, അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്‍റെ പ്രചരണരംഗത്ത് ഡോണാള്‍ഡ്ട്രംമ്പിനെപ്പോലുള്ള ഒരു തീവ്രവലതുപക്ഷക്കാരന്‍ മേല്‍ക്കൈ നേടുന്നതായുള്ള പ്രചരണം, നേരത്തെ സംഭവിച്ചു കഴിഞ്ഞ സോവ്യറ്റ് സ്വപ്നങ്ങളുടെ ശിഥിലീകരണം, കമ്മ്യൂണിസ്റ്റ് ചൈനയുടെ വലതുപക്ഷത്തേക്കുള്ള ചായ്‌വ് , സമാധാനം എന്നര്‍ത്ഥമുള്ള ഇസ്ലാമിന്‍റെ പേരില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഐ. എസ.് ഭീകരന്മാര്‍ നടത്തിവരുന്ന മനുഷ്യത്വരഹിതമായ അക്രമപ്രവൃത്തികള്‍, തത്ഫലമായുളവായ അതീവസങ്കീര്‍ണ്ണമായ അഭയാര്‍ത്ഥി പ്രവാഹം, ഇന്ത്യയില്‍ നരേന്ദ്രമോഡിയെ മുന്നില്‍ നിറുത്തിക്കൊണ്ട് സംഘപരിവാര്‍ ശക്തികള്‍ ജനകീയാഭിപ്രായങ്ങള്‍ക്കു മേല്‍ നടത്തുന്ന യുക്തിശൂന്യമായ അട്ടിമറി ഇതെല്ലാം സൂചിപ്പിക്കുന്നത് ലോകം അത്യന്തം അപകടകരമായ ഒരു വലതുപക്ഷവേലിയേറ്റത്തിനു വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. ഇതിനെതിരെ എങ്ങനെ സമര്‍ത്ഥമായ ഒരു പ്രതിരോധനിര വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും എന്നതാണ് ഇന്നു മനുഷ്യസ്നേഹികള്‍ക്കു മുന്നിലുള്ള മുഖ്യചിന്താവിഷയം.
വ്യക്തിപരമായ സന്തോഷാന്വേഷണങ്ങളും അവകാശാനുഭവങ്ങളും എന്ന തലത്തിലാണ് സാധാരണ സ്വാതന്ത്ര്യസങ്കല്പത്തെ വ്യവഹരിക്കാറുള്ളത്. എന്തും ചെയ്യാനുള്ള വ്യക്തിയുടെ അവകാശം എന്ന വളരെ ലളിതമായ നിര്‍വ്വചനത്തില്‍ സ്വാതന്ത്ര്യസങ്കല്പത്തെ പരിമിതപ്പെടുത്തുകയാണ് നമ്മുടെ പതിവ്. ഭരണകൂടമുള്‍പ്പെടെയുള്ള മുതലാളിത്ത സ്ഥാപനങ്ങളുടെ ചെയ്തികളെ നീതീകരിക്കുന്നതിനു ഈ സങ്കല്പം പ്രയോജനപ്പെടാറുണ്ട്. ഈ വികലസങ്കല്പത്തെ ന്യായീകരിക്കത്തക്കതരത്തിലാണ് ഈ വിഷയത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ ആത്മീയതലത്തെക്കുറിച്ചൊരന്വേഷണം പ്രസക്തമാകുന്നത്. മതത്തിന്‍റെ സംഘടനാരൂപങ്ങളെ നിഷേധിക്കുമ്പോള്‍ തന്നെ മതപരമായ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്നിട്ടുള്ള ചില മൂല്യസങ്കല്പങ്ങളെ സ്വാംശീകരിക്കാതെ ഒരു മതേതരസമൂഹത്തിനും മുന്നോട്ടുപോകുവാനാവുകയില്ലെന്നതാണ് സത്യം.
