മൂന്ന് ചങ്ങാതിമാരും എലീഹുവും
- George Valiapadath Capuchin

- May 12
- 3 min read

പഴയനിയമത്തിലെ ജോബിൻ്റെ (ഇയ്യോബ്) പുസ്തകം പല കാരണങ്ങളാലും മഹത്തായ ഗ്രന്ഥമാണ്. വലിയ ജ്ഞാനവും ഉൾക്കാഴ്ചയും നൽകുന്ന ഒരു പുസ്തകമാണത്. പ്രായേണ ഹ്രസ്വമാണത്. യേശുവിന് അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പാവണം ജോബിന്റെ പുസ്തകം എഴുതപ്പെട്ടിരിക്കുക. കഷ്ടപ്പാടുകളും സഹനങ്ങളും എന്തുകൊണ്ട് ഉണ്ടാകുന്നു, പ്രത്യേകിച്ച് നീതിമാന്മാർ എന്തുകൊണ്ട് കഷ്ടപ്പെടുന്നു തുടങ്ങിയ എക്കാലത്തെയും ഏറ്റവും പ്രയാസകരമായ പ്രശ്നങ്ങൾ ജോബിന്റെ പുസ്തകം ചർച്ചചെയ്യുന്നു.
ജോബിനും കുടുംബത്തിനും നന്മയും ആരോഗ്യവും സമ്പത്തും സന്തോഷവും ഉണ്ടായിരുന്നു. പെട്ടെന്ന്, എല്ലാം തകിടംമറിയുന്നു. സമ്പത്ത്, മക്കൾ, ഭാര്യ, കുടുംബം, ആരോഗ്യം എന്നിങ്ങനെ അവനുണ്ടായിരുന്നതെല്ലാം ഒന്നൊന്നായി നഷ്ടപ്പെട്ട് അയാൾ ഒന്നുമില്ലാത്തവനായി. ജോബിന്റെ ദൗർഭാഗ്യത്തെക്കുറിച്ച് കേട്ടപ്പോൾ, അവന്റെ മൂന്ന് സുഹൃത്തുക്കൾ എലീഫസും ബിൽദാദും സോഫറും മൂന്ന് സ്ഥലങ്ങളിൽ നിന്ന് വന്നെത്തുന്നു. അടിസ്ഥാനപരമായി, അവരുടെ ദൈവശാസ്ത്രപരമായ നിലപാട് ഏതാണ്ട് സമാനമാണ്. അവർ മൂന്നുപേരും ജോബിനെ കുറ്റപ്പെടുത്തുന്നു. 'ദൈവം സത്യവാനും നീതിമാനും ആണ്. നിനക്ക് ഈ ദൗർഭാഗ്യം സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് നിന്റെ പാപം മൂലമായിരിക്കണം. ജോബ് എന്തെങ്കിലും രഹസ്യ പാപം ചെയ്തിരിക്കണം' എന്നതാണ് അവരുടെ പൊതു നിലപാട്. മേൽപ്പറഞ്ഞ കാര്യത്തെക്കുറിച്ച് അവർക്ക് മൂന്നാൾക്കും സംശയമേതുമില്ലായിരുന്നു.
എലീഫസ്, ബിൽദാദ്, സോഫർ എന്നിവർ അടിസ്ഥാനപരമായി ഒരേ ദൈവശാസ്ത്രം പുലർത്തുന്നവരാണെങ്കിലും, അവരുടെ വ്യക്തിത്വങ്ങളെ വിശദമായി പഠിച്ചവരുടെ അഭിപ്രായത്തിൽ, ഈ സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കും അവരുടെ നിലപാടുകളിൽ അവരുടേതായ വ്യക്തിഗത ഊന്നൽ ഉണ്ട്. തന്റെ അനുഭവപരമായ അറിവിലും ദർശനങ്ങളിലും പാരമ്പര്യത്തിലും അധിഷ്ഠിതമായാണ് എലീഫസ് സംസാരിക്കുന്നത്. ജോബിന്റെ പാപം മൂലമാണ് ഈ കഷ്ടപ്പാടുകൾ ഉണ്ടാകുന്നതെന്ന് എലീഫസ് നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും, മൂവരിൽ ജോബിനോട് ഏറ്റവും പരിഗണനയുള്ളത് അദ്ദേഹത്തിനാണ്. അദ്ദേഹത്തെ ഒരു "മിസ്റ്റിക് " എന്ന് വിളിക്കാം.
