top of page

ആദിമസഭയും സഹോദരശുശ്രൂഷയും

Sep 1, 2010

3 min read

നോബര്‍ട്ട് ബ്രോക്സ്
Image : Holy Spirit come over the disciples of Jesus
Image : Holy Spirit come over the disciples of Jesus

ആദിമക്രൈസ്തവസമൂഹം സുവിശേഷപ്രഘോഷണത്തിനു കൊടുത്ത അതേ പ്രാധാന്യം സഹോദരശുശ്രൂഷയ്ക്കും നല്കിയിരുന്നു. അക്കാലഘട്ടത്തിലെ സഭാരേഖകള്‍ ഇതിനു മതിയായ തെളിവുകളാണ്. ആദിമസഭയ്ക്ക് സഹോദരശുശ്രൂഷ നസ്രായനായ യേശുവിനെക്കുറിച്ചുള്ള പ്രഘോഷണംതന്നെയായിരുന്നു. ആവശ്യമുള്ള ഇടങ്ങളിലൊക്കെ ഒരു ഗ്രൂപ്പായി ആദിമസഭാംഗങ്ങള്‍ ചെന്നു നല്കിയ സഹായങ്ങള്‍ക്കും രോഗീപരിചരണത്തിനും മറ്റും ഒരു സുവിശേഷപ്രഘോഷണത്തിന്‍റെ ഫലമുണ്ടായിരുന്നു (1 പത്രോസ് 3:1 ). കുരിശില്‍ ക്രൂശിതന്‍ നടത്തിയ പ്രഘോഷണംപോലെ, അയല്ക്കാരനെ സഹായിക്കുന്നതു വിശ്വാസത്തിന്‍റെ സാക്ഷ്യപത്രമായി കരുതിപ്പോന്നു. അവരുടെ സമകാലീനരായ അക്രൈസ്തവരെ ഹഠാദാകര്‍ഷിക്കാന്‍ ഇത്തരമൊരു ജീവിതശൈലിക്കു കഴിഞ്ഞു. സഭാംഗങ്ങള്‍ പ്രസംഗിച്ചുകൊണ്ടിരുന്ന രക്ഷ മരണത്തിനുമുമ്പുതന്നെ അനുഭവദ്യേമാക്കാന്‍ അവര്‍ക്കുകഴിഞ്ഞു. ദാരിദ്ര്യവും നിരാശയും ദുഃഖവും മരണവുമൊക്കെ സ്നേഹംകൊണ്ടു കീഴടക്കാനാകുമെന്ന് അവര്‍ കാണിച്ചുകൊടുത്തു. സഹോദരശുശ്രൂഷയുടെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സഭാപിതാക്കള്‍ നിരന്തരം വിശ്വാസിസമൂഹത്തെ ഉദ്ബോധിപ്പിച്ചിരുന്നു.

'അവര്‍ പരസ്പരം സ്നേഹിക്കുന്നതു കാണുക'

അക്രൈസ്തവര്‍ ആദിമസഭാവിശ്വാസികളെക്കുറിച്ചു പറഞ്ഞ ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതു തെര്‍ത്തുല്യനാണ്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു - ദരിദ്രര്‍ക്ക് രോഗീപരിചരണം കൊടുക്കാനും മരിച്ചാല്‍ മറവുചെയ്യാനും അവര്‍ പണംകൊടുത്തിരുന്നു; നിസ്സഹായരായ അനാഥരെയും പെന്‍ഷന്‍ ലഭിക്കാത്ത വൃദ്ധരെയും അവര്‍ സഹായിച്ചുപോന്നു; ദൗര്‍ഭാഗ്യം ദരിദ്രരാക്കിയവരെയും ജയിലിലകപ്പെട്ടവരെയും നാടുകടത്തപ്പെട്ടവരെയും അവര്‍ തുണച്ചു. അക്കാലഘട്ടത്തില്‍ ഇത്തരമൊരു സാമൂഹികസേവനം കേട്ടുകേള്‍വിപോലുമില്ലാത്തതായിരുന്നു. ഒരു മതവും ധാര്‍മ്മികചിന്തയും സഹോദരസ്നേഹത്തെ ഒരുവന്‍റെ കടമയായി നിര്‍വ്വചിച്ചിട്ടില്ലായിരുന്നു. വ്യക്തിപരമായി പലരും സഹാനുഭൂതി പുലര്‍ത്തിയിരുന്നു എന്നതു ശരിതന്നെ. പക്ഷേ, നീതിയും സംരക്ഷണവും നല്കിയിരുന്ന സംഘാതമായ ശ്രമങ്ങളുടെ ഉപഭോക്താക്കള്‍ 'മാന്യന്മാരായ' വ്യക്തികളായിരുന്നു. ആദിമസഭാംഗങ്ങളാകട്ടെ, ഒരു വേര്‍തിരിവും കൂടാതെ ആവശ്യക്കാരായ സഹജീവികളെയെല്ലാം ശുശ്രൂഷിച്ചു.

