top of page

വിശ്വാസം

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Mar 28
  • 2 min read
A group of soldiers are marching,  a group of children pay their respect to them

പലരും പറയുന്നത് കേട്ടിട്ടുണ്ട്, ലോകത്തിൽ ഇന്നോളം നടന്നിട്ടുള്ള യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും മതത്തിൻ്റെ പേരിലായിരുന്നുവെന്ന്. തീരെ ശരിയല്ലാത്ത പ്രസ്താവമാണത് എങ്കിലും ഒരു കാര്യം സമ്മതിക്കണം: മേല്പറഞ്ഞ പ്രസ്താവത്തിൽ ഒരു ഘടകം ശരിയാണ്. ഒത്തിരിയേറെ യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും മനുഷ്യർ നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസത്തിൻ്റെ പേരിലാണ്. 'വിശ്വാസം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുചോദിക്കുമ്പോഴാണ് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നത്. ലോകത്തിലെ മനുഷ്യരെല്ലാം ഗോത്രങ്ങളായിരുന്ന കാലത്ത് ഒരു ഗോത്രം മറ്റൊന്നിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുന്നതിന് അവർക്ക് നീതീകരണമായത് അവരുടെ വിശ്വാസമായിരുന്നു. തങ്ങളാണ് നല്ല മനുഷ്യർ. അപരരെല്ലാം ചീത്തയാണ് എന്നതായിരുന്നു അവരുടെ വിശ്വാസം. പിന്നീട് കൂടുതൽ വളർച്ചനേടിയ സംസ്കാരങ്ങളുണ്ടായി. എൻ്റെ സംസ്കാരമാണ് ശ്രേഷ്ഠതരം, അപരൻ്റേത് ഹീനമാണ് എന്നത് ഒരു വിശ്വാസമാണ്. ആ വിശ്വാസത്തിൻ്റെ പുറത്ത് അവർ അന്യരെ ആക്രമിച്ച് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. പിന്നീട് നാട്ടു രാജ്യങ്ങളും സാമാജ്യങ്ങളുമുണ്ടായി. തങ്ങൾ നല്ലവരാണ്. തങ്ങളുടെ സംസ്കാരമാണ് ശ്രേഷ്ഠതരം. തങ്ങളുടെ ആയുധങ്ങളാണ് കൂടുതൽ ബുദ്ധിപരം എന്നവർ വിശ്വസിച്ചു. അന്യരുടെ മേൽ യുദ്ധങ്ങൾ നടത്തിക്കൊണ്ട് അതവർ തെളിയിച്ചു. തങ്ങളുടെ വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് പാശ്ചാത്യ ക്രൈസ്തവ ലോകം വിശ്വസിച്ചു. അതിനവർ മാർപാപ്പായുടെ ആശീർവാദങ്ങളോടെ 1096 മുതൽ 1291 വരെ രണ്ടുനൂറ്റാണ്ടുകൾ പന്ത്രണ്ടോളം കുരിശുയുദ്ധങ്ങൾ നടത്തി. ഇരുഭാഗത്തുമായി നേരിട്ട് കൊല്ലപ്പെട്ടതും യുദ്ധക്കെടുതി മൂലവും പട്ടിണി മൂലവും മറ്റുമായി എഴുപതു ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.


തങ്ങളുടെ പെണ്ണ് തങ്ങളുടെ സ്വത്താണ് എന്നത് ഒരു വിശ്വാസമാണ്. തങ്ങളുടെ ഒരു പെണ്ണിനെ അന്യ നാട്ടുകാരൻ സ്നേഹിച്ച് തട്ടിക്കൊണ്ടുപോയി എന്നതിൻ്റെ പേരിൽ ലോകത്ത് യുദ്ധങ്ങൾ നടന്നിട്ടുണ്ട്.


ദേശീയതാവാദവും മതമൗലികവാദവും കൂട്ടുചേർന്നാൽ അത് ശക്തമായൊരു വിശ്വാസ മിശ്രിതമാണ്. ഇതരമത വിദ്വേഷം കൂടി വളർത്തിയെടുത്താൽ പിന്നെ പറയാനുമില്ല. ന്യൂനപക്ഷങ്ങൾ സ്വന്തം നാട്ടിൽ അന്യരും അഭയാർത്ഥികളും ആയിപ്പോകും. തുർക്കിഷ് ദേശീയതാവാദവും ഇസ്ലാമിക് മൗലികവാദവും ഇഴചേർന്ന് ഓട്ടോമൻ ഭരണത്തിൻ കീഴിൽ പതിമൂന്ന് ലക്ഷം അർമേനിയൻ ക്രൈസ്തവരെയും അഞ്ച് ലക്ഷം ഗ്രീക്ക് ക്രൈസ്തവരെയും രണ്ടര ലക്ഷം അസ്സീറിയൻ ക്രൈസ്തവരെയുമാണ് കൊന്നൊടുക്കിയത്.


