വിശ്വാസം - പ്രവൃത്തി = വിഡ്ഢിത്തം
വേദധ്യാനം

ആമുഖം
മിറോസ്ലാവ് വുള്‍ഫിന്‍റെ പ്രസിദ്ധമായ ഒരു നിരീക്ഷണം ചോദ്യമാക്കി മാറ്റിപ്പറയുകയാണ്: "യേശുവില്‍ വിശ്വസിക്കുന്ന എത്ര പേര്‍ അവന്‍റെ ആശയങ്ങളില്‍ വിശ്വസിക്കുന്നുണ്ട്" (Exclusion and Embrace, p. 276)? വിശ്വാസമെന്നത് ചേരിതിരിഞ്ഞുള്ള പോര്‍വിളികള്‍ക്കും തെറിവിളികള്‍ക്കുമുള്ള സാധൂകരണമായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഈ ചോദ്യത്തിന്‍റെ മുഴക്കം കൂടുകയാണ്. വുള്‍ ഫിന്‍റെ നിരീക്ഷണം മറ്റൊരു രീതിയില്‍ ബൈബിളില്‍തന്നെ കാണാം: "താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്" (1 യോഹ. 2:9). അപ്പോള്‍ യേശുവെന്ന പ്രകാശത്തിന്‍റെ ചാരേ എത്തിയെന്നു അവകാശവാദമുന്നയിക്കുന്നവര്‍ ഇരുട്ടിലായിരിക്കാന്‍ സത്യമായും സാധ്യതയേറെയുണ്ട്. ബൈബിള്‍ പ്രകാരം വിശ്വാസമെന്നത് ക്രിസ്തുവിന്‍റേതു കണക്കുള്ള ജീവിതശൈലിയിലേക്കുള്ള ക്ഷണമാണ്. "അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു" എന്ന് 1 യോഹ. 2 : 6. "ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു" എന്ന് 1 പത്രോ. 2 : 21. അപ്പോള്‍ ക്രിസ്തുവെന്നത് നമ്മള്‍ നടക്കേണ്ട വഴിയാണ്; അവന്‍ നമുക്കു നല്‍കിയത് അനുകരിക്കേണ്ട മാതൃകയാണ്.
കേള്‍ക്കുക = അനുസരിക്കുക
"കേള്‍ക്കുക" എന്നതിന്‍റെ ഹീബ്രുപദം "ഷെമാ" എന്നാണ്. അതേ വാക്കിന് "അനുസരിക്കുക" എന്നൊരര്‍ത്ഥംകൂടിയുണ്ട്. ഒരുദാഹരണം പുറപ്പാട് 24: 7 ആണ്: "അനന്തരം മോശ ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും." ഇവിടെ "അനുസരണമുള്ളവരായിരിക്കും" എന്ന പദത്തിന്‍റെ സ്ഥാനത്തു ഹീബ്രു ബൈബിളിലുള്ളത് "ഷെമാ"യാണ്. "അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണെ"ന്ന 1 സാമുവല്‍ 15:22 ലെ വാക്യം സുപരിചിതമാണല്ലോ. ഇവിടെയും "ഷെമാ" എന്ന പദമാണുള്ളത്. പദാനുപദം ഈ വാക്യം പരിഭാഷപ്പെടുത്തിയാല്‍, "കേള്‍വിയാണ് ബലിയേക്കാള്‍ ശ്രേഷ്ഠമെ"ന്നു വായിക്കേണ്ടിവരും. പ്രസ്തുത അധ്യായം മുഴുവന്‍ വായിച്ചാല്‍, അത്തരമൊരു പരിഭാഷ അങ്ങേയറ്റം അനുചിതമാണെന്ന് ആര്‍ക്കും മനസ്സിലാക്കാനാകും. ചുരുക്കത്തില്‍, ദൈവവചനം കേട്ടതു കൊണ്ട് അത് കേള്‍ക്കപ്പെടുന്നില്ലെന്നും, അതു പ്രവൃത്തിയിലെത്തുമ്പോഴേ കേള്‍വി പൂര്‍ണമാകുന്നുള്ളൂ എന്നും വ്യക്തമാകുന്നു.