രണ്ടാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്കുകാരനായ അഥെനഗോറസ് എന്ന സഭാംഗം എഴുതുന്നു: "ഞങ്ങളുടെ കൂട്ടത്തില്‍ അക്ഷരാഭ്യാസമില്ലാത്തവരും കൈത്തൊഴിലാളികളും വൃദ്ധരും ഉണ്ട്. അവരില്‍ മിക്കവര്‍ക്കും ക്രിസ്തുവിന്‍റെ പഠിപ്പിക്കലുകള്‍ വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവില്ല. പക്ഷേ പ്രവൃത്തികളിലൂടെ അവര്‍ക്കതിനാകും. അവരെയാരെങ്കിലും മര്‍ദ്ദിച്ചാല്‍ അവര്‍ നിശ്ശബ്ദം നിന്നുകൊടുക്കുന്നു; അവര്‍ കൊള്ളയടിക്കപ്പെട്ടാല്‍ അവര്‍ കോടതിയില്‍ പോകുന്നില്ല; ചോദിക്കുന്നവര്‍ക്കൊക്കെ അവര്‍ കൊടുക്കുന്നു; സഹജീവികളെ തങ്ങളെപ്പോലെതന്നെ കരുതുന്നു. അവര്‍ സംസാരിക്കുന്നതു വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍ കൊണ്ടാണ്."

നിസ്വാര്‍ത്ഥമായ ഇത്തരം പ്രവൃത്തികളും മനോഭാവവും ക്രൈസ്തവികതയുടെ പ്രചാരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ജീവിച്ചിരുന്ന മിനുസിയൂസ് ഫെലിക്സ് എഴുതി: "നല്ല കാര്യങ്ങളെക്കുറിച്ചു ഞങ്ങള്‍ സംസാരിച്ചിരിക്കുകയല്ല; ഞങ്ങള്‍ അവ പ്രവര്‍ത്തിക്കുകയാണ്." ആദി മവിശ്വാസികളുടെ സംരക്ഷണവും സേവനവും ലഭിച്ചിരിക്കുന്നത് ദരിദ്രര്‍ക്കും മുറിവേറ്റവര്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും ആയിരുന്നുവെന്നു അരിസ്റ്റിഡെസിന്‍റെയും ലക്താന്‍സിയുസിന്‍റെയും എഴുത്തുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അരിസ്റ്റിഡെസ് എഴുതുന്നു: "അവര്‍ ചെയ്തിരുന്ന നല്ല പ്രവൃത്തികളെക്കുറിച്ച് അവരാരും പ്രസംഗിച്ചുനടന്നിരുന്നില്ല. ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ അവര്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു."

