top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -14

  • Writer: പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
    പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
  • Mar 8
  • 3 min read
Sketch of a small house amid palm trees with a person sitting in front. Calm rural setting, minimalistic black-and-white design.

14

ഒന്നു പിഴച്ചാല്‍...?


വീട്ടില്‍ കൊള്ളരുതാത്തവനാകും തോറും ജോസഫിന്‍റെ കീര്‍ത്തി നാട്ടില്‍ വളര്‍ന്നു കൊണ്ടിരുന്നു. പ്രായവ്യത്യാസമില്ലാതെ പലരുമായും ചെങ്ങാത്തം കൂടുന്നതിലും അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതിലും ജോസഫിന് നല്ല വാസനയായിരുന്നു. കല്യാണം കഴിപ്പിച്ചാല്‍ ജോസഫ് മര്യാദക്കാരന്‍ ആകുമെന്ന് കൊച്ചുതോമായും കൊച്ചുത്രേസ്യാക്കുട്ടിയും വിചാരിച്ചു. യഥാര്‍ത്ഥത്തില്‍, മേരിക്കുട്ടിയുടെ കല്യാണം കഴിഞ്ഞത് മുതല്‍ ജോസഫിന്‍റെ കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നതാണ്. ജോസഫിന് വ്യക്തമായ തീരുമാനമോ മറുപടിയോ ഇല്ലാതിരുന്നതിനാല്‍ കൊച്ചുതോമയ്ക്ക് അന്വേഷണം ബുദ്ധിമുട്ടായി. നല്ലൊരു കൃഷ്ണനായ ജോസഫിന് നാട്ടിലെ പല പെണ്‍കുട്ടികളുമായി നല്ല ചങ്ങാത്തമുണ്ടായിരുന്നു. കൂട്ടുകാരുടെ വീടുകളില്‍ പോയാല്‍ അവരുടെ പെങ്ങന്‍മാരോട് നന്നായി സംസാരിക്കും. ആര്‍ക്കും അതിനെതിരില്ലായിരുന്നു. ജോസഫിന് സാധാരണ ലീലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു ദുഷ്ചിന്തകളൊന്നും ഇല്ലായിരുന്നു. എന്നാലും കുഞ്ഞപ്പന്‍ സാറിന്‍റെ മകള്‍ റോസക്കുട്ടിയോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു.


അന്ന് പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ കൊച്ചുതോമ ജോസഫിനോട് ചോദിച്ചു, "നിനക്ക് ഒരു കല്യാണം ആലോചിക്കാന്‍ പോവുകയാണ്." സാധാരണ സംസാരമെന്നോണം ജോസഫ് പറഞ്ഞു, "നമുക്ക് കുഞ്ഞപ്പന്‍ സാറിന്‍റെ മകള്‍ റോസക്കുട്ടിയെ ആലോചിച്ചാലോ?" 'ആ തേവടിശിയേയോ?" കൊച്ചുതോമ അരിശപ്പെട്ടു. അങ്ങനെ പറയണമെന്ന് ഉദ്ദേശിച്ചല്ല കൊച്ചുതോമ ആ മറുപടി പറഞ്ഞത്. യഥാര്‍ത്ഥത്തില്‍, കൊച്ചുതോമ റോസക്കുട്ടിയില്‍ പ്രത്യേകിച്ചൊരു കുറവും കണ്ടില്ലായിരുന്നു. ജോസഫ്, കാര്യങ്ങള്‍ തന്നത്താന്‍ തീരുമാനിക്കുന്നു എന്നു തോന്നിയതിനാല്‍ അമര്‍ഷം കാട്ടിയതാണ്. അതില്‍ പെട്ടെന്ന് തന്നെ കുറ്റബോധമുണ്ടായി. എന്നാല്‍ കോപപ്പെട്ട ജോസഫ് അപ്പോള്‍തന്നെ ഇറങ്ങിപ്പോയി. പരിസരബോധം ഇല്ലാതെ പോയത് തന്‍റെ പോരായ്മ തന്നെയാണെന്ന് കൊച്ചുതോമായ്ക്ക് വീണ്ടും വീണ്ടും തോന്നി.


രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇടക്കാരന്‍ പൈലിയച്ചന്‍ എത്തി. പള്ളിപ്പുറത്ത് ഒരു പെണ്ണുള്ള കാര്യം ആദ്യം പറഞ്ഞു. അത് പറഞ്ഞു തീരുന്നതിനു മുമ്പ് ചാലിലെ പെണ്ണിനെ കുറിച്ച് പറഞ്ഞു. അതിനിടെ കുറവലങ്ങാട്ടുള്ള മറ്റൊരു പെണ്‍കുട്ടിയെ കുറിച്ചും സംസാരിച്ചു. ജോസഫ് ഇതെല്ലാം രസിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു. പൈലിയച്ചന്‍, ഇല്ലാത്ത കഥകള്‍ പറഞ്ഞ് ആശ കൊടുക്കുക മാത്രമാണെന്ന് കൊച്ചുതോമ മനസ്സിലാക്കിയിരുന്നു. എന്നാലും ഇതില്‍ കൊച്ചുതോമായ്ക്ക് ഒരു ലാഭമുണ്ടായി. പെണ്ണുകാണുന്നതില്‍ ജോസഫിന് താല്പര്യക്കുറവൊന്നുമില്ലെന്ന് മനസ്സിലായി.


ആദ്യമായി പെണ്ണുകാണാന്‍ പോയത് കുറവിലങ്ങാടിനടുത്ത് മണ്ണയ്ക്കനാട്ട് എന്ന സ്ഥലത്തായിരുന്നു. വല്യപ്പന്‍റെ മകന്‍ വര്‍ഗീസിനേയും കൂട്ടിയാണ് പോയത്. രണ്ടു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്തു മണ്ണയ്ക്കനാട്ട് എത്തിയപ്പോഴാണ് അറിയുന്നത് കുറച്ചു ഉള്ളിലോട്ട് നടക്കണമെന്ന്. ചോദിച്ചപ്പോള്‍, കുറച്ചേ നടക്കാനുള്ളു എന്നറിഞ്ഞതിനാല്‍ മനസ്സു മടുക്കാതെ നടക്കാന്‍ തുടങ്ങി. നടക്കും തോറും കയറ്റം കൂടിക്കൊണ്ടിരുന്നു. വിയര്‍ത്തു കുളിച്ച് അണച്ച് ഒരു കണക്കിന് പെണ്ണിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍, ചേട്ടനും അനിയനും അവിഞ്ഞളിഞ്ഞ് പരുവക്കേടായി. പെണ്ണിന്‍റെ അപ്പനും ഇടക്കാരി കുട മറിയവും അവരോട് കയറിയിരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ വരാന്തയില്‍ ഇരിപ്പായി. വര്‍ഗീസ് ആണ് പറഞ്ഞത്, "ചേട്ടത്തി പരിസരം മനോഹരം, ഞങ്ങള്‍ ഒന്ന് കണ്ടാസ്വദിക്കട്ടെ."


"ഒരു ഗ്ലാസ് പച്ചവെള്ളം തരുമോ?" ജോസഫ് ചോദിച്ചു.


"കാപ്പി എടുക്കുന്നുണ്ട്."പെണ്ണിന്‍റെ അപ്പന്‍ പറഞ്ഞു.


ഒരു മടിയും കൂടാതെ വര്‍ഗീസ് പറഞ്ഞു, "ഇത്രയും ദൂരം വന്നതല്ലേ അതെല്ലാം കഴിച്ചിട്ടേ പോണുള്ളൂ.. ഇപ്പം കുറച്ച് വെള്ളം താ."


"തേന്‍ വെള്ളം എടുക്കട്ടെ?" പെണ്ണിന്‍റെ അപ്പന്‍ ചോദിച്ചു.


മധുരം കഴിക്കാന്‍ താല്‍പര്യം ഉള്ളതു കൊണ്ട് 'ആയിക്കോട്ടെ' എന്ന് വര്‍ഗീസ് പറയുവാന്‍ തുടങ്ങുന്നതിനു മുന്‍പേ ജോസഫ് പറഞ്ഞു, "അല്ല പച്ചവെള്ളം മതി." രണ്ടു ഗ്ലാസ് വെള്ളം കൊണ്ടുവന്നു. കുടിച്ച ഉടനെ ജോസഫ് പറഞ്ഞു, "എന്തിനാ തേന്‍ വെള്ളം, പച്ചവെള്ളമേ നല്ല തേന്‍ മാതിരിയുണ്ട്."