വെറുതെയുള്ള വചനശ്രവണവും പാട്ടുകേള്‍ക്കുന്നതും തമ്മില്‍ എന്തു വ്യത്യാസമെന്ന് എസെക്കിയേല്‍ പരിഹസിക്കുന്നുണ്ട്: "മനുഷ്യപുത്രാ, മതിലുകള്‍ക്കരികിലും വീട്ടുവാതില്‍ക്കലും നിന്‍റെ ജനം നിന്നെക്കുറിച്ചു സംസാരിക്കുന്നു. അവര്‍ പരസ്പരം പറയുന്നു: വരൂ, കര്‍ത്താവില്‍ നിന്നു വരുന്ന വചനം എന്താണെന്നു കേള്‍ക്കാം. അവര്‍ കൂട്ടമായി നിന്‍റെ അടുക്കല്‍ വരും; എന്‍റെ ജനമെന്നപോലെ നിന്‍റെ മുമ്പില്‍ ഇരിക്കും. നിന്‍റെ വാക്കുകള്‍ അവന്‍ ശ്രവിക്കുകയും ചെയ്യും; പക്ഷേ, അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, തങ്ങളുടെ അധരങ്ങള്‍കൊണ്ട് അവര്‍ അതിയായ സ്നേഹം കാണിക്കുന്നു. അവരുടെ ഹൃദയം സ്വാര്‍ഥലാഭത്തില്‍ ഉറച്ചിരിക്കുന്നു. ഇമ്പമുള്ള സ്വരത്തില്‍ പ്രേമഗാനം ആലപിക്കുകയും വിദഗ്ധമായി വീണ വായിക്കുകയും ചെയ്യുന്ന ഒരുവനെപ്പോലെയാണ് അവര്‍ക്കു നീ. കാരണം നിന്‍റെ വാക്കുകള്‍ അവര്‍ കേള്‍ക്കുന്നു. എന്നാല്‍, അവര്‍ അത് അനുവര്‍ത്തിക്കുകയില്ല" (എസെ. 33 : 30-32).
അനുസരണം = പാറപ്പുറം
മത്തായി-ലൂക്കാ സുവിശേഷങ്ങളിലെ ഏറ്റവും പ്രസിദ്ധമായ പ്രബോധനങ്ങളാണല്ലോ മലയിലെ പ്രസംഗവും (മത്താ. 5 : 1 - 7 : 28) സമതലത്തിലെ പ്രസംഗവും (ലൂക്കാ 6 : 17-49). നാഥന്‍ അവിടെ പറയുന്ന കാര്യങ്ങളില്‍ ഏതെങ്കിലുമൊന്നിന്‍റെ കാര്യത്തിലെങ്കിലും ഒരൊഴിവുകഴിവു അവന്‍റെ ശിഷ്യനു സാധ്യമല്ല. ഇത് ക്രിസ്തു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് ആ പ്രബോധനങ്ങളുടെ ഒടുക്കത്തിലാണ്: മത്താ. 7 : 24-27; ലൂക്കാ 6 : 47-49. നിസ്സാരമായ ചില വ്യത്യാസങ്ങളൊഴിച്ചാല്‍ ഒരേ രീതിയില്‍ പറയപ്പെട്ട ഒരുപമയാണ് ഈ വചനഭാഗങ്ങളില്‍ നാം കാണുന്നത് - പാറയില്‍ വീടു പണിതവന്‍റെയും മണലില്‍ വീടു പണിതവന്‍റെയും ഉപമ. കേട്ട വചനം പ്രവൃത്തിപഥത്തിലെത്തിച്ചവനാണ് വിവേകമതിയായ ശിഷ്യന്‍. കേട്ട വചനം ജീവിതത്തിലേക്കു പകര്‍ത്താതിരുന്നവന്‍ വിഡ്ഢിയായ ശിഷ്യനാണ്. വിവേകമതിയുടെ ശിഷ്യത്വം പാറമേല്‍ പണിത വീടുകണക്ക് ഉറപ്പുള്ളതും വിഡ്ഢിയുടെ ശിഷ്യത്വം മണലിലെ വീടുപോലെ ഒലിച്ചുപോകുന്നതും ആയിരിക്കും.
