top of page

ദാഹം

Mar 7

1 min read

George Valiapadath Capuchin
A brown deer drinks from a calm pond, surrounded by lush green foliage. The setting conveys a serene, natural atmosphere.

"കിതപ്പാർന്ന് നീർച്ചാൽ തേടുന്ന പേടമാനിനെപ്പോലെ ദൈവമേ എൻ്റെ ഹൃദയം കിതപ്പാർന്ന് അങ്ങയെ തേടുന്നു." (42:1)


"എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നവണ്ണം എൻ്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു." (63:1) എന്നും മറ്റുമുള്ള സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ, അത്തരം ഒരുൾദ്ദാഹം എനിക്കനുഭവപ്പെടുന്നില്ലല്ലോ ഈശ്വരാ എന്ന് ഞാൻ വ്യസനിക്കാറുണ്ട്.


എന്നാൽ, അത്തരമൊരു ദാഹം മനുഷ്യസഹജമാണോ?അനുഭവങ്ങൾ വ്യക്ത്യധിഷ്ഠിങ്ങളാണ്. ഒരുപക്ഷേ ചിലർക്കെങ്കിലും അവരുടെ ഉള്ളിൽ അത്തരമൊരുദാഹം അനുഭവപ്പെടുന്നുണ്ടായിരിക്കാം. എന്നാൽ, പൊതുവേ പറഞ്ഞാൽ മനുഷ്യർ അത്തരം ദാഹത്തെ ശമിപ്പിക്കാനായി തങ്ങൾക്ക് വെളിയിലുള്ള കിണറുകൾ തേടി പോകാറാണ് പതിവ്. അതുകൊണ്ടുതന്നെ അവരുടെ ഉൾദ്ദാഹത്തെക്കുറിച്ച് അവർ ബോധവതികളല്ല. ബോധവതികളാണെങ്കിൽത്തന്നെയും അവരത് അംഗീകരിക്കില്ല.


സത്യത്തിൽ ആർക്കാണ് ദാഹം? സാജനാണോ സജ്നക്കാണോ ദാഹം?പ്രണയിക്കാണോ പ്രണയിനിക്കാണോ ദാഹം? രണ്ടാൾക്കും ദാഹം ഉണ്ടെന്നാകിലും ചുരുക്കം പ്രണയിനികളേ തങ്ങളുടെ ദാഹത്തെ തിരിച്ചറിയുന്നുള്ളൂ എന്നാണ് മനസ്സിലാവുന്നത്.


യോഹന്നാൻ്റെ സുവിശേഷത്തിൽ അത്തരം ഒരു സൂചന കാണാനുണ്ട്. ഗലീലിയിലേക്കുള്ള യാത്രാമധ്യേ ആറാം മണിക്കൂറിൽ - അതായത് നട്ടുച്ചക്ക് - സമരിയായിലെ സിക്കാർ പട്ടണത്തിൽ യാക്കോബിൻ്റെ കിണറ്റിൻകരയിൽ അവൻ തളർന്നിരിക്കുന്നു. ആ സമയം ഒരു സമരിയാക്കാരി വെള്ളം കോരാൻ അവിടെയെത്തുന്നു. സുദീർഘമായ ഒരു സംഭാഷണമാണ് അവളുമായി ഉണ്ടാകുന്നത്. അവളോട് വെള്ളം ചോദിച്ചാണ് അവൻ സംഭാഷണം ആരംഭിക്കുന്നത്. അവന് ദാഹിക്കുന്നു. അവൾക്ക് ദാഹിച്ചിട്ടാണല്ലോ അവൾ എത്തിയത്.


യഹൂദരും സമരിയാക്കാരും തമ്മിൽ സമ്പർക്കമൊന്നുമില്ലല്ലോ എന്നു പറഞ്ഞ് യേശുവിൻ്റെ യഹൂദത്വത്തെ പരിഹസിക്കുകയാണവൾ ആദ്യം.


ദാഹാർത്തൻ ശരിക്കും ആരെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ നീയായിരുന്നേനേ നിൻ്റെ ദാഹം അവനോട് ഏറ്റുപറയുന്നത്!


കിണർ ആഴമുള്ളതാണ് എന്നവൾ അറിയുന്നു എന്നതിൽ നിന്നുതന്നെ അവൾ ജ്ഞാനമുള്ളവളാണെന്ന് നാം അറിയുന്നു.


താൻ ആദ്യം കരുതിയതു പോലല്ലവൻ എന്ന് അവൾക്ക് വ്യക്തമാകുമ്പോഴേ അവൾ അവനോട് തൻ്റെ ദാഹം ഏറ്റുപറഞ്ഞുകഴിഞ്ഞു. ആറാമത്തെ കിണറ്റിങ്കലാണ് അവൾ ഇപ്പോൾ തൻ്റെ ദാഹജലം തേടുന്നത് എന്നുപറഞ്ഞവൻ അവളെ കണ്ണാടിക്കു മുന്നിൽ പിടിച്ചുനിർത്തുന്നു.


താൻ തന്നെയാണ് കിണർ എന്നവൻ അവൾക്ക് സ്വയം വെളിപ്പെടുത്തുന്നു. അതോടെ അവളുടെ ദാഹം ശമിച്ചിരിക്കുന്നു. അവൾ തൻ്റെ കുടം ഉപേക്ഷിച്ചുകഴിഞ്ഞു.


ഭക്ഷണം കഴിക്കുന്നതിന് ശിഷ്യർ ഗുരുവിനെ ക്ഷണിക്കുമ്പോൾ, തനിക്ക് നിറഞ്ഞു എന്നാണ് അവൻ പറയുന്നത്.


അപ്പോൾ വീണ്ടും ചോദ്യമിതാണ്. ആർക്കാണ് ദാഹം? സാജനോ സജ്നക്കോ? പ്രണയിക്കോ പ്രണയിനിക്കോ?


ആര് ആരെയാണ് തേടുന്നത്? ആര് ആരെയാണ് കണ്ടുമുട്ടുന്നത്? ആര് ആരെയാണ് ശമിപ്പിക്കുന്നത്?

Related Posts

George Valiapadath Capuchin

May 4, 2026

1 min read

യവനർ

അത്ര സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നില്ല, ഞാൻ. ശ്രദ്ധിച്ചെങ്കിൽത്തന്നെ ആ വിധത്തിൽ എനിക്കത് കത്തുകയുമില്ലായിരുന്നു. സഭയിലെ ആദ്യത്തെ നിയോഗിച്ചാക്...

George Valiapadath Capuchin

May 1, 2026

1 min read

കാണുന്നു എന്ന് പറയുന്നവർ

എന്തുമാത്രം ശബ്‌ദ കോലാഹലങ്ങളാണ്; എന്തുമാത്രം വാഗ്വാദങ്ങളാണ്; എന്തുമാത്രം കുറ്റപ്പെടുത്തലുകളും ശകാരങ്ങളുമാണ്! വംശവെറിയെയും ജാതിചിന്തയെയും കുറ...

George Valiapadath Capuchin

Apr 24, 2026

1 min read

സാവൂളിൻ്റെ മരണം

സാവൂളിൻ്റെ മാനസാന്തര കഥ വീണ്ടും വായിക്കുകയായിരുന്നു. ഒരുപക്ഷേ, ഇത്ര നാടകീയമായ ഒരു മാനസാന്തരകഥ ചരിത്രത്തിൽ ഇന്നോളം മറ്റാർക്കെങ്കിലും ഉണ്ടാകുമ...

Recent Posts

bottom of page