top of page

മതേതരത്വത്തിന്‍റെ മതം

Nov 23, 2009

4 min read

മപ
persons walking through valley

ഒന്ന്

മതം ഒരഭിപ്രായമാണ്. ഒരേ അഭിപ്രായത്തില്‍പ്പെട്ട ഇഷ്ടക്കാരുടെ കൂട്ടായ്മയാണത്. ആ കൂട്ടായ്മയിലുള്ളവരുടെ ഏകവിശ്വാസത്തിന്‍റെ ധാര്‍മ്മികതയും സദാചാരവുമാണത്. കാലങ്ങളുടെ ദേശങ്ങളുടെ സ്വരച്ചേര്‍ച്ചകളിലൂടെ, മനുഷ്യസംസ്കൃതിയുടെ ഇടപെടലുകളിലൂടെ, ഇടപാടുകളിലൂടെ ഉരുത്തിരിഞ്ഞുവന്ന സിദ്ധാന്തമാണത്. പല കാലങ്ങള്‍, പല ദേശങ്ങള്‍, പല വര്‍ഗ്ഗങ്ങള്‍, വര്‍ണ്ണങ്ങള്‍, വംശങ്ങള്‍ അങ്ങനെയങ്ങനെ, പല വിശ്വാസങ്ങള്‍, പല സിദ്ധാന്തങ്ങള്‍, പല മതങ്ങള്‍, പല ദൈവങ്ങള്‍.

വിശ്വാസം സ്വാഭാവികമാണ്. മനനം ചെയ്യുന്ന മനുഷ്യന്‍റെ നൈസര്‍ഗ്ഗിക ചോദനകളില്‍ നിന്നാണ് അതു രൂപപ്പെടുന്നത്. മനുഷ്യന്‍റെ ആത്മാന്വേഷണത്തിന്‍റെ അനന്തരഫലമാണത്. അവന്‍റെ വൈകാരികാവശ്യങ്ങളുടെ തൃപ്തി അതിലുണ്ട്. അങ്ങനെ മതത്തിനൊരു ആത്മീയഭാവവും വൈകാരിക തലവുമുണ്ട്. ക്രമേണ മതത്തിന്‍റെ ആത്മീയത ഭൗതികമായി, വികാരം വിക്ഷോഭമായി. മതങ്ങളുടെ അസ്തിത്വത്തിനു ദൈവം മാത്രം പോരാ, ദൈവത്തെപ്രതിയുള്ള കൂദാശകളും ബലികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂജകളും നിസ്കാരങ്ങളും വേണം. ഇവയുടെ സംസ്ഥാപനത്തിനു പൂജാരികളും പരികര്‍മ്മികളും പുരോഹിതന്മാരും വേണം.

പല കാലങ്ങളില്‍ പല ദേശങ്ങളില്‍ രൂപംകൊണ്ട മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ വളരെ സ്വാഭാവികം. അത്തരം മതങ്ങള്‍ ഒരേ കാലത്ത് ഒരേ ദേശത്ത് ഇടപെടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികം. അഭിപ്രായവ്യത്യാസങ്ങള്‍ കലഹത്തിനും കലാപത്തിനും നിമിത്തമാകുമെന്നുള്ളതും സ്വാഭാവികമാണ്. അജ്ഞരും അജ്ഞാനികളും അല്പരും അഹങ്കാരികളുമായ പാവം മനുഷ്യരുടെ വികാരപ്രകടനമായി അപ്പോള്‍ മതം അധപ്പതിക്കുന്നു. ഇതിനെ ചൂഷണം ചെയ്ത് തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ കുത്സിതശക്തികള്‍ തയ്യാറാകുമ്പോള്‍ മതം ഭീഷണമായ രൂപം പ്രാപിക്കുന്നു.

