top of page

ആത്മാവിനെ അനുദിനം അഴകുള്ളതാക്കാന്‍

Jan 10, 2025

2 min read

ഫാ. ഷാജി CMI

മറന്നുപോയ നന്മകളെയും, പ്രാര്‍ത്ഥനകളെയും ഓര്‍ത്തെടുക്കാനും വീണ്ടെടുക്കാനും ഒരു ഊഴം കൂടി കിട്ടുന്നുവെന്നതാണ് പുതുവര്‍ഷത്തിന്‍റെ സുവിശേഷം. വീണ്ടെടുപ്പ് സാധ്യമല്ലാത്ത തരത്തില്‍ ഒന്നും കളഞ്ഞുപോയിട്ടില്ല. ചെറിയൊരു വീണ്ടുവിചാരംകൊണ്ട് എന്താണ് കളഞ്ഞുപോയതെന്ന് ബോധ്യപ്പെടും. ആ ബോധ്യത്തിന്‍റെ വെട്ടത്തില്‍ വീണ്ടെടുപ്പ് നടത്താനുമാകും. വിശ്വാസവും ശരണവും സ്നേഹവും അടങ്ങുന്ന ത്രിഭുജത്തില്‍ വിളക്കിച്ചേര്‍ത്തതാണ് എന്‍റെ ജീവിതം. ആയുസ്സിന്‍റെ ആണ്ടുവട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇവയുടെ അരികും മൂലയുമൊക്കെ പൊട്ടിയടര്‍ന്ന് വികൃതമായിട്ടുണ്ടാകും. ഒരു മരത്തെ നോക്കുക. ഓരോവര്‍ഷം കഴിയുന്തോറും അതിന്‍റെ തായ്ത്തടിയില്‍ ഓരോ വലയം രൂപപ്പെടും. അത് ആ വൃക്ഷം ദൃഢപ്പെടുന്നതിന്‍റെ അടയാളമാണ്. എന്നാല്‍ പ്രതിവര്‍ഷം ദുര്‍ബലപ്പെടുന്ന മനുഷ്യനായി ഞാന്‍ വളരുന്നു. ഫലമോ നിലത്ത് വീണുടഞ്ഞ് ഭംഗികെട്ട് 'അഴകും ആകാര ഭംഗിയില്ലാത്തവനു'മായി മാറി. ചില വീണ്ടെടുപ്പുകള്‍കൊണ്ട് അടര്‍ന്നുപോയതിനും, ഉടഞ്ഞുപോയതിനും ഭംഗികൂട്ടാനാകും. ജാപ്പനീസ് കലയായ 'കിന്‍റ്സുഗി' അത്തരമൊരു പഠാനം നമ്മെ പഠിപ്പിക്കുന്നു.


നമുക്ക് ഏറ്റവും പ്രിയപ്പെട്ട ചില സെറാമിക് പാത്രങ്ങള്‍ നമ്മുടെ അശ്രദ്ധകൊണ്ട് ചിലപ്പോള്‍ വീണുടഞ്ഞു പോയേക്കാം. അങ്ങനെ ഉടഞ്ഞുപോയ പാത്രങ്ങളെ സ്വര്‍ണ്ണവും വെള്ളിയുമൊക്കെ ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുന്ന കലയാണ് 'കിന്‍റ്സുഗി'. ഇപ്പോള്‍ നോക്കൂ, ആ പാത്രത്തിന് പഴയ പാത്രത്തേക്കാള്‍ പതിന്മടങ്ങ് മൂല്യം ഏറിയിരിക്കുന്നു. ഉടഞ്ഞുപോയ നമ്മുടെ ജീവിതങ്ങളെ ഇപ്രകാരം തുന്നിക്കൂട്ടിയെടുത്ത് അതിന്‍റെ മൂല്യത്തെ വീണ്ടെടുക്കാന്‍ ഒരു അവസരംകൂടി - അതാണ് പുതുവര്‍ഷം. ഈ അവസരമാണ് സുവിശേഷം.