ലൂക്കായിലെ സമതല പ്രസംഗത്തില്‍ 30 വചനങ്ങളാണുള്ളത്. "ചെയ്യുവിന്‍" എന്നു പത്തോളം പ്രാവശ്യം നാം ഈ പ്രസംഗത്തില്‍ കേള്‍ക്കുന്നു. "സ്നേഹിക്കുവിന്‍," "വായ്പ കൊടുക്കുവിന്‍" തുടങ്ങിയ പന്ത്രണ്ടോളം കല്‍പനകളും നാം ഈ പ്രസംഗത്തില്‍ കേള്‍ക്കുന്നു. അപ്പോള്‍, 30 വചനങ്ങളില്‍ 22 തവണ "അനുസരിക്കുവിന്‍" എന്നതു പല രീതിയില്‍ കേട്ടിട്ട് അതു ചെയ്യാതിരിക്കുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്! മലയിലെ പ്രസംഗത്തില്‍ (മത്താ 5 : 3-7:27) 128 വചനങ്ങളാണുള്ളത്. അതില്‍ "ചെയ്യുവിന്‍" എന്നോ "അനുസരിക്കുവിന്‍" എന്നോ എത്ര തവണയുണ്ടാകും! കൃത്യവും വ്യക്തവുമായി ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ കൂളായിട്ടു മറന്നിട്ടാണ്, ചിലര്‍ ഭക്തപാരവശ്യങ്ങളില്‍ ഏര്‍പ്പെടുന്നതും ("കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവര്‍," മത്താ. 7 : 21), മറ്റു ചിലര്‍ ദൈവികവരങ്ങളുടെ പ്രകടനപരതയില്‍ അഭിരമിക്കുന്നതും (പ്രവചിക്കുക, പിശാചുക്കളെ പുറത്താക്കുക, അത്ഭുതങ്ങള്‍ ചെയ്യുക, മത്താ. 7 : 22). ഇവര്‍ ഇത്തരം കാര്യങ്ങള്‍കൊണ്ട് ഓരോ ദിവസവും നിറയ്ക്കുകയാണ്. പക്ഷേ അത്, വിശ്രമമില്ലാതെ വീടുപണിയുന്ന ഒരാള്‍ക്കുള്ളതുപോലുള്ള തിരക്കാണ്. മണലിലാണ് പക്ഷേ ഈ പണിയത്രയും. ആര്‍ക്കും പ്രയോജനമില്ലാതെ അതു വെറുതെ ഒലിച്ചുപോകും!
ഉറപ്പുള്ള തറയല്ലെങ്കില്‍ ഒലിച്ചു പോകുന്നത് വീടുമാത്രമല്ല, ദേവാലയംപോലുമാണ്. യഹോവയുടെ സ്വന്തം ജറുസലെം ദേവാലയത്തില്‍ അര്‍പിക്കപ്പെട്ട ബലികള്‍ക്കും ഒഴുക്കപ്പെട്ട രക്തത്തിനും ഉയര്‍ത്തപ്പെട്ട ധൂപത്തിനും വല്ല കൈയും കണക്കുമുണ്ടായിരുന്നോ? "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം" എന്ന് എത്ര ഉറപ്പോടെയാണ് അവര്‍ ഒരു കാലത്ത് ഉരുവിട്ടുകൊണ്ടിരുന്നത് (ജറെമിയാ 7: 4)! എന്നാല്‍ അതു പറഞ്ഞവരുടെ വാക്കുകളും ആ ദേവാലയത്തിന്‍റെ അകത്തളവും ഒരേപോലെ പൊള്ളയാണെന്നും അവരും അവരുടെ ദേവാലയവും ഒരേപോലെ തകര്‍ക്കപ്പെടുമെന്നും ജറെമിയാ നിസ്സംശയം പ്രഖ്യാപിക്കുന്നു. ഭക്തപാരവശ്യങ്ങളും അതിന്‍റെ നാനാവിധ പ്രകടനങ്ങളും എത്ര വര്‍ദ്ധിപ്പിച്ചാലും അതു മണല്‍ക്കൂനതന്നെയാണ്. "നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ... ചെയ്യുന്നു. എന്നിട്ട് എന്‍റെ നാമത്തിലുള്ള ഈ ആലയത്തില്‍ ... വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ? എന്‍റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ" (ജറെമിയാ 7 : 9-11)?
