top of page

ഒന്നാം നാൾ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 27
  • 3 min read

Updated: Jun 5

Illustration of the outpouring of the Holy Spirit on the disciples on the Pentecost Day


ഉത്ഥിതനായ ക്രിസ്‌തുവിൻ്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അവിടത്തെ നിർദ്ദേശമനുസരിച്ച് അവരെല്ലാവരും മുകൾത്തട്ടിലെ മുറിയിൽ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നാണ് അപ്പസ്തോല പ്രവൃത്തികളുടെ പുസ്‌തകം പറയുന്നത്. ലൂക്കാ അക്കാര്യം എഴുതുമ്പോൾ വിശദാംശങ്ങൾ ചേർക്കുന്നുണ്ട്. പതിനൊന്ന് അപ്പസ്തോലന്മാരുടെ പേരുകൾ പറഞ്ഞിട്ട്, അവർ മറ്റ് സ്ത്രീകളോടും അവൻ്റെ അമ്മയായ മറിയത്തോടും അവൻ്റ സഹോദരന്മാരോടും ചേർന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നാണ് പറയുന്നത്. അവൻ്റെ അമ്മയെക്കുറിച്ചുള്ള പരാമർശം ഉള്ളതുകൊണ്ടാവണം, "അവൻ്റെ സഹോദരന്മാർ" എന്നത് മറിയത്തിനും യൗസേപ്പിനും ഉണ്ടായ മക്കളായിരുന്നു എന്ന വിധത്തിൽ ചില സഭാ വിഭാഗങ്ങളും, യൗസേപ്പിൻ്റെ ആദ്യ വിവാഹത്തിലെ മക്കളായിരുന്നു അത് എന്ന വിധത്തിൽ മറ്റുചിലരും, യേശുവിൻ്റെ കസിൻസ് ആയിരുന്നു എന്ന തരത്തിൽ വേറെ ചിലരും അതിനെ മനസ്സിലാക്കിയത്.


എന്നാൽ, ഇപ്പറഞ്ഞ വിശദീകരണങ്ങളോടൊന്നും എനിക്ക് യോജിക്കാൻ തോന്നുന്നില്ല. തൊട്ടടുത്ത വാക്യം ഇങ്ങനെയാണ്. 'അന്നൊരിക്കൽ നൂറ്റി ഇരുപതോളം സഹോദരന്മാർ ഒരുമിച്ച് ചേർന്നിരിക്കേ പത്രോസ് എഴുന്നേറ്റു നിന്ന് ഇങ്ങനെ പറഞ്ഞു'. ഇവിടെ "സഹോദരന്മാർ" എന്നത് ശിഷ്യരെയാണ് സൂചിപ്പിക്കുന്നത് എന്നത് വ്യക്തം. അപ്പോൾ തൊട്ടുമുമ്പത്തെ വാക്യത്തിലും (1:14) അങ്ങനെതന്നെ ആവേണ്ടതല്ലേ? ശേഷിക്കുന്ന അപ്പസ്തോലന്മാർ 11 പേരും സ്ത്രീകളായ ശിഷ്യകളും അമ്മയായ മറിയവും പിന്നെ 'മറ്റു ശിഷ്യരും' എന്നാവണം സൂചിതം. തൊട്ടടുത്ത വാക്യത്തിൽ സ്വയം നിഷ്‌കാസനം ചെയ്ത യൂദാസിന് പകരം ഒരാളെ തെരഞ്ഞെടുക്കാനുള്ള ശ്രമമാണ്. യേശുവിൻ്റെ മാമോദീസാ മുതൽ സ്വർഗ്ഗാരോഹണം വരെ അവനോടെപ്പം നടന്നയാളാവണം എന്നാണ് അതിനായി പത്രോസ് പറയുന്ന ഉപാധി. അങ്ങനെയുള്ള രണ്ടുപേരെയാണ് അവർ തെരഞ്ഞെടുക്കുന്നത്: മത്തിയാസും ബാർസബാസും.


