top of page

എലിമിനേഷൻ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Mar 31
  • 2 min read

മതത്തിൻ്റെ ആളുകൾക്ക് അവൻ പറഞ്ഞതൊന്നും തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവരുടെ കൈയ്യിൽ ആകെ ഉണ്ടായിരുന്നത് മതത്തിൻ്റെ ഒരു കട്ടിൽ മാത്രമായിരുന്നു. അവർ ആളുകളെ അതിൽ കിടത്തി നോക്കി. അതിൻ്റെ ചട്ടത്തിലേക്ക് എത്താതിരുന്നവരെ അവർ വലിച്ചുനീട്ടി. അതിൻ്റെ ചട്ടം കവിഞ്ഞു പോയവരുടെ കാലുകൾ അവർ അറുത്തു നീക്കി. യേശുവിനെ സംബന്ധിച്ച് പറഞ്ഞാൽ, അവന്റെ കാലുകൾ മാത്രമല്ല കൈകളും ചുമലുകളും ശിരസ്സും അവരുടെ കട്ടിലിന്റെ ചട്ടം കവിഞ്ഞു പോയിരുന്നു. മുറിച്ചുനീക്കാം എന്നല്ലാതെ അവർക്ക് മറ്റെന്ത് വഴിയാണുണ്ടായിരുന്നത്?!


വിവാദങ്ങൾ അവൻ്റെ കൂടപ്പിറപ്പായിരുന്നു. വെറും വിവാദങ്ങളായിരുന്നെങ്കിൽ എത്ര എളുപ്പമുണ്ടായിരുന്നു! ഇത് അങ്ങനെയായിരുന്നില്ലല്ലോ! അവരുടെ സനാതനമെന്ന് അവർ കരുതിയ അവരുടെ മതത്തെയും അവരുടെ ദൈവത്തെപ്പോലുമാണ് അവൻ തകർത്തുകളഞ്ഞത്.


നിയമം പാലിക്കുന്നു എന്ന പ്രതീതി പരത്തി, വീതികൂടിയ നെറ്റിപ്പട്ടകളും നീളമേറിയ തെങ്ങലുകളുമായി, ദേവാലയത്തിലും മതത്തിലും നേടിയെടുത്ത സ്വാധീനങ്ങളുമായി ജീവിക്കുകയായിരുന്നു അവർ. അപ്പോഴാണ് അവൻ പറയുന്നത് - നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങളാണെന്ന്! നിങ്ങളാണ് ദൈവശാപം പേറുന്നവരെന്ന്!


രണ്ട് നിയമങ്ങളാണ് അവർ മുഖ്യമായും ഊന്നൽ കൊടുത്ത് പാലിച്ചിരുന്നത്. ഒന്നാമത്തേത് ഷബാത്ത് നിയമം ആയിരുന്നു. അതിനെ പരമപൂജ്യമായി വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ. അവരെപ്പോലുള്ള വരേണ്യർക്ക് സാമാന്യം എളുപ്പമായിരുന്നു ഷബാത്താചരണം. എന്നാൽ, സാധാരണക്കാരും ദരിദ്രരുമായ മനുഷ്യരുടെ സ്വാഭാവിക ജീവിതത്തെ ഏറ്റവും ബാധിക്കുന്ന നിയമം ഷബാത്താചരണത്തിൻ്റേത് ആയിരുന്നു. അക്കാരണത്താൽത്തന്നെ ശക്തമായ ഒരു മർദ്ദകോപാധിയും ആയിരുന്നു ഷബാത്ത്. അതിൻ്റെ പേരിലാണ് അവർ തങ്ങളുടെ അധികാരം സാധാരണക്കാരുടെ മേൽ അടിച്ചേല്പിച്ചത്. അവനാകട്ടെ, നിരന്തരമായി ഷബാത്ത് ലംഘിച്ചുകൊണ്ട് രോഗശാന്തി നല്കുകയും!


തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കാൻ അവർ ഉപയോഗിച്ച രണ്ടാമത്തെ നിയമം ശുദ്ധതയുടേതായിരുന്നു. തങ്ങൾ വരേണ്യ വംശമാണെന്ന് യഹൂദജനതയെ, പ്രത്യേകിച്ച് മെയ്യനങ്ങാതെ ജീവിക്കാൻ പ്രാപ്തിയുള്ളവരെ അഹങ്കരിപ്പിച്ചിരുന്നു ശുദ്ധതയുടെ നിയമങ്ങൾ. ശുദ്ധമായ ഭക്ഷണം കഴിക്കാത്തവർ എന്ന പേരിൽ വിജാതീയരെ അശുദ്ധരായി കാണാനും അവരിൽ നിന്ന് അകലം പാലിക്കാനും എളുപ്പമായിരുന്നു. യഹൂദരാരും വിജാതീയരുടെ ഭവനങ്ങളിൽ പ്രവേശിച്ചിരുന്നില്ല. ശുദ്ധഭക്ഷണം കഴിക്കുന്ന സമറായർ പോലും വംശശുദ്ധിയില്ലായ്മയുടെ പേരിൽ തൊട്ടുകൂടാത്തവരോ തീണ്ടിക്കൂടാത്തവരോ ആയി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, അവനാകട്ടെ അവരുടെ പട്ടണങ്ങളിൽ പോവുകയും, ശിഷ്യരെക്കൂട്ടി അവരോടെപ്പം പാർക്കുകയും ചെയ്തു.

