ആരാണുത്തരവാദി?
- George Valiapadath Capuchin

- Mar 15
- 2 min read

ഭരണങ്ങാനത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന അസ്സീസി മാസികയിൽ ഡോ. സിപ്രിയൻ ഇല്ലിക്കമുറി (ഞങ്ങളുടെ തിയോളജി പ്രഫസർ) "സംശയിക്കുന്ന തോമ്മാ" എന്ന പേരിൽ ഒരു സംശയനിവാരണ പംക്തി നിരവധി വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു (ഇന്ന്, March 15, അദ്ദേഹത്തിൻ്റെ ഓർമ്മദിനം ആണ്). വിശുദ്ധ ഗ്രന്ഥപരവും ദൈവശാസ്ത്രപരവും സാന്മാർഗ്ഗിക ശാസ്ത്രപരവുമായ വിഷയങ്ങൾ വിശ്വാസി സമൂഹത്തിനിടയിൽ ആഴമുള്ള ചർച്ചകൾ ഉണ്ടാകുന്നതിന് പതിറ്റാണ്ടുകളോളം അങ്ങനെ അദ്ദേഹം നിമിത്തമായി.
സഭയുടെ നടത്തിപ്പിൽ നടന്നുവരുന്ന ആസ്പത്രികളിലെ സാമ്പത്തിക ചൂഷണങ്ങളെ ചോദ്യം ചെയ്യുന്ന ഒരു സംശയത്തിനായിരുന്നു ഒരിക്കൽ അദ്ദേഹം ഉത്തരം എഴുതിയത്. സഭയുടെ പ്രബോധനങ്ങളും ദൈവശാസ്ത്ര കാഴ്ചപ്പാടുകളും സുവിശേഷ നിലപാടുകളും ആധാരമാക്കിയായിരുന്നു, എപ്പോഴും എന്നതുപോലെ അത്തവണയും അദ്ദേഹത്തിൻ്റെ വിശദീകരണം. പ്രശ്നങ്ങൾ ഉണ്ട് എന്ന് സമ്മതിച്ച അദ്ദേഹം, സഭാസ്ഥാപനങ്ങൾ സ്വകാര്യ മുതൽമുടക്കിലുള്ള സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാൻ കടപ്പെട്ടവരാണെന്നും പ്രസ്താവിച്ചു. വൈദഗ്ദ്ധ്യവും നൈപുണ്യവും ഉള്ളവരായ ഡോക്ടർമാരാണ് സ്വകാര്യ ആസ്പത്രികളിലേക്ക് രോഗികളെ ആകർഷിക്കുന്നത്. അവരാണ് ആസ്പത്രികളുടെ മേലധികാരികളെ നിയന്ത്രിക്കുക പോലും ചെയ്യുന്നത്. പലപ്പോഴും അവർ ചട്ടങ്ങൾ തീരുമാനിക്കുന്നിടത്തോളം കാര്യങ്ങൾ എത്താറുണ്ട്. കണക്കിൽ ഒരു തുക കാട്ടുകയും അതിനിരട്ടി കണക്കിൽ കാണിക്കാതെ ബ്ലാക്കിൽ അവർക്ക് നല്കേണ്ടതായി വരികയും ചെയ്തിരുന്നു അക്കാലത്ത്. അങ്ങനെ ചെയ്തില്ലെങ്കിൽ കത്തോലിക്കാ ആസ്പത്രികളോട് മത്സരിക്കുന്ന ഇതര വൻകിട ആസ്പത്രികൾ അവരാവശ്യപ്പെട്ടതിനെക്കാളധികം തുക ഓഫർ ചെയ്തുകൊണ്ട് മേല്പറഞ്ഞ ഡോക്ടർമാരെ കൊത്തിക്കൊണ്ടുപോകും എന്ന ദുരവസ്ഥ അക്കാലത്ത് നിലവിലുണ്ടായിരുന്നു. ഇന്നും അങ്ങനെയൊക്കെത്തന്നെയായിരിക്കും എന്നു തോന്നുന്നു. മുതലാളിത്ത വ്യവസ്ഥയിൽ മത്സരത്തിന് അതിരില്ല. ക്രൈസ്തവ സ്ഥാപനങ്ങൾ മത്സരാധിഷ്ഠിത മുതലാളിത്തത്തിലേക്ക് കടന്നുനിന്നാൽ മത്സരത്തിൽ നാം വിജയിച്ചെന്നുവരാം. എന്നാൽ ക്രൈസ്തവികതയിൽ നാം പരാജയപ്പെട്ടിരിക്കും. അങ്ങനെയൊക്കെ ആയിരുന്നു അദ്ദേഹം അന്ന് എഴുതിയത് എന്നാണ് ഓർമ്മ. പത്തുമുപ്പത് വർഷം മുമ്പായിരുന്നു അദ്ദേഹം അതെഴുതിയത് എന്നാണ് തോന്നുന്നത്.