അങ്ങനെ രണ്ടുപേരെ തെരഞ്ഞെടുക്കണമെങ്കിൽ അങ്ങനെയുള്ള കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നിരിക്കണം. അപ്പോഴും വ്യക്തമാണ് അത് യേശുവിൻ്റെ രക്തബന്ധുക്കൾ അല്ലെന്ന്. യോഹന്നാൻ്റെ സുവിശേഷം 20-ാം അധ്യായത്തിൽ ഉത്ഥിതൻ ആദ്യമായി മറിയം മഗ്ദലേനക്ക് പ്രത്യക്ഷപ്പെടുന്ന സന്ദർഭം വിവരിക്കുന്നുണ്ട്. "നീ പോയി എൻ്റെ സഹോദരന്മാരോട് പറയുക" എന്നാണവൻ പറയുന്നത്. അവിടെയത് അവൻ്റെ 'രക്തബന്ധുക്കളോട് പറയുക' എന്നാവില്ലല്ലോ! അടുത്ത വാക്യത്തിൽ 'അവൾ ചെന്ന് അവൻ്റെ ശിഷ്യരെ അറിയിച്ചു' എന്നുപറഞ്ഞാണ് യോഹന്നാൻ ആ വിവരണം പൂർത്തിയാക്കുന്നത്.


യേശുവിന് ഒരവസരത്തിൽ 72 ശിഷ്യർ ഉണ്ടായിരുന്നതായി നാം കാണുന്നുണ്ട്. അവരിൽനിന്നാണ് അപ്പസ്തോലന്മാരായി 12 പേരെ തെരഞ്ഞെടുക്കുന്നത്. 12 പേരെ തെരഞ്ഞെടുത്തുവെങ്കിലും മറ്റുള്ളവർ അവൻ്റെ ശിഷ്യത്വം ഉപേക്ഷിച്ചിട്ടില്ല. നിങ്ങൾ "എൻ്റെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യണം" എന്നവൻ പറഞ്ഞതുകേട്ട് അവൻ്റെ ശിഷ്യരിൽ വളരെപ്പേർ അവനെ വിട്ടുപോയി എന്ന് യോഹന്നാൻ പറയുന്നുണ്ട് (6:66). എന്നിരിക്കിലും 12 പേരൊഴികേ എല്ലാവരും പോയി എന്ന് യോഹന്നാൻ പറയുന്നുമില്ല. 12 പേരല്ലാതെ കുറേപ്പേർ അപ്പോഴും അവനെ വിട്ടുപോകാതെ കൂടെ ഉണ്ടായിരുന്നുകാണണം.


യേശുവിൻ്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം, അവൻ ശിഷ്യർക്ക് പ്രത്യക്ഷപ്പെടാൻ ആരംഭിച്ചപ്പോൾ, എപ്പോഴും കൂടെ ഉണ്ടായിരുന്നവരും ഇടക്കാലത്ത് വിട്ടുപോയവരും എല്ലാം വീണ്ടും ഒരുമിച്ച് ചേർന്നിരിക്കണം. ഉത്ഥാനവും പ്രത്യക്ഷീകരണവും അവരെ തിരിച്ചുകൊണ്ടുവന്നിരിക്കണം. അവൻ്റെ സ്വർഗ്ഗാരോഹണത്തിന് സാക്ഷ്യം വഹിച്ചവരിൽ 11 പേരും, സ്ത്രീ ശിഷ്യകളും, അമ്മയായ മറിയവും, ആദ്യം മുതൽ ഉണ്ടായിരുന്ന കുറേ ശിഷ്യരും ഇടക്ക് വിട്ടുപോയവരും ഉണ്ടായിരുന്നിരിക്കണം എന്ന് ഞാൻ കരുതുന്നു. അതായത് 12 പേരല്ല, നാല്പതോ എഴുപതോ പേർ ഒലിവുമലയിൽ ഉണ്ടായിരുന്നിരിക്കണം. അതിനുശേഷവും പഴയ പലരും വന്നുചേർന്നിരിക്കണം. അങ്ങനെയാണല്ലോ 120 പേർ ആവുന്നത്! ആ സംഖ്യ വീണ്ടും ഉയർന്നിരിക്കാം. പന്തക്കുസ്‌ത ആകുമ്പോഴേക്കും അത് ഇരുന്നൂറോ അതിലധികമോ ആവാനും ഇടയുണ്ട്.