മരണാനന്തരജീവിതവും ആ സ്വര്‍ഗ്ഗസാഫല്യത്തിനു ഭൂമിയില്‍ മൂല്യാധിഷ്ഠിത ജീവിതക്രമങ്ങളും ധാര്‍മ്മിക നിയമങ്ങളും മതം കൊണ്ടുവന്നു. ദയയും കാരുണ്യവും സ്നേഹവും വിശ്വസ്തതയും മതം പഠിപ്പിച്ചു. നല്ല അയല്‍ക്കാരും പരോപകാരികളുമാകുവാന്‍ മതം ഉപദേശിച്ചു. മനുഷ്യന്‍റെ വാസനകളിലേയ്ക്കു വിശുദ്ധിയും ദൈവികതയും സംക്രമിപ്പിച്ചു. ജീവിതത്തിന്‍റെ തിന്മകളെ നേരിടാന്‍, മരണത്തിന്‍റെമേല്‍ വിജയം നേടാന്‍ മനുഷ്യനെ സജ്ജമാക്കി. അതു മനുഷ്യനിനവില്‍ പ്രത്യാശയും പൂര്‍ണ്ണതയും കാണിച്ചുകൊടുത്തു. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരംവഹിക്കുന്നവര്‍ക്കുമുള്ള അത്താണിയായി. ദരിദ്രര്‍ക്കും പീഡിതര്‍ക്കും ദുഃഖിതര്‍ക്കും രോഗികള്‍ക്കും കാരാഗൃഹവാസികള്‍ക്കും വസിക്കാനിടമില്ലാത്തവര്‍ക്കും വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കുമുള്ള അനുഗ്രഹമായി. ഇനി ദൈവമില്ലെങ്കില്‍ നമ്മള്‍ ദൈവത്തെ സൃഷ്ടിക്കുകതന്നെ വേണമെന്നു വോള്‍ട്ടയറെക്കൊണ്ടുപോലും പറയിപ്പിച്ചു.

ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഏകദൈവശാഠ്യത്തിന്‍റെ കുഞ്ഞാടുകളായി, എന്‍റെ മതമാണു ശരി, എന്‍റെ മതത്തിനപ്പുറത്തുള്ള മതങ്ങളൊന്നും ശരിയല്ല എന്ന തീവ്രവാദത്തിനു ഇരകളായി, ആത്മാവില്‍ ഒന്നുതന്നെയായ മതങ്ങള്‍ ഭൗതികതയില്‍ വിഭിന്നങ്ങളായി, വൈരം, അസഹിഷ്ണുത, വെറുപ്പ്, ദേഷ്യം, വിഭാഗീയത, കലാപം, കലഹം, കുരിശുയുദ്ധങ്ങള്‍, വിഭജനങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍, അങ്ങനെയങ്ങനെ പിന്നെയും പിന്നെയും മതങ്ങള്‍...


രണ്ട്

ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തി ദിനത്തില്‍ ആസിയാന്‍ കരാറിനെതിരെ മാര്‍ക്സിസ്റ്റു കമ്മ്യൂണിസ്റ്റു പാര്‍ട്ടി മനുഷ്യച്ചങ്ങല തീര്‍ത്ത ദിനത്തില്‍, രാവിലെ പത്തരയ്ക്കു, കുമരകം ബാക്ക് വാട്ടര്‍ റിപ്പള്‍സില്‍ ഞാന്‍ കാത്തിരുന്നു. താമസിയാതെ ഓട്ടോറിക്ഷയില്‍ പരിചയത്തില്‍പ്പെട്ട ഫ്രഞ്ചുദമ്പതികള്‍ വന്നിറങ്ങി.

ജാക്കൂസ് ബോനിസീന്‍, പാരീസില്‍ താമസിക്കുന്നു. ഇപ്പോള്‍ പാരീസില്‍ 'ഗംഗ ടൂറിസം യൂട്രിമെന്‍റ്' എന്ന ട്രാവല്‍ കമ്പനി നടത്തുന്നു. ഭാര്യയും ഉദ്യോഗസ്ഥയായിരുന്നു. റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ ഈ ദമ്പതികള്‍ ഇന്ത്യയില്‍ മൂന്നാംവട്ടം സന്ദര്‍ശനത്തിലാണ്. കേരളത്തില്‍ രണ്ടാംവട്ടം വരുന്നു. കുമരകത്ത് ആദ്യം വരികയാണ്.