അത് പെണ്ണിന്‍റെ അപ്പന്‍റെ മനസ്സില്‍ ഒന്നാമത്തെ തിരുമുറിവ് ഉണ്ടാക്കി. പടിഞ്ഞാറ് നല്ല വെള്ളം കിട്ടത്തില്ലല്ലോ. എന്നാല്‍ കയറ്റം കയറിയപ്പോഴേ ഇവിടുന്ന് ഏതൊക്കെയായാലും പെണ്ണ് വേണ്ടെന്ന് തീരുമാനിച്ചാണ് ജോസഫും വര്‍ഗീസും വീട്ടിലെത്തിയത്. അതുകൊണ്ടാണ് അലമ്പന്‍ രീതി അവലംബിച്ചത്. രണ്ടുകൂട്ടര്‍ക്കും ഒരു കാര്യത്തില്‍ തീര്‍ച്ച ഉണ്ടായിരുന്നു, ഈ കല്യാണം നടക്കത്തില്ലെന്ന്. പെണ്ണ് കാണല്‍ ചടങ്ങിനായി വീടിനകത്തേക്ക് കയറി.


അപ്പന്‍ പെണ്ണിനെ വിളിച്ചു, "കുഞ്ഞാറ്റേ വാ."

ജോസഫ് കളിയാക്കി, "കുഞ്ഞാറ്റയാ?"

കുഞ്ഞാറ്റ പതിയെ മുഖം കാണിച്ചു. ജോസഫ് സ്തബ്ദനായി. നല്ല സുന്ദരി. ഒന്നും മിണ്ടാന്‍ പറ്റിയില്ല.. "കുഞ്ഞാറ്റയുടെ പേര് എന്താണ്?" ചോദിച്ചത് വര്‍ഗീസ് ആണ്


"കുസുമം"


എന്ത് നല്ല സ്വരം. ജോസഫ് അതിശയിച്ചു.


കളിയാക്കി ചിരിച്ചുകൊണ്ട് കേറ്റം കയറിയ ജോസഫ് ചിന്താഭാരത്താല്‍ ചിരിക്കാനാവാതെ ഇറങ്ങി. തുടക്കത്തില്‍ വര്‍ഗീസ് പെണ്ണും വീട്ടുകാരെ കളിയാക്കുന്നുണ്ടായിരുന്നെങ്കിലും ജോസഫിന്‍റെ മാറ്റം വര്‍ഗീസിനെയും മാറ്റി. "എന്താ ജോസഫേ, നിനക്ക് ഇതില്‍ താല്പര്യം ഉണ്ടോ?" വര്‍ഗീസ് ചോദിച്ചു.


"ചേട്ടാ എനിക്ക് ഈ പെണ്ണിനെ മതി."


മകളെ പടിഞ്ഞാറോട്ട് അയയ്ക്കാന്‍ താല്പര്യം ഇല്ലായിരുന്നെങ്കിലും, ചെറുക്കന്‍ വീട്ടുകാരെക്കുറിച്ച് കുടമറിയയുടെ വര്‍ണ്ണനയും നിര്‍ബന്ധവും കൂടി വന്നപ്പോള്‍ ഒന്നു പോയി കാണാം എന്ന് തീരുമാനിച്ചു. പോരാത്തതിന് പയ്യന്‍റെ പെങ്ങളെ ചിറപ്പേല്‍ക്കുന്നിലേക്ക് ആണല്ലോ കല്യാണം കഴിച്ചു കൊടുത്തിരിക്കുന്നത്.


