
നിലവിളിക്കുന്ന ചിത്രങ്ങള്‍.. ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മകള്‍
Jan 17, 2017
3 min read

നാസികളുടെ കോണ്‍സട്രേഷന്‍ ക്യാമ്പിലെ നാസി ഡോക്ടര്‍ ജോസഫ് മീഗീലിയുടെ മുമ്പില്‍ തണുത്തു വിറച്ച് നഗ്നരായി നില്‍ക്കുന്ന യഹൂദ പെണ്‍കുട്ടികളുടെ ഭയന്നു വിറച്ച കണ്ണുകള്‍ എന്നെ തുറിച്ചു നോക്കി. കൊടും തണുപ്പില്‍ വിശന്ന് തളര്‍ന്നു നിന്ന അവരുടെ നഗ്ന ശരീരത്തെ നോക്കി വൃത്തികെട്ട തമാശ പറയുന്ന നാസി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടപോലെ ഫോട്ടോ എടുത്ത് ഞാന്‍ മടങ്ങി. എന്‍റെ പിന്നില്‍ ഡോക്ടര്‍ മീഗീലി ക്ലിനിക്കിന്‍റെ വാതില്‍ അടച്ചു. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ വേഗം നടന്നു. പിന്നില്‍ ഞരമ്പുകളെ തളര്‍ത്തുന്ന നിലവിളി. ഡോ. മിഗീലിയും സംഘവും ജീവനുള്ള അവരുടെ കിളുന്തു ശരീരത്തില്‍ വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയാണ്. പിന്നീട് ഗ്യാസ് ചേമ്പറിന്‍റെ തണുത്ത തറയിലും ഞാന്‍ ആ മുഖങ്ങളെ തിരിച്ചറിഞ്ഞു. ഏതാനും മണിക്കൂര്‍ മുമ്പ് എന്‍റെ ക്യാമറയ്ക്ക് മുന്നില്‍ ഭയന്ന കണ്ണുകളോടെ എന്നെ തുറിച്ചു നോക്കിയ അതേ മിഴികള്‍. പാതി വിടര്‍ന്ന ചുണ്ടുകള്‍ എന്തോ പറയാന്‍ ബാക്കി വെച്ചതുപോലെ. ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കരഞ്ഞു. ജീവിക്കാന്‍ ഫോട്ടോഗ്രാഫി തെരഞ്ഞെടുത്തതില്‍ ഞാന്‍ എന്നെത്തന്നെ ശപിച്ചു. എന്‍റെ പ്രിയപ്പെട്ട ക്യാമറ എനിക്ക് പേടിയാണ് സമ്മാനിച്ചത്."
നാസി തടങ്കല്‍ പാളയത്തിന്‍റെ ക്യാമ്പ് ഫോട്ടോഗ്രാഫര്‍ വില്‍ഹെം ബ്രെയ്സി തന്‍റെ ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞതാണ് മേലുദ്ധരിച്ച വരികള്‍. ഇത്രമാത്രം മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിച്ച വെറൊരാള്‍ ലോകത്തില്ല. 2012-സെപ്തംബര്‍ 23 -ന് തന്‍റെ ചിത്രങ്ങള്‍ എന്നേയ്ക്കുമായി ഉപേക്ഷിച്ച് ബ്രെയ്സി ഈ ലോകത്തോട് വിടപറഞ്ഞു.
ബ്രെയ്സിയുടെ വാക്കുകള്‍: "നാസികള്‍ കൊല്ലാന്‍ കൊണ്ടുവന്ന ശിശുക്കളുടെയും കൊച്ചു പെണ്‍കുട്ടികളുടെയും പ്രായമായ മനുഷ്യരുടെയും കണ്ണുകള്‍ എന്നെ പിന്തുടര്‍ന്നു. എന്‍റെ കുഴിമാടത്തോളം അവയെന്‍റെ പിന്നാലെയുണ്ടാകുമെന്ന് എനിക്കറിയാം."
