മൗലികം
- George Valiapadath Capuchin

- May 29
- 1 min read

നമ്മളൊക്കെ എന്തെല്ലാം തരം പ്രാർത്ഥനകളാണ് അനുദിനം ദൈവത്തോട് പ്രാർത്ഥിക്കുന്നത്!
എന്നാൽ, വലിയ വളച്ചുകെട്ടുകളൊന്നുമില്ലാതെ, എന്നാൽ ഏറ്റവും അടിസ്ഥാനപരമായ കുറേ പ്രാർത്ഥനാ മൂഹൂർത്തങ്ങൾ കാണുന്നുണ്ട്, പുതിയ നിയമത്തിൽ.
യേശു പറയുന്ന ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമയിൽ ചുങ്കക്കാരൻ പ്രാർത്ഥിക്കുന്നത് അത്തരം ലളിതവും ഋജുവും മൗലികവുമായ ഒരു പ്രാർത്ഥനയാണ്:
"കർത്താവേ, പാപിയായ എൻ്റെ മേൽ കരുണയായിരിക്കേണമേ" (ലൂക്ക.18:13) എന്നാണത്! മനുഷ്യൻ്റെ ഏറ്റവും അടിസ്ഥാനപരമായ പ്രാർത്ഥനേ!
ഗലീലിക്കടലിലെ കടൽക്ഷോഭത്തിൽ ഉറങ്ങുന്ന യേശുവിനെ ഉണർത്തിക്കൊണ്ട് ശിഷ്യർ നടത്തുന്ന പ്രാർത്ഥനയും മേല്പറഞ്ഞതുപോലെ തന്നെയുള്ളതാണ്: "കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ", (മത്താ. 8:25) എന്നാണത്!
ഗലീലിക്കടലിലെ കടൽക്ഷോഭ സാഹചത്തിൽത്തന്നെ കടലിലേക്ക് മുങ്ങാൻ തുടങ്ങുന്ന പത്രോസ് യേശുവിനെ വിളിച്ച് കരയുന്നത് ശിഷ്യർ ഒരുമിച്ച് പ്രാർത്ഥിച്ച അതേ പ്രാർത്ഥനയുടെ ഏകവചന രൂപമാണ്: "കർത്താവേ, എന്നെ രക്ഷിക്കണമേ"! (മത്താ. 14:30).
യേശുവിൻ്റെ പിന്നാലെ നിലവിളിച്ചുകൊണ്ട് വരുന്ന കാനാൻകാരി സ്ത്രീയുടെ പ്രാർത്ഥനയും ഏറെ ലളിതവും ഫോക്കസ് ഉള്ളതുമാണ്: "കർത്താവേ, എന്നെ സഹായിക്കണേ" (മത്താ. 15:25).
യേശു ജറീക്കോയിൽ നിന്ന് ജറൂസലേമിലേക്ക് ഒരു വൻ ജനാവലിയോടൊപ്പം യാത്ര ചെയ്യുമ്പോൾ ബർതിമേയസ് എന്ന അന്ധയാചകൻ അവനെ വിളിച്ച് കരയുന്നുണ്ട്. യേശു അവനെ തന്നിലേക്ക് വിളിപ്പിക്കുന്നു. നിനക്കുവേണ്ടി ഞാൻ എന്തുചെയ്യണം എന്ന് ചോദിക്കുമ്പോൾ അവൻ പ്രാർത്ഥിക്കുന്ന യാചനാ പ്രാർത്ഥന: "കർത്താവേ, എനിക്ക് കാണണം" (മർക്കോ. 10:51) എന്നാണ്!
യേശു കുരിശിൽ ആണികളിൽ തൂങ്ങിക്കിടക്കുമ്പോൾ അവനോടൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട ഒരു കള്ളൻ യേശുവിനോട് നടത്തുന്ന ഒരു പ്രാർത്ഥനയുണ്ട്: "നിൻ്റെ രാജ്യത്തിൽ എന്നെ ഓർക്കണമേ" (ലൂക്കാ 23:42) എന്നാണത്!




























