പരിശുദ്ധാത്മാവിൻ്റെ ആവാസം ഉണ്ടാകുന്നത് അപ്പോൾ 12 പേരിലല്ലാ, ഒരുപക്ഷേ 120 ചിലപ്പോൾ 200 പേരിൽ ആയിരിക്കാം! പന്തക്കുസ്തായിൽ പത്രോസിൻ്റെയും മറ്റുള്ളവരുടെയും നീണ്ട പ്രസംഗമൊക്കെ കഴിയുമ്പോൾ ഉച്ച കഴിഞ്ഞിരിക്കില്ലേ?! ആ പാതി ദിവസം കൊണ്ട് ആ 12 പേർക്ക് 3000 പേരെയൊക്കെ മാമോദീസാ മുക്കാൻ എളുപ്പമല്ല!


ഏതായാലും ഇത്രയൊക്കെ യുക്തിവിചാരം ചെയ്തസ്ഥിതിക്ക് ഒരുപടി കൂടി കടന്ന് ഭാവന ചെയ്താലോ? അന്ന് ആ പന്തക്കുസ്താ ദിനത്തിൽ വിവിധ ദേശങ്ങളിൽ നിന്ന് അവിടെ വന്നെത്തിയിരുന്ന തീർത്ഥാടകരോടൊപ്പം അവരുടെ അമ്മമാരും ഭാര്യമാരും സഹോദരിമാരും ഉണ്ടായിരുന്നിരിക്കില്ലേ? മാളികമുറിയിൽ പരിശുദ്ധാത്മാവിൻ്റെ ആവാസം ഉണ്ടായ സ്ത്രീ ശിഷ്യകളും അന്നേ ദിവസം മാമ്മോദീസാ നല്കുന്നതിൽ പങ്കുചേർന്നിരിക്കാൻ ഇടയില്ലേ?


ഒരുപക്ഷേ, അത്തരം ഒരവബോധം കൊണ്ടായിരിക്കുമോ, ക്രിസ്‌തുശിഷ്യത്വം ആഗ്രഹിക്കുന്ന ഒരാൾ മരണവക്‌ത്രത്തിലായാൽ -ഒരു വൈദികനോ ഡീക്കനോ എത്തിച്ചേരുന്നതിനു മുമ്പേ മരിച്ചു പോയേക്കാം എന്ന നിലവന്നാൽ- ഒരു സ്‌ത്രീക്കോ പുരുഷനോ ആ ആളെ വെള്ളം ശിരസ്സിലൊഴിച്ച് 'പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ നിന്നെ ഞാൻ മാമോദീസ മുക്കുന്നു' എന്ന വാക്കുകളാൽ മാമോദീസാ നല്കാം എന്ന് എല്ലാക്കാലത്തും സഭ അനുശാസിച്ചിട്ടുളളത്!


ക്രിസ്റ്റോടോക്കോസ്


Disciples receive the Holy Spirit


മറിയത്തെ ക്രിസ്തുവിൻ്റെ അമ്മ (ക്രിസ്‌റ്റോടോക്കോസ്) എന്നുവിളിക്കണമോ അതോ ദൈവമാതാവ് (തെയോടോക്കോസ്) എന്നുവിളിക്കാമോ എന്ന് ദൈവശാസ്‌ത്രപരമായ ഒരു ആശയ സംവാദം ആദിമകാലത്ത് സഭയിൽ നടന്നിരുന്നു. പൊതുവർഷം 431-ൽ എഫേസോസിൽ ഒരു കൗൺസിൽ വിളിച്ചു ചേർക്കപ്പെട്ടു. രണ്ടുവാദങ്ങളും വിശദമായി അവതരിപ്പിച്ചശേഷം കൗൺസിലിൽ പങ്കെടുത്ത മെത്രാന്മാർ വോട്ടെടുപ്പ് നടത്തി. ക്രിസ്തുവിലെ ദൈവത്വവും മനുഷ്യത്യവും തമ്മിൽ വേർതിരിക്കാനാവാത്തതിനാൽ മനുഷ്യനായിത്തീർന്ന ദൈവത്തിൻ്റെ മാതാവ് എന്ന നിലയിൽ ദൈവമാതാവ് എന്ന സംജ്ഞ ഭൂരിപക്ഷം പേരും അംഗീകരിക്കുകയായിരുന്നു. ക്രിസ്തുമസിൻ്റെ എട്ടാം നാൾ (ജനുവരി 1-ന്) സഭ ദൈവമാതാവായ മറിയത്തിൻ്റെ തിരുനാൾ ആഘോഷിച്ചു വരുന്നുണ്ട്.