തന്നെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവം അദ്ദേഹം ഓര്‍ക്കുന്നു. ഒരിക്കല്‍ ഒരു നാസി ഡോക്ടര്‍ എന്നെ അയാളുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിപ്പിച്ചു. ഒരു തടവുകാരന്‍റെ പുറത്ത് വേറൊരു തടവുകാരന്‍ ആദത്തിന്‍റെയും ഹവ്വയുടെയും ചിത്രം പച്ചകുത്തിയതിന്‍റെ ഫോട്ടോ എടുക്കണം. ഞാന്‍ ഫോട്ടോ എടുത്ത് എന്‍റെ മുറിയിലേക്ക് മടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ എന്നെത്തേടി വീണ്ടും ആളെത്തി. ഞാന്‍ ക്യാമ്പിലെ ഡോക്ടറുടെ ക്യാബിനിലെത്തി. എന്നെ അയാള്‍ തന്‍റെ പരീക്ഷണ മുറിയിലേക്ക് കൊണ്ടുപോയി. ദൈവമേ... എന്‍റെ നട്ടെല്ലിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു. ഞാന്‍ എടുത്ത ആദത്തിന്‍റെയും ഹവ്വയുടെയും ചിത്രം ആ മനുഷ്യന്‍റെ തോലോടെ ഉരിഞ്ഞെടുത്ത് മേശപ്പുറത്ത് വിരിച്ചിരിക്കുന്നു. കൊന്നശേഷം തോലുരിഞ്ഞ ശവം മേശക്കടിയില്‍ കിടക്കുന്നു... 'നിന്‍റെ ഫോട്ടോ എനിക്ക് ഇഷ്ടമായി ഈ പടം എനിക്ക് ചില്ലിട്ട് സൂക്ഷിക്കണം.' കൂസലില്ലാതെ നാസി ഡോക്ടര്‍ പറഞ്ഞു. എനിക്ക് മുന്നില്‍ ലോകം മറയുന്നപോലെ, ഞാന്‍ മരവിച്ച് നിന്നു.
കൊല്ലാന്‍ കൊണ്ടുവന്ന മനുഷ്യരുടെ ചിത്രം മാത്രമല്ല, നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും ശരീരത്തില്‍ നടത്തിയ കാടന്‍ പരീക്ഷണങ്ങളുടെയും ഫോട്ടോയെടുക്കാന്‍ ബ്രെയ്സി നിര്‍ബന്ധിതനായി. മരവിപ്പിക്കാതെ ശരീരത്തിലെ അവയവങ്ങള്‍ പിഴുതെടുക്കുക, നെഞ്ചു പിളര്‍ന്ന് ഹൃദയം പറിച്ചെടുക്കുക, ശരീര അവയവങ്ങള്‍ മറ്റു മനുഷ്യരിലേക്ക് പറിച്ച് നടുക. നഗ്നരായി മനുഷ്യരെ മഞ്ഞില്‍ നിര്‍ത്തി മരണപ്പെടുന്ന രീതി നോക്കി കാണുക എന്നിവ അവയില്‍ ചിലത് മാത്രം. മനുഷ്യരോട് പറയാന്‍ പറ്റാത്ത പല പരീക്ഷണങ്ങളും നാസി ഡോക്ടര്‍മാര്‍ യഹൂദ സ്ത്രീകളില്‍ നടത്തി. പല അവസരങ്ങളിലും ഇരകളായ പെണ്‍കുട്ടികള്‍ ബ്രെയ്സിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി. ക്യാമറയും കൈയ്യിലേന്തി അയാള്‍ നിസ്സഹായനായി നിന്നു. പിന്നെ ആരും കാണാതെ തന്‍റെ മുറിയില്‍ പോയി കരഞ്ഞു.
പോളണ്ടുകാരനായ വില്‍ഹം ബ്രെയ്സി ഇരുപതാമത്തെ വയസിലാണ് നാസികളുടെ കയ്യില്‍ പെടുന്നത്. പോളണ്ടില്‍ നിന്നും ഹങ്കറിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് നാസി പോലീസിന്‍റെ പിടിയിലായി. അവര്‍ അവനെ നിര്‍ബന്ധിത തൊഴിലിനായി ഓഷ്വിറ്റ്സിലെ ക്യാമ്പിലേക്ക് കൊണ്ടുവന്നു. ഫോട്ടോഗ്രാഫിയിലെ തന്‍റെ പ്രാവീണ്യം മനസിലാക്കിയ ക്യാമ്പിന്‍റെ തലവന്‍ റുഡോള്‍ഫ് ഹോസ് പറഞ്ഞു ക്യാമ്പിലെത്തുന്ന തടവുകാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ നീ എടുക്കണം, സാധ്യമല്ലെങ്കില്‍ ഇപ്പോള്‍ പറയണം. നാസി കമാണ്ടറുടെ സന്ദേശം ബ്രെയ്സിക്ക് മനസിലായി, ഫോട്ടോയെടുക്കാന്‍ തയ്യാറല്ലെങ്കില്‍ ശിക്ഷ മരണമായിരിക്കും.
