top of page

ആരാണീ വിശുദ്ധര്‍

Nov 1, 2020

3 min read

റോയ് പാലാട്ടി CMI

all saints day

വിശുദ്ധിയെയും വിശുദ്ധരെയും ധ്യാനിക്കുവാന്‍ ആണ്ടുവട്ടത്തില്‍ പ്രത്യേകം നല്‍കപ്പെട്ട ദിനമാണല്ലോ നവംബര്‍ ഒന്ന്. പുണ്യചരിതരുടെ ഓര്‍മ്മയാചരണമെന്നല്ലാതെ പ്രത്യേകമായൊന്നും അനുഭവപ്പെട്ടിട്ടില്ല. അതിലെണ്ണപ്പെടാന്‍ ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ആത്മശോധന നടത്തിയാല്‍, വല്ലപ്പോഴും എന്നു പറയുന്നതാകും ശരി. കാരണം ലളിതമാണ്. ലഭിക്കാനിടയില്ലാത്തത് ആഗ്രഹിച്ചാട്ടാവശ്യമില്ലല്ലോ എന്ന തോന്നല്‍. എത്തിപ്പിടിക്കാന്‍ കഴിയാത്ത നക്ഷത്രങ്ങള്‍ക്കായി ആശിക്കുന്നതല്ലേ വലിയ തെറ്റ്. വിശുദ്ധരെ പരിചയപ്പെടുത്തി തന്നിട്ടുള്ള പാഠങ്ങളിലെല്ലാം അതിസ്വാഭാവികത ധാരാളമുണ്ടായിരുന്നു. ഉന്നതമായ വിശുദ്ധി, അപാരമായ എളിമ, ആഴമായ പാരസ്പര്യം, അവിഭക്തമായ സമര്‍പ്പണം, കഠിനമായ താപസങ്ങള്‍ എന്നിങ്ങനെ പലതും പയറ്റിനോക്കി. പലതും കുറച്ചുകഴിഞ്ഞപ്പോള്‍ പറ്റില്ലെന്നു മനസ്സിലായി, വിട്ടുകളഞ്ഞു. മാത്രവുമല്ല, അനുകരണത്തിനിടയില്‍ ഞാനെന്ന വ്യക്തി ഇല്ലാതാകുന്നതും പോലെ. കോവിഡു കാലത്ത് മാസ്ക് ആകാം, എല്ലാക്കാലത്തുമായാലോ!

വിശുദ്ധിയെയും വിശുദ്ധരെയും കുറിച്ചുള്ള തെറ്റായ ധാരണകളാണ് അവരുടെ ജീവിതവഴിയെ  നടക്കാന്‍ തടസ്സമാകുന്നതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. മനുഷ്യപുത്രന്‍ ദൈവരാജ്യനിര്‍മതിയില്‍  തിരഞ്ഞെടുത്തത്  മാലാഖമാരെയല്ല, നിരന്തരം വീണുപോകുന്ന, ചപലതകള്‍ ഏറെയുള്ള മനുഷ്യരെയാണ്. ഫ്രാന്‍സിസ് പാപ്പായുടെ രചനകള്‍ വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിക്ക് ആകര്‍ഷണം ഒരുപാട് കൂട്ടുന്നുണ്ട്. വിശുദ്ധരില്‍ നമ്മുടെ ഭാവിയെ കാണണമെങ്കില്‍ വിശുദ്ധി എന്താണെന്നറിയണം. അവരെ അങ്ങനെ ആക്കിത്തീര്‍ത്തതെന്താണെന്ന് ധ്യാനിക്കണം. അതിനുള്ള ശ്രമമാണ് ഇവിടെ നാം നടത്തുന്നത്.