മഴയില്‍ ഞാന്‍ കാറോടിച്ചു. കുമരകത്തിന്‍റെ ഉള്‍വഴികളിലൂടെ ഗ്രാമജീവിതദൃശ്യങ്ങളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. തോട്ടിന്‍കരയിലെ റസ്റ്റോറന്‍റിലിരുന്നു വാഴയിലയില്‍ പൊള്ളിച്ചെടുത്ത കരിമീന്‍ രുചിച്ചു. പിന്നെ വയല്‍നടുവിലൂടെ കോട്ടയത്തേക്ക്, മീനച്ചിലാറിന്‍റെ തീരത്തുകൂടെ. ഈ മീനച്ചിലാര്‍ 'ഗോഡ് ഓഫ് സ്മോള്‍ തിങ്സ്' എന്ന നോവലിലൂടെ പ്രശസ്തമാണെന്നു ഞാന്‍ സൂചിപ്പിച്ചു. ദമ്പതികള്‍, അരുന്ധതി റോയിയുടെ നോവല്‍ വായിച്ചു രസിച്ചിരിക്കുന്നു. വളരെ സന്തോഷത്തോടെ ജാക്കൂസ് ചാറ്റല്‍ മഴയില്‍ നിന്നു മീനച്ചിലാറിനെ ക്യാമറയില്‍ നിറച്ചു. പിന്നെ കോട്ടയം താഴത്തങ്ങാടി ഇടയ്ക്കാട്ടു ഫൊറോനാപള്ളിയുടെ പഴമയിലൂടെ, വലിയ പള്ളിയുടെ കുന്നിന്‍മുകളിലെത്തി. തൊട്ടപ്പുറത്തു ചങ്ങനാശ്ശേരി രൂപതയുടെ കത്തോലിക്കാപള്ളി കണ്ടു. തൊട്ടുതാഴെ ഇടയ്ക്കാട്ടുപള്ളിയുടെ സിമിത്തേരിയില്‍ മരണത്തിന്‍റെ നിറമുള്ള മഞ്ഞപ്പൂക്കള്‍. താഴത്തങ്ങാടി മുസ്ലീംപള്ളിയില്‍ നിന്നുള്ള വാങ്കുവിളി. തളിയില്‍ക്കോട്ട ക്ഷേത്രത്തിലെ വഴിപാടു വെടി കേട്ട് പേടിച്ചു പറക്കുന്ന പ്രാവുകള്‍.

മഴ മാറിയിരുന്നു. ചൂടുകുറഞ്ഞ വെയില്‍ പരന്നിരുന്നു. ഞങ്ങളുടെ വര്‍ത്തമാനം ഇന്ത്യയിലെ കേരളത്തിലെ മതങ്ങളിലേക്കു വഴിമാറി. കോട്ടയം താഴത്തങ്ങാടി രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപതോളം ക്രിസ്തീയ ദേവാലയങ്ങളുണ്ടെന്നു ഞാന്‍ പറഞ്ഞു. അതവര്‍ക്കു ആശ്ചര്യമായി. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നു; അതോ ക്രിസ്തുവില്‍ വിശ്വാസികള്‍ മുറിക്കപ്പെട്ടിരിക്കുന്നുവോ? 80 ശതമാനത്തോളം ഹിന്ദുക്കളുള്ള ഇന്ത്യ, ലോകമുസ്ലീം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണെന്നു ഞാന്‍ പറഞ്ഞതു അവര്‍ക്കു പുതിയ അറിവായിരുന്നു.

അഫ്ഗാനിസ്ഥാനും, താലിബാനും, ഇന്ത്യാവിഭജനവും, ബാബ്റി മസ്ജിദും ബി.ജെ.പി.യും, ഗുജറാത്തും നരേന്ദ്രമോഡിയും, ബോംബെ സ്ഫോടനങ്ങളും, കേരളത്തിലെ മാറാടും, അങ്ങനെയങ്ങനെ മതങ്ങളുടെ ശത്രുതകളിലൂടെ ഞങ്ങള്‍ കടന്നുപോയി. ഫ്രഞ്ചു ദമ്പതികളുടെ ഈ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അവര്‍ ശ്രദ്ധിച്ച ഒരു കാര്യം, ഇതിനു മുന്‍പു ഇന്ത്യയില്‍ വന്നതിനേക്കാള്‍ കൂടുതല്‍ മതത്തിനും മതസംബന്ധിയായ ചിഹ്നങ്ങള്‍ക്കും കൈവന്ന പ്രാധാന്യവും സ്വാധീനവുമാണ്. ഞാനുമതു സമ്മതിച്ചു. വിവേകാനന്ദനെക്കുറിച്ചും നാരായണഗുരുവിനെക്കുറിച്ചും ഞാന്‍ പറഞ്ഞു. നമ്പൂതിരിയെ മനുഷ്യനാക്കാനും മനുഷ്യനെ സ്വതന്ത്രനാക്കാനും ശ്രമിച്ച കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തെക്കുറിച്ചും ഞാന്‍ വിവരിച്ചു.