ആപല്‍സന്ധികളില്‍ തങ്ങളുടെ സഹോദരസേവനം ഒന്നുകൊണ്ടുമാത്രം ആദിമസഭാംഗങ്ങള്‍ വേറിട്ടുനിന്നു. അത്രയ്ക്കും അതുല്യമായിരുന്നു അവരുടെ സേവനതല്പരത. നാലാംനൂറ്റാണ്ടിലെ മാക്സിമിനുസ് ചക്രവര്‍ത്തിയുടെ ഭരണകാലത്ത് നാട്ടിലെങ്ങും പ്ലേഗും പട്ടിണിയും പടര്‍ന്നുപിടിക്കുകയുണ്ടായി. തദവസരത്തില്‍ സഭാംഗങ്ങള്‍ ധീരോദാത്തമായി ഇടപെട്ടതിനെക്കുറിച്ച് എവുസേബിയൂസ് എഴുതുന്നു: "സഹജീവികളോടുള്ള അവരുടെ സഹാനുഭൂതിയും സ്നേഹവും ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തിലായിരുന്നു. ആയിരക്കണക്കിനാളുകള്‍ മരിച്ചുവീണുകൊണ്ടിരുന്നപ്പോള്‍ ചില വിശ്വാസികള്‍ ദിനരാത്രങ്ങളില്ലാതെ പണിയെടുത്തു. മറ്റുചിലര്‍ വിശപ്പുകൊണ്ട് എല്ലും തോലുമായവരെ പട്ടണത്തിനുവെളിയില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്തു. എല്ലാവരും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രശംസിച്ചു സംസാരിച്ചു. യഥാര്‍ത്ഥ ദൈവഭക്തര്‍ ഇവര്‍തന്നെയെന്ന് അവര്‍ അംഗീകരിച്ചു."

ക്രൈസ്തവികത അതിന്‍റെ മൂര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് തിരിച്ചറിയപ്പെട്ടിരുന്നത്. ക്രൈസ്തവര്‍ അല്ലാത്തവര്‍ക്കും ഇതു നിഷേധിക്കാനാകുമായിരുന്നില്ല. ജൂലിയന്‍ ചക്രവര്‍ത്തി (361-363) ആദിമസഭയുടെ വലിയ വിരോധിയായിരുന്നു. ചെറുപ്പം മുതലേ അദ്ദേഹം അവരെ വെറുത്തു. പക്ഷേ സഭാംഗങ്ങള്‍ക്ക് പാവപ്പെട്ടവരോടുള്ള പ്രത്യേകമായ ആഭിമുഖ്യത്തെപ്പറ്റി അദ്ദേഹം വ്യക്തമായി അറിഞ്ഞിരുന്നു. ക്രൈസ്തവരുടെ സ്നേഹത്തിന്‍റെ പ്രവൃത്തികള്‍ അനുകരിക്കാന്‍ അദ്ദേഹം തന്‍റെയാളുകളെ ഉദ്ബോധിപ്പിച്ചു. ക്രിസ്ത്യാനികളോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം എഴുതി: "നിരീശ്വരവാദികള്‍ അതായത്, ക്രിസ്ത്യാനികള്‍ എപ്പോഴും അപരിചിതരോടു കാണിക്കുന്ന സൗഹൃദം കാണുക. മരിച്ചവരോടുപോലും അവര്‍ സഹാനുഭൂതി പ്രദര്‍ശിപ്പിക്കുന്നു. ജീവിതത്തില്‍ ശുദ്ധി കാത്തുസൂക്ഷിക്കുന്നു. ഈ ഗുണങ്ങളൊക്കെ അത്യുത്സാഹത്തോടെ നാമും പിന്തുടരേണ്ടവയാണ്." റോമാചക്രവര്‍ത്തി തന്‍റെ പുരോഹിതന്മാരോട് ക്രൈസ്തവര്‍ക്ക് ദരിദ്രരോടുള്ള സ്നേഹം അനുകരിക്കാന്‍ പ്രത്യേകമായി ആവശ്യപ്പെടുന്നുണ്ട്. "നമ്മുടെ ശ്രദ്ധ അടിയന്തരമായി തിരിയേണ്ടത് മനുഷ്യസ്നേഹത്തിലേക്കാണ്. അതിന്‍റെ കുറവുകളെ നാം പരിഹരിച്ചേ മതിയാകൂ. നമ്മുടെ പുരോഹിതന്മാര്‍ ദരിദ്രരെ വല്ലാതെ അവഗണിച്ചുപോയി. എന്നാല്‍ ആ നിരീശ്വരന്മാരായ ഗലീലിയക്കാര്‍ അതായത്, ക്രിസ്ത്യാനികള്‍ ആകട്ടെ ആ പഴുതുപയോഗിച്ച് എല്ലാവരേയും സ്നേഹിക്കാന്‍ ശ്രമിക്കുകയാണ്... ദേവതയ്ക്കു ബലിയര്‍പ്പിക്കാനായി കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നവര്‍ ക്രിസ്ത്യാനികള്‍ കൊടുക്കുന്ന ഒരു കേക്കിനുവേണ്ടി കുഞ്ഞുങ്ങളെ അവര്‍ക്കു കൊടുക്കുകയാണ്..." എത്ര വെറുപ്പോടെയാണ് ചക്രവര്‍ത്തി ഇതെഴുതുന്നതെങ്കിലും ക്രിസ്ത്യാനികളുടെ സഹോദരസ്നേഹം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നത് നിസ്തര്‍ക്കമായ സംഗതിയാണ്.