ഏതായാലും പ്രസ്തുത ലേഖനത്തിൻ്റെ പശ്ചാത്തലത്തിൽ പാലായിൽ പ്രൊവിൻഷ്യൽ ആസ്ഥാനമുള്ള ഒരു സന്ന്യാസിനീ സമൂഹത്തിൻ്റെ പ്രൊവിൻഷ്യാളമ്മ തങ്ങളുടെ ആസ്പത്രിയെ കൂടുതൽ ക്രൈസ്തവമാക്കാൻ തീരുമാനിച്ചു. കള്ളപ്പണമായി കൂടുതൽ വേതനം ആവശ്യപെട്ട അവരുടെ ആസ്പത്രിയിലെ അതിപ്രശസ്തനായ ഡോക്ടറോട് - വേതനം വർദ്ധിപ്പിക്കാമെന്നും എന്നാൽ കള്ളപ്പണമായി നല്കാനാവില്ല എന്നും അവർ നിലപാടെടുത്തു. അവിടെ നിന്ന് രാജിവച്ച് അദ്ദേഹം നഗരത്തിലെ ഒരാസ്പത്രിയിലേക്ക് മാറി. അദ്ദേഹത്തിൻ്റെ രോഗികൾ അദ്ദേഹത്തെ തേടി അദ്ദേഹത്തിനു പിന്നാലെ പോയി. കന്യാസ്ത്രികളുടെ ആസ്പത്രി ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെയായി. അവർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇന്നും പക്ഷേ ആ ആസ്പത്രി പ്രവർത്തിക്കുന്നുണ്ട് !
കാലം എറെ മാറി. ഇന്ന് കേരളത്തിലെ പ്രസിദ്ധരായ ഡോക്ടർമാർ അവരുടെ അതേനിലയിലുള്ള ഡോക്ടർമാർ പശ്ചിമ യൂറൊപ്പിലോ അമേരിക്കയിലോ സമ്പാദിക്കുന്നതിന് തുല്യമോ അതിലേറെയോ ആണ് സമ്പാദിക്കുന്നത്. ഡോക്ടർമാർ മാത്രമല്ല ഇന്നത്തെ പ്രശ്നം. അനുദിനം വിപണിയിലെത്തുന്ന ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയിലുള്ള മെഷീനറി കൂടിയുണ്ടെങ്കിലേ ബിസിനസ്സിൽ പിടിച്ചുനില്ക്കാനാവൂ എന്നതാണ് യാഥാർത്ഥ്യം. അതും പോരാ. പുത്തൻ സൗകര്യങ്ങളുള്ളതും ആൾത്തിരക്കില്ലാത്തതുമായ പടുകൂറ്റൻ കെട്ടിടങ്ങൾ വേണം; വിശാലമായ കാത്തിരിപ്പ് സ്ഥലങ്ങൾ വേണം; വാലെ ആയും സ്വന്തമായും പാർക്കിങ് സൗകര്യങ്ങൾ വേണം; സർജറികൾ കഴിഞ്ഞവർക്കും അവരുടെ പങ്കാളികൾക്കും ആയാസമില്ലാതെ തുടർചികിത്സ ലഭിക്കത്തക്കവിധം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അനക്സ്ഡ് അപ്പാർട്ട്മെൻ്റുകൾ വേണം: അങ്ങനെയങ്ങനെ.