മര്‍ഡര്‍ ഇന്‍ ദി കത്തീഡ്രല്‍ (ഭദ്രാസനപ്പള്ളിയിലെ കൊലപാതകം) എന്ന തന്‍റെ പ്രസിദ്ധമായ നാടകത്തില്‍ ടി. എസ്. എലിയട്ട് സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു സവിശേഷസങ്കല്പം ആവിഷ്ക്കരിച്ചിട്ടുണ്ട്. നാടകത്തിലെ മുഖ്യകഥാപാത്രമായ ആര്‍ച്ചുബിഷപ്പ് തോമസ് 1170 ലെ ക്രിസ്തുമസ് പ്രഭാതത്തില്‍ തന്‍റെ പള്ളിയില്‍ ആരാധനയ്ക്കെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, 'സമാധാനത്തെക്കുറിച്ച് ക്രിസ്തു എന്താണ് പറഞ്ഞതെന്ന് ആലോചിക്കുക. അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. നമ്മള്‍ ധരിച്ചു വച്ചിരിക്കുന്ന അര്‍ത്ഥമാണോ സമാധാനം എന്ന വാക്കിന് ക്രിസ്തു ഇവിടെ നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും അല്ല. സമാധാനത്തിനു നമ്മളെന്ത് അര്‍ത്ഥമാണ് കല്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് അയല്‍രാജ്യങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്നു. ഇംഗ്ലണ്ടിലെ പ്രഭുക്കന്മാര്‍ രാജാവിനോട് സമാധാനത്തില്‍ വര്‍ത്തിക്കുന്നു. തന്‍റെ ലാഭങ്ങളെക്കുറിച്ച് സമാധാനപൂര്‍വ്വം കണക്കുകൂട്ടല്‍ നടത്തുന്ന വ്യാപാരി, സുഹൃത്തിനു വേണ്ടി തന്‍റെ തീന്‍മേശയില്‍ മേല്‍ത്തരം വീഞ്ഞ് ഒരുക്കിവെച്ച് കാത്തിരിക്കുന്ന ഗൃഹനാഥന്‍, കുട്ടികളെ പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഗൃഹനായിക ഇതൊക്കെയല്ലെ നമ്മുടെ സങ്കല്പത്തിലെ സമാധാനചിത്രങ്ങള്‍. എന്നാല്‍ എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു എന്ന് യേശു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇത്തരം ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. യേശുവിനോ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരില്‍ ആര്‍ക്കെങ്കിലുമോ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നോര്‍ക്കണം. അവര്‍ കടലും കരയും താണ്ടി അലഞ്ഞു നടന്നു, പീഡനങ്ങളും ദാരിദ്ര്യവും സഹിച്ചു, തടവിലാക്കപ്പെട്ടു, നിരാശയനുഭവിച്ചു. ഒടുക്കം രക്തസാക്ഷിത്വം വരിച്ചു. ഇതൊക്കെയായിരുന്നു ക്രിസ്തു വാഗ്ദാനം ചെയ്ത സമാധാനം. സമാധാനത്തിനോ സ്വാതന്ത്ര്യത്തിനോ നമ്മള്‍ നല്‍കിയിരുന്ന അര്‍ത്ഥമല്ല യേശു നല്‍കിയിരുന്നത്. അദ്ദേഹം പറഞ്ഞു ലോകം തരുന്നതുപോലെയല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്. അദ്ദേഹം തന്‍റെ ശിഷ്യന്മാര്‍ക്കു സമാധാനം കൊടുത്തു. പക്ഷെ അത് ലോകം നല്‍കുന്ന സമാധാനമായിരുന്നില്ല' (വിവര്‍ത്തനം- ലേഖകന്‍).
ടി. എസ്. എലിയട്ട് ഈ ഭാഗത്ത് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് സ്വാതന്ത്ര്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സമാധാനം എന്ന ആശയമാണ്. പോരാട്ടത്തിന്‍റെ മദ്ധ്യത്തിലുള്ള സ്വാതന്ത്ര്യം. അതായിരുന്നു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആദ്യകാല ക്രൈസ്തവസങ്കല്പം. ഏറ്റുമുട്ടലുകളില്‍ നിന്നുരിത്തിരിഞ്ഞു വരുന്ന സ്വാതന്ത്ര്യം എന്ന് ഭഗവദ്ഗീതയില്‍ വിവരിച്ചിരിക്കുന്ന ആശയം ഇതിനോട് സമാനമായതാണ്. കേവലം ലൗകിക അര്‍ത്ഥത്തിലുള്ള ശാന്തിയും സമാധാനവും അല്ല ഇത്. സ്വാതന്ത്ര്യത്തിനു ഭൗതികവും ആത്മീയവുമായ രണ്ട് തലങ്ങള്‍ ഉണ്ടെന്നു വരുന്നു. ലോക്കെ, (Locke), വോള്‍ട്ടയര്‍, ആഡംസ്മിത്ത് തുടങ്ങിയ മതനിരപേക്ഷ ചിന്തകന്മാരുടെ സ്വാതന്ത്ര്യസങ്കല്പങ്ങള്‍ക്കു പോലും കൂടുതല്‍ അടുപ്പമുള്ളത് സ്വാതന്ത്ര്യത്തിന്‍റെ ഈ ആത്മീയ തലത്തോടാണ്. ഈ വീക്ഷണപ്രകാരം സ്വന്തം സുഖദുഃഖങ്ങളെക്കാളും ഇഷ്ടാനിഷ്ടങ്ങളെക്കാളും മനുഷ്യര്‍ക്കന്യോന്യമുള്ള കടപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയും വ്യക്തിപരമായ അവകാശങ്ങളെക്കാള്‍ വ്യക്തിപരമായ ബാധ്യതകള്‍ക്കു പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ജീവിതശൈലിയിലാണ് സ്വാതന്ത്ര്യത്തിന്‍റെ ആത്മീയതലം പ്രകടമാകുന്നത്.