ഒരുപാട് ദുരുപയോഗിക്കപ്പെട്ട ഒരു വാക്യം പൗലോസ് ശ്ലീഹായുടേതായിട്ടുണ്ട്: "യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയു കയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും" (റോമാ 10 : 9). ഈയൊരു വാക്യത്തെ അവസരത്തിലും അനവസരത്തിലും ഉപയോഗിച്ചുപയോഗിച്ച്, രക്ഷയെയും അതിലേക്കു നയിക്കുന്ന ജീവിതത്തെയും സംബന്ധിച്ച മറ്റനേകം പുതിയനിയമ പാഠങ്ങള്‍ വിസ്മരിക്കപ്പെട്ടു. അത്തരം രണ്ടുമൂന്നെണ്ണം ഉദാഹരണങ്ങളായി ചുവടെ ചേര്‍ക്കുന്നു:
"ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നു പ്രതിഫലം നല്‍കും. സത്കര്‍മത്തില്‍ സ്ഥിരതയോടെ നിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു നിത്യജീവന്‍ പ്രദാനം ചെയ്യും. കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവ സമക്ഷം നീതിമാന്‍മാര്‍; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്" (റോമാ 2 : 6-13); 'നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.... കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് നിയമത്തെ ... സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. ... പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക" (യാക്കോ. 1 : 22-27); 'ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്‍റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്" (1 യോഹ. 3 : 17-18).

വിവേകം = ഭാവിയിലേക്കുള്ള കരുതല്‍
സുവിശേഷങ്ങളില്‍ വിഡ്ഢികളായി പറയപ്പെടുന്നവര്‍ രണ്ടു കൂട്ടരാണ്: ഭോഷനായ ധനവാനും (ലൂക്കാ 12:16-21) വിവേകശൂന്യകളായ കന്യകമാരും (മത്താ. 25:2-3). ഈ രണ്ടു കൂട്ടരും വിഡ്ഢികളായി ഗണിക്കപ്പെടാന്‍ കാരണം, ഭാവിക്കുവേണ്ടി (നിത്യജീവിതത്തിന്) തയ്യാറെടുത്തില്ല എന്നതാണല്ലോ. യജമാനന്‍ പ്രതീക്ഷിക്കാത്ത മണിക്കൂറില്‍ കയറിവന്നാലും വിശ്വസ്തനായി കാണപ്പെടുന്ന ഭൃത്യനും (മത്താ 24 : 44-47) ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടാല്‍ അതിനുവേണ്ടി തയ്യാറെടുക്കുന്ന കാര്യസ്ഥനും (ലൂക്കാ 16 : 1-8) ബുദ്ധിമാന്മാരായി അംഗീകരിക്കപ്പെടാന്‍ കാരണം, അവര്‍ ഭാവിക്കുവേണ്ടി (നിത്യജീവിതത്തിന്) തയ്യാറെടുപ്പ് നടത്തി എന്നതുമാണല്ലോ.
അപ്പോള്‍ ഒരാളുടെ വിവേകവും വിഡ്ഢിത്തവും നിത്യജീവിതത്തിനു വേണ്ടി അയാള്‍ തയ്യാറെടുപ്പു നടത്തിയോ ഇല്ലയോ എന്നതിന്‍റെ വെളിച്ചത്തിലാണ് സുവിശേഷം വിലയിരുത്തുന്നത്. നാമിവിടെ പരിഗണിക്കുന്ന ഉപമയിലെ വിവേകമതിയെയും ഭോഷനെയും നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് അതുകൊണ്ടു നാം കാണേണ്ടത്. അങ്ങനെ നോക്കുമ്പോള്‍, കര്‍ത്താവിന്‍റെ വചനങ്ങള്‍ പാലിക്കുന്നവന്‍, പാറമേല്‍ വീടു പണിയുന്നവനെപോലെ, തനിക്കു വേണ്ടി നിര്‍മിക്കുന്നത് നിത്യകാലത്തേക്ക് ഇളകാത്ത ഭവനമാണ് - നിത്യവാസമാണ്. എന്നാല്‍, വചനങ്ങള്‍ കേട്ടിട്ടു മറന്നു കളയുന്നവനോ, മണല്‍ക്കൂനയില്‍ ഉയര്‍ത്തപ്പെട്ട വീടുകണക്ക് ഏതു നിമിഷവും നിലംപൊത്താം.