അതേസമയം, ബിൽദാദ് തന്റെ വാദങ്ങളെ പൂർവ്വികരുടെ ജ്ഞാനത്തിലും പാരമ്പര്യത്തിലുമാണ് അടിസ്ഥാനപ്പെടുത്തുന്നത്. അദ്ദേഹം ജോബിനെ ഏറെ വിമർശിക്കുകയും വെളിപ്പെടുത്താത്ത പാപങ്ങൾ അയാളിൽ ആരോപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ നമുക്ക് ഒരു "പാരമ്പര്യവാദി" (Traditionalist) ആയി കണക്കാക്കാം.
സോഫർ ആകട്ടെ ഏറ്റവും പരുഷനും വിധികർത്താവുമാണ്. സ്വന്തം ധാരണയിലും സ്വയം നീതിമത്ക്കരിക്കുന്ന അനുമാനങ്ങളിലുമാണ് തന്റെ വാദങ്ങൾ അയാൾ അടിസ്ഥാനപെടുത്തുന്നത്. അദ്ദേഹത്തെ നമുക്ക് ഒരു "വരട്ടുതത്ത്വവാദി" (Dogmatist) ആയി കാണാം.
മൂന്ന് സുഹൃത്തുക്കൾ തങ്ങളുടെ വാദങ്ങളിലൂടെ ജോബിൽ കുറ്റവും ദുഷ്‌ച്ചെയ്തിയും ആരോപിക്കുന്നത് ദൈവത്തെ നീതിമാനാക്കി ചിത്രീകരിക്കാൻ വേണ്ടിയാണ്. അവർ മൂന്നുപേരുടെയും കുറ്റാരോപണ സമൃദ്ധമായ വാദം കഴിയുമ്പോൾ, നാലാമതൊരാൾ രംഗപ്രവേശം നടത്തുന്നു: എലീഹു. അയാൾ ചെറുപ്പമാണ്. ജോബിൻ്റെ മൂന്ന് സുഹൃത്തുക്കളെക്കാളും ജ്ഞാനിയാണ് അയാൾ എന്ന് നമുക്ക് ബോധ്യപ്പെടും. ജോബിനെ ശ്രദ്ധിക്കാതെ, അയാൾക്ക് പറയാനുള്ള വശം കേൾക്കാതെ അയാളിൽ പാപം ആരോപിച്ചതിന് എലീഫസ്, ബിൽദാദ്, സോഫർ എന്നീ മൂന്ന് സുഹൃത്തുക്കളെയും എലീഹു കുറ്റപ്പെടുത്തുന്നു. അയാളുടെ അഭിപ്രായത്തിൽ, ജോബിനെ വിധിക്കുന്നതിനുപകരം അവർ ആശ്വാസവും പിന്തുണയും നൽകുകയായിരുന്നു വേണ്ടിയിരുന്നത്.
അയാളും ജോബിനെ കുറ്റപ്പെടുത്തുന്നു. എന്നാൽ ജോബിന്റെ രഹസ്യപാപത്തിന്റെയോ കുറ്റത്തിന്റെയോ പേരിലല്ല, മറിച്ച് സ്വന്തം നീതിനിഷ്ഠതയും നിഷ്കളങ്കതക്കും ഏറെ പ്രാധാന്യവും ഊന്നലും നൽകുക വഴി ദൈവത്തിൻ്റെ അപരിമേയമായ നീതിയും നന്മയും വിലകുറച്ചുകണ്ടു എന്നതിൻ്റെ പേരിലാണ് അയാൾ ജോബിനെ കുറ്റപ്പെടുത്തുന്നത്. എലീഹുവിൻ്റെ അഭിപ്രായത്തിൽ, ദൈവം ജ്ഞാനവും വിശുദ്ധിയും നിറഞ്ഞവനാണ്. നമുക്കൊരിക്കലും ദൈവത്തെ പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അതേസമയം ദൈവത്തിന്റെ അപരിമേയമായ ജ്ഞാനത്തിലും വിശുദ്ധിയിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിശ്ചലനായി നിന്ന് കേൾക്കുകയും അവിടത്തെ അത്ഭുങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ദൈവമാണെന്ന് അറിയുകയും ചെയ്യുകയായിരുന്നു ജോബ് ചെയ്യേണ്ടിയിരുന്നത്. സ്വയം വെളിപ്പെടുത്താൻ ദൈവത്തെ അനുവദിക്കുകയാണ് വേണ്ടിയിരുന്നത്. കഷ്ടപ്പാട് ശിക്ഷയായിരിക്കണമെന്നില്ല; മറിച്ച് ശിക്ഷണപരമായിരിക്കാം. ശിക്ഷണം നൽകുന്നതോ ഒരാളെ നവീകരണത്തിലേക്ക് കൊണ്ടുവരുന്നതോ ആയിരിക്കാം സഹനങ്ങൾ എന്ന് എലീഹു പറയുന്നു.
