top of page

വീണ്ടെടുപ്പ്

  • ജയപ്രകാശ് എറവ്
  • Mar 8
  • 1 min read
Shadowy figure walking with head down, surrounded by chaotic scribbles on a stark white background. Conveys a sense of sadness.

സ്മൃതിപഥങ്ങളില്‍ വേരുറച്ച ഓര്‍മതന്‍

പച്ചത്തുരുത്തുകള്‍

പാഴ് തീര്‍ത്ത് പുനര്‍ജനി നേടുന്നു.

ഓര്‍മകള്‍ക്കെന്നും യൗവ്വനമാണെന്നറിയുന്ന

വേളയില്‍ ആനന്ദനടനം

നിറയുന്നു ചുറ്റിലും.

കാലം മങ്ങിയ

നിറച്ചാര്‍ത്തേകിയ ചിത്രങ്ങള്‍

ചുമരില്‍ നിറയവേ,

കുടുമയും കാതില്‍ കടുക്കനുമിട്ട കാര്‍ന്നോര്‍,

റൗക്ക ധരിച്ച മുതുമുത്തശ്ശി,

ബുദ്ധന്‍

ഗാന്ധി

യേശുക്രിസ്തു

നെഹ്റു

അംബേദ്കര്‍

ചെഗുവേര

ഇയ്യെമ്മസ്സ്...

കാലത്തെ മറികടന്ന് ശോഭയോടെ

തീക്ഷ്ണ ലാസ്യ

തരളിത നേത്രങ്ങളോടെ.

ബുദ്ധനെ വൃത്തിയാക്കുമ്പോള്‍

ഞാന്‍ 'ഒച്ചുകളുടെ മഹായാന'ത്തിലകപ്പെടുന്നു.

ബോധിവൃക്ഷത്തണലിന്‍

തെളിമയാര്‍ന്ന ശാന്തശോഭയറിയുന്നു.

ഗാന്ധിയെ വൃത്തിയാക്കുമ്പോള്‍

വീണ്ടും വെടിയൊച്ച മുഴങ്ങുന്നുണ്ട്.

ചോരച്ചിതറുന്നുണ്ട്.

വീണ്ടും വീണ്ടും വധിക്കപ്പെടുന്ന ചിത്രത്തെ തലോടി

ചരിത്രത്തിന്‍റെ ദശാസന്ധികളില്‍

സ്തബ്ധനാകുന്നു ഞാന്‍.


സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ വട്ടമിട്ട് പറന്ന് പറന്ന്

പനിനീര്‍ സൂനഹാരമണിഞ്ഞ്

വെള്ളിമേഘമായ് സുസ്മേരവദനനായ്

കുട്ടികളാല്‍ നിറയപ്പെട്ട് ചാച്ചാജി..!

നീതിമാന്‍റെ രക്തദാഹികളാല്‍ മരണമറിഞ്ഞവന്‍.

ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നുറപ്പില്‍

നിണമൊഴുകും തിരുമുറിവുകളില്‍

കണ്ണുനീരിന്‍റെ തോരാമഴ പ്പെയ്ത്തൊഴുക്കി

ഞാനുമങ്ങനെ

മഹത്വം വാഴ്ത്തി പാടുന്നു.


നീതിമാന്‍മാര്‍ക്ക്

മരണം വിധിച്ചവരുടെ വീരഗാഥകള്‍

ചരിത്രസംഹിതകളാകുന്നു

പാഠപുസ്തമാകുന്നു.

മരിയ്ക്കുന്നില്ല ചരിത്രമെന്നറിയുമ്പോഴും

നേരിന്‍റെ പാതയിലെ വഴിവിളക്കുകള്‍

തന്‍ മിഴികളടയുമ്പോഴും

അസ്തമിയ്ക്കുന്നില്ല

പൊട്ടിച്ചിതറും വാക്കിന്‍റെ അപാരത.

bottom of page