top of page

സൂചനകൾ പ്രധാനമാണ്

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • May 9
  • 1 min read
Five men seen from behind huddle in a tight group hug, arms around shoulders, in a painted scene with a muted gray background.

മുമ്പൊരിക്കൽ കുറിച്ചിട്ടുണ്ടിത്. സഭയിലെ ഒന്നാമത്തെ സൂനഹദോസ് ആയ ജറൂസലേം സൂനഹദോസ് പൊതുവർഷം 49-ൽ ആയിരുന്നു എന്നാണ് പറയപ്പെടുന്നത് (ഒരുപക്ഷേ തലേ വർഷമോ പിറ്റേ വർഷമോ ആവാം). ഏതായാലും പൗലോസിൻ്റെ ഒന്നാം പ്രേഷിതയാത്രകൾക്കു ശേഷമായിരുന്നു അത്. അന്തിയോഖ്യയിലെ സഭയാണ് പൗലോസിനെയും ബാർണബാസിനെയും മറ്റുചിലരെയും കൂടി ജറൂസലേമിലേക്ക് സംശയനിവാരണത്തിനായി അയക്കുന്നത്.


ഏതായാലും സഭയും അപ്പസ്തോലന്മാരും മൂപ്പന്മാരും ഒരുമിച്ചുകൂടി. കാര്യമായ വാദപ്രതിവാദം നടക്കുന്നുണ്ട് ആരംഭത്തിൽ. സൂനഹദോസിൻ്റെ തീരുമാനപ്രകാരം സൂനഹദോസിൻ്റെ നിലപാട് ഒരു എഴുത്താക്കി തങ്ങൾക്കിടയിലെ ഒരു പ്രതിനിധിസംഘത്തിൻ്റെ കൈവശം കൊടുത്തയക്കുന്നു അവർ. അങ്ങനെ സഹോദരന്മാരിൽ നേതാക്കളായിരുന്ന ബാർസബാസും സീലാസും ബർണബാസിനോടും പൗലോസിനോടുമൊപ്പം എഴുത്തുമായി പോകാൻ നിയുക്തരാകുന്നു.


മൂന്ന് കാര്യങ്ങൾ നാം നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരണം എന്നാണ് തോന്നുന്നത്.


1. സൂനഹദോസിനെക്കുറിച്ചുള്ള പരാമർശത്തിൻ്റെ ആരംഭത്തിലും അന്ത്യത്തിലും അപ്പസ്തോല പ്രവൃത്തികളുടെ ഗ്രന്ഥം വ്യക്തമായി സൂചിപ്പിക്കുന്ന ഒരു വിശദാംശം: അപ്പസ്തോലന്മാരും മൂപ്പന്മാരും (പ്രസ്ബിറ്റേഴ്സും) സഭ മുഴുവനും അവിടുണ്ട് എന്നതാണ്. അപ്പസ്തോലന്മാരും മൂപ്പന്മാരും (പ്രസ്ബിറ്റേഴ്സും) കൂടിയാണ് ആദ്യ സൂനഹദോസ് നടത്തുന്നത് എന്നത് ശരിതന്നെ. എന്നാൽ, സഭ മുഴുവനും അവിടെ സന്നിഹിതമാണ്. തീരുമാനങ്ങളിൽ ഏവർക്കും പങ്കാളിത്തമുണ്ട്.


2. പത്രോസും, സൂനഹദോസ് അദ്ധ്യക്ഷനായിരുന്ന യാക്കോബുപോലും "...എൻ്റെ അഭിപ്രായം" എന്നുപറഞ്ഞാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. "ഇതാണ് പ്രമാണം" എന്ന രീതിയിലല്ല. തീരുമാനം എല്ലാവരിൽ നിന്നുമായാണ് ഉരുത്തിരിയുന്നത്.


3. സൂനഹദോസിൻ്റെ തീരുമാനം അടങ്ങുന്ന കത്തിൻ്റെ ഭാഷ പ്രത്യേകം പ്രദ്ധിക്കണം.

"അപ്പസ്തോലന്മാരും ശ്രേഷ്ഠന്മാരുമായ സഹോദരന്മാർ അത്യോഖ്യായിലെയും സിറിയയിലെയും കിലിക്യായിലെയും വിജാതീയരായ സഹോദരരായ നിങ്ങൾക്ക് അഭിവാദനം അർപ്പിക്കുന്നു."


സഹോദരന്മാർ സഹോദരന്മാരോടാണ് സംഭാഷിക്കുന്നത്!

bottom of page