ഭൂമിയെ സ്വര്‍ഗമാക്കുക

ഒരു വലിയ നഗരത്തില്‍ മെത്രാനായി ജീവിച്ച്, എ.ഡി. 407-ല്‍ മരണമടഞ്ഞ ജോണ്‍ ക്രിസോസ്റ്റത്തിന്‍റെ നിലപാടുകള്‍ക്കു വലിയ സാമൂഹികമാനമുണ്ടായിരുന്നു. സ്വത്തിന്‍റെ പുനര്‍വിതരണത്തിലൂടെ ദാരിദ്ര്യത്തെ ഇല്ലാതാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്നേഹത്തിന്‍റെ ചില നിലനില്ക്കുന്ന മാതൃകകള്‍ ഉണ്ടാകണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. ഈ പശ്ചാത്തലത്തിലാണു 'ഭൂമിയെ സ്വര്‍ഗ്ഗമാക്കുക' എന്ന ധീരമായ ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്,"ദൈവം പറഞ്ഞു: 'ഞാന്‍ ഭൂമിയും സ്വര്‍ഗ്ഗവും സൃഷ്ടിച്ചു. ഞാന്‍ നിങ്ങള്‍ക്കും സൃഷ്ടിക്കാനുള്ള കഴിവുനല്കുന്നു. ഭൂമിയെ നിങ്ങള്‍ സ്വര്‍ഗ്ഗമാക്കുക! നിങ്ങള്‍ക്കതിനു കഴിയും.'

ഇത് ഉട്ടോപ്പ്യന്‍ ദര്‍ശനമായിരിക്കാം. പക്ഷേ, സഭാംഗങ്ങള്‍ സ്നേഹത്തിന്‍റെ പ്രവൃത്തികളിലേര്‍പ്പെടാന്‍ സന്നദ്ധരാവുകയും സഭ മൊത്തം സഹോദരശുശ്രൂഷയ്ക്കായി പ്രതിജ്ഞാബദ്ധരാവുകയും ചെയ്താല്‍ ഇതു സാക്ഷാത്ക്കരിക്കാനാവുന്നതേയുള്ളൂ എന്നദ്ദേഹം വിശ്വസിച്ചു. തങ്ങളുടെ കൈയിലുള്ളതുകൊണ്ട് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അന്‍പതിനായിരം ദരിദ്രരെ സംരക്ഷിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി. "അങ്ങനെ നമ്മള്‍ ഭൂമിയെ സ്വര്‍ഗ്ഗമാക്കും" എന്ന് അദ്ദേഹം പഠിപ്പിച്ചു. സഹോദരശുശ്രൂഷയിലൂടെ ഭൂമിയുടെ മുഖംതന്നെ തിരുത്തിക്കുറിക്കാമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. രക്ഷ ഇപ്പോള്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു എന്നതിന്‍റെ തെളിവായി അദ്ദേഹം അതിനെ വ്യാഖ്യാനിച്ചു. "ശരിയായ സിദ്ധാന്തങ്ങള്‍കൊണ്ടു മാത്രമല്ല ദൈവത്തെ മഹത്ത്വപ്പെടുത്താനാവുക," അദ്ദേഹം എഴുതി, "ഏറ്റവും നല്ല ക്രിസ്തീയ ജീവിതംകൊണ്ടുമാണ്."

