top of page

കാണുന്നു എന്ന് പറയുന്നവർ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 1
  • 1 min read

എന്തുമാത്രം ശബ്‌ദ കോലാഹലങ്ങളാണ്; എന്തുമാത്രം വാഗ്വാദങ്ങളാണ്; എന്തുമാത്രം കുറ്റപ്പെടുത്തലുകളും ശകാരങ്ങളുമാണ്! വംശവെറിയെയും ജാതിചിന്തയെയും കുറിച്ചാണ് പറയുന്നത്!


അപരഭയവും അപരവിദ്വേഷവും നമ്മിൽനിന്ന് എളുപ്പത്തിലൊന്നും കുടഞ്ഞുകളയാനോ പറിച്ചുകളയാനോ കഴിയില്ല എന്നതാണ് സത്യം. സ്വാർത്ഥതയെയോ അഹന്തയെയോ നമ്മിൽനിന്ന് ഉന്മൂലനം ചെയ്യാനാവുമോ?ഞാൻ വംശവാദിയല്ല, ജാതിവാദിയല്ല, വർഗ്ഗീയവാദിയല്ല എന്നൊക്കെ വീമ്പുപറയുകയും മറ്റുള്ളവരെ ഭർത്സിക്കുകയും ചെയ്യുന്നവർ മിക്കവാറും 'ഡിനായൽ മോഡി'ൽ ഉള്ളവർ മാത്രമാണ്. തങ്ങൾ അങ്ങനെയൊന്നും അല്ല എന്നുള്ളത് അവരുടെ സ്വപ്നവും ആഗ്രഹവും മാത്രമാണ്. പൊതുവായി അത് പ്രത്യക്ഷപ്പെടാനിടയുള്ള ചില മേഖലകളെക്കുറിച്ച് അവരിൽ അവബോധം ഉണ്ടാവും എന്നത് ശരിതന്നെ. അതിന്റെ തിന്മകളെക്കുറിച്ച് അവർക്ക് അറിവും ഉണ്ടാവും. അതും സത്യമായിരിക്കാം. അതിനെ അതിതരണം ചെയ്ത് അപ്പുറം പോകണം എന്നവർക്ക് ആഗ്രഹവുമുണ്ട്. ചിലരെങ്കിലും തങ്ങളുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തിയിട്ടും ഉണ്ടാകാം. പലരും അവിടെവരെ പോലും എത്തിയിട്ടും ഉണ്ടാവില്ല. എന്നാൽ, സമഗ്രസത്തയിൽ അത് സാധിതമാക്കിയിട്ടുള്ളവർ അങ്ങുമിങ്ങും ഒന്നോ രണ്ടോ ഒക്കെയേ കാണൂ. ഒരു ക്രിസ്തുവോ ഒരു ബുദ്ധനോ ഒക്കെ മാത്രം! അത്തരം ഒരു സാധന ചെയുന്നവരാവണം സന്ന്യാസിമാർ. എന്നാൽ, സന്ന്യാസിമാരുടെ മുഖമുദ്രതന്നെ അപരവിദ്വേഷമാകുന്നുണ്ട് ഇന്ന്!


എത്ര പറിച്ചിട്ടും പറിയാതെ അതവിടെ അവശേഷിക്കുന്നുണ്ട് എന്ന് നമ്മിൽ മിക്കവാറും പേർ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഇപ്പറഞ്ഞ അപരഭീതിയും അപരവിദ്വേഷവും വളരെ പ്രാക്തനമായ ഒന്നാണ് - നമ്മുടെ അബോധമനസ്സിൻ്റെ ചുവട്ടിലാവും അതിൻ്റെ കുറ്റി ഇരിക്കുന്നത് എന്നതിനാലാണ് അത്തരം കാര്യങ്ങൾ നാം എത്രശ്രമിച്ചിട്ടും പറിച്ചുകളയാൻ കഴിയാതെ പോകുന്നത്. അതിലോലമായും അതിസങ്കീർണ്ണമായും നമ്മിൽ കുടികൊള്ളുന്ന മറ്റുപല യാഥാർത്ഥ്യങ്ങളെയും പോലെ! ആന്തരിക യാഥാർത്ഥ്യങ്ങളെക്കുറിച്ച് മിക്കവരും അവബോധം ആർജിക്കുന്നില്ല എന്നുമാത്രം!

bottom of page