top of page

എവിടെത്തീ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 1
  • 2 min read

യേശുവിൻ്റെ പ്രബോധനങ്ങളുടെയും ജീവിതവീക്ഷണങ്ങളുടെയും ഉള്ളിൽത്തന്നെയാണ് അവൻ്റെ ബന്ധങ്ങളും ഉള്ളത്. മുമ്പ് പലവട്ടം ഇക്കാര്യം പല കുറിപ്പുകളിലും വന്നിട്ടുണ്ടാകും.

ഒരൊറ്റക്കാര്യത്തിലേക്ക് മാത്രമേ ഇന്നെൻ്റെ ചിന്തയെ ഞാൻ പാളിക്കുന്നുള്ളൂ.


ഒരൊറ്റ മേഖലയിലുള്ള യേശുവിൻ്റെ ബന്ധ പരികല്പനകൾ മാത്രം പരിശോധിക്കാം.

മുപ്പത് വയസ്സോളമുള്ള ഒരു ചെറുപ്പക്കാരൻ! അയാൾ ആത്മജ്ഞാനമറിഞ്ഞിരിക്കുന്നു. അയാളെത്തേടി ശിഷ്യരെത്തുകയല്ല. അയാൾ ശിഷ്യരെ അങ്ങോട്ടു ചെന്ന് റിക്രൂട്ട് ചെയ്യുകയാണ്. അത് സാധാരണമല്ല. വലിയ അല്ലലില്ലാത്ത വീടുകളിൽ നിന്നാണ്, ഗുരുക്കന്മാരായ ഫരിസേയരെത്തേടി മതവും ആത്മീയതയും പഠിക്കാൻ താല്പര്യമുള്ള ശിഷ്യർ എത്തിക്കൊണ്ടിരുന്നത്. യേശു റിക്രൂട്ട് ചെയ്തതോ: പഠിക്കണം എന്ന് അങ്ങനെ വലിയ താല്പര്യമില്ലാത്തവരും, ശാരീരികാധ്വാനം ചെയ്ത് കാലയാപനം ചെയ്തു കൊണ്ടിരുന്നവരും, പൊതുവേ പറഞ്ഞാൽ ദരിദ്രരും ആയവരെയും! തീർത്തും അസാധാരണം!!


അവരെ യേശു വിളിക്കുന്നത് ശിഷ്യർ എന്നാണ്. അവർക്കിടയിൽ ഏറെ ഔപചാരികതകളൊന്നും ഇല്ലെങ്കിലും അവർ തമ്മിലുള്ളത് ഗുരുശിഷ്യ ബന്ധമായിരുന്നു. അവൻ അവരെ പഠിപ്പിക്കുന്നു; പരിശീലനങ്ങളും നിർദ്ദേശങ്ങളും തിരുത്തലുകളും നല്കുന്നു. ചിലർക്ക് അവൻ ചില കളിപ്പേരുകൾ നൽകുന്നു. അവർ അവനെ കേൾക്കുകയും അനുസരിക്കുകയും, അവനെ 'ഗുരോ' എന്ന് വിളിക്കുകയും ചെയ്യുന്നു. അത് ഒന്നാം ഘട്ടം.


ഒരിടക്ക് അവരിൽ ചിലർ അവനെ സ്വാധീനിച്ച് പ്രാമാണ്യം സ്ഥാപിക്കാൻ പരിശ്രമിക്കുന്നു. ഒരിക്കൽ അവർ തമ്മിൽ തങ്ങളിലെ വലിപ്പച്ചെറുപ്പങ്ങളെക്കുറിച്ച് വാഗ്വാദങ്ങളും തർക്കങ്ങളും ഉണ്ടാകുന്നു.

അന്നവൻ അവരെ അടുത്തുവിളിച്ച് ഉപദേശിക്കുകയും, കല്പന പോലെ ഒരു കാര്യം പറയുയും ചെയ്യുന്നു. അവൻ പറഞ്ഞിൻ്റെ സാരാംശം ഇതാണ്: സ്വാഭാവിക ലോകത്തിൻ്റെ രീതിയാണ് ഇത്തരം പ്രാമാണ്യവിചാരങ്ങൾ. നിങ്ങൾ വ്യത്യസ്തരായിരിക്കണം. നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ: സ്വർഗ്ഗസ്ഥനായ പിതാവ്. ഒരു ഗുരുവേയുള്ളൂ: ക്രിസ്തു. നിങ്ങൾ പരസ്പരം സഹോദരീ സഹോദരന്മാരാണ്.