ഒന്ന്: അതിസ്വാഭാവികതയല്ല വിശുദ്ധി. ദൈവഹിതം നിറവേറ്റുന്നതാണ് വിശുദ്ധി. വളരെ സ്വാഭാവികമായ കാര്യങ്ങളെ ഏറെ ലാവണ്യത്തോടെ, ചങ്കുറപ്പോടെ കൈകാര്യം ചെയ്യുക. മറിയം അന്ന് കാനായില്‍വച്ച് പറഞ്ഞത് ഓര്‍ക്കുക: അവന്‍ പറയുന്നത് ചെയ്യുക. അനേകം പേര്‍ പലതും പറഞ്ഞിട്ടുണ്ടാകും. വീഞ്ഞുണ്ടാക്കുന്ന മാന്ത്രികച്ചരടുമായി അവിടെ ആരെങ്കിലുമൊക്കെ എത്തിയിട്ടുണ്ടാകും. മറ്റുള്ളവരുടെ ഹിതത്തിനൊപ്പം വളരാനും ഉയരാനും ശ്രമിച്ചാല്‍ നമ്മളാകെ തളര്‍ന്നുപോകും. എത്രകാലം പ്രകടനങ്ങളില്‍ ജീവിതത്തിന്‍റെ താളങ്ങളെ തളച്ചിടാനാകും? മറ്റുള്ളവരുടെ ഇഷ്ടത്തിനനുസൃതം ആടുന്നതും പാടുന്നതുമല്ല വിശുദ്ധി. മറിച്ച്, അവന്‍ പറയുന്നതു ചെയ്യുന്നതാണ്. ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മപ്പെടുത്തുന്നുണ്ട്: വിശുദ്ധരില്‍ നിന്നു പഠിക്കാം. പക്ഷേ, അനുകരിക്കാന്‍ ശ്രമിച്ച് തളര്‍ന്നുപോകരുത്. കാരണം, നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാകാം.

സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ബലിചെയ്ത് ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുമ്പോള്‍ വിശുദ്ധരുണ്ടാകും. ഒരാത്മാവിന്‍റെ മൂല്യം നിശ്ചയിക്കുന്നത് അവര്‍ ചെയ്യുന്ന പ്രവൃത്തിയുടെ വെളിച്ചത്തിലല്ല, അബ്ബായുടെ ഇഷ്ടം നിറവേറ്റിയോ എന്നതിലാണ്. പ്രവൃത്തികളുടെ വലുപ്പചെറുപ്പങ്ങള്‍ നമ്മെപ്പോലുള്ള കുറിയ മനുഷ്യരുടെ ചിന്തയുടെ പ്രശ്നമാണ്. കഴിഞ്ഞദിവസം അള്‍ത്താര വണക്കത്തിന് ഉയര്‍ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസിനെ ഓര്‍ക്കുക. പതിനഞ്ചു വയസ്സുകൊണ്ട് ദൈവഹിതം നിറവേറ്റി പോയതു കണ്ടോ? എല്ലാ ദിവസവും സ്കൂളില്‍ പോവുകയും മടങ്ങുകയും ചെയ്യുമ്പോള്‍ സൈക്കിള്‍ നിറുത്തി, അയല്‍പക്കക്കാരോട് വിശേഷങ്ങള്‍ ചോദിക്കും, രോഗികളെ കാണും, ഉച്ചഭക്ഷണത്തിനായി കൊണ്ടുപോകുന്നതില്‍ കുറച്ച് ബാക്കിവയ്ക്കും, മടങ്ങിവരുമ്പോള്‍ അത് പാവപ്പെട്ടവരുമായി പങ്കുവയ്ക്കും. പോക്കറ്റ്മണി കൂട്ടിവച്ച് അഭയാര്‍ത്ഥികളെ ശുശ്രൂഷിക്കുന്ന കപ്പൂച്ചിന്‍ ആശ്രമത്തില്‍ കൊണ്ടുകൊടുക്കും. എല്ലാ ദിവസവും പള്ളിയില്‍ പോകും. ദിവ്യകാരുണ്യത്തെ കാര്യമായി സ്നേഹിക്കും - അപ്പത്തിലും അപ്പം വിതരണം ചെയ്യുമ്പോഴും. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഏതാനും ശേഖരിച്ച് അപ്ലോഡ് ചെയ്തു. രോഗം വന്നപ്പോള്‍ പരാതി പറയാതെ ദൈവഹിതമെന്ന് അറിഞ്ഞ് സഭയ്ക്കായി അര്‍പ്പിച്ചു. ഒരാളെ വിശുദ്ധനെന്നു വിളിക്കാന്‍ ഇത്രയൊക്കെ മതിയോ? യാതൊരു അതിസ്വഭാവികതയുമില്ല. കളിച്ചും പാട്ടുപാടിയും ഇന്‍റര്‍നെറ്റ് ഉപയോഗിച്ചും പയ്യന്‍ സ്വര്‍ഗം നേടിയതു കാണുക. അപ്പനും അമ്മയും അനിയനും നില്‍ക്കുന്ന വേദിയില്‍ അവന്‍ ഉയര്‍ത്തപ്പെട്ടു. ദൈവഹിതം നിറവേറ്റാന്‍ പതിനഞ്ചുവര്‍ഷം ധാരാളം മതിയായിരുന്നു, കാര്‍ലോയ്ക്ക്. വിശുദ്ധരാകാന്‍ ഭയം വേണ്ട, ഇനിമുതല്‍. കാരണം,   അത് നിങ്ങളില്‍ നിന്ന് ഒന്നും അപഹരിക്കില്ല. പ്രപഞ്ചത്തെ ആവൃതിയാക്കിയുള്ള ഒരു യാത്രയാണിത്.

