നിലവിളി
- George Valiapadath Capuchin

- Apr 3
- 2 min read

നീസാൻ മാസത്തിന്റെ പത്താം തീയതി ഓരോ കുടുംബവും ഒരു വയസ്സുള്ള ഊനമറ്റ ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ തെരഞ്ഞെടുക്കണം എന്നായിരുന്നു പരമ്പരാഗത ചട്ടം. ആളുകൾ തങ്ങൾ വാങ്ങിയ, അല്ലെങ്കിൽ പറ്റത്തിൽ നിന്ന് തെരഞ്ഞെടുത്ത ആടിനെ കാരുണ്യത്തോടെയും, അതേസമയം കൊല്ലുമ്പോൾ മെഴുത്തിരിക്കേണ്ടതിനായും നല്ല ഭക്ഷണം നല്കി നാലു ദിവസം പോറ്റും. പതിനാലാം തീയതി സന്ധ്യയോടെ അതിനെ കൊല്ലുകയും മാംസം തീയിൽ ചുട്ടെടുക്കുകയും ചെയ്യണം. എന്നാൽ, യേശുവിൻ്റെ കാലമാവുമ്പോഴേക്കും പെസഹാ ആചരണത്തിന്റെ രീതികൾക്ക് യൂദായിലും ഇസ്രായേലിലും മാറ്റം വന്നിരുന്നു. മതജീവിതം കൂടുതൽ ദേവാലയ കേന്ദ്രീകൃതമാവുകയും സ്വന്തം വീടുകളിൽ പെസഹാക്കുഞ്ഞാടിനെ കൊന്ന് പെസഹാവിരുന്നൊരുക്കുന്ന രീതി മാറി, വിശ്വാസികൾ ജെറുസലേമിലേക്ക് തീർത്ഥാടനമായി എത്തുന്നത് പതിവായിത്തീരുകയും ചെയ്തിരുന്നു. അപ്പോൾ ഏറെ ദൂരത്തല്ലാത്തവർ തങ്ങളുടെ പെസഹാക്കുഞ്ഞാടിനെ കൂടെ കൊണ്ടുവന്നു. അല്ലാത്തവർ തീർത്ഥാടനമായി ജറൂസലേമിൽ എത്തിയശേഷം ദേവാലയത്തിലോ പുറത്തോ നിന്ന് ഒന്നിനെ വാങ്ങുന്ന പതിവും ആരംഭിച്ചു. ഏതായാലും അവരവർ സ്വന്തം കുടുംബത്തിന് വേണ്ടിയുള്ള മുട്ടാടിനെ സ്വകാര്യമായി കൊല്ലുന്ന രീതി മാറി, മൂന്നു മണിയോടെ ഏവരും താന്താങ്ങളുടെ കുഞ്ഞാടുമായി ദേവാലയത്തിലെത്താനും അവിടെ വച്ച് അതിനെ ബലികഴിക്കുകയും ചെയ്യുന്ന രീതി നിലവിൽ വന്നിരുന്നു. അമ്പതിനായിരത്തോളം ആടുകൾ അന്നേ ദിവസം ദേവാലയ അങ്കണങ്ങളിൽ കൊല്ലപ്പെട്ടു എന്നാണ് ചരിത്രകാരനായ ജോസെഫുസ് രേഖപ്പെടുത്തുന്നത്. പതിനായിരക്കണക്കിന് പെസഹാക്കുഞ്ഞാടുകളുടെ വിഹ്വലതയാർന്ന നിലവിളി കൊണ്ട് ജറൂസലേം ദേവാലയവും തെരുവുകളും മുഖരിതമാകും.
വെള്ളിയിലും സ്വർണ്ണത്തിലും തീർത്ത ആയിരക്കണക്കിന് ചെരിവങ്ങൾ ദേവാലയത്തിൽ ഉണ്ടായിരുന്നു. നൂറുകണക്കിന് പുരോഹിതർ ഇരുഭാഗത്തും നിരനിരയായി നിലകൊള്ളും. കൊല്ലപ്പെടുന്ന ഓരോ പെസഹാക്കുഞ്ഞാടിന്റെയും രക്തം മേല്പറഞ്ഞ ചെരിവങ്ങളിൽ ഓരോ പുരോഹിതർ സംഭരിക്കും. എന്നിട്ട് നിരയായി നില്ക്കുന്ന പുരോഹിതർ, നില്ക്കുന്നിടത്തുതന്നെ നിന്ന് കൈമാറിക്കൈമാറി രക്തം സംഭരിച്ച ചെരിവങ്ങൾ ബലിപീഠത്തിലേക്ക് എത്തിക്കും. അവസാനം, ബലിപീഠത്തിന് അടുത്തുനിൽക്കുന്ന പുരോഹിതൻ അത് വാങ്ങി ബലിപീഠത്തിന്മേൽ തർപ്പണം ചെയ്യും. ചെരുവങ്ങൾ അതേപോലെ നിരനില്ക്കുന്ന ലേവായരുടെ കൈകളിലൂടെ താഴേക്ക് തിരിച്ചെത്തും. ഇങ്ങനെ ആയിരക്കണക്കിന് ചെരിവങ്ങൾ മുകളിൽ ബലിപീഠത്തിലേക്കും താഴെ ദേവാലയ അങ്കണത്തിലേക്കും ഇടതടവില്ലാതെ മനുഷ്യ കരങ്ങളിലൂടെ ഒഴുകും. ആരെങ്കിലും ഒരു കഴ കൂടെ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, കഴയുടെ കഷണങ്ങളിൽ ബലിയർപ്പിച്ച കുഞ്ഞാടിനെ തറച്ച് തിരികെ കൊണ്ടുപോകാൻ ചിലപ്പോഴൊക്കെ പുരോഹിതർ അവരെ സഹായിച്ചിരുന്നു. ബലിപീഠത്തിൽ തർപ്പണം ചെയ്യപ്പെടുന്ന രക്തമത്രയും ഇടക്കിടെ ബലിപീഠം കഴുകുന്ന വെള്ളത്തോടൊപ്പം ഒരു കനാലിലൂടെ ഒഴുകി കെദ്രോൺ താഴ്‌വരയിൽ എത്തിച്ചേരും. പെസഹാ ദിനത്തിൻ്റെ തലേന്ന് ജറൂസലേം നഗരമാകെ രക്തം മണക്കും.