നാസികള്‍ ബ്രെയ്സിയുടെ കൈയ്യില്‍ ചാപ്പകുത്തി. പോളണ്ട് കാരന് തടവുകാരന്‍ 3444.ഫോട്ടോഗ്രാഫിയിലെ പ്രാവീണ്യമാണ് നാസികളില്‍ നിന്നും അയാളുടെ ജീവന്‍ രക്ഷിച്ചത്. എന്നാല്‍ താന്‍ ഏറ്റവും താല്‍പര്യത്തോടെ തെരഞ്ഞെടുത്ത തൊഴില്‍ പിന്നീട് അയാളുടെയും ലോകം മുഴുവന്‍റേയും നൊമ്പരമായി. ബ്രെയ്സി പകര്‍ത്തിയ നാസി തടവുകാരുടെ ചിത്രങ്ങള്‍ ലോകത്തിന്‍റെ ഉറക്കം കെടുത്തി. ഒപ്പം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യകുരുതിക്ക് സ്വയം സംസാരിക്കുന്ന നാവുകളായി അവ. കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചതായിരുന്നു ആ പടങ്ങള്‍. നാസികളുടെ ക്രൂരതയുടെ തെളിവ് മാത്രമല്ല നാസികളില്‍ പ്രമുഖരെക്കുറിച്ചും ആ ചിത്രങ്ങള്‍ തെളിവുകളായി.
1945 ജനുവരിയില്‍ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അന്ത്യപാദത്തില്‍ റഷ്യയുടെ ചെമ്പട തങ്ങളെ വളയുന്നു എന്നറിഞ്ഞ നാസികള്‍ ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമുകളും കത്തിച്ചുകളയാന്‍ ഉത്തരവിട്ടു. നാളെ ചരിത്രത്തിന്‍റെ നാവുകളാകും ഈ ചിത്രങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ ബ്രെയ്സി പ്രധാനപ്പെട്ട ഫോട്ടോകളും അവയുടെ നെഗറ്റീവ് ഫിലിമും പ്ലാസ്റ്റിക്ക് ബാഗിലാക്കി മണ്ണില്‍ കുഴിച്ചിട്ടു. നെഗറ്റീവുകളും ഫോട്ടോകളും കുറെയെല്ലാം കത്തിച്ചു. യുദ്ധത്തിനുശേഷം തങ്ങളെ രക്ഷിച്ച റഷ്യയുടെയും അമേരിക്കയുടെയും സൈനികരുടെ സഹായത്തോടെ അവയെല്ലാം വീണ്ടെടുത്തു. റഷ്യയുടെയും അമേരിക്കയുടെയും സൈനിക ഫോട്ടോ ലാബില്‍ ആ നെഗറ്റീവ് ഫിലിമുകള്‍ ബ്രോമൈഡ് പേപ്പറില്‍ ജീവന്‍പൂണ്ടു, അങ്ങനെ 60 ദശലക്ഷം മനുഷ്യരുടെ മായാത്ത ചോരക്കറ ചരിത്രമായി. അവ ലോകത്തെ ഭയപ്പെടുത്തി, പിന്നെ കരയിച്ചു. മനുഷ്യന് മനുഷ്യനോട് ഇത്ര ക്രൂരത കാട്ടാന്‍ പറ്റുമോ. ജീവിച്ചിരിക്കുന്ന നാസികളെ വേട്ടയാടാന്‍ ഇസ്രായേലിന്‍റെ ചാരസംഘടന മൊസാദിന് സഹായകമായി പല ചിത്രങ്ങളും. പോളണ്ടിലെ ബ്രിക്ക്നോവിലെ മുഖ്യ തടങ്കല്‍ പാളയം നയിച്ച നാസി പട്ടാള മേധാവി റുഡോള്‍ഫ് ഐച്ച്മാനെയും, ഗ്യസ്ചേമ്പര്‍ സ്ഥാപിക്കാന്‍ മുന്‍ കൈയ്യെടുത്ത ഹെന്‍റിച്ച് ഹിംമ്ലറേയും തിരിച്ചറിയാനും അവരെ ജീവനോടെ പിടിക്കാനും ഈ ചിത്രങ്ങള്‍ സഹായിച്ചു. യഹൂദര്‍ നാസി ഹണ്ടേഴ്സ് (നാസി വേട്ടക്കാര്‍ ) എന്ന പേരില്‍ രഹസ്യ സംഘടന രൂപീകരിക്കാനും റഷ്യന്‍ സൈന്യത്തിന്‍റെ കൈയ്യില്‍ പെടാത്ത നാസികളെ പിടികൂടാനും ഈ ചിത്രങ്ങള്‍ ഉപകരിച്ചു. ഹിറ്റ്ലറും കൂട്ടാളികളും കൊന്നൊടുക്കിയ സാധുക്കളോട് അത്രയെങ്കിലും നീതി ചെയ്യാന്‍ ബ്രെയ്സിക്ക് സാധിച്ചു.