പാത്രം കഴുകിയും കുഞ്ഞിനെ കുളിപ്പിച്ചും രോഗിണിയായ അമ്മയെ പരിചരിച്ചും അപ്പന്‍റെ വിയര്‍പ്പു തുടച്ചും ദൈവേഷ്ടം നിറവേറ്റുന്ന എത്രയോ വിശുദ്ധരുണ്ട് നമുക്കിടയില്‍. വിശുദ്ധ ഈഡിത് സ്റ്റെന്‍ പറയും: ലോകത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്ന ചിലരുടെ പേരുകള്‍ ചരിത്രപുസ്തകം രേഖപ്പെടുത്തും. എന്നാല്‍, ചരിത്രഗ്രന്ഥങ്ങളില്‍ പതിയാത്ത എത്രയോ വ്യക്തികള്‍ ലോകത്തിന്‍റെ നിര്‍ണായകമാറ്റങ്ങള്‍ക്കായി നിലകൊണ്ടിട്ടുണ്ട്. ദൈവം ഒരു നാളില്‍ അതു വെളിവാക്കും."

രണ്ട്: ഏതെങ്കിലുമൊരു കാര്യത്തിന് അമിതപ്രാധാന്യം കല്പിക്കുന്നതല്ല വിശുദ്ധി. സമഗ്രതയാണത്. വിശുദ്ധിക്ക് ലൈംഗികപരിശുദ്ധി എന്നു മാത്രം കല്പിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരിക്കലും പരിക്കേല്‍ക്കാത്ത, മറ്റൊരാളെയും പരിക്കേല്പിക്കാത്ത ലൈംഗിക പരിശുദ്ധിയുണ്ടോ, നിങ്ങള്‍ വിശുദ്ധരാണ് എന്നാണ് പല്ലവി. നിങ്ങളുടെ ജീവിതയാത്രയില്‍ ലോകം കരുതിവയ്ക്കുന്ന കരുണയില്ലാത്ത ക്ഷതങ്ങള്‍ക്ക് ആത്യന്തികമായി നിങ്ങളുടെ പരിശുദ്ധിയെ തകര്‍ക്കാനാവില്ലെന്ന് ഓര്‍ക്കുക. പറക്കാനാകാത്ത വിധം ഒരു കല്ലിലും നിങ്ങളെ കെട്ടിയിടുവാന്‍, നിങ്ങളുടെ അനുവാദമില്ലാതെ, ഈ ഭൂമിയില്‍ ഒരാള്‍ക്കും കഴിയില്ല. മാത്രവുമല്ല, സ്വയം നഷ്ടപ്പെടാതെ ജനങ്ങളുടെ രാത്രികളിലേക്ക് അവരുടെ അന്ധകാരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് വിശുദ്ധരായ ഇടയന്മാരെന്ന് പോപ്പ് ഫ്രാന്‍സിസ്.