കൊല്ലപ്പെട്ട തങ്ങളുടെ കുഞ്ഞാടിനെ ചുമലിൽ ചുമന്നുകൊണ്ട് ജറൂസലേം നിവാസികൾ സ്വന്തം വീടുകളിലേക്കും വിദൂരത്തുനിന്ന് എത്തിയവർ തങ്ങളുടെ കൂടാരങ്ങളിലേക്കോ തങ്ങൾ രാവുറങ്ങുന്ന ബന്ധുവീടുകളിലേക്കോ പോകും. അവരവർ തങ്ങളുടെ മുറ്റത്ത് അടുപ്പുകൂട്ടി കഴ തറച്ചുകയറ്റിയ കുഞ്ഞാടിനെ തീയിൽ പൊരിച്ച് വേവിക്കും.
വൈകുന്നേരത്തോടെ ജറൂസലേമും പ്രാന്തങ്ങളും പുകയും ഇറച്ചി വേവുന്ന, കരിയുന്ന ഗന്ധം കൊണ്ട് നിറയും.
പെസഹാ വിരുന്നിനുള്ള മറ്റ് ഘടകങ്ങളെല്ലാം സ്ത്രീ ജനങ്ങൾ തയ്യാറാക്കിക്കഴിഞ്ഞിരിക്കും. കുഞ്ഞാട് അഗ്നിയിൽ വെന്തു കഴിഞ്ഞാൽ, "പെസഹാ" എന്ന കുറിപ്പിൽ ഇന്നലെ കുറിച്ചതുപോലെ കൈകാലുകളും മുഖവും കഴുകി പെസഹാ വിരുന്നിന് എല്ലാവരും തയ്യാറായി എത്തും.
മത്തായി, മർക്കോസ്, ലൂക്കാ എന്നീ സമാന്തര സുവിശേഷങ്ങൾ പ്രകാരം യേശുവിനെ കുരിശിൽത്തറച്ചത് രാവിലെ ഒമ്പത് മണിയോടടുത്തായിരുന്നു. പ്രസ്തുത സുവിശേഷങ്ങൾ പ്രകാരം മധ്യാഹ്‌നം മുതൽ മൂന്നുമണി വരെ സൂര്യൻ ഇരുളുകയും ഭൂമിയിൽ വലിയ അന്ധകാരം പരക്കുകയും ചെയ്തിരുന്നു. യോഹന്നാൻ്റെ ആഖ്യാനമനുസരിച്ച് പന്ത്രണ്ടുമണി കഴിഞ്ഞാണ് യേശുവിനെ ക്രൂശിൽ തറയ്ക്കുന്നത്. ഒരുക്കത്തിൻ്റെ ദിവസമായതിനാൽ ക്രൂശീകരണം കഴിഞ്ഞ് ഏതാണ്ട് ഒരു മണിക്കൂറിനകംതന്നെ ജനക്കൂട്ടം പിരിഞ്ഞു പോകുന്നുണ്ട്. അവസാനമാകുമ്പോഴേക്ക് അവിടെ ബാക്കിയാവുന്നത് പടയാളികൾക്ക് പുറമേ യേശുവിൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ ഏതാനും പേർ മാത്രമാണ്.
നാലുസുവിശേഷങ്ങളും അനുസരിച്ച് ഏതാണ്ട് മൂന്നുമണി നേരത്താണ് യേശു നിലവിളിക്കുന്നത്. പതിനായിരക്കണക്കിന് കുഞ്ഞാടുകളുടെ നിലവിളി ഉയരുന്ന നിമിഷം.
അപ്പോഴാണ് വിജാതീയനായ ഒരു പട്ടാളക്കാരൻ നീർപ്പഞ്ഞി വീഞ്ഞിൽമുക്കി അവന് നല്കുന്നതും, "എല്ലാം പൂർത്തിയായി"; "എൻ്റെ പിതാവേ, നിൻ്റെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" എന്നു പറഞ്ഞ് അവൻ ജീവൻ വെടിയുന്നതും.
ദേവാലയാങ്കണങ്ങളിൽ പെസഹാക്കുഞ്ഞാടുകൾ കൊല്ലപ്പെടുന്ന നേരമായിരുന്നു അത്!

























