ഏഷ്യാമൈനറിലെ കേസറിയായുടെ മെത്രാനായിരുന്ന ഫേര്‍മിലിയാനുസ് സഭയുടെ അടിത്തറ ശരിയായ സിദ്ധാന്തങ്ങളും ശരിയായ ജീവിതവുംകൊണ്ടാണ് പണിയപ്പെട്ടിരിക്കുന്നതെന്നു പഠിപ്പിച്ചു. നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സഭയുടെ ശ്രദ്ധ ശരിയായ സിദ്ധാന്തങ്ങളിലേക്കു ചുരുങ്ങിത്തുടങ്ങി. അതോടെ ശരിയായ ജീവിതത്തിനുകൊടുത്തിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടു തുടങ്ങി.

സഭയുടെ സഹോദരശുശ്രൂഷയുടെ ഗുണഭോക്താക്കളെക്കുറിച്ചും ചിലതു പറയാനുണ്ട്. ഗലാത്തിയര്‍ 6:10ലെ സൂചനയനുസരിച്ച് സേവനങ്ങള്‍ പ്രധാനമായും സഭാംഗങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ വിശ്വാസസ്വീകരണത്തിനുമുമ്പ് സഭാംഗങ്ങള്‍ സാമൂഹികമായി ഒറ്റപ്പെടുത്തപ്പെട്ടിരുന്നല്ലോ. കൂടാതെ വലിയ ധനാഗമമാര്‍ഗ്ഗങ്ങളും അവര്‍ക്കില്ലായിരുന്നു. സഭാംഗങ്ങളെ മാത്രം അവര്‍ ശ്രദ്ധിച്ചത് മുന്‍പറഞ്ഞ കാരണങ്ങളാലായിരിക്കാം. വിപല്‍സന്ധികളില്‍ പക്ഷേ ഇതായിരുന്നില്ല സ്ഥിതി. റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗികമതമായതോടെ സഭയ്ക്ക് ധാരാളം സമ്പത്തുമുണ്ടായി. അതോടെ സേവനങ്ങള്‍ വിപുലമായി. എ. ഡി. 460-ല്‍ മരണമടഞ്ഞ വലേറിയന്‍ എഴുതി: "സഹായത്തിന്‍റെ കാര്യത്തില്‍ ക്രിസ്ത്യാനിയെന്നോ യഹൂദനെന്നോ, പാഷണ്ഡതാവാദിയെന്നോ ശീശ്മാക്കാരനെന്നോ, റോമനെന്നോ അപരിഷ്കൃതനെന്നോ, സ്വതന്ത്രനെന്നോ അടിമയെന്നോ എന്തിനു വേര്‍തിരിവു കാണിക്കുന്നു?"

സഹോദരശൂശ്രൂഷയുടെ സംഘടിതരൂപം

ആദിമസഭ ശുശ്രൂഷയ്ക്ക് ചില സംഘടിതരൂപങ്ങള്‍ നല്കി. ഒരുപാടു വിധവകളെ ആദിമസഭ സംരക്ഷിച്ചിരുന്നു. (1തിമോ 5. 3-16). സഭയില്‍ ഒരു പ്രത്യേക ആദരവും അവര്‍ക്കു ലഭിച്ചിരുന്നു. രണ്ടാംനൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ ഞായറാഴ്ച പിരിവുകള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു. ഇതുകൂടാതെ പ്രത്യേക പിരിവുകളും ഉപവാസം മൂലം മിച്ചംവയ്ക്കുന്നതും പാവപ്പെട്ടവരെ സഹായിക്കാനായി ഉപയോഗിച്ചു. അങ്ങനെ ദരിദ്രര്‍ക്കുപോലും, തങ്ങളാല്‍ കഴിയുന്നത് സഹോദരശുശ്രൂഷക്കായി സംഭാവന നല്കാന്‍ അവസരമൊരുക്കി.

