top of page

ഭൂമിയ്ക്ക് തീയിടുന്നവര്‍

Writer: George Valiapadath Capuchin
George Valiapadath Capuchin
Jun 5
2 min read
Image of a war hit building

ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്‍ഷങ്ങള്‍ക്കുമെതിരേ ലോകത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്‍സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്‍ഷങ്ങളോടും ശക്തമായ വിധത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്‍ഗ്ഗം അത് നടത്തായിരിക്കുക എന്നത് മാത്രമാണ്!'


മിക്കവാറും അവസരങ്ങളില്‍ യുദ്ധത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ മാനവികതയുടെ പേരിലുളളവയാണ്. എന്നാല്‍, മാനവികമായ കാഴ്ചപ്പാടിനുപുറത്തും യുദ്ധങ്ങളും സായുധ സംഘര്‍ഷങ്ങളും തോല്‍വികള്‍ തന്നെയാണ്. പാരിസ്ഥിതികമായി, യുദ്ധം ഭൂമിക്കുമേല്‍ ഏല്പിക്കുന്ന മാരകമായ പരുക്കാണ് അതില്‍ ഏറ്റവും പ്രധാനം. മനുഷ്യര്‍ ഈ പ്രപഞ്ചത്തിന്‍റെ ഭാഗമായതിനാലും അവരുള്‍പ്പെടുന്ന ഒരു ആവാസവ്യവസ്ഥ ഭൂമിയില്‍ നിലനില്ക്കുന്നതിനാലും പരിസ്ഥിതി നാശത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ മനുഷ്യരെക്കൂടി ചിത്രത്തിലേക്ക് കൊണ്ടുവരാതിരിക്കാന്‍ തരമില്ല. ഓരോ ദിനവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി യുദ്ധങ്ങളും നൂറുകണക്കിന് സായുധ സംഘര്‍ഷങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നാണ് അന്തര്‍ദ്ദേശീയ സംഘര്‍ഷ നിരീക്ഷണ സമിതികളുടെ കണ്ടെത്തല്‍. ഓരോ വര്‍ഷവും കോടിക്കണക്കിന് മനുഷ്യരാണ് സ്വന്തം നാടുകളില്‍ നിന്നും ആവാസ വ്യവസ്ഥകളില്‍ നിന്നും പിഴുതെറിയപ്പെടുന്നത്. കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ പറയാനുമില്ല!


പ്രാദേശികമായ സായുധ സംഘര്‍ഷങ്ങളില്‍ കാടുകളും കുറ്റിക്കാടുകളും മനുഷ്യര്‍ നേരിട്ട് നശിപ്പിക്കുന്നുണ്ട്. സായുധമായ രീതിയില്‍ ഒരു ഗ്രാമത്തെ ആക്രമിക്കുന്ന സാഹചര്യത്തില്‍ പ്രാണരക്ഷാര്‍ത്ഥം ഗ്രാമീണര്‍ ഒന്നാകെ തൊട്ടടുത്തുള്ള വനത്തിലേക്ക് ഒളിച്ചുപോയാല്‍ അവരെ നശിപ്പിക്കുന്നതിനോ പുറത്തു ചാടിക്കുന്നതിനോ വേണ്ടി കാടിനൊന്നാകെ തീയിടുന്നതരം വിനാശകരമായ പ്രവൃത്തികള്‍ പലയിടങ്ങളിലും മനുഷ്യര്‍ ചെയ്യാറുണ്ട്. ഒരു ഗ്രാമത്തിന്‍റെ ഉന്മൂലനം മാത്രമല്ല ഒരു വലിയ ആവാസവ്യവസ്ഥയുടെ സമ്പൂര്‍ണ്ണനാശം കൂടിയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നത്.