എന്‍റെ ജന്മഗൃഹത്തിന്‍റെ പഴമ ഫ്രഞ്ചുക്യാമറ ഒപ്പിയെടുത്തു. ജന്മഗ്രാമമായ നീണ്ടൂരിന്‍റെ തോടുകളില്‍ ഞങ്ങള്‍ വള്ളം തുഴഞ്ഞു. പിന്നെ കല്ലറ, പെരുംതുരുത്ത് ഗ്രാമങ്ങളുടെ വിശാലമായ നെല്‍പ്പാടങ്ങളുടെ ഹൃദയഹാരിയായ ദൃശ്യങ്ങളിലൂടെ സഞ്ചരിച്ചു. സന്ധ്യയുടെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടിലേക്കു പോവുകയായിരുന്നു. ആളുകളെ കുത്തിനിറച്ചു എതിരെവന്ന വാഹനങ്ങള്‍ മനുഷ്യച്ചങ്ങലയുടെ ബാക്കിപത്രമാണെന്നറിഞ്ഞപ്പോള്‍ ജാക്കൂസ് പറഞ്ഞു: കക്ഷിരാഷ്ട്രീയത്തിനതീതമായൊരു രാഷ്ട്രം, മതാതീതമായൊരു മതവും ദൈവവും, രണ്ടും എന്നും സങ്കല്പങ്ങളായിരിക്കുമോ? നോക്കൂ, നാനാജാതിയില്‍പ്പെട്ട ഈ പറവകള്‍ ഈ തെങ്ങോലകളില്‍ പറന്നിരുന്നു ഇണക്കത്തില്‍ കഴിയുന്നു. നാനാജാതിയില്‍പ്പെട്ട മനുഷ്യരും ഇതേപോലെ ഇണക്കത്തില്‍....

ഒക്ടോബറിന്‍റെ സന്ധ്യയ്ക്കുമേല്‍ നേരത്തേ വന്ന ഇരുട്ടു പരന്നുകഴിഞ്ഞു.


മൂന്ന്

"ഞാനാണു വഴിയും സത്യവും ജീവനും എന്നിലൂടെയല്ലാതെ ആരും എന്‍റെ പിതാവിന്‍റെ പക്കല്‍ എത്തുകയില്ല. ഇതു ഈശോയാണു പറഞ്ഞത്. നമ്മളൊക്കെ ഈശോയുടെ ആളുകളാണ്. ഈശോയിലൂടെ നമുക്കു സ്വര്‍ഗ്ഗത്തില്‍പ്പോകാം. ഈശോയില്‍ വിശ്വസിക്കാത്തവര്‍ക്കു സ്വര്‍ഗ്ഗത്തിപ്പോകാനാവില്ല."

മണ്ണാര്‍ക്കാട്ടില്‍ അച്ചുസാറ്, ഒരു ഞായറാഴ്ച, ഞങ്ങളെ വേദപാഠം പഠിപ്പിക്കുകയാണ്, നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് എല്‍.പി.സ്കൂളില്‍.

ഞാനിതേ സ്കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. അച്ചുസാറും ഈ സ്കൂളിലെ അധ്യാപികയാണ്. നാലാം ക്ലാസ്സിലെ മുറിയിലാണ് ഞങ്ങളുടെ വേദപാഠക്ലാസ്സും. ഈ ക്ലാസ്സുമുറിയില്‍ത്തന്നെയാണ് അവറാച്ചനും തോമ്മാച്ചനും കറിയാച്ചനും ഗോപിയും കൃഷ്ണനും, ദാമോദരനും, നാരായണനും, കൗസല്യയും, ലക്ഷ്മിയും, നളിനിയും മറ്റും എന്നോടൊപ്പം പഠിക്കുന്നത്.

