top of page

വിലയുള്ളവന് കൊടുക്കേണ്ട വില

Dec 6, 2025

4 min read

ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ

വേദധ്യാനം

A man studies a map among stone ruins; a knight on horseback with soldiers overlooks the landscape. The scene is somber with muted tones.

"ഇത്രത്തോളം യഹോവ സഹായിച്ചു,

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി"

എന്ന് മലയാളഗാനം പാടുന്നു."There shall be showers of blessings, this is the promise of love" എന്ന് ഇംഗ്ലീഷ് ഗാനവും. ഈദൃശ ഗാനങ്ങള്‍ പള്ളികളിലും മറ്റു പ്രാര്‍ത്ഥനാ സ്ഥലങ്ങളിലും കേട്ടുകേട്ട് ക്രിസ്തു അനുഗ്രഹത്തിന്‍റെ തോരാത്ത മഴ പെയ്യിക്കുന്നവനാണെന്ന പൊതുബോധം ശക്തമാണു നമ്മുടെ നാട്ടില്‍ എന്നാണു തോന്നുന്നത്. അതേ സമയം, അവന്‍റെ സുവിശേഷം മാരകമാണെന്നും, അതു "ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറു" (ഹെബ്രായര്‍ 4 : 12) ന്നതുമാണെന്ന ബോധം അത്രകണ്ട് വേരാഴ്ത്തിയിട്ടുണ്ടോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.


ഇപ്പറഞ്ഞത് അതിശയോക്തി അല്ലെന്നതിന് ഒരുദാഹരണം: ക്രിസ്തുവിന്‍റെ ശൂന്യവല്‍ക്കരണത്തെക്കുറിച്ച് നമുക്കറിയാം (ഫിലിപ്പിയര്‍ 2:6-11). എന്നാല്‍, അതേ പാറ്റേണിലുള്ള പൗലോസിന്‍റെ ശൂന്യവല്‍ക്കരണത്തെക്കുറിച്ച് അറിയുമോ? അത് ഫിലിപ്പിയര്‍ 3:6-11 ല്‍ ഉണ്ട്. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതുവരെ ലാഭമായി കരുതിയതെല്ലാം അയാള്‍ പിന്നീട് നഷ്ടമായി കണക്കാക്കുയാണ്. നാഥന്‍റെ സഹനത്തില്‍ പങ്കുചേരുക, നാഥന്‍റെ മരണംപോലൊന്നു സ്വന്തമാക്കുക, ഒടുക്കം നാഥന്‍റെ മഹത്വത്തില്‍ പങ്കാളിയാകുക - ഇതാണ് ഇനിമേല്‍ അയാളുടെ മോഹം. ഒരു നൈവേദ്യമായി തന്‍റെ ജീവന്‍ ചൊരിയേണ്ടിവന്നാല്‍ അതു തന്നെ സന്തോഷിപ്പിക്കുമെന്നും അയാള്‍ എഴുതുന്നുണ്ട് (ഫിലിപ്പിയര്‍ 2:17). ബഥാനിയായിലെ മറിയം നാഥന്‍റെ കാല്‍ചുവട്ടില്‍ ഒഴിച്ചത് നാര്‍ദിന്‍ തൈലമാണെങ്കില്‍ (യോഹന്നാന്‍ 12:3), പൗലോസ് ഒഴുക്കിയത് തന്‍റെ ജീവിതവും ജീവനുമാണ്.


ശിഷ്യത്വത്തെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ എത്ര വേണമെങ്കിലും സുവിശേഷങ്ങളിലുണ്ട്. ഒരെണ്ണംമാത്രം വിശദീകരിക്കുകയാണ്. ലൂക്കായിലെ 10 അധ്യായങ്ങളില്‍ പരന്നു കിടക്കുന്നതാണ് ഗലീലിയില്‍നിന്നും ജറുസലെമിലേക്കു നടത്തിയ യേശുവിന്‍റെ യാത്ര. അതു തുടങ്ങുന്നത് ലൂക്കാ 9:51ലാണ്. NRSV ബൈബിളില്‍ നമ്മള്‍ ഇങ്ങനെ വായിക്കും:"He set his face to go to Jerusalem." ഏശയ്യാ 50 ല്‍ സഹനദാസനെക്കുറിച്ച് നാം വായിക്കുന്നുണ്ടല്ലോ. കൊടിയ പീഡനങ്ങള്‍ അക്ഷരമുരിയാടാതെ ഏറ്റെടുത്തവനാണ് അയാള്‍. അതിലെ 7-ാം വാക്യം ഇംഗ്ലീഷില്‍ ഇങ്ങനെയാണ്:"I have set my face like a flint." അതിനു കാരണവും അവിടെത്തന്നെയുണ്ട്: "ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല." എന്തു വന്നാലും തന്‍റെ ദൗത്യത്തില്‍നിന്നു പിന്മാറില്ലെന്നു തീരുമാനിച്ചുറപ്പിച്ച സഹനദാസന്‍ പറഞ്ഞതിനു സമാനമായ കാര്യമാണ് യേശുവിനെക്കുറിച്ചു 9:51ല്‍ ലൂക്കാ എഴുതിയത്.