പാറപ്പുറത്തെയും മണല്‍പുറത്തെയും ഭവനങ്ങളുടെ ഉപമയില്‍ യേശുവിന്‍റെ ആത്മനിഷ്ഠമായ അറിവും മറനീക്കുന്നുണ്ട്. ഒരുവനെ നിത്യജീവനു യോഗ്യനാക്കുന്നതും അയോഗ്യനാക്കുന്നതും യേശുവിന്‍റെ വചനങ്ങളുടെ അനുസരണമോ ലംഘനമോ ആയിരിക്കും. "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ല" (മര്‍ക്കോ. 13 : 31); 'മനുഷ്യപുത്രന്‍ സ്വപിതാവിന്‍റെ മഹത്വത്തില്‍ തന്‍റെ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും" (മത്താ. 16 : 27); "ഒരുവന്‍ എന്നെക്കുറിച്ചോ എന്‍റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍റെയും പിതാവിന്‍റെയും വിശുദ്ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്ജിക്കും" (ലൂക്കാ 9 : 26); 'എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞ വചനംതന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും" (യോഹ. 12: 48).
മത്തായിയുടെ സുവിശേഷത്തില്‍ പല അധ്യായങ്ങളിലായി ആകെ അഞ്ചു പ്രഭാഷണങ്ങളുണ്ട്: മലയിലെ പ്രസംഗം (57), മിഷനറിമാര്‍ക്കുള്ള പാഠം (10), ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍ (13), സഭാനിര്‍ദേശങ്ങള്‍ (18), നിത്യജീവന്‍ (24,25). ഇവയില്‍ രണ്ടാമത്തേത് ഒഴിച്ചുള്ള എല്ലാ പ്രഭാഷണങ്ങളും അവസാനിക്കുനത് അന്ത്യവിധിയെക്കുറിച്ചുള്ള സൂചനയോടെയാണ്: 7 : 24-27; 13 : 37-50; 18 : 23-35; 25 : 31-46. ഈയൊരു വസ്തുതയില്‍നിന്നു നമുക്കു വ്യക്തമാകുന്നത്, അന്ത്യവിധിക്കായി നാം ചെന്നു നില്‍ക്കുക യേശുവെന്ന വിധികര്‍ത്താവിന്‍റെ മുന്നിലായിരിക്കും എന്നതാണ്. അപ്പോള്‍ യോഗ്യതയും അയോഗ്യതയും നിര്‍ണയിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം അവന്‍റെ വചനത്തോടു ഒരുവന്‍ ജീവിതത്തില്‍ പുലര്‍ത്തിയ മമതയായിരിക്കും. യേശു പഠിപ്പിച്ച വചനങ്ങളെ അങ്ങേയറ്റം ശ്രദ്ധയോടെ സമീപിക്കണമെന്നും സൗകര്യംപോലെ അവ വ്യാഖ്യാനിക്കാനുള്ളതല്ല എന്നുമാണ് പാറപ്പുറത്തെയും മണല്‍പുറത്തെയും വീടുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അവന്‍ പഠിപ്പിച്ചത് ശരിയായിത്തന്നെ കേള്‍ക്കുക; കേട്ടത് ശരിയായിത്തന്നെ ജീവിക്കുക. നമ്മുടെ ഭവനം എന്നേക്കും നിലനില്‍ക്കട്ടെ...
വിശ്വാസം - പ്രവൃത്തി = വിഡ്ഢിത്തം
ഷാജി കരിംപ്ലാനില്‍
അസ്സീസി മാസിക, നവംബർ, 2025

















































































