സ്വാതന്ത്ര്യത്തിന്‍റെ മാനദണ്ഡം- അന്യരോടുള്ള നമ്മളുടെ ബന്ധം
ആത്മത്യാഗവും പരസ്പരബാധ്യതയും എന്ന തത്വങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഉദാത്തമായ ഈ സ്വാതന്ത്ര്യസങ്കല്പം മുതലാളിത്തസമ്പദ്ക്രമത്തിനു പ്രാമുഖ്യമുള്ള ആധുനികസാമൂഹ്യവ്യവസ്ഥയില്‍ തീരെ നിലനില്‍ക്കുന്നതെയില്ലെന്നു പറയാം. പ്രയോഗത്തില്‍ ഇല്ലെങ്കില്‍പോലും സിദ്ധാന്തങ്ങളിലെങ്കിലും മതങ്ങള്‍ എന്നും ഊന്നല്‍ കൊടുത്തിരുന്നത് സ്വാതന്ത്ര്യത്തിന്‍റെ ഈ ഉയര്‍ന്ന തലത്തിനാണ്. അന്യര്‍ക്കായുള്ള കരുതല്‍ ആണ് സ്വാതന്ത്ര്യത്തിന്‍റെ കാതല്‍ എന്ന് ഡയട്രിക്ബോണ്‍ഹോഫര്‍ എന്ന ദൈവശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിക്കുന്നു. സ്വാതന്ത്ര്യം സ്ഥിതിചെയ്യുന്നത് പരസ്പരബന്ധത്തില്‍ മാത്രമാണ്. സ്വതന്ത്രനായിരിക്കുക എന്നതിനര്‍ത്ഥം അന്യരുമായുള്ള ബന്ധത്തെ അംഗീകരിക്കുക എന്നതാണ്. അന്യനോടുള്ള എന്‍റെ ബന്ധമാണ് എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ മാനദണ്ഡം. (Creation and Fall - Temptation - Macmillan - Newyork 1976- പേജ് 37) 1945 ല്‍ ഫ്ളേസന്‍ബര്‍ഗിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ച് ബോണ്‍ഹോഫര്‍ തൂക്കിലേറ്റപ്പെട്ടത് അന്യര്‍ക്കായുള്ള കരുതല്‍ എന്ന ആശയത്തോട് പ്രതിബദ്ധത പുലര്‍ത്തിയതുകൊണ്ടാണ്.
സ്വാതന്ത്ര്യത്തിന്‍റെ ഭൗതികം, ആത്മീകം എന്നീ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇവയുടെ പരസ്പരാശ്രിതത്വവും അന്യോന്യപൂരണവും നമ്മള്‍ക്ക് അവഗണിക്കാനാവുകയില്ല. ഒരു പൗരന്‍റെ ചിന്താസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ഭരണകൂടം അവന്‍റെ ഭൗതികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷണവും കൂടി ഏറ്റെടുക്കുന്നില്ലെങ്കില്‍ അത് പ്രതിലോമപരമായിരിക്കും. ആവിഷ്ക്കാരസ്വാതന്ത്ര്യവും മറ്റും ഒരു ധാര്‍മ്മികസമൂഹത്തിന്‍റെ സൃഷ്ടിക്കു വഴിയൊരുക്കുന്നതായിരിക്കണം. ജഫേഴ്സണ്‍, ലിങ്കണ്‍, തോറോ, വിറ്റ്മാന്‍ തുടങ്ങിയവര്‍ വിഭാവന ചെയ്തിരുന്ന സ്വാതന്ത്ര്യസങ്കല്പം ഇതായിരുന്നു. മേല്‍പ്പറഞ്ഞ ലക്ഷ്യത്തിനായി ബോധപൂര്‍വ്വം പ്രവര്‍ത്തിച്ച ക്വാകേഴ്സ് (Quackers) മെതേഡിസ്റ്റുകള്‍ (Methodists) തുടങ്ങിയ ക്രൈസ്തവഗ്രൂപ്പുകളുടെ ധാര്‍മ്മികസമീപനങ്ങള്‍ സ്വാതന്ത്ര്യത്തിന്‍റെ ഭൗതികാര്‍ത്ഥത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് ബഹുദൂരം സഞ്ചരിച്ച അമേരിക്കന്‍ സമൂഹത്തെ സമ്പൂര്‍ണ്ണ ജീര്‍ണ്ണതയില്‍ നിന്നു തടഞ്ഞുനിറുത്താന്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. കടിഞ്ഞാണില്ലാതെ പ്രയോഗിക്കപ്പെട്ട ചിന്താസ്വാതന്ത്ര്യവും ആവിഷ്ക്കാരസ്വാതന്ത്ര്യവും തെറ്റിനെ ശരിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കാനും അവസരങ്ങള്‍ ഒരുക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ ഈ പിഴവ് തിരുത്താത്തിടത്തോളം കാലം നമ്മുടെ മുന്നോട്ടുള്ള പോക്കു തടസ്സപ്പെടുക തന്നെ ചെയ്യും.