ജറുസലെമില്‍ തന്നെ കാത്തിരിക്കുന്ന വിധിയെക്കുറിച്ചു നല്ല ധാരണയുണ്ടായിട്ടും നാഥന്‍ അങ്ങോട്ടേയ്ക്കുതന്നെ നീങ്ങുകയാണ്. ഈ യാത്രാവിവരണം ലൂക്കാ അവസാനിപ്പിക്കുന്നത് യേശുവിന്‍റെ ജറുസലെം പ്രവേശനത്തോടെയാണ് (19:28).

യേശുവിന്‍റെ വിധിയുറപ്പിച്ച ഈ യാത്ര ആരംഭിക്കുന്നതുതന്നെ ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് (ലൂക്കാ 9: 57-62). ഈ ത്യാഗങ്ങള്‍ പ്രയോഗതലത്തില്‍ എന്താണെന്നതിന്‍റെ ഒരു സൂചന ഈ യാത്രാവിവരണത്തിന്‍റെ അവസാന ഭാഗത്തുള്ള സക്കേവൂസിന്‍റെ മാനസാന്തരത്തില്‍ (ലൂക്കാ 19: 1-10) നമുക്കു കാണാം. യേശുവിന്‍റെ ചുവടുപിടിച്ചുള്ള യാത്ര, വിയര്‍ക്കലിന്‍റെയും പൊള്ളലിന്‍റെയും യാത്രയാണെന്നാണ് ലൂക്കായുടെ സുവിശേഷം അര്‍ത്ഥ ശങ്കക്ക് ഇടയില്ലാത്തവിധം പറഞ്ഞുവയ്ക്കുന്നത്.


ഗോപുരം പണിക്കാരന്‍റെയും രാജാവിന്‍റെയും ഉപമകള്‍

ഗലീലിയില്‍നിന്നും ജറുസലെമിലേക്കുള്ള യാത്രാമധ്യേ നാഥന്‍ പറഞ്ഞതും, ലൂക്കായുടെ സുവിശേഷത്തില്‍മാത്രം കാണുന്നതുമായ രണ്ടു ചെറിയ ഉപമകളാണ് നാമിവിടെ പരിഗണിക്കുന്നത്: ഗോപുരം പണിയാന്‍ ഒരുങ്ങുന്നവന്‍റെയും യുദ്ധം ചെയ്യാന്‍ ഒരുങ്ങുന്നവന്‍റെയും ഉപമകള്‍ (ലൂക്കാ 14:28-32). ഈ ഉപമകളുടെ തൊട്ടുമുമ്പത്തെ വാക്യങ്ങള്‍ ഇതാണ്: "സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍റെ അടുത്തു വരുന്ന ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്‍റെ പിന്നാലെ വരുന്നവന്എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല" (ലൂക്കാ 14 : 26-27). ഈ ഉപമകള്‍ക്കു തൊട്ടുശേഷമുള്ള വാക്യം ഇതാണ്: "തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശിഷ്യനാവുക സാധ്യമല്ല" (ലൂക്കാ 14 : 33). 27-ാം വാക്യത്തില്‍ പറഞ്ഞ ത്യാഗത്തിന്‍റെ കാര്യംതന്നെയാണു 33-ാം വാക്യത്തിലും പറയുന്നത്. അപ്പോള്‍, ഈ വചനഭാഗം (14: 25-35) കൈകാര്യം ചെയ്യുന്ന ഒരേയൊരു വിഷയം ക്രിസ്തു ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗമാണ്. ഈ കേന്ദ്രപ്രമേയത്തിനു വ്യക്തത നല്‍കാന്‍വേണ്ടിയാണ് നമ്മുടെ രണ്ടുപമകളും ശ്രമിക്കുന്നത്.


