ലാസർ
- George Valiapadath Capuchin

- Mar 24
- 1 min read

"ലാസർ എന്നു പേരായ ഒരുവൻ രോഗബാധിതനായി" എന്ന ആമുഖത്തോടെയാണ് നാലാം സുവിശേഷത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ അടയാള വിവരണം ആരംഭിക്കുന്നത്. 'ദൈവം സഹായിച്ചവൻ' അല്ലെങ്കിൽ 'ദൈവം സഹായത്തിനുള്ളവൻ' എന്നാണ് ആ പേരിനർത്ഥം. അവൻ വസിച്ചിരുന്നതാവട്ടെ, 'ബേഥനിയാ'യിലും. "കഷ്ടതയുടെ ഭവനം" എന്നതാണ് അതിൻ്റെ ഒരർത്ഥം. "കർത്താവേ, ഇതാ അങ്ങു സ്നേക്കുന്നവൻ രോഗിയായിരിക്കുന്നു" എന്നാണ് അയാളുടെ സഹോദരിമാർ ഒരു മധ്യസ്ഥൻ വഴി അവനെ അറിയിക്കുന്ന സന്ദേശം. അവനാകട്ടെ അകലെയാണ്, ഒളിവിലുമാണ്. സഹോദരിമാരുടെ മധ്യസ്ഥ പ്രാർത്ഥന അവൻ്റെ ചെവികളിലെത്തിയിട്ടും പുറപ്പെടുന്നതിൽ അവൻ മനഃപൂർവ്വം അമാന്തം വരുത്തി. അവൻ എത്തിച്ചേരുന്നതോ അടക്കം കഴിഞ്ഞിട്ട് നാലാം നാൾ!
"കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു" എന്ന ഒരേ വാക്യംതന്നെയാണ് സഹോദരിമാരായ മർത്തായും മറിയവും രണ്ടുതവണയായി പറയുന്നത്.
രോഗിയെത്തേടിയായിരുന്നു അവൻ വന്നത്. എന്നാൽ, രോഗിക്കു വേണ്ടി പ്രാർത്ഥന എത്തിയിട്ടും വൈദ്യൻ എത്താൻ വൈകി. അതിനാൽ കുറേപ്പേർ വേദനിച്ചുകരയണ്ടി വന്നു. അതാണ് അവനെ ആന്തരിക വ്യഥയിലേക്കും കരച്ചിലിലേക്കും എത്തിക്കുന്നത്!
പാപത്താൽ രോഗിയായ, ദൈവസാന്നിധ്യം അനുഭവിക്കാഞ്ഞതിനാൽ മരണത്തിലേക്ക് എത്തിച്ചേർന്ന, അടക്കപ്പെട്ടിട്ടുപോലും നാലുനാൾ കഴിഞ്ഞ, എന്നിട്ടും ദൈവം സഹായത്തിനുള്ളവനാണ് ലാസർ. "അങ്ങ് സ്നേഹിക്കുന്നവൻ" എന്നവർ പറയുന്നത് പാപിയായ ഈ മർത്ത്യനെക്കുറിച്ചാണ്. സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതാണ് സ്നേഹം. അവസാനം, മരണപ്പെട്ട സ്നേഹിതന് ജീവൻ തിരികെ നല്കിയതിൻ്റെ പേരിലാണ് വൈദ്യന് ജീവൻ ബലികഴിക്കേണ്ടിവരുന്നത്.




























