ജോബ് തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും, അതേസമയം അവന്റെ മൂന്ന് സുഹൃത്തുക്കൾ അവനെ പാപപൂർണ്ണനെന്ന് ആരോപിക്കുകയും, കഷ്ടപ്പാട് പരിവർത്തനാത്മകമായിരിക്കാമെന്ന് എലീഹു അഭിപ്രായം പറയുകയും ചെയ്തുകഴിയുമ്പോൾ, ചിത്രത്തിലേക്ക് ദൈവം കടന്നുവരികയും സംസാരിക്കുകയും ചെയ്യുന്നു.
ദൈവം ജോബിനെ പാപത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ, വേണ്ടത്ര അറിവില്ലാതെ ജോബിനെ കുറ്റപ്പെടുത്തുകയും വിധിക്കുകയും ചെയ്തതിന് ദൈവം എലീഫസിനെയും ബിൽദാദിനെയും സോഫറിനെയും കുറ്റപ്പെടുത്തുന്നു.
മൂന്ന് സുഹൃത്തുക്കൾ സംസാരിച്ചതിനുശേഷം കടന്നുവരുന്ന യുവാവായ എലീഹുവെന്ന പ്രവാചക കഥാപാത്രത്തെയും ദൈവം കുറ്റപ്പെടുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ദൈവത്തിന്റെ നിലപാട് "ഞാൻ ആകുന്നു" എന്നതാണ്. സർവ്വശക്തന്റെ ജ്ഞാനം അഗ്രാഹ്യമാണ്. ജോബിന് (മനുഷ്യന്) അത് അറിയാനും മനസ്സിലാക്കാനും കഴിയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം ഒരു നിഗൂഢതയാണ്, രഹസ്യാത്മകതയാണ് - അതായത് എല്ലായ്പ്പോഴും വെളിപ്പെടുത്തുകയും ഒരിക്കലും പൂർണ്ണമായും വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സ്വത്വം.
ജോബിന്റെ പുസ്തകം പരിമിതമായ മനുഷ്യ ധാരണയ്ക്കും ദൈവികജ്ഞാനത്തിനും ഇടയിലുള്ള വലിയ അന്തരം എടുത്തുകാണിക്കുന്നു. ആത്യന്തികമായി ദൈവത്തിന്റെ ജ്ഞാനം നീതിയെ സംബന്ധിച്ച മനുഷ്യ നിർവചനങ്ങൾക്ക് അപ്പുറം പോകും.
ജോബ് നീതിമാനാണ്. വിശ്വസ്തതയും ദൈവാശ്രയബോധവുമുള്ള മനുഷ്യാത്മാവിനെ, വിശുദ്ധ ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നു, ജോബ്. ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച്, നിഷ്‌കളങ്കനായ ജോബിന്റെ സഹനം നിഷ്കളങ്കനായ യേശുക്രിസ്തുവിന്റെ സഹനത്തെ മുൻനിഴലിക്കുന്നു.