"അപ്പോ ഗോപിയും കൃഷ്ണനും കൗസല്യയുമൊന്നും സ്വര്‍ഗ്ഗത്തിപ്പോവൂല്ലേ?"

ഞാനെഴുന്നേറ്റു നിന്നു, നിഷ്കളങ്കമായ ചോദ്യത്തോടെ.

"അവരു ഹിന്ദുക്കള്‍, ചോകോന്മാര്, ഈശോയില്‍ വിശ്വസിക്കാത്തവര്, അവരു ഈശോയുടെ സ്വര്‍ഗ്ഗത്തില്‍പ്പോവൂല."

അച്ചുസാറിന്‍റെ സംശയമില്ലാത്ത ഉത്തരം.

വേദപാഠംകഴിഞ്ഞു അച്ചുസാറ് എന്നെ വിളിച്ചു മാറ്റിനിറുത്തി നെറുകയില്‍ തലോടി ചെവിയില്‍ പതുക്കെ പറഞ്ഞു: മത്തച്ചനിങ്ങനെയൊന്നും ചോദിക്കരുത്. ഈശോ പിണങ്ങും.

എന്‍റെ അടുത്ത കൂട്ടുകാരനും സഹപാഠിയുമായ ഗോപിക്കും ഗോപിയുടെ ചേട്ടന്മാരായ കുമാരനും പപ്പനും അവരുടെ അച്ഛനോടും അമ്മയോടുമൊപ്പം, വെള്ളം പൊങ്ങുമ്പോള്‍ അവരുടെ കുടിലില്‍നിന്നും വന്നു ഞങ്ങളുടെ വീടിന്‍റെ ഉരല്‍പ്പുരയിലും കിഴക്കേപ്പുരയിലും താമസിക്കും. മിഥുനം കര്‍ക്കിടക മാസങ്ങള്‍ എനിക്ക് ഏറെ സന്തോഷം തന്നിരുന്നു. കാരണം ഗോപിയോടൊപ്പം ചാണകം മെഴുകിയ നിലത്തു തഴപ്പായില്‍ കിടക്കാം. മഴയത്തു ഓടിച്ചാടി കളിക്കാം. ഗോപിയുടെ അമ്മ പാറുവമ്മയൂടെ മീന്‍കറി കൂട്ടാം. ഗോപിയുടെ അച്ഛന്‍ മാധവച്ചോകോന്‍ വലവീശി പിടിച്ചോണ്ടുവരുന്ന മീനാണത്.

ഓണത്തിനും വിഷുവിനും ഗോപിയുടെ വീട്ടിലാണ് എന്‍റെ ഊണ്. ക്രിസ്മസ്സിനും ഈസ്റ്ററിനും ഗോപിയും ചേട്ടന്മാരും എന്‍റെ വീട്ടിലാണ് ഊണ്. സെക്കന്‍ഡ് ഫോമില്‍ പഠിക്കുമ്പോള്‍ എനിക്കു ന്യുമോണിയാ വന്നപ്പോള്‍ ഗോപിയാണു എനിക്കു കൂട്ടിരുന്നത്, സ്കൂളില്‍പ്പോലും പോകാതെ. ഭേദവിചാരങ്ങളില്ല, സ്നേഹവിചാരങ്ങളേയുള്ളൂ. ജാതിചിന്തകളില്ല, ജാത്യാലുള്ള മനോഭാവങ്ങളേയുള്ളു.

