യവനർ
- George Valiapadath Capuchin

- May 5
- 1 min read

അത്ര സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നില്ല, ഞാൻ. ശ്രദ്ധിച്ചെങ്കിൽത്തന്നെ ആ വിധത്തിൽ എനിക്കത് കത്തുകയുമില്ലായിരുന്നു. സഭയിലെ ആദ്യത്തെ നിയോഗിച്ചാക്കലുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജെറൂസലേമിലെ ആദിമസഭ ഒരു സ്നേഹ സമൂഹമാകാൻ അത്യധികം ആഗ്രഹിച്ചിരുന്നു. മറ്റ് ഇടങ്ങളിൽ സംജാതമായ സഭാ സമൂഹങ്ങൾ പോലും തങ്ങളുടെ സംഭാവന അവിടേക്ക് എത്തിച്ചിരുന്നു. കാരണം അവർ ഒരു കമ്മ്യൂൺ ആകാൻ യത്നിക്കുകയായിരുന്നു. വലിയ യാക്കോബും പത്രോസും യോഹന്നാനും പിന്നെ കർത്താവിൻ്റെ സഹോദരനായ യാക്കോബും പ്രസ്തുത സമൂഹത്തിന് നേതൃത്വം നൽകി. പരമാവധി എല്ലാം പങ്കുവക്കുന്ന, സാമൂഹിക ഉത്തരവാദിത്തം കാണിക്കുന്ന, തങ്ങൾക്കിടയിലെ അഗതികളെയും വിധവകളെയും പരിപാലിക്കുന്ന സമൂഹം. എല്ലാവരുംതന്നെ യഹൂദ ജനതയിൽ പെട്ടവരായിരുന്നു.
ജറൂസലേമിലെ യഹൂദർക്കിടയിൽ അക്കാലത്ത് രണ്ടുതരം ആളുകളുണ്ടായിരുന്നു. ഹീബ്രു ബൈബിൾ വായിക്കാൻ കഴിയുന്ന, ഹീബ്രു ഭാഷയുടെ പുത്രീഭാഷയായ അറമായിക് സംസാരിക്കുന്ന 'ഹെബ്രായരും', കുറേക്കാലം മറ്റുനാടുകളിൽ പോയി താമസിച്ച് ചെവും ചെയ്ത് തിരിച്ച് നാട്ടിലെത്തിയ - ഹീബ്രു ഭാഷയിലെ ബൈബിൾ വായിക്കാനും ഉദ്ധരിക്കാനും അറിയാത്ത, ഹീബ്രു ബൈബിളിൻ്റെ ഗ്രീക്ക് തർജ്ജമ മാത്രം വായിക്കാനും ഉദ്ധരിക്കാനും അറിയുന്ന, എന്നാൽ അറമായികും ഗ്രീക്കും സംസാരിക്കാനറിയുന്ന യവന യഹൂദരും. (കേരളത്തിൽ ജനിച്ചു വളർന്ന് കേരളത്തിനു വെളിയിൽ ഏറെ വസിച്ചിട്ടില്ലാത്തവരും, വിദേശങ്ങളിൽ കുറേക്കാലം കഴിഞ്ഞശേഷം നാട്ടിൽ തിരിട്ടെത്തി, മലയാളം ഏതാണ്ടൊക്കെ പറയാനറിയുമെങ്കിലും അതിനോടൊപ്പം ഇംഗ്ലീഷും സംസാരിക്കാൻ അറിയാവുന്നവരും എന്നപോലെ).
സ്ത്രീകൾക്ക് അക്കാലത്ത് വസ്തുവിന്മേൽ പിന്തുടർച്ചാവകാശം ഇല്ലാതിരുന്നതിനാൽ ഏത് ഗണത്തിൽ പെട്ടവരുടെയും വിധവകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു. അത്തരം പശ്ചാത്തലത്തിലാണ് ഹീബ്രു വിധവകൾക്ക് ലഭിക്കുന്നത്രയും പരിഗണന യവന വിധവകൾക്ക് ലഭിക്കുന്നില്ല - അല്ലെങ്കിൽ പക്ഷപാതിത്തം ഉണ്ട് എന്ന് യവന-യഹൂദക്രൈസ്‌തവർ ഹെബ്രായ-യഹൂദ ക്രൈസ്‌തവർക്കെതിരേ പിറുപിറുക്കുന്നത്. ചെയ്യാവുന്ന കാര്യം ഈ സഹായവിതരണം അപ്പസ്തോലന്മാർ സ്വയം ഏറ്റെടുക്കുക എന്നതാണ്. എന്നാൽ, അപ്പസ്തോലന്മാർ ശിഷ്യ സമൂഹത്തെ വിളിച്ചുകൂട്ടി പറയുന്നു: 'സഹോദരരേ, ഇക്കാര്യം ചെയ്തുകൊണ്ട് ഞങ്ങൾക്കിവിടെ സ്ഥിരമായി നില്ക്കാനാവില്ല. അതിനാൽ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങൾക്കിടയിൽ നിന്ന് കണ്ടുപിടിക്കുവിൻ. സഹായവിതരണത്തിൻ്റെ ചുമതല ഞങ്ങൾ അവരെ ഏല്പിക്കാം'. അങ്ങനെ ശിഷ്യസമൂഹം ഏഴു പേരെ തെരഞ്ഞെടുത്തു. ഡീക്കന്മാർ എന്ന പദവിയാണ് അവർക്ക് നല്കിയത്. അവരുടെ പേരുകൾ: സ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോർ, തീമോൻ, പർമേനാസ്, ആയിടെ യഹൂദമതം സ്വീകരിച്ച അന്തിയോക്യക്കാരൻ നിക്കൊളാവോസ് എന്നിവരെ തെരഞ്ഞെടുത്തു. അപ്പസ്തോലന്മാർ അവരുടെമേൽ കൈകൾവച്ച് പ്രാർത്ഥിച്ച് അവരെ പ്രസ്തുത ചുമതലയിൽ നിയമിച്ചാക്കി. അതിനുശേഷം ജറൂസലേമിൽ ശിഷ്യരുടെ എണ്ണം വളരെ വർദ്ധിച്ചു എന്നാണ് പറയുന്നത്.
ഇതെല്ലാവർക്കും അറിയാവുന്ന കഥയല്ലേ എന്നായിരിക്കും നിങ്ങളിപ്പോൾ ചോദിക്കുക. അതേ. അറിയാവുന്ന കഥ തന്നെ. എന്നാൽ എനിക്ക് കഴിഞ്ഞയാഴ്ചവരെ അറിയാതിരുന്ന ഒരു വിശദാംശം അവർ ഏഴുപേരും യവന നാമധാരികളാണ് എന്നതാണ്. അതായത്, ഏത് വിഭാഗത്തിനാണോ തങ്ങളുടെ വിധവകൾ- തങ്ങളും അവഗണിക്കപ്പെട്ടതായി തോന്നിയത്, ആ വിഭാഗത്തിൽ നിന്നുള്ളവരെത്തന്നെ ആ മൊത്തം ശുശ്രൂഷ ഏല്പിച്ചു!
അതായിരുന്നത്രേ ആദിമ ക്രൈസ്തവ ചൈതന്യം!!

























