പെണ്ണിന്‍റെ അപ്പനും അമ്മാവനും മാത്രമാണ് ചെറുക്കന്‍റെ വീടും സാഹചര്യങ്ങളും കാണ്ടറിയുവാന്‍ വന്നത്. കളത്തില്‍ കൂട്ടിയിട്ടിരിക്കുന്ന തേങ്ങയും പണിക്കാരുടെ എണ്ണവും കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങളുടെ മുഴുപ്പും ഷെഡ്ഢില്‍ കിടക്കുന്ന ബോട്ടും എല്ലാം കണ്ടപ്പോള്‍ ഒരു മലയോരത്ത് ശാന്തമായി കൃഷി ചെയ്ത് ജീവിക്കുന്ന പെണ്ണിന്‍റെയപ്പന്‍. കുഞ്ഞവിരയും അളിയന്‍ ഇത്താക്കും അതിശയിച്ചു മിണ്ടാനാവാതായി. ഏതോ കുറ്റം ചെയ്തവരെ പോലെ അവര്‍ പരുങ്ങി. കൊച്ചുതോമായുടെയും കൊച്ചുത്രേസ്യാക്കുട്ടിയുടെയും പെരുമാറ്റത്തില്‍ നിന്ന് അവരെല്ലാവരും നല്ല ആള്‍ക്കാരാണെന്ന് അവര്‍ക്ക് തോന്നി. കരിഞ്ഞാലി വെള്ളത്തിന് അത്ര രുചി പോരായിരുന്നുവെന്ന് കുഞ്ഞവിര അഭിപ്രായപ്പെട്ടെങ്കിലും രാമച്ചമോ ജീരകമോ ചേര്‍ത്തിരുന്നെങ്കില്‍ ടേസ്റ്റ് നന്നായിരുന്നേനെ എന്ന് ഇത്താക്ക് തിരുത്തി. അങ്ങനെ മനസ്സില്ലാ മനസ്സോടെ കല്യാണ ആലോചന പുരോഗമിച്ചു.


കൊച്ചുതോമ, ജ്യേഷ്ഠന്‍ കൊച്ചൌസേപ്പ്, അവിരാച്ചന്‍, കരപ്രമാണിയായ ചേരുപറമ്പില്‍ മത്തായിച്ചന്‍ എന്നിവര്‍ ഒരു കാറില്‍ പെണ്‍വീട്ടിലേക്ക് യാത്രയായി. ജോണിച്ചനും മേരിക്കുട്ടിയും ആര്‍എംഎസ് ബസ്സില്‍ 11 മണിക്ക് കുറവിലങ്ങാട് വരാമെന്നും അവിടെനിന്ന് ചേര്‍ന്നു പോകാം എന്നും അറിയിച്ചിരുന്നു. ആര്‍ എം എസ് ബസ് കുറവിലങ്ങാട് എത്തുന്നതിനു മുന്‍പേ കൊച്ചുതോമായും പാര്‍ട്ടിയും കുറവിലങ്ങാട് എത്തി. സമയമുണ്ടെന്ന് കണ്ടതിനാല്‍ കുറവിലങ്ങാട് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു തിരിച്ചുവന്ന് കാത്തു നിന്നു. ആര്‍ എം എസ് കടന്നുപോയി. മേരിക്കുട്ടിയെയും ജോണിച്ചനെയും കണ്ടില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ അവര്‍ വിഷമിച്ചു. അവസാനം മത്തായിച്ചനാണ് ഒരു പരിഹാരം നിര്‍ദ്ദേശിച്ചത്. "മേരിക്കുട്ടി വരണമെന്നുണ്ടോ? പെണ്ണുകാണല്‍ ചടങ്ങ് മാത്രമല്ലേ ഉള്ളൂ. അവര്‍ വേറൊരു ദിവസം വന്നു കാണട്ടെ." ആ തീരുമാനം എല്ലാവരും.അംഗീകരിച്ചു. കാരണം ആതല്ലാതെ മറ്റൊരു തീരുമാനം അവര്‍ക്കില്ലായിരുന്നു. പെണ്ണിനെ കണ്ട് എല്ലാവര്‍ക്കും തൃപ്തിയായി. നല്ല മിടുക്കത്തി, സംസാരത്തില്‍ നിന്ന് നല്ല പെരുമാറ്റമാണെന്നും മനസ്സിലായി. അങ്ങനെ കല്യാണം ഉറച്ചു.


തിരിച്ചിറങ്ങുമ്പോള്‍ കൊച്ചുതോമ മത്തായിച്ചനോട് ചോദിച്ചു, "നമുക്കൊന്ന് മേരിക്കുട്ടിയുടെ വീട് വരെ പോയാലോ?" യഥാര്‍ത്ഥത്തില്‍ പെണ്‍വീട്ടിലിരിക്കുമ്പോള്‍ കൊച്ചുതോമയുടെ മനസ്സ് മേരിക്കുട്ടിയെക്കുറിച്ചു വേവലാതിപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.