മൂന്ന് സുഹൃത്തുക്കൾ: എലീഫസ്, ബിൽദാദ്, സോഫർ എന്നിവർ പഴയനിയമത്തിലെ മൂന്ന് ധാരകളെ പ്രതിനിധീകരിക്കുന്നുവെന്ന് ഞാൻ കരുതുന്നു: മിസ്റ്റിക്ധാര, പാരമ്പര്യവാദധാര, ദൈവശാസ്ത്രധാര. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മൂന്ന് സുഹൃത്തുക്കളും പഴയനിയമ ആശയങ്ങളുമായി ആഴത്തിൽ തറഞ്ഞിരിക്കുന്നതിനാൽ, അവർ മൂവ്വരും ഒന്നാകെ പഴയനിയമത്തെയോ ഹെബ്രായ ബൈബിൾ പാരമ്പര്യത്തെയോ പ്രതിനിധീകരിക്കുന്നു.
ജോബിന്റെ പുസ്തകത്തിലെന്നപോലെതന്നെ കഷ്ടപ്പാടിനെക്കുറിച്ചുള്ള ധാരണകൾ യേശു തിരുത്തുന്നത് നമുക്ക് കാണാം. "ഇവനോ ഇവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടില്ല" (യോഹ. 9:3) എന്ന് യേശു അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജന്മനാ അന്ധനായ മനുഷ്യന്റെ കഷ്ടപ്പാടിനെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ, "അവനിലൂടെ ദൈവത്തിന്റെ മഹത്വം ദൃശ്യമാകേണ്ടതിന്" എന്ന എലീഹുവിന്റെ നിലപാട് യേശുവും സ്വീകരിക്കുന്നതു നാം കാണുന്നുണ്ട്.
ഹെബ്രായർക്കുള്ള ലേഖനകർത്താവിൽ എലീഹുവിന്റെ നിലപാട് നാം വീണ്ടും കാണുന്നു: "താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നല്കുന്നു" (എബ്രാ. 12:6). "... കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാമറിയുന്നു" (റോമ. 5:4). എലീഹുവിൻ്റെ അതേ നിലപാട് വീണ്ടും നമുക്ക് പത്രോസിൽ കാണാറാവും: " അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തെക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം." (1 പത്രോ. 1:7). യാക്കോബിലും എലീഹുവിൻ്റെ നിലപാട് കാണാം. "... വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുന്നു എന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂർണ്ണ ഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങൾ പൂർണ്ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും." (യാക്കോ. 1:4).
നമ്മുടെ ശുദ്ധീകരണത്തിനായി ചിലപ്പോൾ കഷ്ടപ്പാട് അനുവദനീയമാണെന്ന എലീഹുവിന്റെ നിലപാട് പുതിയനിയമ രചയിതാക്കൾ ഇവിടെയെല്ലാം സ്വീകരിക്കുന്നതാണ് നാം കാണുന്നത്. അതിനാൽ, മൂന്ന് സുഹൃത്തുക്കൾ സംസാരിച്ചു തീരുന്നതുവരെ കാത്തിരുന്ന യുവാവായ പ്രവാചകൻ എലീഹു പുതിയ നിയമത്തിന്റെ ഒരു മുൻനിഴലാണെന്ന് കരുതാൻ ന്യായമുണ്ട്.
യേശുവിനുശേഷം ഇരുപത് നൂറ്റാണ്ടുകൾ നാം പിന്നിട്ടിരിക്കുന്നു. ഇന്ന്, നമ്മുടെ കാലഘട്ടത്തിലും മൂന്ന് സുഹൃത്തുക്കൾ വീണ്ടും അതേ ഈണം പാടുന്നത് നാം കാണുന്നുണ്ട്. ആരെങ്കിലും കഷ്ടതയനുഭവിക്കുമ്പോൾ, അത് അവരുടെ ഏതെങ്കിലും രഹസ്യ പാപത്തിന് ദൈവത്തിൽ നിന്നുള്ള ശിക്ഷയായിരിക്കണം എന്ന നിലപാട് സ്വീകരിക്കുന്ന ആളുകളെ ഇന്നും നമുക്ക് കാണാം. വചനപ്രഘോഷകരിൽ പോലും അത്തരക്കാരുണ്ടല്ലോ! എലീഫസും ബിൽദാദും സോഫറും! അവർക്കാകട്ടെ, അതിനെക്കുറിച്ച് സംശയലേശമില്ലതാനും!

























