തങ്ങളുടെ ശ്രോതാക്കളുടെ എണ്ണം കൂട്ടുന്നതിനുവേണ്ടി ഒരു സ്വകാര്യ എഫ്.എം. സ്റ്റേഷന്‍ ഒരു മത്സരം സംഘടിപ്പിച്ചു. മത്സരം ഇതായിരുന്നു: ഞങ്ങളുടെ റേഡിയോ കേട്ടുകൊണ്ട് നിങ്ങള്‍ ഉണരുക. ഉണര്‍ന്നശേഷം ആദ്യം പറഞ്ഞ വാക്കുകള്‍ എന്താണെന്ന് ഞങ്ങളെ വിളിച്ചു പറയുക. നിങ്ങളാണ് ഞങ്ങളെ വിളിക്കുന്ന മൂന്നാമത്തെ വ്യക്തിയെങ്കില്‍ നൂറു ഡോളര്‍ നിങ്ങള്‍ക്ക് സമ്മാനം ലഭിക്കും.


ഈ മത്സരം അതിവേഗം ജനശ്രദ്ധയാകര്‍ഷിച്ചു. ആദ്യദിവസം സമ്മാനാര്‍ഹനായ വ്യക്തിയോട് റേഡിയോ ജോക്കി ചോദിച്ചു: "നിങ്ങള്‍ ഉണര്‍ന്നശേഷം ആദ്യം പറഞ്ഞ വാക്കുകള്‍ എന്താണ്?" ഉടനെ അയാള്‍ പറഞ്ഞു: 'ഓ, ഞാന്‍ ഇന്ന് ജോലിക്കു പോകാന്‍ വൈകും'. അടുത്ത ദിവസം മൂന്നാമനായി വിളിച്ച വ്യക്തിയുടെ മറുപടി ഇങ്ങനെ ആയിരുന്നു; 'ഇസ്രായേലെ കേള്‍ക്കുക, നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ കര്‍ത്താവാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കണം' (നിയമാവര്‍ത്തനം 6:4).


നമ്മുടെ ആദ്യചിന്തയിലും വാക്കുകളിലും ദൈവത്തിനാണോ സ്ഥാനം? യഹൂദനായ ആ മനുഷ്യന്‍ ദൈവത്തെ അനുസ്മരിച്ചുകൊണ്ടാണ് ഉണര്‍ന്നത്. തന്മൂലമാണ് ആ പ്രാര്‍ത്ഥന ആദ്യം അയാളുടെ നാവിന്‍തുമ്പില്‍ വന്നത്. പ്രഭാതത്തില്‍ ശരീരത്തെ ഭംഗിയായ വസ്ത്രംധരിച്ച് അലങ്കരിക്കുന്നതു പോലെ ആത്മാവിനെ ഭക്തിസാന്ദ്രമായ പ്രാര്‍ത്ഥനകൊണ്ട് നാം പൊതിയണം. 'പ്രഭാതത്തില്‍ അങ്ങയുടെ കരുണയേയും, രാത്രിയില്‍ അങ്ങയുടെ വിശ്വസ്തതയേയും ഉദ്ഘോഷിക്കുന്നത് എത്ര ഉചിതം!' (സങ്കീ 92:3). 'ഓരോ പ്രഭാതത്തിലും അവിടുത്തെസ്നേഹം പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്! ഉറക്കമുണര്‍ന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഇതാണ് ചെയ്യേണ്ടത്. അവിടുത്തെ പുതിയ സ്നേഹം സ്വീകരിക്കാനായി നമ്മുടെ ഹൃദയം തുറക്കുന്നു'.


പ്രാര്‍ത്ഥനയോടെ നമ്മുടെ ഓരോ ദിവസവും ആരംഭിക്കുക എന്നത് ഒരു നിസ്സാരകാര്യമല്ല. പുതിയൊരു ദിവസം നല്‍കി അനുഗ്രഹിക്കുന്ന ദൈവത്തെ സ്തുതിക്കണ്ടേ? ദൈവത്തെ ഓര്‍ത്തുകൊണ്ടും നന്ദിപറഞ്ഞുകൊണ്ടുമാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ അവിടുത്തെ പരിപാലനയില്‍ നയിക്കപ്പെടുമെന്ന് തീര്‍ച്ച. ഈ പുതുവര്‍ഷത്തില്‍ നാം മറന്നുപോയതും, മറന്നുതുടങ്ങിയതുമായ പ്രാര്‍ത്ഥനാ സംസ്കാരത്തെ വീണ്ടെടുക്കാം. ദൈവസന്നിധിയില്‍ സ്വീകാര്യനാകാന്‍ വീണുടഞ്ഞ ഈ മണ്‍പാത്രത്തെ പ്രാര്‍ത്ഥനയുടെ ചരടുകൊണ്ട് തുന്നിക്കെട്ടിയെടുക്കാം. പുതുവര്‍ഷത്തിന്‍റെ മംഗളം.

Jan 10, 2025

0

85

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page