സാധാരണക്കാർക്കും ദരിദ്രർക്കും കാര്യക്ഷമമായ ആരോഗ്യ ഇൻഷൂറൻസുകൾ സർക്കാർ മേൽനോട്ടത്തിൽ ഇല്ലാതിരിക്കേ, ജനങ്ങളിൽ ഭൂരിപക്ഷത്തിനും സ്വകാര്യ ഇൻഷൂറൻസുകളും ഇല്ലെന്നിരിക്കേ രോഗികളിൽ നിന്ന് സമാഹരിക്കാവുന്ന വരുമാനത്തിന് പരിധികളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുകൾ ആരോഗ്യ മേഖലയിലാണെന്നിരിക്കേ, ആരോഗ്യ മേഖലയിലെ മത്സരം കടുത്തതാണ്. ഡോക്ടർമാരുടെ 'സ്റ്റാർ വാല്യൂ'വിന് വലിയ പ്രാധാന്യം നല്കുന്ന വാചിക സംസ്കാരം നിലനില്ക്കുന്ന സമൂഹത്തിൽ, മത്സരത്തിൽ പിടിച്ചു നില്ക്കാൻ വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമായും വരുമ്പോൾ, സ്വാഭാവികമായും 'സ്റ്റാർ വാല്യൂ' ഇല്ലാത്തവരാകും ചൂഷണം ചെയ്യപ്പെടുക എന്നത് ഒരു സാമാന്യ തത്ത്വമാണ്.
സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ രാഷ്ട്രീയ മേഖലയിലായാലും ചലച്ചിത്ര മേഖലയിലായാലും മാധ്യമ മേഖലയിലായാലും ആരോഗ്യ മേഖലയിലായാലും മറ്റേതു മേഖലയിലായാലും താരപ്രശോഭ വർദ്ധിപ്പിക്കുന്ന വാഴ്ത്തുപാട്ടുകളെ സമൂഹം അവധാനതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പൊതുസമൂഹത്തിനു തന്നെയാവും നഷ്ടം സംഭവിക്കുക.
മുതലാളിത്തത്തിൻ്റെ പിള്ളത്തൊട്ടിലായ പാശ്ചാത്യ യൂറൊപ്പിലും, സ്വതന്ത്ര വിപണിയുടെ നിലവിലെ വാസഗൃഹമായ അമേരിക്കയിലും കൊൺഗ്ലോമറിസത്തിനും മൊണോപളിക്കും നിയന്ത്രണങ്ങളുണ്ട്. അതിനവരെ സഹായിക്കുന്ന നയങ്ങളും നിയമങ്ങളുമുണ്ട്. വിദഗ്ദ്ധമായ നയരൂപീകരണവും നിയമനിർമ്മാണവും നടത്തേണ്ടത് ബന്ധപ്പെട്ട സർക്കാരുകളാണ്.
ക്രൈസ്തവ സഭകളുടെ മേല്നോട്ടത്തിൽ നടത്തപ്പെടുന്ന ഏതൊരു സ്ഥാപനവും സ്വന്തം ഇടം നിർമ്മിച്ചെടുക്കേണ്ടത് ക്രൈസ്തവമായ ധാർമ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാവണം.
കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ ഏഴ് പ്രമാണങ്ങളിന്മേലാണ് അടിസ്ഥാനമിട്ടിരിക്കുന്നത് എന്ന് നാം ഓർക്കുന്നത് നല്ലതാണ്.
1) മനുഷ്യാന്തസ് (Human dignity);
2) പൊതുനന്മ (Common good);
3) ദരിദ്രരോടുള്ള ഐക്യദാർഢ്യം (Solidarity with the poor);
4) ഉത്തരവാദിത്തം / ഉത്തരിപ്പുനീതി പ്രമാണം (എന്നോ മറ്റാേ ഭാഷാന്തരം ചെയ്യാവുന്ന Principle of Subsidiarity);
5) അവകാശ സംരക്ഷണം (Protection of rights);
6) ന്യായമായ ജോലി ഉറപ്പാക്കൽ (Ensuring fair work);
7) സൃഷ്ടിയുടെ പരിപാലനം (Care for Creation).
സ്വയം വിലയിരുത്തലുകൾ എല്ലാ മേഖലയിലും നടക്കട്ടെ.




























