ഇതേകാര്യം ഒന്നിലധികം തവണ അവൻ ആവർത്തിക്കുന്നുണ്ട്. കാരണം, തലയിൽ ഗ്രഹിച്ചാലും ജീവിതത്തിൽ ഗ്രഹിക്കൽ എളുപ്പമല്ല.


രണ്ടാം ഘട്ടത്തിൽ അവൻ തൻ്റെ വൈകാരിക മേഖലകൾ അവരുമായി പങ്കിടാൻ തുടങ്ങി. അപ്പോൾ മുതൽ അവൻ അവരെ "സ്നേഹിതന്മാർ" എന്ന് മാറ്റിവിളിക്കും. അകം വെളിപ്പെടുത്താവുന്നവരാണ്; അകം അറിയുന്നവരാണ് സ്‌നേഹിതർ എന്ന് അവൻ അവരോട് വിശദീകരിക്കും. ഇരുശരീരങ്ങളിലുള്ളവർ ഇരുഹൃദയങ്ങളിൽ ഒന്നാവുകയാണത്. സ്നേഹിതർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്‌നേഹമില്ലെന്നും അവൻ അവരോട് വ്യക്തമാക്കും.


അന്ത്യത്താഴ വേളയിലും ശിഷ്യർ കടന്നുവരുന്നത് വീണ്ടും പഴയ പ്രാമാണ്യവിചാരത്തിൻ്റെ തർക്കവുമായിട്ടാണ്. അവിടെവച്ച് അവൻ പുറങ്കുപ്പായം ഊരിമാറ്റുന്നു. അടിമയുടെ ശുശ്രൂഷക്കച്ച അരയിൽ ചുറ്റുന്നു; അവരുടെ കാലുകൾ കഴുകുന്നു. ശിഷ്യരെ ഏറെ ഹ്യൂമിലിയേറ്റ് ചെയ്ത സംഭവമായിരുന്നു അത്. ശക്തമായ ബോധനശാസ്ത്രം! അവർ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന്. തങ്ങളുടെ കുഞ്ഞത്തം വെളിവാക്കുന്ന ഒന്ന്!

എന്നിട്ടൻ തൻ്റെ മാംസരക്തങ്ങളാണിവ എന്നു പറഞ്ഞ് അപ്പവും വീഞ്ഞും അവർക്ക് പകുത്തുനല്കി.

ആ രാത്രിയിൽ മതസന്നാഹം വടികളും വാളുകളും ഗദകളുമായി അവനെത്തേടിയെത്തി. നിന്നോടൊപ്പം ഞങ്ങൾ ഏതറ്റംവരെയും പോകും; ചന്ദ്രനോളവും തിരിച്ചും - എന്നൊക്കെ വീമ്പുപറഞ്ഞവർ!

'നിങ്ങൾക്ക് എന്നെയല്ലേ വേണ്ടത്? എങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ' എന്നുപറഞ്ഞ് അവൻ തൻ്റെ സ്നേഹിതരെ രക്ഷിച്ച് പറഞ്ഞയക്കുന്നു. അങ്ങനെയവൻ തൻ്റെ സ്നേഹിതർക്കു വേണ്ടി ജീവൻ ബലികഴിക്കുന്നു.


മൂന്നാംനാൾ ഉത്ഥാനം! അവൻ മഗ്ദലേനക്കാരി മറിയത്തിന് പ്രത്യക്ഷപ്പെടുന്നു. അവൾക്കവൻ നല്കുന്ന സന്ദേശം ശ്രദ്ധേയമാണ്: "നീ പോയി എൻ്റെ സഹോദരന്മാരോട് പറയുക"!

അതേ, "സഹോദരന്മാരോട്"!

ഒരേ ഉദരത്തിൽ ഒന്നിച്ചവർ!

അതാണ് മൂന്നാം ഘട്ടം.

ശിഷ്യത്വത്തിൽനിന്ന് സ്നേഹിതത്വത്തിലേക്ക്; സ്‌നേഹിതത്വത്തിൽ നിന്ന് സാഹോദര്യത്തിലേക്ക്!


അസ്സീസിയിലെ ഫ്രാൻസിസ് ആദ്യം കണ്ടുമുട്ടിയത് ക്രിസ്തുവിനെയാണ്.

അവൻ തന്റെ സഹോദരനാണ് എന്ന തിരിച്ചറിവാണ് അവന് ബോധോദയമായത്!!

We are of the same stock!

സത്യമാണന്നേ!!


എവിടെത്തി?


bottom of page