സ്വാതന്ത്ര്യത്തിന്‍റെ ഭൗതികതലം
ആത്മീയഘടകങ്ങളാല്‍ പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രിക്കപ്പെടാത്തപക്ഷം സ്വാതന്ത്ര്യത്തിന്‍റെ ഭൗതികപ്രയോഗങ്ങള്‍ തീര്‍ച്ചയായും അധാര്‍മ്മികതയുടെ മേഖലകളിലേക്കു പടര്‍ന്നു കയറുക തന്നെ ചെയ്യും. കഴിഞ്ഞ ഏതാനും ശതകങ്ങളായി വിവിധ നാടുകളില്‍ പ്രയോഗത്തിലിരിക്കുന്ന സ്വാതന്ത്ര്യപ്രയോഗത്തിന്‍റെ ചരിത്രം ഇതാണ് തെളിയിക്കുന്നത്.
കോളനിരാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കുന്നതിനോ അവിടുത്തെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനോ എതിരായ യാതൊരു മനസ്സാക്ഷിക്കുത്തും വികസിതരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കോ ജനങ്ങള്‍ക്കോ ഉണ്ടായില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥരായ തൊഴിലാളിവര്‍ഗ്ഗം മനുഷ്യചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ചൂഷണത്തിനും അടിമത്തത്തിനും വിധേയരായി കഴിയുകയായിരുന്നുവെന്നോര്‍ക്കണം.1844 ലെ ഇംഗ്ലണ്ടിലെ 'തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ സ്ഥിതി' എന്ന പുസ്തകത്തില്‍ എംഗല്‍സും 'മൂലധനത്തില്‍' കാറല്‍മാര്‍ക്സും ഇതേക്കുറിച്ച് വിസ്തരിച്ച് ഉപന്യസിക്കുന്നുണ്ട്. പ്രസിദ്ധസാഹിത്യവിമര്‍ശകനായ മിഡില്‍ട്ടണ്‍മ്യൂറെ ഇങ്ങനെ എഴുതുന്നു; 'മനുഷ്യന്‍ തന്‍റെ സഹജീവിയോട് പുലര്‍ത്തുന്ന നിരുത്തരവാദിത്തം വ്യവസ്ഥാവത്ക്കരിക്കപ്പെട്ട വ്യവസ്ഥിതിയാണ് മുതലാളിത്തം.'
അതിപുരാതനകാലം മുതല്‍ മനുഷ്യന് ആശ്രയമായിരുന്ന ഭൂമിയേയും അതിന്‍റെ വിഭവങ്ങളെയും മുതലാളിത്തസമ്പദ്ഘടന യാതൊരു നിയന്ത്രണവും ഇല്ലാതെ കടന്നാക്രമിക്കുന്നു. സ്വാഭാവികവനങ്ങളും മേച്ചില്‍സ്ഥലങ്ങളും നാണ്യവിളകള്‍ക്കുവേണ്ടി നശിപ്പിക്കപ്പെടുന്നു. കൃത്രിമമായ വളപ്രയോഗങ്ങള്‍ വഴി ഭൂമിയുടെ സ്വാഭാവിക ഫലഭൂയിഷ്ടത നശിപ്പിക്കപ്പെട്ടിരിക്കുന്നു. നദികള്‍ വറ്റിവരണ്ട് നിഷ്പ്രയോജനമാക്കപ്പെടുന്നു. അന്തരീക്ഷമാകെ വിഷവാതകങ്ങളെക്കൊണ്ട് മലീമസമാക്കിയിരിക്കുന്നു. പല വിശിഷ്ട ധാതുസമ്പത്തുകളും ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. പലതരത്തില്‍പ്പെട്ട മൃഗങ്ങളും പക്ഷികളും വംശനാശത്തിനു തന്നെ വിധേയമാക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയുടെ ക്രമാതീതമായ വളര്‍ച്ച ഇന്നത്തെ പരിതസ്ഥിതികളെ അനിവാര്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഭ്രാന്തുപിടിച്ച