ഗതകാലങ്ങള്‍ ചിലരിലേല്‍പ്പിച്ച പരിക്കുകളെ മറികടക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും അതിലെ കാര്‍ക്കശ്യവുമൊക്കെ വിശുദ്ധിയെക്കുറിച്ചുള്ള വളരെ അപക്വമായ ചിന്തകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. സ്വന്തം അമ്മയുടെ മുഖത്തുനോക്കിയാല്‍ പോലും പ്രലോഭനം തോന്നിയേക്കുമെന്നു കരുതി തലകുനിച്ച് മാത്രം നടന്നവരുണ്ട് ഇതില്‍. ലോകം മുഴുവന്‍ പാപമാകയാല്‍ ആശ്രമവാസത്തില്‍ മാത്രം വിശുദ്ധി ദര്‍ശിച്ചവരുണ്ട്. ദൈവം ജഡം പൂണ്ട മണ്ണാണിതെന്നു നാം മറന്നു. ഈ ശരീരം അവന്‍റെ ആലയമാണെന്നും ധ്യാനിക്കാന്‍ പറ്റാതെ പോയി. തെറ്റായ ശരീരബോധം തെറ്റായ വിശുദ്ധ സങ്കല്പങ്ങളെ വീരാരാധനയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. ഇതു നമ്മെ മടുപ്പിക്കും. നാം നാമായിത്തീരാതെ മറ്റുള്ളവരായിത്തീരാന്‍ എത്ര പണിപ്പെട്ടാലും നമുക്കതിനു കഴിയില്ലെന്നു മാത്രമല്ല, നാമെന്ന വിശുദ്ധ പാത്രത്തില്‍ പൂജയൊരുക്കാന്‍ നമുക്കാവുകയുമില്ല.

സ്നേഹമാണ് വിശുദ്ധി. അത് ഒരു അവയവബദ്ധമല്ല, പ്രാണബദ്ധമാണ്. നിങ്ങള്‍ എന്തിനെ സ്നേഹിക്കുന്നുവോ, നിങ്ങളുടെ ഭാവനയെ അതു കൈവശമാക്കും. അതു സകലതിനെയും ബാധിക്കും. പ്രഭാതത്തില്‍ എഴുന്നേല്ക്കുമ്പോള്‍, സായാഹ്നത്തില്‍ വിശ്രമിക്കുമ്പോള്‍, നിശയിലെ സ്വപ്നങ്ങളില്‍, നിങ്ങളുടെ വായനകളില്‍, കാഴ്ചകളില്‍, ചാറ്റിങ്ങിലെല്ലാം ആ സ്നേഹിക്കുന്നവ കടന്നുവരും. കാരണം, അത് പ്രാണനാണ്. മഞ്ഞുപോലെ നിര്‍മലവും ആകാശനീലിമപോലെ സ്വച്ഛവുമായ സ്നേഹബന്ധങ്ങളിലേക്കുള്ള യാത്രയാണ് വിശുദ്ധി.'ആഹ്ലാദിച്ചാനന്ദിപ്പിന്‍' എന്നാണ് വിശുദ്ധിയെക്കുറിച്ചുള്ള പ്രബോധനത്തിന് ഫ്രാന്‍സിസ് പാപ്പ തലക്കെട്ടു നല്‍കിയിരിക്കുന്നത്. സന്തോഷം തല്ലിക്കെടുത്തുകയല്ല, പൂര്‍ണമാക്കുകയാണ് വിശുദ്ധി. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്ന സന്തോഷത്തിന്, നിങ്ങള്‍ക്ക് അനുഭവിക്കാന്‍ അവകാശമുള്ള സന്തോഷത്തിന് ഒരു പേരുണ്ട്, മുഖവുമുണ്ട്: നസ്രായനായ ക്രിസ്തു.

