സിലോഅ
- George Valiapadath Capuchin

- Mar 21
- 1 min read

പത്തിരുപത് വർഷമേ ആയുള്ളൂ പഴയ സിലോഹാക്കുളം വീണ്ടും കണ്ടെത്തിയിട്ട്. പൊതുവർഷം 70-ൽ റോമൻ സൈന്യം ജറൂസലേം ദേവാലയം അടിച്ചു തകർത്തപ്പോൾ അതിൻ്റെ നാശകൂമ്പാരങ്ങൾ ഇട്ട് ദേവാലയ മലയുടെ കിഴക്കേ ചരിവിൻ്റെ കീഴറ്റത്തുണ്ടായിരുന്ന സിലോഅക്കുളം നികത്തിക്കളഞ്ഞിരുന്നു. ജന്മനാ അന്ധനായി ജനിച്ച പ്രായപൂർത്തിയായ ഒരാൾക്ക് യേശു കാഴ്ച നല്കുന്ന സംഭവം സുവിശേഷത്തിൽ യോഹന്നാൻ (9) വിവരിക്കുന്നുണ്ട്. നിലത്ത് തുപ്പി ചെളിയുണ്ടാക്കി, ചെളി കണ്ണുകളിൽ പൂശിയിട്ട് യേശു പ്രസ്തുത ഭിക്ഷക്കാരനോട് പറയുന്നു: നീ പോയി സിലോഅക്കുളത്തിൽ കഴുകുക. കണ്ണ് കഴുകുക എന്നാണ് സ്വാഭാവികമായും നാം കരുതുക എന്നത് ശരിയാണ്. എന്നാൽ, സ്വയം കഴുകുക - അഥവാ കുളിക്കുക എന്നാവാം യേശു ഉദ്ദേശിച്ചതും അയാൾ ചെയ്തതും. പഴയ നിയമത്തിലേക്കുള്ള സൂചനകളുണ്ട് ഇവിടെ.
ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത് മണ്ണ് കുഴച്ച് ചെളിയുണ്ടാക്കിയിട്ടാണ്. ഇയാളുടെ ഭൗതികമായ അന്ധത അയാളുടെയോ മാതാപിതാക്കളുടെയോ പാപം നിമിത്തമാണോ എന്ന ശിഷ്യരുടെ ചോദ്യത്തോടെയാണ് ഈ സംഭവാഖ്യാനം സുവിശേഷകൻ ആരംഭിക്കുന്നത്. അയാളുടെ ബാഹ്യമായ അന്ധത ആരുടെയും പാപം മൂലമല്ല എന്ന് പ്രഖ്യാപിച്ച ശേഷമാണ് യേശുവിൻ്റെ ഈ പ്രവൃത്തി. സത്യത്തിൽ പാപത്താൽ അന്ധനായി പോയവൻ മാനവനാണ്. നാമെല്ലാം. ഒരാവർത്തി കൂടി മണ്ണ് കുഴച്ച് ചെളിയുണ്ടാക്കുകയാണ് ദൈവം. സിലോഅ-കുളത്തിൽ പോയി കുളിക്കാനാണ് അവനെ അയക്കുന്നത്.
മൂന്നുനാല് അവസരങ്ങളിൽ മാത്രമേ ഹീബ്രു /അറമായ ഭാഷയിൽ ഒരു പദം പറഞ്ഞശേഷം നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ അതിൻ്റെ അർത്ഥം പറഞ്ഞു തരുന്നുള്ളൂ സുവിശേഷങ്ങൾ. "അയക്കപ്പെട്ടവൻ" 'അപ്പസ്തോലൻ' എന്നാണ് അതിനർത്ഥമത്രേ! ദൂരദിക്കുകളിൽ നിന്ന് ജറൂസലേം ദേവാലയത്തിലേക്ക് എത്തുന്ന തീർത്ഥാടകർ ദേവാലയമലയുടെ അടിവാരത്തുള്ള സിലോഅ-കുളത്തിൽ മുങ്ങിയ ശേഷമാണത്രേ മലകയറി ദേവാലയത്തിലേക്ക് എത്തിയിരുന്നത്. ക്രിസ്തു എന്ന അയക്കപ്പെട്ടവനിൽ സ്നാനം ചെയ്ത് ദേവാലയത്തിലെത്തുന്നു, മുമ്പ് അന്ധനായിരുന്നയാൾ. എന്നാൽ അയാൾ പാപിതന്നെയാണെന്നും അയാളെ സൗഖ്യപ്പെടുത്തിയവനും പാപിയാണെന്നും വിധി പ്രസ്താവിച്ച് ഫരിസേയർ അയാളെ സിനഗോഗിന് പുറത്താക്കുന്നു. സിനഗോഗിൽ നിന്ന് പുറത്താക്കപ്പെട്ട് വിഷണ്ണനായവനെ തേടിയെത്തുകയാണ് യേശു. "നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുവോ" എന്നാണ് ചോദ്യം. 'ആരാണവൻ' എന്ന മറുചോദ്യത്തിന് 'ഞാൻ തന്നെ' എന്ന് വെളിപ്പെടുത്തലുണ്ടാകുമ്പോൾ, മുൻ അന്ധൻ യേശുവിനെ ആരാധിക്കുന്നിടത്താണ് ആഖ്യാനം തീരുന്നത്. ചുരുക്കത്തിൽ, പാപത്താൽ ആന്തരികമായി അന്ധനാക്കപ്പെട്ടയാളെ നവസൃഷ്ടിയാക്കുന്ന പ്രക്രിയ ആരംഭിക്കുന്നതും, അയാൾ യാത്രചെയ്ത് എത്തുന്നതും, അയാൾ സ്നാനപ്പെടുന്നതും, അന്ധത നീങ്ങി അയാൾ ആരാധിക്കുന്നതും ആ ഒന്നിനെത്തന്നെയാണ്!




























