ഉപഭോഗാസക്തിയാണ് ഇതിനൊക്കെ കാരണം. സ്വാര്‍ത്ഥതയിലൂന്നിയ സ്വാതന്ത്ര്യസങ്കല്പത്തിന്‍റെ പ്രയോഗമാണിതിലേക്കു മനുഷ്യനെ നയിക്കുന്നത്. പരിസ്ഥിതിസംരക്ഷണത്തിനുവേണ്ടി ഗവണ്‍മെന്‍റ് നടത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ പലപ്പോഴും അര്‍ദ്ധമനസ്സോടെ ഉള്ളവയാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം ജനങ്ങളെ അവരുടെ ആര്‍ത്തിപിടിച്ച ധനാര്‍ജ്ജനത്വരയില്‍ നിന്നും അശ്രദ്ധയില്‍ നിന്നും പിന്തിരിപ്പിക്കുക എന്നതാണ്. എന്നാല്‍ വ്യക്തിയുടെ സ്വാര്‍ത്ഥതയില്‍ മാത്രം വേരൂന്നിയിരിക്കുന്ന ഒരു സമ്പത് വ്യവസ്ഥക്ക് ഇതെങ്ങനെ നിറവേറ്റാന്‍ കഴിയും.
അദ്ധ്വാനത്തിന്‍റെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്ന തരത്തിലാണ് ജനങ്ങളുടെ അദ്ധ്വാനശക്തി വിനിയോഗിക്കപ്പെടുന്നത്. യുദ്ധവും യുദ്ധോപകരണ നിര്‍മ്മാണ വിപണന രംഗവുമായി ബന്ധപ്പെട്ട് എത്രമാത്രം മനുഷ്യാദ്ധ്വാനമാണ് പാഴാക്കപ്പെടുന്നത്. ലജ്ജാവഹമായ ഇത്തരം പ്രവൃത്തികള്‍ കൂടാതെ തന്നെ കാര്‍ഷികവിഭവങ്ങളുടെ വില ഉയര്‍ത്തി നിറുത്താന്‍ അധികം വരുന്ന ഉല്പന്നങ്ങള്‍ കത്തിച്ചു കളയുന്നതുപോലുള്ള നിന്ദ്യമായ പ്രവൃത്തികളിലൂടെയാണ് മുതലാളിത്ത സമ്പദ്ഘടന അതിന്‍റെ അതിജീവനം ഉറപ്പുവരുത്തുന്നത്.
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം
ആവിഷ്ക്കാരസ്വാതന്ത്ര്യമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന അവകാശത്തിന്‍റെ പേരില്‍ അമേരിക്കയിലെ കോടീശ്വരന്മാരെ മാതൃകയാക്കിക്കൊണ്ട് എന്തെല്ലാം തോന്ന്യാസങ്ങളാണ് ഇന്ന് ലോകവ്യാപകമായി ആളുകള്‍ കാട്ടിക്കൂട്ടുന്നത്. അര്‍ത്ഥശൂന്യമായ ഒച്ചപ്പാടുകളും ഞരമ്പുരോഗികളെ മാത്രം പ്രീണിപ്പിക്കുന്ന സംഗീതവും ചലച്ചിത്രങ്ങളും വഷളന്‍ പത്രപ്രവര്‍ത്തനവും അതിന്‍റെ മറവില്‍ നടക്കുന്ന മയക്കുമരുന്നു വ്യാപാരവും ലൈംഗീകാതിക്രമങ്ങളും എല്ലാം ചേര്‍ന്ന് പൗരന്മാരുടെ വ്യക്തിത്വവും ആരോഗ്യകരമായ സാംസ്ക്കാരികജീവിതവുമാകെ ശിഥിലമാക്കപ്പട്ടിരിക്കുന്നു. ധാര്‍മ്മികതയുടെ സര്‍വ്വ മാനദണ്ഡങ്ങളും തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. കുടുംബഭദ്രത തകര്‍ക്കപ്പെട്ടിരിക്കുന്നതിനാല്‍ അവിഹിതവേഴ്ചകളും അനാഥശിശുക്കളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇതിന്‍റെ അനന്തരഫലമോ ഇന്നത്തെ നിഷ്ക്കളങ്ക ശിശു നാളത്തെ കുറ്റവാളിയായി മാറുന്നു.