മൂന്ന്: വലിയ കാര്യങ്ങള്‍ ചെയ്യുന്നതല്ല വിശുദ്ധി. വലിയ ചക്രവാളത്തില്‍ നിയോഗങ്ങളെ കാണുമ്പോഴും എളിയശ്രമങ്ങളില്‍ ബോധപൂര്‍വ്വം ഏര്‍പ്പെടുക. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ പറയുന്നുണ്ട്, 'എല്ലാം കാണുക; വളരെയധികം ചെയ്തുകൂട്ടുക എന്ന ശ്രമത്തില്‍ നിന്നും കണ്ണെടുക്കുക. കുറച്ചുമാത്രം തിരുത്താന്‍ ശ്രമിക്കുക. നിങ്ങള്‍ക്കു വിശുദ്ധരാകാം.' ഈ ശ്രമം നാം തുടങ്ങേണ്ടത് ഇന്നാണ്. മരിച്ചശേഷം ആരും വിശുദ്ധരാകുന്നില്ല, ജീവിച്ചത് പ്രഖ്യാപിക്കുന്നുവെന്നേയുള്ളൂ. ഇന്നില്‍ വിശുദ്ധരാകാം നമുക്ക്, കഴിയുന്നിടത്തോളം ചുവടുകള്‍ മുന്നോട്ടുവച്ച്. ഓരോ നിമിഷവും കുറ്റമറ്റതാകുമ്പോള്‍ വലിയ ചുവടിനെച്ചൊല്ലി ഭാരപ്പെടേണ്ടതില്ല.

വിയറ്റ്നാം മതപീഡനകാലത്ത് ജയില്‍വാസം നടത്തേണ്ടിവന്ന ആര്‍ച്ചുബിഷപ്പ് വാന്‍ത്വാനെ ഓര്‍മ്മവരുന്നു. ജയിലിലെ മിക്കവാറും മനുഷ്യര്‍ സ്വാതന്ത്ര്യത്തിന്‍റെ ഭാവിയെ നോക്കി ജീവിക്കുന്നു. എന്നാല്‍, അദ്ദേഹം പറയുന്നു, 'ഞാന്‍ ഇന്നിനെ നോക്കി ജീവിക്കാന്‍ തുടങ്ങി. ജയിലിലെ ഓരോ ദിവസവും സ്വാതന്ത്ര്യത്തിലെ ആയിരം ശരത്കാലത്തിന്‍റെ മൂല്യമുള്ളതാണ് എന്ന പഴമൊഴി ഓര്‍ത്തു. ഞാന്‍ ചിന്തിച്ചു: എനിക്ക് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കണം. ജയിലിലാണ് ഞാന്‍. മറ്റൊരു ഭാവി വന്നുചേരണമെന്നില്ല. ഉറപ്പായും വന്നുചേരാനിടയുള്ളത് മരണം മാത്രം. അതുകൊണ്ട്, അസാധാരണസ്നേഹത്തില്‍ ഇവിടെ സാധാരണ പ്രവൃത്തികള്‍ ഞാന്‍ ചെയ്യും. ഭാവിക്കായി ഞാന്‍ കാത്തുനില്‍ക്കുന്നില്ല. വര്‍ത്തമാനകാലത്തു ഞാന്‍ ജീവിക്കും. അതിനെ സ്നേഹം കൊണ്ടു നിറയ്ക്കും.' എത്ര മനോഹരമാണീ വിചാരം. വര്‍ത്തമാനകാലം നിങ്ങളുടെ വരുതിക്കുള്ളിലാണ്. അതിനെ, സ്നേഹപൂര്‍വ്വം ഉപയോഗിക്കുക.

ജീവിതത്തിന്‍റെ വിരുന്നുമേശയില്‍ ദൈവം വിളമ്പിതരുന്നവയെ സ്നേഹപൂര്‍വ്വം സ്വീകരിച്ച് വിശുദ്ധരാകാം നമുക്ക്. ഭക്ഷണം കഴിച്ചും കഴിക്കാതെയും വിശുദ്ധരാകാം. സ്നേഹമല്ലേ പരിശുദ്ധി. ഗാഢമായി സ്നേഹിക്കാം, എപ്പോഴും. സ്നേഹം സ്നേഹിക്കുന്നവരെ അവര്‍ എന്തിനെയാണോ സ്നേഹിക്കുന്നത് അതാക്കിത്തീര്‍ക്കും എന്നു പറയാറുണ്ട്. വിശുദ്ധിയുടെ വഴിയില്‍ മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണത നിങ്ങള്‍ക്ക് കാണാം. സ്നേഹിച്ച് സ്നേഹിച്ച് വിശുദ്ധരാകാം.


Nov 1, 2020

0

4

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page