ഇതേ കാര്യംതന്നെ വിരുദ്ധയുക്തി കൊണ്ടും സംഭവിക്കാറുണ്ട്. തങ്ങള്‍ക്കരികിലുള്ള വനത്തിന്‍റെ മറപറ്റി ശത്രുക്കള്‍ ഏതു നിമിഷവും പതുങ്ങിവന്ന് തങ്ങളെ ആക്രമിച്ചേക്കും എന്നു ഭയന്ന് സ്വയസുരക്ഷക്കായി ഗ്രാമീണര്‍ തങ്ങള്‍ക്കരികിലുള്ള വനം വെട്ടിയോ തീവച്ചോ നശിപ്പിക്കാറുമുണ്ട്. ആഭ്യന്തരയുദ്ധം അരങ്ങേറുന്ന സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇത്തരം വനനശീകരണങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി തച്ചുതകര്‍ക്കപ്പെട്ടിട്ടുള്ള ഗാസയില്‍ പുനരുപയോഗം അസാധ്യമാക്കുംവിധം മണ്ണും ജലവും ഭൂമിയും തകര്‍ക്കപ്പെടുകയും മലീമസമാക്കപ്പെടുകയും ചെയ്തിരിക്കുന്നു.


യുദ്ധങ്ങള്‍ പലപ്പോഴും അശാസ്ത്രീയമായ ഖനനങ്ങള്‍ക്കും മരംമുറിക്കലിനും വന്യജീവി നാശത്തിനും ഇടയാക്കുന്നുണ്ട്. വനങ്ങളിലൂടെയും ജലാശയങ്ങള്‍ മുറിച്ചുകടന്നും സൈന്യത്തിന് മുന്നേറേണ്ടിവരുന്ന സന്ദര്‍ഭങ്ങളാണ് യുദ്ധ സാഹചര്യങ്ങളില്‍ മിക്കപ്പോഴുമുള്ളത്. അത്തരം സാഹചര്യങ്ങളിലെല്ലാം പോര്‍മുഖത്തേക്ക് വന്‍തോതില്‍ യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതിനായി വലിയ തോതിലുള്ള പരിസ്ഥിതി നാശമാണ് സംഭവിക്കാറ്. യുദ്ധഭൂമികളില്‍ സൂക്ഷ്മമായ ഒത്തിരി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നിരന്തരമായ സ്ഫോടനങ്ങള്‍ പക്ഷികളെയും വന്യമൃഗങ്ങളെയും പലായനം ചെയ്യിക്കുന്നു. നിരന്തരമായി നിലനില്ക്കുന്ന വിഷപ്പുകയുടെ സാഹചര്യങ്ങളില്‍ നിന്ന് തേനീച്ചകള്‍ പോലും പലായനം ചെയ്യുന്നു.


അന്തരീക്ഷ താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനകാര്യത്തില്‍ ആഗോള തലത്തിലെ മൊത്തം ഉദ്വമനത്തിന്‍റെ അഞ്ചര ശതമാനവും സൈനിക നടപടികളിലൂടെയാണ് സംഭവിക്കുന്നത് എന്ന് കണക്കാക്കപ്പെടുന്നു. അഞ്ചര ശതമാനം എന്നത് ഒരു ചെറിയ ആഘാതമല്ല എന്നറിയുക. 1991-ലെ കുവൈറ്റ് യുദ്ധകാലത്ത് ഇറാക്കിലെ നൂറുകണക്കിന് എണ്ണപ്പാടങ്ങള്‍ക്ക് ബോംബിട്ട വാര്‍ത്ത നാം മറന്നിട്ടില്ല. അന്ന് 5,00,000 മെട്രിക് ടണ്‍ പുകമാലിന്യമാണ് ദിനംപ്രതി അന്തരീക്ഷത്തിലേക്ക് വമിപ്പിക്കപ്പെട്ടത്. രാസവ്യവസായങ്ങള്‍ തകര്‍ക്കപ്പെടുന്നതുമൂലം, അന്തരീക്ഷത്തിലേക്കും മണ്ണിലേക്കും ജലത്തിലേക്കും ഒഴുക്കപ്പെടുന്ന അപകടകരമായ രാസമാലിന്യങ്ങള്‍ക്ക് കൈയും കണക്കുമില്ല. കപ്പലുകള്‍, പ്രത്യേകിച്ച് എണ്ണക്കപ്പലുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ കടലില്‍ ഒഴുകിപ്പടരുന്ന ക്രൂഡ് ഓയിലും മറ്റ് രാസമാലിന്യങ്ങളും വരുത്തുന്ന മത്സ്യ-സമുദ്രജീവി-നാശം കണക്കാക്കാവുന്നതിലും അപ്പുറമാണ്.