ഇപ്പോള്‍ വാങ്ങുക, പിന്നീട് കൊടുത്തു തീര്‍ക്കുക എന്ന മുതലാളിത്ത തന്ത്രം ആളുകളുടെ ഉപഭോഗതൃഷ്ണയെ ഉദ്ദീപിപ്പിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് ഇത് തെറ്റായ പല സങ്കല്പങ്ങളും വളര്‍ത്തിയെടുക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ തോന്നിയതൊക്കെ ചെയ്യുന്നതും വേണ്ടിയതും വേണ്ടാത്തതുമായ എന്തും സ്വന്തമാക്കുന്നതുമാണ് എന്ന ധാരണ ശക്തിപ്പെടുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചും ഇത് ഒട്ടേറെ അബദ്ധധാരണകള്‍ സൃഷ്ടിക്കുന്നു. തൊഴിലവസരങ്ങളില്‍ മാത്രം കണ്ണ് നട്ടുകൊണ്ട് സ്വതന്ത്രമായ വിദ്യാഭ്യാസം, പ്രത്യേകപരിശീലനം തുടങ്ങിയ കപടമുദ്രാവാക്യങ്ങള്‍ പൊതുവില്‍ അംഗീകരിക്കപ്പെടുക വഴി വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനഘടകങ്ങളായിരിക്കേണ്ട പാണ്ഡിത്യബോധവും ധൈഷണികമായ അച്ചടക്കവും എല്ലാ രംഗത്തു നിന്നും പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. വഴിപിഴച്ച പരസ്യപ്രക്ഷേപണങ്ങള്‍, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ക്രമരഹിതമായ ഉപഭോഗം, കലയുടെ ലേബലൊട്ടിച്ച ആഭാസപ്രകടനങ്ങള്‍ ഇവയുടെ കൂത്തരങ്ങായി നമ്മുടെ സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുയാണ്. വിദ്യാലയങ്ങള്‍ കേവലം എന്തെങ്കിലും ഒരു തൊഴില്‍ തേടുന്നവരുടെ വിശ്രമസങ്കേതമായി അധഃപതിച്ചിരിക്കുന്നു. ശിഥിലമായ ഈ വിദ്യാഭ്യാസാന്തരീക്ഷം അഭ്യസ്തവിദ്യരായ നിരക്ഷരന്മാരുടെ ഒരു പുതിയ തലമുറയ്ക്കു തന്നെ രൂപം കൊടുത്തിരിക്കുന്നു.
ഈ പ്രവണതകള്‍ ഏതെങ്കിലും ഒരു പ്രദേശത്തു മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. പടിഞ്ഞാറന്‍ യൂറോപ്പിലെ വ്യവസായവല്‍ക്കൃത രാജ്യങ്ങള്‍ മാത്രമല്ല കിഴക്കന്‍ യൂറോപ്പിലെ പല വികസിത നഗരങ്ങളും ഏഷ്യയിലെയും പഴയ സോവ്യറ്റ് യൂണിയനിലെ തന്നെയും പല നഗരങ്ങളും ഈ സാംസ്ക്കാരികാഭാസത്തിന്‍റെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലും ആഫ്രിക്കയിലും പുറം ലോകത്തു നിന്നുള്ള കടന്നുകയറ്റമാണ് ഈ മലിനത നിറയ്ക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭൗതികസങ്കല്പം ഒന്നു മാത്രമാണ് ഈ കടന്നുകയറ്റക്കാരെ എന്നും ഭരിക്കുന്നത്.
കോളനിവാഴ്ചയുടെ ശക്തിപ്പെടല്‍
സ്വാതന്ത്ര്യത്തിന്‍റെ ഭൗതികതലത്തില്‍ മാത്രം ഊന്നിക്കൊണ്ടുള്ള പ്രയോഗപദ്ധതികള്‍ നമ്മെ എവിടെയാണ് കൊണ്ടെത്തിച്ചതെന്ന കാര്യമാണ് മുഖ്യമായും ഇതുവരെ ചര്‍ച്ച ചെയ്തത്. ഒരുവശത്ത് പ്രായപൂര്‍ത്തിയടിസ്ഥാനത്തിലുള്ള വോട്ടവകാശത്തെ അത് സ്ഥിരീകരിച്ചെങ്കിലും മറുവശത്ത് സ്വേച്ഛാധിപത്യപരമായ കോളനിവാഴ്ചയെ അത് ശക്തിപ്പെടുത്തുകയായിരുന്നു. വ്യവസായത്തിലും സാങ്കേതികവിദ്യയിലും വലിയ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയെങ്കിലും സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ക്കും സാംസ്ക്കാരികരംഗത്തും വിദ്യാഭ്യാസരംഗത്തും ധാര്‍മ്മികാധഃപതനത്തിനും അത് വഴിവെച്ചു. ചുരുക്കത്തില്‍ സാമൂഹ്യസംവിധാനത്തെ ഏതെങ്കിലും ധാര്‍മ്മികപ്രമാണങ്ങളോടു കൂട്ടിയോജിപ്പിക്കുവാന്‍ അതിനു കഴിഞ്ഞില്ല. ചുരുക്കത്തില്‍ ശേഖരിക്കുവാന്‍ വേണ്ടി പിടിച്ചെടുക്കുകയും പിടിച്ചെടുക്കാന്‍ വേണ്ടി ശേഖരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയായി ഇന്നത്തെ നമ്മുടെ സമൂഹം മാറിയിരിക്കുന്നു.