"മറിയത്തെ സഭാ മാതാവ്" എന്ന നിലയിൽ ആഘോഷിക്കുന്ന ഒരു തിരുന്നാൾ കാലംചെയ്ത ഫ്രാൻസിസ് പാപ്പാ 2018 -ൽ പ്രഖ്യാപിക്കുകയുണ്ടായി. പന്തക്കുസ്താ തിരുനാളിൻ്റെ പിറ്റേന്നാണ് ആ തിരുനാൾ. പത്രോസും മറ്റ് അപ്പസ്തോലന്മാരും യേശുവിനെ അവൻ്റെ പരസ്യജീവിതാരംഭത്തിലെ മാമോദീസ മുതൽ മാത്രമേ കണ്ടിട്ടുള്ളൂ. മറിയമാകട്ടെ, അവനെ ജനനം മുതലോ ഗർഭധാരണം മുതലോ അറിഞ്ഞുപോരുന്നതാണ്.


മറിയത്തെക്കുറിച്ച് ഒരു പ്രത്യേക കോൺസ്റ്റിറ്റൂഷൻ തന്നെ വേണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിൽ കുറേ സഭാപിതാക്കന്മാർ അഭിപ്രായപെട്ടിരുന്നു. എന്നാൽ, മറിയത്തിനായി ഒരു പ്രത്യേക കോൺസ്റ്റിറ്റ്യൂഷനല്ല, മറിയം സഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ്റെ ഉള്ളിലാണ് വരേണ്ടത് എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുകയായിരുന്നു. കാരണം, ക്രിസ്തുവിൻ്റെ പ്രതിരൂപം തന്നെയായ ഏറ്റവും സുന്ദരമായ ശിഷ്യയാണ് മറിയം. അവൾ സഭയോടൊപ്പമാണ്, സഭയുടെ മദ്ധ്യേയാണ്. കുരിശിൽ കിടന്നുകൊണ്ട് അവളുടെ പുത്രൻ തന്നെയാണ് സഭക്ക് മാതാവായി അവളെ നല്കിയത്. ആദ്യമായി പരിശുദ്ധാത്മാവിനെ ഉദരത്തിൽ സ്വീകരിച്ച അവൾ തന്നെയാണ് പന്തക്കുസ്താ ദിനത്തിൽ മാളികമുറിയിൽ സമ്മേളിച്ചിരുന്ന ആദ്യസഭയുടെ മേൽ പരിശുദ്ധാത്മാവ് വന്നുവീണപ്പോൾ അവൾക്കു ചുറ്റുമായിരുന്നു; അവളോടൊപ്പമായിരുന്നു നൂറ്റിയിരുപതോ ഇരുന്നൂറോ പേരടങ്ങുന്ന ആദ്യസഭ

പരിശുദ്ധാത്മാവിനെ സ്വീകരിച്ചത്!


സഭയെ നാൽ ക്രിസ്തുശരീരമാണ്. മറ്റൊരുവിധത്തിൽ ചിന്തിച്ചാൽ, പരിശുദ്ധാത്മാവിനെ ഉദരത്തിൽ സ്വീകരിച്ചവൾ പന്തക്കുസ്താ ദിനത്തിലായിരുന്നു ക്രിസ്തുവിനെ പ്രസവിച്ചത്!

ക്രിസ്റ്റോടോക്കോസ്!

bottom of page