രൂക്ഷയുദ്ധ മേഖലകളില്‍ വര്‍ഷിക്കപ്പെടുന്ന മിസൈലുകളും ബോംബുകളും തകര്‍ക്കുന്നത് കെട്ടിടങ്ങള്‍ മാത്രമല്ല, സെപ്റ്റിക് ടാങ്കുകളും ഓടകളും മലിനജല സംഭരണികളും എല്ലാമെല്ലാമാണ്. അവയില്‍ നിന്നെല്ലാം പുറന്തള്ളപ്പെടുന്ന വിസര്‍ജ്യവും മാലിന്യങ്ങളും ഭൂമിയെയും ജലസ്രോതസ്സുകളെയും മലീമസമാക്കുന്നു. തല്‍ഫലമായി മനുഷ്യരിലും മൃഗങ്ങളിലും ശ്വാസകോശ രോഗങ്ങളും പകര്‍ച്ചവ്യാധികളും സാധാരണമാകുന്നു.


നിരവധി വാഹനങ്ങള്‍ നൂറുകണക്കിന് കിലോമീറ്റര്‍ ഓടുമ്പോള്‍ നിര്‍ഗമിപ്പിക്കുന്നത്രയും പുകയാണ് ഒരൊറ്റ ദീര്‍ഘദൂര മിസ്സൈല്‍ നിര്‍ഗമിപ്പിക്കുന്നത് എന്നോര്‍ക്കുക. ഒരു മണിക്കൂറില്‍ ഓരോ യുദ്ധവിമാനവും പുറന്തള്ളുന്നത് പതിനഞ്ച് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് വീതമാണ്. ആയിരക്കണക്കിന് ലിറ്റര്‍ ജെറ്റ് വിമാന ഇന്ധനമാണ് അവയോരോന്നും കത്തിച്ചുകളയുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ആദ്യ ഒന്നരവര്‍ഷത്തില്‍ മാത്രം 77,000,000 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആണ് അന്തരീക്ഷത്തിലേക്ക് വ്യാപിച്ചതത്രേ!


വലിയ അളവില്‍ ഹെവി മെറ്റലുകളും അവശിഷ്ട യുറേനിയവുമാണ് വൃഷ്ടി പ്രദേശത്ത് ഓരോ മിസൈലും ബോംബും അവശേഷിപ്പിക്കുന്നത്. അവയുടെയെല്ലാം വിഷലിപ്തതയും അണുവികിരണവും എത്രകാലത്തേക്കാവും മനുഷ്യകുലത്തെയും ഇതര സസ്തനികളെയും ബാധിക്കുക!


ഓരോയുദ്ധവും തകര്‍ക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും യുദ്ധാനന്തരം യുദ്ധമുഖ നഗരങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുമായി നാം ചെലവാക്കേണ്ടിവരുന്ന അസംസ്കൃത വസ്തുക്കളും അവ നിര്‍മ്മിക്കുന്നതിനുള്ള ഊര്‍ജം നിര്‍മ്മിക്കുന്നതിലേക്കായി നാം കത്തിക്കേണ്ടിവരുന്ന ഫോസ്സില്‍ ഫ്യൂവലും, അവയെല്ലാം ചേര്‍ന്ന് ഈ ഭൂമുഖത്ത് അവശേഷിപ്പിക്കുന്ന കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റിന്‍റെ വ്യാപ്തിയും നാമെല്ലാം ഊഹിക്കുന്നതിനും ഏറെ അപ്പുറമാണ്.


യുദ്ധങ്ങള്‍ ഭൂമുഖത്തെ ആവാസവ്യവസ്ഥകളെ താറുമാറാക്കുകയും പരിസ്ഥിതിയെ മലിനമാക്കുകയും ഭൂമിയുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകയും പറയാനാവാത്ത തരം രോഗ ദുരിതങ്ങള്‍ ജീവികുലങ്ങള്‍ക്ക് സംഭവിപ്പിക്കുകയും പലതിനും വംശനാശം വരെ വരുത്തുകയും ഭൗമതാപനം വര്‍ദ്ധിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്!

യുദ്ധം പ്രകൃതിക്കു മേലുള്ള കടന്നുകയറ്റമാണ്!

യുദ്ധം തോല്‍വിയാണ്!


ഭൂമിയ്ക്ക് തീയിടുന്നവര്‍

ജോര്‍ജ് വലിയപാടത്ത്

അസ്സീസി മാസിക ജൂണ്‍ 2026

bottom of page