ദൈവത്തെയും മാമോനെയും ഒരുമിച്ച് സേവിക്കുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏതു പ്രമാണവും ഫലവത്താകണമെങ്കില്‍ വെറുപ്പിലോ സ്വാര്‍ത്ഥതാത്പര്യത്തിലോ ഊന്നിയ സ്വാതന്ത്ര്യത്തിന്‍റെ ദുര്‍വിനിയോഗത്തെ തടയുക തന്നെ വേണം. 'നിങ്ങള്‍ക്കു ദൈവത്തെയും മാമോനേയും ഒരുമിച്ചു സേവിക്കാനാവുകയില്ല' എന്ന ബൈബിള്‍ പ്രമാണം (മാത്യു.6:24) ഈ ആശയമാണ് വിശദമാക്കുന്നത്. മാമോന് അനുകൂലമായുള്ള സ്വാതന്ത്ര്യത്തിന്‍റെ ദുര്‍വിനിയോഗമാണ് ഇന്നു നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ ആത്മീയതലങ്ങളെ നമ്മുടെ ഭൗതിക ജീവിതത്തില്‍ സാക്ഷാത്ക്കരിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത്.
പ്രമുഖ ലോകമതങ്ങളുടെ അടിസ്ഥാന ദര്‍ശനങ്ങളില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ആരോഗ്യകരമായ ഒരു സങ്കല്പം അന്തര്‍ലീനമായിരിക്കുന്നു എന്നു കാണാം. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും'എന്ന ക്രിസ്തുവിന്‍റെ പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിനു തടസ്സമായി നില്‍ക്കുന്ന അന്യവല്‍ക്കരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അന്യവത്ക്കരണം മനുഷ്യന്‍റെ വീഴ്ചയുടെ ഫലമാണ് എന്നാണ് മതം അനുശാസിക്കുന്നത്. മതം ഈ അവസ്ഥയ്ക്കു നല്‍കുന്ന പേരാണ് പാപം(Sin). പാപത്തില്‍ നിന്നുള്ള മോചനമാണ് മോക്ഷം അഥവാ രക്ഷ. ഋഗ്വേദത്തിലും ഉത്പത്തി പുസ്തകത്തിലും ഈ ആശയം വിശദീകരിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. വചനം ജഡമെടുത്തു എന്ന ക്രൈസ്തവാശയം ഋഗ്വേദാശയങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്. ആരാണ് ഒരു സ്വതന്ത്രമനുഷ്യന്‍? അച്ചടക്കം, ഉത്തരവാദിത്തബോധം, സത്യസന്ധത, സ്നേഹസമ്പന്നത ഇവയൊക്കെ ആര്‍ക്കാണോ ഉള്ളത് അയാളാണ് സ്വതന്ത്രമനുഷ്യന്‍ എന്ന ഏക ഉത്തരമാണ് ഭഗവദ്ഗീതയും ബൈബിളും ഖുര്‍-ആനും ഒരേ സ്വരത്തില്‍ നല്‍കുന്നത്.