ലൂക്കാ 14:26-27ലെ "വെറുക്കുക" എന്ന പദം വിശദീകരണം അര്‍ഹിക്കുന്നുണ്ട്. യാക്കോബ് ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചുവെന്ന് ഉല്‍പത്തി 29:30-ല്‍ നാം വായിക്കുന്നു. തൊട്ടടുത്ത വാക്യം NRSV ബൈബിളില്‍ ഇങ്ങനെയാണ്:"And the Lord saw that Leah was hated." സത്യത്തില്‍, യാക്കോബ് ലെയായെ വെറുക്കുകയല്ലല്ലോ; ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചെന്നല്ലേ ഉള്ളൂ? അപ്പോള്‍, "വെറുക്കുക" എന്നതിന്‍റെ ഹെബ്രായ പദത്തിന് "ഒന്നിനേക്കാള്‍ മറ്റൊന്നിനെ കുറച്ചു സ്നേഹിക്കുക" എന്ന അര്‍ത്ഥ ഭേദമുണ്ട്. മാതാപിതാക്കളെ വെറുക്കണമെന്ന ലൂക്കായിലെ വചനത്തെ മത്തായിയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തത വരുന്നുണ്ട്: "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല" (മത്താ. 10 : 37).

ആദ്യത്തെ ഉപമയില്‍ പരാമര്‍ശിക്കപ്പെടുന്നതു കണക്കുള്ള ഗോപുരങ്ങള്‍ യേശുവിന്‍റെ നാട്ടിലും ചുറ്റുവട്ടങ്ങളിലും ഒരു സര്‍വസാധാരണ കാഴ്ചയായിരുന്നു. എട്ടു മീറ്റര്‍വരെ വ്യാസമുള്ള, ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഉള്ളവയാണവ. സൈനികാവശ്യങ്ങള്‍ക്കുവേണ്ടിയോ കാര്‍ഷികാവശ്യങ്ങള്‍ക്കു വേണ്ടിയോ (ഏശയ്യാ 5:2; മിക്കാ 4:8; മര്‍ക്കോ 12:1) ആണ് പ്രധാനമായും ഈ ഗോപുരങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നത്.


"ഇല്ല" എന്നു ശ്രോതാക്കളില്‍നിന്ന് ഉത്തരം ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ പലയാവര്‍ത്തി സുവിശേഷങ്ങളില്‍ കാണാം. രണ്ടുദാഹരണങ്ങള്‍: "ഉത്കണ്ഠമൂലം ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ" (മത്താ. 6 : 27)? "നിങ്ങളിലാരാണ്, തന്‍റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്" (മത്താ. 12 : 11)? സമാനമായ രീതിയിലാണ് ലൂക്കായിലെ ചോദ്യം: "ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്‍റെ ചെലവ് ആദ്യമേതന്നെ കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്" (ലൂക്കാ 14 : 28)? ഉത്തരം സുവ്യക്തമാണ്: "ഇല്ല."


യുദ്ധത്തിനു കോപ്പുകൂട്ടുന്ന ഒരു രാജാവിനെക്കുറിച്ചുള്ളതാണല്ലോ രണ്ടാമത്തെ ഉപമ. എഹൂദ് (ന്യായാധിപന്മാര്‍ 3), ഗിദെയോന്‍ (ന്യായാധിപന്മാര്‍ 6), ദാവീദ് (2 സാമുവല്‍ 18) തുടങ്ങിയവരൊക്കെ പട്ടാളക്കാരെ ഒരുമിച്ചുകൂട്ടുന്നതു ബൈബിളില്‍ നമ്മള്‍ കാണുന്നുണ്ട്. തന്നെക്കാള്‍ ശക്തനാണ് എതിരാളി എന്നു കണ്ടാല്‍ ബുദ്ധിയുള്ള ആരും ചെയ്യേണ്ടത് യുദ്ധമെന്ന പരിപാടിയേ ഉപേക്ഷിക്കുക എന്നതാണ്. സുഭാഷിതം മറ്റൊരു രീതിയില്‍ ഇതുതന്നെ പറയുന്നുണ്ട്: "വിവേകിയായ മാര്‍ഗദര്‍ശിയുണ്ടെങ്കിലേ യുദ്ധത്തിനു പുറപ്പെടാവൂ" (സുഭാ. 24 : 6). പഴയനിയമത്തില്‍ കാണുന്ന ജ്ഞാന പാരമ്പര്യത്തിലെ യുക്തിതന്നെയാണ് യേശുവിനും നല്‍കാനുള്ളത്.