ഞാന്‍ കോളേജിലെത്തുമ്പോള്‍ മര്‍ത്തോമ്മക്കാരനായ മാത്തുക്കുട്ടി കോശിയും, ലാറ്റിന്‍ കത്തോലിക്കനായ അര്‍ബനും യാക്കോബായക്കാരനായ ബിനോയ് ചാത്തുരുത്തിയും വടക്കനായ ടിസി ഫിലിപ്പും നായന്മാരായ വി. പി. ശിവകുമാറും, നരേന്ദ്രപ്രസാദും, ഡി.വിനയചന്ദ്രനും ഈഴവരായ എന്‍.സുഗതനും, സി.ആര്‍.ഓമനക്കുട്ടനും, മുസ്ലീങ്ങളായ അലിയാരും, ബഷീറും അങ്ങനെ ഭേദങ്ങളില്‍ അഭേദത്തിന്‍റെ രക്തബന്ധങ്ങളുണ്ടായി. അവരെന്നെ വായിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ചു. കണ്ണീരിനും കിനാവിനും ചിരിക്കും പൊട്ടിച്ചിരിക്കും യാത്രയ്ക്കും സൗഹൃദത്തിനും ഭക്ഷിക്കുന്നതിനും പാനം ചെയ്യുന്നതിനും തൊട്ടുകൂട്ടുന്നതിനും തൊട്ടുകൂടുന്നതിനും നേരകാലങ്ങളില്ലെന്ന് നിറഭേദങ്ങളില്ലെന്ന് അവരെന്നെ ബോദ്ധ്യപ്പെടുത്തി. എന്‍റെ മതത്തിന്നപ്പുറത്തു വേറെ മതങ്ങളുണ്ടെന്നും എന്‍റെ സമുദായത്തിന്നപ്പുറത്തു വേറെ സമുദായങ്ങളുണ്ടെന്നും എന്‍റെ ദൈവത്തിന്നപ്പുറത്തു വേറെ ദൈവങ്ങളുണ്ടെന്നും അവരെനിക്കു ബോധോദയം നല്‍കി. ബൈബിള്‍ മാത്രമല്ല ഖുറാനും ഗീതയും ഉപനിഷത്തുകളും വായിക്കാന്‍ അവരെന്നെ പ്രേരിപ്പിച്ചു. ഡോസ്റ്റോവ്സ്കിയും കസാന്‍ദ്സാക്കീസും ഖലീല്‍ ജിബ്രാനും ആന്‍റണ്‍ ചെക്കോവും ജെ.കൃഷ്ണമൂര്‍ത്തിയും ഓഷോയും നിഷേയും നിത്യചൈതന്യയതിയും സെബാസ്റ്റ്യന്‍ കാപ്പനും എനിക്കു പ്രിയപ്പെട്ടവരാകുവാനും അവര്‍ നിമിത്തമായി.

മതാതീതമായൊരു മനസ്സില്‍ മതാതീതമായൊരു ദൈവത്തെ പ്രതിഷ്ഠിക്കുമ്പോള്‍ ഞാനും ദൈവവും തമ്മില്‍ ഭേദമില്ലെന്നു ഇന്നു ഞാനറിയുന്നു. മതങ്ങളുടെ കരങ്ങള്‍കൊണ്ടു നിര്‍മ്മിച്ച ആലയങ്ങളിലല്ല ദൈവം വസിക്കുന്നതെന്നും ദൈവത്തിന്‍റെ യഥാര്‍ത്ഥ ആലയം ഞാനാണെന്നും എനിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു. എളിയവരില്‍ എളിയവനു ചെയ്യുന്നതെന്തും ദൈവശുശ്രൂഷയാണെന്നുള്ള പരംപൊരുള്‍ ഞാനിന്ന് ഉള്‍ക്കൊള്ളുന്നു. മതത്തിനൊരു ആത്മാവുണ്ടെന്നും ആ ആത്മാവും എന്നാത്മാവും ഒന്നിച്ചു വിശ്വപ്രകൃതിയുടെ അന്തരാത്മാവില്‍ ലയിക്കുമ്പോള്‍ ഞാന്‍ ദൈവമഹത്വത്തിലെത്തുന്നുവെന്നും ഞാനിന്നു മനസ്സിലാക്കുന്നു.

സ്വതന്ത്രമായ ആത്മഗീതം ഒഴുകിവരുന്നത് അഴികള്‍ക്കിടയിലൂടെയല്ല, ആഴിപ്പരപ്പിനുപരി വിശാലതയിലൂടെയാണ്.

മപ

0

0

Featured Posts