'ദരിദ്രരിലെ ക്രിസ്തു'

ആദിമസഭയിലെ സഹോദരശുശ്രൂഷ വെറുമൊരു ലൗകിക പ്രവൃത്തിയായിട്ടല്ല ആദിമസഭ കണ്ടത്. സഭ ദരിദ്രരില്‍ കണ്ടുമുട്ടിയത് ക്രിസ്തുവിനെയാണ്. നൈസയിലെ ഗ്രിഗറി വിശ്വാസികള്‍ക്കു മുന്നറിയിപ്പുനല്കുന്നു: "അപരിഷ്കൃതര്‍ക്ക് അന്തസ്സ് ഇല്ലെന്നു പറഞ്ഞ് നിങ്ങള്‍ ആരെയും വെറുക്കരുത്. അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് എപ്പോഴും നിങ്ങള്‍ ഓര്‍മ്മിക്കുക. നമ്മുടെ രക്ഷകന്‍റെ അതേ രൂപവും ആകൃതിയുമാണ് അവര്‍ക്ക്. ക്രിസ്തു തന്‍റെ അതേ രൂപമാണ് അവര്‍ക്കു നല്കിയിരിക്കുന്നത്. അവരോടു സഹാനുഭൂതി കാണിക്കാത്തവരെ ലജ്ജിപ്പിക്കാനാണ് അവിടുന്ന് ഇതു ചെയ്തത്."

ക്രിസ്തു അവതരിപ്പിച്ച അന്ത്യവിധിയുടെ അടിസ്ഥാനത്തില്‍ നൈസയിലെ ഗ്രിഗറി പറയുന്നു: "അപരിചിതന്‍റെയും നഗ്നന്‍റെയും വിശക്കുന്നവന്‍റെയും രോഗിയുടെയും തടവുപുള്ളിയുടെയും രൂപത്തില്‍ ക്രിസ്തു വരുന്നു. അവിടുന്ന് വീടോ വസ്ത്രമോ ആരോഗ്യമോ അവശ്യസാധനങ്ങളോ ഇല്ലാതെ അലഞ്ഞുനടക്കുന്നു." ക്രിസ്തുവിന്‍റെ സാന്നിധ്യം ഇപ്പോള്‍ ഇവിടെ ദരിദ്രരിലുണ്ടെന്ന് സഭാപിതാക്കന്മാര്‍ പഠിപ്പിച്ചു. ഗ്രിഗറി ഓഫ് നസിയാന്‍സണ്‍ പറഞ്ഞു: "സമയം അനുവദിക്കുന്നിടത്തോളം നമുക്കു ക്രിസ്തുവിനെ സന്ദര്‍ശിക്കാം, ശുശ്രൂഷിക്കാം, ഭക്ഷണം കൊടുക്കാം, വസ്ത്രമുടുപ്പിക്കാം... സര്‍വ്വശക്തന്‍ ആഗ്രഹിക്കുന്നത് ബലിയല്ല, കരുണയാണ്, കരുണ ആയിരം ആടുകളെക്കാള്‍ ശ്രേഷ്ഠമാണ്. അതുകൊണ്ട് ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവരിലും ദരിദ്രരിലുമുള്ള ക്രിസ്തുവിനെ നമുക്കു ശുശ്രൂഷിക്കാം."

ഉപസംഹാരം

ലക്താന്‍സിയുസിന്‍റെ അഭിപ്രായത്തില്‍ ക്രിസ്ത്യാനിയാവുക എന്നാല്‍ 'അപരനുമായി ഐക്യത്തിലാവുക' എന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ ആദിമസഭയ്ക്ക് ദീനാനുകമ്പയും സഹോദരശുശ്രൂഷയും അവരുടെ വിശ്വാസജീവിതത്തിന്‍റെ അവിഭാജ്യഘടകങ്ങളായിരുന്നു. അങ്ങനെ അവര്‍ ഭൂമിയെ സ്വര്‍ഗ്ഗമാക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ പലര്‍ക്കും നരകംപോലെ അനുഭവപ്പെടുന്ന ഭൂമിയെ തങ്ങളുടെ ശുശ്രൂഷവഴി അവര്‍ കൂടുതല്‍ സുന്ദരമാക്കിക്കൊണ്ടിരുന്നു.

Sep 1, 2010

0

92

Recent Posts

bottom of page