ലൂക്കാ 15 ല്‍ യേശു ശ്രോതാക്കളോട് ആദ്യം നേരിട്ടൊരു ചോദ്യം ചോദിക്കുന്നുണ്ട്: "നിങ്ങളിലാരാണ് തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ ... നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്" (ലൂക്കാ 15 : 4)? ഉത്തരം സ്വാഭാവികമായും "ഞങ്ങളാരും തേടിപ്പോകാതിരിക്കില്ല" എന്നതായിരിക്കുമല്ലോ. അടുത്ത ചോദ്യം, മൂന്നാമതൊരാളെ ശ്രോതാക്കള്‍ വിലയിരുത്താന്‍ വേണ്ടിയാണ്: "ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ ... അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്" (ലൂക്കാ 15 : 8)? ഉത്തരം സ്വാഭാവികമായും "അങ്ങനെ ഒരു സ്ത്രീയും അന്വേഷിക്കാതിരിക്കില്ല" എന്നതായിരിക്കും. ആദ്യത്തെ ചോദ്യം ശ്രോതാക്കളോടു നേരിട്ടും രണ്ടാമത്തെ ചോദ്യം മൂന്നാമതൊരാളെ വിലയിരുത്താനുമാണ്.


സമാനമായ പാറ്റേണിലാണ് നമ്മുടെ രണ്ടുപമകളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍. ജ്ഞാന പാരമ്പര്യത്തിലേതുപോലെ, ജീവിതത്തെയും ലോകത്തെയും ബുദ്ധിപൂര്‍വം നിരീക്ഷിച്ചാല്‍ രണ്ടിനുമുള്ള ഉത്തരം ആര്‍ക്കും കണ്ടെത്താവുന്നതേയുള്ളൂ. "വേണ്ട തയ്യാറെടുപ്പില്ലാതെ നിങ്ങള്‍ ഗോപുരം പണിക്ക് ഇറങ്ങുമോ?" "വേണ്ടത്ര ആള്‍ബലമില്ലാതെ ഏതെങ്കിലും രാജാവു യുദ്ധത്തിന് പോകുമോ?" ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം "ഒരിക്കലുമില്ല" എന്നതാണല്ലോ. അങ്ങനെയെങ്കില്‍, ശിഷ്യത്വത്തെക്കുറിച്ചുള്ള ക്രിസ്തു പാഠങ്ങള്‍ വേണ്ടത്ര പരിഗണിക്കാതെ ആര്‍ക്കെങ്കിലും നാഥന്‍റെ പിന്നാലെ പോകാന്‍ സാധിക്കുമോ എന്നാണ് നമ്മുടെ ഉപമകള്‍ അന്നത്തെ ശ്രോതാക്കളോടും ഇന്നത്തെ വായനക്കാരോടും ചോദിക്കുന്നത്.


ലൂക്കാ 14: 25-35 ല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കാണുന്ന ഒരു പദം "കഴിയില്ല" ("സാധിക്കില്ല") എന്നതാണ്. 26, 27, 30, 31, 33 എന്നീ വാക്യങ്ങളിലെല്ലാം നാമിതു കാണുന്നുണ്ട്. ക്രിസ്തുവിന്‍റെ ശിഷ്യത്വത്തിനു കൊടുക്കേണ്ട വിലയെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ആര്‍ക്കാണ് ആ ശിഷ്യത്വം മുഴുമിപ്പിക്കാന്‍ കഴിയുക? തന്നെത്തന്നെ വേണ്ടത്ര വിലയിരുത്തിയിട്ടുവേണം ഒരാള്‍ ക്രിസ്തുവിന്‍റെ പിന്നാലെ പോകേണ്ടത്. തോമസിന്‍റെ സുവിശേഷ (98)ത്തില്‍ ഇതു മനോഹരമായി പറയുന്നുണ്ട്: "യേശു പറഞ്ഞു: പിതാവിന്‍റെ രാജ്യത്തെ ഒരു ശക്തനായ മനുഷ്യനെ കൊല്ലാന്‍ ആഗ്രഹിച്ച ഒരാളോട് ഉപമിക്കാം. അവന്‍ തന്‍റെ വാള്‍ പുറത്തെടുത്ത്, തന്‍റെ കൈയ്ക്ക് മതിയായ ശക്തിയുണ്ടോ എന്നറിയാന്‍, അത് വീട്ടുചുവരിലൂടെ കുത്തിക്കയറ്റി. ശേഷം അവന്‍ ആ ശക്തനായ മനുഷ്യനെ കൊന്നു."


