സ്വീകരണം


കുറേ വർഷങ്ങൾക്കു മുമ്പാണ്. ഒരിക്കൽ പള്ളിയിലെ ഉയിർപ്പുരൂപം ചുറ്റും കൊന്നപ്പൂക്കളും ഫലധാന്യങ്ങളും കൊണ്ടലങ്കരിച്ചു. അക്കൊല്ലം ഈസ്റ്ററും മേടപ്പിറവിയിലെ വിഷുവും തലേന്നും പിറ്റേന്നുമായിരുന്നു. പള്ളിയിൽ കൊന്നപ്പൂക്കൾ കാണുമ്പോഴേക്ക് മുഖം കറുത്തുപോകുന്നവരുണ്ട്. ആളുകൾ കരുതുന്നത് റോസാപ്പൂക്കളും ഡാലിയായും ലില്ലിയും ആസ്റ്ററും ഒക്കെ ക്രിസ്ത്യാനി പൂക്കളും ചെത്തിയും ചെണ്ടുമല്ലിയും കൊന്നയും താമരയും ഒക്കെ ഹിന്ദു പൂക്കളും ആണെന്നാണ്!!
യൂറോപ്യൻ സാംസ്കാരിക രൂപങ്ങൾ മാത്രമാണ് ക്രിസ്തീയം എന്നൊരു നാരേറ്റീവ് പൊതുവേ ലോകമെമ്പാടും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കുറച്ചു വർഷം മുമ്പ് ആഫ്രിക്കൻ ആരാധനയുടെ ഭാഗമായ നൃത്തം പള്ളികളിൽ നിന്ന് ഒഴിവാക്കാനും ലോകമെമ്പാടും ഒരു റോമൻ ഐകരൂപ്യം ഉണ്ടാക്കാനും ശ്രമം നടന്നിരുന്നു.
യേശു മെഴുകുതിരി കത്തിക്കുകയോ സ്വർണ്ണനിറമുള്ള കാപ്പയോ തൊപ്പിയോ ധരിക്കുകയോ ചെയ്തിട്ടില്ല.
ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് റീത്തും ഈസ്റ്റർ എഗ്ഗും ഈസ്റ്റർ ബണ്ണിയും ഒക്കെ പാശ്ചാത്യ രാജ്യങ്ങളിലെ കാലാവസ്ഥകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും കടന്നുവന്നിട്ടുള്ളവയാണ്.
1800 -കളിൽ ജോയൽ പോയിൻസെറ്റ് അമേരിക്കയുടെ ആദ്യത്തെ മെക്സിക്കോ അംബാസിഡർ ആകും വരെ 'പോയിൻസെറ്റിയ' എന്നറിയപ്പെടുന്ന കടുംചുവപ്പും കടുംപച്ചയും ഇലകളുള്ള ചെടി പള്ളികളിലെ ക്രിസ്തുമസ് അലങ്കാരത്തിൻ്റെ ഭാഗമായിരുന്നില്ല.
കേരളത്തിലെ പൗരസ്ത്യ സഭകളിൽ കാണുന്ന താലികെട്ടും കൊടിമരവും കല്ക്കുരിശും എണ്ണവിളക്കും തൂക്കുവിളക്കും കാണിക്കപ്പെട്ടികളും വിവിധതരം നേർച്ചകളും പ്രദക്ഷിണങ്ങൾക്ക് അകമ്പടിപോകുന്ന ചെണ്ടയും പള്ളി മോണ്ടളങ്ങളിൽ കാണുന്ന ആനരൂപങ്ങളും ഒക്കെ പ്രാദേശികമായ സാംസ്കാരിക രൂപങ്ങളാണ്.
സാംസ്കാരികമായ ഓരോ വസ്തുവിനും ആചാരത്തിനും ഓരോ അർത്ഥങ്ങളുണ്ട്. സംസ്കാരങ്ങൾ എന്നതുതന്നെ അർത്ഥവ്യവസ്ഥകളാണ്. ചിലത് ചില വ്യവസ്ഥകളിൽ ചേർന്നെന്നുവരില്ല. ചിലത് ചേരുക മാത്രമല്ല, കൂടുതൽ അർത്ഥവ്യാപ്തിയും മിഴിവും പ്രദാനം ചെയ്യുകയും ചെയ്യും.
ഇന്നിപ്പോൾ ഉത്തരേൻഡ്യയിൽ അരിഭക്ഷണം കഴിക്കുന്നവർ തീരേയില്ല എന്നു പറയാം. ഗോതമ്പാണ് അവരുടെ മുഖ്യാഹാരം. പണ്ടുകാലത്ത് ഗോതമ്പ് ഭാരതീയരുടെ ഭക്ഷ്യ വസ്തു ആയിരുന്നില്ല. ഇൻഡ്യയിലേക്ക് കൊണ്ടുവരപ്പെട്ടതാണ്. അതുകൊണ്ട് ഇന്നും ഉത്തരേൻഡ്യയിലും വിദേശങ്ങളിൽപ്പോലും ഹൈന്ദവ പൂജകളിലും യാഗങ്ങളിലും നെല്ലും അരിയും മാത്രമേ ഉപയോഗിക്കൂ. ഗോതമ്പ് ഉപയോഗിക്കാറില്ല.
കത്തോലിക്കാ സഭയിൽത്തന്നെ പാശ്ചാത്യ സഭകളിൽ പുളിക്കാത്ത ഗോതമ്പപ്പവും പൗരസ്ത്യ സഭകളിൽ പുളിപ്പിച്ച ഗോതമ്പപ്പവുമാണ് ഉപയോഗിക്കുന്നത്. കുർബാനക്ക് മുന്തിരിവീഞ്ഞാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും പുളിപ്പിക്കാത്ത മുന്തിരിച്ചാറും (mustum) അനുവദനീയമാണ്. പൂർവ്വകാലങ്ങളിൽ കേരളത്തിലെ പൗരസ്ത്യ സഭകളിൽ ഉണക്കമുന്തിരി കുതിർത്ത് പിഴിഞ്ഞ് ഉപയോഗിക്കുകയായിരുന്നു പതിവെന്ന് വായിച്ചിട്ടുണ്ട്.
ക്രിസ്തുവിൻ്റെ പുനരുത്ഥാനം സർവ്വ സൃഷ്‌ടികൾക്കും സർവ്വലോകത്തിനും മഹത്ത്വത്തിൻ്റെ പ്രഭ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം.
















































































