തങ്ങളുടെ പ്രത്യയശാസ്ത്രമാണ് ശരി; അതനുസരിച്ചു മാത്രമേ പുതിയൊരു ലോകം നിർമ്മിക്കാനാവൂ. അതിന് ദൈവ വിശ്വാസികളും വർഗ്ഗസമര-അവിശ്വാസികളുമായവർ വിലങ്ങുതടികളാണ്. ഇപ്പറഞ്ഞതെല്ലാം കമ്യൂണിസ്റ്റ് വിശ്വാസങ്ങളായിരുന്നു. ആ വിശ്വാസത്തിനു വേണ്ടി റഷ്യയിൽ അവർ മിക്കവാറും ഓർത്തഡോക്സ് ക്രൈസ്തവരിലെ നാലുകോടിഇരുപതുലക്ഷത്തെ കൊന്നു; ചൈനയിൽ മിക്കവാറും ഷിൻ്റോയിസ്റ്റുകളായ നാലുകോടി മനുഷ്യരെ കൊന്നു; സ്പെയിനിൽ മിക്കവാറും കത്തോലിക്കരായ അഞ്ചുലക്ഷത്തെ കൊന്നു; കാമ്പോഡിയയിൽ കത്തോലിക്കരും കാവോ ദേയി വിശ്വാസികളുമായ രണ്ടുലക്ഷത്തെ കൊന്നു. ലോകത്ത് മറ്റിടങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കടുപ്പ് എളുപ്പമല്ല.


തങ്ങളാണ് ബൗദ്ധികമായി കഴിവുള്ളവരും കായികമായി ശക്തരുമായ ജനതയെന്നത് ഒരു ജർമ്മൻ വിശ്വാസമായിരുന്നു. മറ്റുള്ള ജനതകളെ നശിപ്പിച്ചുകൊണ്ട് അത് തെളിയിക്കുക അവരുടെ ബാധ്യതയായി. അങ്ങനെ ഹിറ്റ്ലർ മാത്രം എട്ടുകോടി മനുഷ്യരെ കൊന്നൊടുക്കി.


മനുഷ്യരാശിയിലെ ബഹുസ്വരത ഒരു വലിയ പ്രശ്നമാണ്; ജനാധിപത്യ സംവിധാനമൊന്നും ഒരിക്കലും ഫലവത്തല്ല; സൈനിക ശേഷിയിലൂന്നിയ സർവ്വാധിപത്യം മാത്രമേ ശരിയാകൂ എന്നതെല്ലാം ഫാഷിസ്റ്റ് വിശ്വാസങ്ങളായിരുന്നു. അതിനായി നാസി ജർമ്മനിയും ഫാസിറ്റ് ഇറ്റലിയും ഇംപീരിയലിസ്റ്റ് ജപ്പാനും കൈകോർത്തു. അങ്ങനെ, ലോക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയായ രണ്ടാം ലോക യുദ്ധത്തിൽ ഏഴുപത്തഞ്ചുകോടി മനുഷ്യർ മരണപ്പെട്ടു.


വിമതശബ്ദങ്ങൾ ഇല്ലാതാക്കപ്പെടണം എന്നത് തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ വലതുപക്ഷ ഏകാധിപത്യ ഭരണകൂടങ്ങളുടെ വിശ്വാസമായിരുന്നു. അതിനുവേണ്ടി വലതുപക്ഷ ഭരണകൂടങ്ങൾ കൊന്നൊടുക്കിയത് കത്തോലിക്കരെയും ഇടതുപക്ഷക്കാരെയും ആയിരുന്നു.


ഇങ്ങനെ നോക്കിയാൽ ലോകത്തിലെ എല്ലാ മനുഷ്യക്കുരുതികളും വിശ്വാസത്തിൻ്റെ പേരിലായിരുന്നു എന്ന് പൊതുവേ പറയാമെങ്കിലും, ദേശീയതാ വാദവും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും സാമ്രാജ്യത്വ മോഹങ്ങളുമാണ് മഹാഭൂരിപക്ഷം യുദ്ധങ്ങൾക്കും ഹിംസകൾക്കും ഇടയാക്കിയിട്ടുള്ളത് എന്നുകാണാം.


ഇന്നും ഇതിനൊക്കെത്തന്നെയാണ് മനുഷ്യർ വളമിട്ടുകൊണ്ടിരിക്കുന്നതും!

bottom of page