വിശുദ്ധ അഗസ്റ്റിന്‍ സ്വരൂപിച്ച മനുഷ്യന്‍റെ കാലബോധത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഈ അടിസ്ഥാനത്തിലുള്ളവയാണ്. മനുഷ്യന്‍ ഭൂതകാലത്തില്‍ ആര്‍ജ്ജിച്ച അറിവും ബുദ്ധിയും ഭാവിയെ രൂപകല്പന ചെയ്യാന്‍ അവനെ പ്രാപ്തനാക്കുന്നു. ഇതായിരുന്നു അഗസ്റ്റിന്‍റെ സിദ്ധാന്തം. തിന്മയെ സംബന്ധിച്ച അഗസ്റ്റിന്‍റെ പ്രമാണവും ഇവിടെ പ്രസക്തമാണ്. തിന്മയ്ക്ക് അതില്‍ തന്നെ അസ്തിത്വമില്ല. നന്മയുടെ അഭാവമാണ് തിന്മ. നന്മയാണ് സഹജപ്രവൃത്തിയും സ്വാഭാവികനിയമവും. പ്രപഞ്ചം ഒരു ക്രമബദ്ധമായ പ്രതിഭാസമാണ്. പ്രപഞ്ചത്തിന്‍റെ ക്രമക്കേടുകള്‍ മനുഷ്യന്‍ അവന്‍റെ സഹജസ്വഭാവത്തില്‍ നിന്നു വ്യതിചലിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഭൂതകാല അനുഭവങ്ങളില്‍ നിന്നു ആര്‍ജ്ജിക്കുന്ന അറിവിനെ ആശ്രയിച്ചുകൊണ്ട് മനുഷ്യരുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ക്രമബദ്ധവും സാംസ്ക്കാരികവും ആയ ഒരു ചുറ്റുപാടിനെ സൃഷ്ടിച്ചെടുക്കാന്‍ ഭാവിയിലെ മനുഷ്യനു കഴിയുമെന്ന പ്രതീക്ഷ നമുക്കു ലഭിക്കുന്നു. ഇതുവഴി മതസമൂഹങ്ങള്‍ ഏതും ഓരോ സ്ഥാപനങ്ങളായി മാറുകയും അത് സ്ഥാപിതതാത്പര്യങ്ങളുടെ പിടിയില്‍ അമരുകയും ചെയ്യുമ്പോള്‍ മാറ്റങ്ങളെ ഭയപ്പെടുകയും അതിനെതിരായ ചെറുത്തുനില്പിനു ഊര്‍ജ്ജവ്യയം നടത്തുകയും ചെയ്യുന്നത് യഥാര്‍ത്ഥ മതാത്മകമൂല്യങ്ങളില്‍ നിന്ന് മതാനുയായികള്‍ അകന്നു പോകുന്നതിനു കാരണമാകുന്നു.
രാഷ്ട്രീയസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇത്തരം ഒരു ലേഖനത്തില്‍ എന്തിനാണ് മതത്തെ വലിച്ചിഴച്ച് കൊണ്ടുവരുന്നതെന്ന സംശയം ചിലരെങ്കിലും ഉന്നയിച്ചേക്കാം. ഭൗതികതയില്ലാത്ത ആത്മീയതയും ആത്മീയതയില്ലാത്ത ഭൗതികതയും ഒരുപോലെ വെറുക്കപ്പെടേണ്ടതാണെന്ന് ഐന്‍സ്റ്റയിനെ ഉദ്ധരിച്ചുകൊണ്ട് ഗാന്ധിജി നടത്തിയ പ്രസ്താവനയാണ് ഈ സംശയത്തിനുള്ള മറുപടി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന മുസ്ലീം തീവ്രവാദമായാലും ഇസ്രയേലിനെ മുന്‍നിറുത്തി അമേരിക്കന്‍ ഒത്താശയോടെ നടത്തുന്ന പാലസ്തീന്‍വേട്ടയാണെങ്കിലും ഹിന്ദുത്വശക്തികളുടെ ഐക്യം എന്ന വ്യാജമുദ്രാവാക്യം ഉയര്‍ത്തി ഹിന്ദുക്കളല്ലാത്തവര്‍ ഇന്ത്യ വിട്ടുപോകണം എന്ന സംഘപരിവാര്‍ മുദ്രാവാക്യമായാലും ക്ഷിപ്രരക്ഷ, ഉടലോടെയുള്ള സ്വര്‍ഗ്ഗത്തില്‍ പോക്ക് തുടങ്ങിയ പ്രലോഭനങ്ങളുയര്‍ത്തി മനഷ്യന്‍റെ സാമൂഹ്യബോധത്തെ ഷണ്ഡവത്ക്കരിക്കുന്ന പാശ്ചാത്യ ഇവാഞ്ചിലിസമായാലും എല്ലാം ഊന്നി നില്‍ക്കുന്നത് മതം എന്ന പൊയ്ക്കാലില്‍ ആണ്. ഇത് മുന്‍കൂട്ടി കണ്ടിട്ടായിരിക്കുമല്ലൊ മാര്‍ക്സ് പറഞ്ഞത് മതവിമര്‍ശനം എല്ലാ സാമൂഹ്യ വിമര്‍ശനങ്ങളുടെയും തുടക്കമാണെന്ന്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം ഈ വഴിക്കുള്ള പുതിയ പല തുടക്കങ്ങള്‍ക്കും നാന്ദിയാകട്ടെ എന്ന് ആശംസിക്കുന്നു.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























