

1
ഞായര്‍
തെരുവുകളെ സ്നേഹസാന്ദ്രമാക്കിയ ആഘോഷം! ആ യാത്രയുടെ പശ്ചാത്തലത്തില്‍ അവന്‍റെ പതിഞ്ഞൊഴുകുന്ന കരുണയുടെയും അനുഭാവത്തിന്‍റെയും മിത്രസങ്കല്പങ്ങള്‍ തെളിഞ്ഞു കത്തുന്നുണ്ട്. ഇതിനകം ഒരു റോമന്‍ അധിനിവേശ ഇടമായി മാറിയ ദേശത്തിലെ അശ്വാരൂഢരുടെ പകിട്ടുകള്‍ക്കിടയിലൂടെയാണ് ഒരു സാധു മൃഗത്തിലേറിയുള്ള അവന്‍റെ സൗമ്യയാത്ര. വൃക്ഷച്ചില്ലകളേന്തി നിസ്സ്വരും നിസ്സഹായരുമായ മനുഷ്യര്‍ നിലവിളികളുമായി അവനോടൊപ്പം ചരിത്രത്തിന്‍റെ പരവതാനിയിലേക്ക് പ്രവേശിക്കുകയാണ്. സ്വന്തം മേലങ്കികള്‍ നിലത്ത് വിരിച്ചാണ് അവര്‍ ഈ സാങ്കല്പികപാത തുന്നിയെടുക്കുന്നത്. പാവപ്പെട്ടവരുടെ അക്കാലത്തെ പണയവസ്തുവായിരുന്നു അവരുടെ മേലങ്കി. അത് ഉരിഞ്ഞിട്ടാണ് അവന്‍റെ വഴികളെ അവര്‍ അലങ്കരിച്ചത്. ഞങ്ങളുടെ പ്രാണനു മീതേ അങ്ങ് സഞ്ചരിച്ചെത്തണമേ എന്നൊരു പ്രാര്‍ത്ഥനയാണ് അതില്‍ അടക്കം ചെയ്തിരിക്കുന്നത്. ഓരോരോ കയങ്ങളിലേക്ക് വഴുതിപ്പോയ ഞങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്. ഓശാന എന്ന നിലവിളി താനേ രൂപപ്പെടുകയായിരുന്നു. ഞങ്ങളെ രക്ഷിക്കണമേ എന്നാണതിന്‍റെ പൊരുള്‍. ഇപ്പോള്‍ത്തന്നെ എന്ന തിടുക്കത്തിന്‍റെ ധ്വനി കൂടി അതില്‍ മുഴങ്ങുന്നുണ്ട്. ഒരുമാത്രപോലും ഇനി കാത്തിരിക്കാനാവില്ല എന്നൊരു മന്ത്രണവും അതിലുണ്ട്-Save us Lord, now മുങ്ങിത്തുടങ്ങുന്നവരുടെ ആര്‍ത്തനാദമാണത്. ദുഃഖം, ക്ഷോഭം, ആസക്തികള്‍, അനുപാതങ്ങളില്ലാത്ത മമതകള്‍ ഇങ്ങനെയെന്തൊക്കെ കിടങ്ങുകളില്‍ നിന്നാണ് അങ്ങ് കരം നീട്ടി ഞങ്ങളെ രക്ഷിക്കേണ്ടത്.
കരുണയില്‍ ആരംഭിച്ച ഒരു യാത്രയായിരുന്നു അത്. അവസാനിക്കുന്നതും അങ്ങനെതന്നെ. ആള്‍ക്കൂട്ടത്തെ ഉറ്റുനോക്കുമ്പോള്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ചിതറിയവരാണ് അവരെന്നും അവന് അവരോട് അനുകമ്പ തോന്നിയെന്നുമൊക്കെ ഇതരയിടങ്ങളിലും രേഖപ്പെടുത്തുവാന്‍ സുവിശേഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അനുകമ്പയില്‍ ആരംഭിച്ച് അനുകമ്പയില്‍ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകള്‍ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തി യിരിക്കുന്നത്. യാത്രക്കായി ഒരു കഴുതയെ അഴിച്ചുകൊണ്ടുവരാനാവശ്യപ്പെടുമ്പോള്‍ അതിന്‍റെ കുഞ്ഞിനെ കൂടെ കൂട്ടാന്‍ പറയുന്നതിലെ സെന്‍സിറ്റിവിറ്റി കാണാതെ പോവരുത്. അമ്മയെക്കാണാതെ പരിഭ്രാന്തയാവുന്ന ഒരു കുഞ്ഞിന്‍റെ സ്മൃതി അയാളുടെ തലച്ചോറിലും ആഴത്തില്‍ ജീവിതം കോറിയിട്ടിട്ടുണ്ട്. യാത്രയുടെ അവസാനം കുന്നിന്‍മുകളില്‍ നിന്ന് നഗരത്തെ നോക്കിയുള്ള ദുഃഖത്തിലായിരുന്നു: ജറുസലേം, ജറുസലേം തള്ളപ്പക്ഷി തന്‍റെ കുഞ്ഞുങ്ങളെ ചിറകോടണച്ച് ചേര്‍ത്ത് സംരക്ഷിക്കുന്നതുപോലെ എത്ര അഗാധമായി നിന്നെ പുണരാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. ആരവങ്ങളിലല്ല അനുകമ്പയിലാണ് ഓശാന പ്രദക്ഷിണത്തിന്‍റെ സത്ത മയങ്ങുന്നതെന്ന് സാരം.