ഉറകെട്ടുപോകാതിരിക്കാന്‍ ചെയ്യേണ്ടത്

തന്നെ പിഞ്ചെല്ലാനാഗ്രഹിച്ച സകലരെയും ഒരു നിബന്ധനയുമില്ലാതെ വെറുതെ അങ്ങു സ്വാഗതം ചെയ്ത ആളായിരുന്നില്ല യേശു. പിതാവിനെ സംസ്കരിക്കുക, വീട്ടുകാരോട് അനുവാദം ചോദിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു സമയം ചോദിച്ചവരെ തിരസ്കരിച്ചതിനുശേഷം യേശു പറഞ്ഞത് എല്ലാ കാലത്തേക്കിനും വേണ്ടിയാണ്: "കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല" (ലൂക്കാ 9 : 62).

(ഇപ്പറഞ്ഞതിന് ഒരു മറുവാദം ഉള്ളത്, ആദ്യ ശിഷ്യന്മാരെ വിളിച്ചപ്പോള്‍ നാഥന്‍ ഒരു നിബന്ധനയും വച്ചില്ലല്ലോ എന്നതാണ്. മത്തായി 4:18-22; മര്‍ക്കോസ് 1:16-20 എന്നീ ഭാഗങ്ങള്‍മാത്രം വായിച്ചാല്‍ ഈ വാദം ശരിയാണെന്നു തോന്നും. എന്നാല്‍, ലൂക്കാ 5:1-11; യോഹന്നാന്‍ 1:35-42 എന്നീ ഭാഗങ്ങള്‍ വായിച്ചാല്‍, വേണ്ടത്ര തന്നെത്തന്നെ വിലയിരുത്തുകയും കൊടുക്കേണ്ട വിലയെക്കുറിച്ചു ബോധ്യം വരികയും ചെയ്തതിനുശേഷം മാത്രം യേശുവിനെ പിഞ്ചെന്ന ശിഷ്യന്മാരെയാണു നാം കാണുക.)


തന്നെ അനുധാവനം ചെയ്യാന്‍ ആഗ്രഹിച്ചവരെ യേശു ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയല്ല. ഒരു കോളേജിലെ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ കളിക്കാരോട് കോച്ച് എന്തായിരിക്കും പറയുക? രാവിലെ അഞ്ചു മണിക്കു വരണം, ഗ്രൗണ്ടിനു ചുറ്റും അഞ്ചു വട്ടം ഓടണം, മഴയായാലും മഞ്ഞായാലും ഒരു ദിവസവും പ്രാക്ടീസു മുടക്കരുത്... അങ്ങനെ പോകുന്നു നിബന്ധനകള്‍. ഇനി ഇവയിലേതെങ്കിലും പാലിക്കാന്‍ പറ്റില്ലെന്നുണ്ടെങ്കില്‍ തുടങ്ങുന്നതിനുമുമ്പേ ബൂട്ടും ജഴ്സിയും അഴിച്ചോളൂ! കളിക്കാരെ പിന്തിരിപ്പിക്കാനല്ല, വിലയെക്കുറിച്ചു ബോധ്യപ്പെടുത്തി, ആവേശം കൊള്ളിക്കുകയാണ് അയാള്‍. ക്രിസ്തുവിന്‍റെ ജീവിതവും സന്ദേശവും തെറ്റില്ലാത്തതെന്ന് ഉത്ഥാനം സാക്ഷ്യപ്പെടുത്തി. ഇനി, നാഥന്‍റെ മാര്‍ഗമല്ലാതെ മറ്റൊന്നില്ല. എത്ര വില കൊടുത്തും ആ മാര്‍ഗത്തിലൂടെ നിനക്കും എനിക്കും സഞ്ചരിക്കേണ്ടതുണ്ട്. അങ്ങനെയല്ലാത്ത ശിഷ്യരൊക്കെ ഉറകെട്ട ഉപ്പാകും; അതിന്‍റെ ഒരേയൊരു വിധി പുറത്തേക്ക് എറിയപ്പെടുക എന്നതുമായിരിക്കും (ലൂക്കാ 14:34-35).

വിലയുള്ളവന് കൊടുക്കേണ്ട വില

ഷാജി കരിംപ്ലാനില്‍

അസ്സീസി മാസിക, ഡിസംബർ2025

Dec 6, 2025

1

153

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page