ദൈവത്തിൻ്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ് തങ്ങൾ എന്നാണ് അവർ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞിരുന്നത്. സീദോനിൽ സറപ്തായിലെ വിധവയോടൊപ്പം ഏലിയാ പ്രവാചകൻ പാർത്ത കഥയും സിറിയക്കാരനായ നാമാൻ എന്ന കുഷ്ഠരോഗി ഏലീഷാ പ്രവാചകൻ വഴി സൗഖ്യം പ്രാപിച്ച കഥയും ഓർമ്മിപ്പിച്ചു കൊണ്ടും പുരോഹിതനും ലേവായനും തോറ്റയിടത്ത് സമറിയാക്കാരൻ ജയിച്ച കഥ പറഞ്ഞുകൊണ്ടും യഹൂദ ജനതയുടെ ശ്രേഷ്ഠതാവാദം അവൻ പൊളിച്ചുകളഞ്ഞു!


ജറൂസലേം കേന്ദ്രീകൃത - ദേവാലയ കേന്ദ്രീകൃത ആരാധനയത്രയും പക്ഷിമൃഗാദികളെ കുരുതി കഴിച്ചുകൊണ്ടുള്ള യാഗബലികളിൽ നിർമ്മിതമായിരുന്നു. യാഗമൃഗങ്ങളെ വില്ക്കുന്നവരെ വിരട്ടിയോടിച്ചും, പ്രാവുകളെയും കുരുവികളെയും വില്ക്കുന്നവരോട് അവയെ എടുത്തുകൊണ്ടുപോകാൻ കല്പിച്ചും, നാണയ മാറ്റക്കാരുടെ മേശകൾ തട്ടിമറിച്ചും അവൻ അത്തരം ആരാധനക്ക് ഇളക്കം വരുത്തി.


ദൈവം നീതിമാനായതിനാൽ ഈ ഭൂമിയിലെ എല്ലാ കഷ്ടതകളും "ദൈവകോപം" എന്നാണ് അവർ ബ്രാൻ്റ് ചെയ്തിരുന്നത്. അപ്പോൾ കാര്യങ്ങൾ എളുപ്പമായിരുന്നു. കുരുടർ, ചെകിടർ, മുടന്തർ, തളർവ്വാദക്കാർ, മന്ദബുദ്ധികൾ, ഓട്ടിസം ബാധിച്ചവർ, മാനസിക രോഗികൾ, കുഷ്ഠരോഗികൾ - എല്ലാം ദൈവം ശപിച്ചവരാണ് എന്നു പറഞ്ഞാൽ എളുപ്പമുണ്ടായിരുന്നു. അത്തരം സാഹചര്യങ്ങളിൽ ഉള്ളവരൊക്കെ കൂടുതൽ നരകിക്കും, എങ്കിൽ എന്ത്? ദൈവം ഭദ്രമായിരിക്കുമല്ലോ! അപ്പോഴാണ് അവൻ പറയുന്നത് അവരെല്ലാമാണ് ദൈവത്തിന് പ്രിയപ്പെട്ടവരെന്ന്!


അത്യുന്നതങ്ങളിൽ വാഴുന്ന അവരുടെ ദൈവം തൻ്റെ 'അപ്പാ' ആണെന്ന് അവൻ അവകാശപ്പെട്ടു. ചെറിയ കളിയല്ലത് - ദൈവദൂഷണക്കുറ്റമാണ്.

"മനുഷ്യപുത്രൻ", "ദാവീദിൻ്റെ പുത്രൻ" എന്നിങ്ങനെയുള്ള മിശിഹായുടെ പദവിനാമങ്ങൾ സ്വയം എടുത്തണിഞ്ഞു അവൻ.

ദൈവത്തിന് മാത്രമേ പാപം മോചിക്കുവാൻ അധികാരമുള്ളൂ. തനിക്ക് പാപമോചനം നല്കാൻ അധികാരമുണ്ട്; താൻ ഷബാത്തിൻ്റെയും അതിനാഥനാണ് എന്നെല്ലാം അവകാശപ്പെട്ടു അവൻ.


ഇങ്ങനെ മതനേതൃത്വത്തിൻ്റെ അധികാരപൂർവ്വമുള്ള ധാർഷ്ട്യങ്ങളെ;

ഏറ്റം കാർക്കശ്യമുള്ള നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മതനിയമങ്ങളെ;

വരേണ്യതയുടെയും ശുദ്ധതയുടെയും നിയമങ്ങളെ ചോദ്യം ചെയ്തുകാെണ്ട് മതത്തിൻ്റെ ശ്രേഷ്ഠതാവാദങ്ങളെ;

ദേവാലയത്തിലെ ക്രയവിക്രയങ്ങൾ അലങ്കോലപ്പെടുത്തിക്കൊണ്ട് മതത്തിൻ്റെ ആരാധനാ സമ്പ്രദായങ്ങളെ;

പിറവിക്കുരുടരെയും കുഷ്ഠരോഗികളെയും സൗഖ്യപ്പെടുത്തിക്കൊണ്ട് അവരുടെ ദൈവശാസ്ത്രത്തെ;

ഹെബ്രായ തിരുലിഖിതങ്ങളിലെ മിശിഹായുടെ പദവിനാമങ്ങൾ സ്വയം എടുത്തണിഞ്ഞുകൊണ്ട് മതത്തിൻ്റെ രക്ഷക സങ്കല്പങ്ങളെ;

ദൈവത്തെ 'അപ്പാ' എന്ന് വിളിച്ചുകൊണ്ട് ദൈവ സങ്കല്പത്തെ - ഒക്കെ അവൻ തകർക്കുകയോ വലിച്ച് താഴെയിടുകയോ ചെയ്തു!


ഇനി നിങ്ങൾ പറയൂ. അവർ അവനോട് എന്തു ചെയ്യണമായിരുന്നു?

നിങ്ങളാണെങ്കിൽ അവനോട് എന്തു ചെയ്യുമായിരുന്നു?


bottom of page