മേരിക്കുട്ടിയുടെ അമ്മായിയപ്പന്‍ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. തോട്ടത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ജോണിച്ചന് വരാന്‍ പറ്റാതായതെന്ന് അമ്മായിയപ്പന്‍ പറഞ്ഞൊപ്പിച്ചു. അപ്പനെ കണ്ട മേരിക്കുട്ടിയുടെ മനസ്സ് വിങ്ങിപ്പൊട്ടി. പിടിച്ചുനില്‍ക്കാന്‍ നന്നേ പാടുപെട്ട് അകത്തേക്ക് കയറിപ്പോയി. പിന്നാലെ കൊച്ചുതോമയും. അടുത്ത് ആരും ഇല്ലെന്ന് ഉറപ്പിച്ചശേഷം മേരിക്കുട്ടി പൊട്ടിക്കരഞ്ഞു. "ജോണിച്ചന്‍ ഇവിടെയുണ്ടായിരുന്നു. രാവിലെ വഴക്കുണ്ടാക്കി പോയതാണ്".


"അത് സാരമില്ല. മോള് ഞങ്ങളുടെ കൂട്ടത്തില്‍ പോര്. ചാക്കോച്ചനോട് ഞാന്‍ സമ്മതം വാങ്ങിയ്ക്കോളാം" എന്ന് ആശ്വസിപ്പിച്ചു.


"ജോണിച്ചായനോട് ചോദിക്കേണ്ടേ?" മേരിക്കുട്ടി സംശയിച്ചു.


"അത് ചാക്കോച്ചന്‍ പറഞ്ഞോളൂം."


പെണ്‍വീട്ടിലെ വിശേഷങ്ങളറിയാന്‍ എത്തിയ കൊച്ചുത്രേസ്യാക്കുട്ടിയ്ക്കും മക്കള്‍ക്കും വാടിത്തളര്‍ന്ന മേരിക്കുട്ടിയെ കണ്ടപ്പോള്‍ ചോദ്യങ്ങളൊന്നും വന്നില്ല. അവരാച്ചനാണ് ആരംഭിച്ചത്, "അവളെ ഞങ്ങള്‍ ഇങ്ങ് കൊണ്ടുപോന്നു."


കൊച്ചുത്രേസ്യാക്കുട്ടിയുടെ മുഖം കറുത്തു. "അവള്‍ ഞങ്ങളുടെ കൂടെ പോന്നു എന്നല്ലേ പറയേണ്ടത്?"


മത്തായിച്ചന്‍റെ മുമ്പില്‍ വെച്ച് കാര്യവിസ്താരം നടത്തുന്നതിനോട് കൊച്ചുത്രേസ്യാക്കുട്ടിക്ക് താല്‍പ്പര്യമില്ലായിരുന്നു. അതിനാല്‍ വിഷയം മാറ്റി വിട്ടു, "എല്ലാവര്‍ക്കും ഓരോ ചായ എടുക്കട്ടെ?" എല്ലാവര്‍ക്കും ആയി മറുപടി പറഞ്ഞത് മത്തായിച്ചനായിരുന്നു. "ഞങ്ങള്‍ ചായ കുടിച്ചായിരുന്നു. ഇനി ഇപ്പോള്‍ വേണ്ട." യഥാര്‍ത്ഥത്തില്‍ വീട്ടില്‍ കയറിയിരുന്ന് കൊച്ചുത്രേസ്യാക്കുട്ടിയുടെ ചായയും കടിയും കഴിച്ച്, ഇത്തിരി വിശേഷങ്ങളും പറയണമെന്ന് മത്തായിച്ചനുണ്ടായിരുന്നു. വീട്ടിലേക്ക് നടക്കുന്നതിനിടെ മത്തായിച്ചന്‍ ഉള്ളില്‍ ചിരിച്ചു. "കൊച്ചുതോമായ്ക്ക് ഒന്നാമത്തതിലെ പിഴച്ചു". മത്തായിച്ചനേയും കൂട്ടി മേരിക്കുട്ടിയുടെ വീട്ടില്‍ പോകേണ്ടിയിരുന്നില്ലെന്ന അഭിപ്രായമായിരുന്നു കൊച്ചുത്രസ്യാക്കുട്ടിക്ക്. എന്നാല്‍ മേരിക്കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ചെയ്തത് ശരിയായി എന്ന് തോന്നി.

(തുടരും)


അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക മാർച്ച് 2026

bottom of page