ഹിറ്റ്ലറുടെ വലംകൈയ്യായ ഐച്ച്മാനെ ഓസ്ട്രിയയുടെ പ്രാന്തപ്രദേശമായ ബവേറിയയില്‍ നിന്നും മൊസാദിന്‍റെ ഏജന്‍റുമാര്‍ തട്ടിക്കൊണ്ടുപോയി ഇസ്രായേലില്‍ കൊണ്ടുവന്നു തങ്ങളുടെ നിയമം അനുസരിച്ച് തൂക്കിക്കൊന്നു. അനേകരെ ഗ്യാസ് ചേമ്പറില്‍ കൊന്നൊടുക്കിയ ഹെന്‍റിച്ച് ഹിംമ്ലര്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ജീവനുള്ള മനുഷ്യ ശരീരത്തില്‍ ഹീനമായ പരീക്ഷണങ്ങള്‍ നടത്തിയ ഡോ.ജോസഫ് മിഗീലി തെക്കെ അമേരിക്കയിലേക്ക് ഒളിച്ചോടി. മരണം വരെ ബ്രസീലില്‍ വേഷം മാറി ഇസ്രായേലികളുടെ കണ്ണില്‍പ്പെടാതെ ജീവിച്ചു.
നാസികളുടെ തടവില്‍ നിന്നും മോചിതനായശേഷം തന്‍റെ പ്രിയപ്പെട്ട തൊഴില്‍ വില്‍ഹെം ബ്രെയ്സി ഉപേക്ഷിച്ചു. പീന്നീട് ജീവിതത്തില്‍ ഒരിക്കലും ബ്രെയ്സി ക്യാമറ കൈയ്യിലെടുത്തില്ല. ഉപജീവനത്തിനായി സോസേജ് നിര്‍മ്മിക്കുന്ന ചെറിയ യൂണിറ്റ് സ്ഥാപിച്ചാണ് അദ്ദേഹം കുടുംബം പുലര്‍ത്തിയത്. ക്യാമറ കാണുമ്പോള്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങളും അവയിലെ മുഖങ്ങളും ഓര്‍മ്മയിലേക്ക് വരും, അവ അദ്ദേഹത്തെ ഭീതിപ്പെടുത്തും.
ഓഷ് വിറ്റ്സിലെ ജീവിതം ശപിക്കപ്പെട്ടതായി കരുതിയെങ്കിലും നാസി പീഡനങ്ങളുടെ കരളലിയിക്കുന്ന കഥ ലോകത്തെ അറിയിച്ച ബ്രെയ്സിക്ക് ഹീറോയുടെ പരിവേഷം ലഭിച്ചു. ബ്രെയ്സിയുടെ ക്യാമറ നാസി ചരിത്രത്തിന്‍റെ ഏറ്റവും വലിയ തെളിവായി.
രണ്ട് വര്‍ഷത്തിനുള്ളില്‍ അരലക്ഷം പേരുടെ ചിത്രങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. അവരിലാരും പിന്നീട് ലോകം കണ്ടില്ല എന്ന വേദന അദ്ദേഹത്തെ പിന്തുടര്‍ന്നു.
94- ാം വയസില്‍ മരിക്കുന്നതിന് മുമ്പ് പോളണ്ട് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, 'ഇനിയൊരിക്കലും മനുഷ്യന്‍ മനുഷ്യനെ കൊല്ലാതിരുന്നെങ്കില്‍, അതിന് ഈ ചിത്രങ്ങള്‍ പ്രചോദനമായെങ്കില്‍ എന്‍റെ ജീവിതം അര്‍ത്ഥവത്താകും'.
മനുഷ്യന്‍ ഉള്ളിടത്തോളം കാലം ഈ ചിത്രങ്ങള്‍ ലോകത്തോട് പറയും, അരുത് കൊല്ലരുത്.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























