top of page

ഉപേക്ഷിക്കൽ

  • Writer: George Valiapadath Capuchin
    George Valiapadath Capuchin
  • Feb 25
  • 1 min read
A lone person in a tan coat and backpack walks on a sunlit brick path beside wooded stairs in an autumn forest, creating a tranquil mood.

അബ്രാമിൻ്റെ വിളിയോടെയാണ് ഉല്പത്തി പുസ്തകത്തിൻ്റെ 12-ാം അധ്യായം ആരംഭിക്കുന്നത്. അതിനുമുമ്പത്തെ അധ്യായത്തിൻ്റെ ആദ്യത്തിലാണ് ബാബേൽ ഗോപുരകഥ. പതിനൊന്നാം അധ്യായത്തിൻ്റെ രണ്ടാം പകുതിയിൽ ഹേമിൻ്റെ വംശാവലിയും മറ്റുമങ്ങുന്ന കുടുംബ ബന്ധങ്ങളാണ്. അവിടെ ഒരു യാത്രയെക്കുറിച്ചു കൂടി സൂചനയുണ്ട്. അബ്രാത്തിൻ്റെ പിതാവ് തേരാഹ് അബ്രാത്തെയും മരുമകൾ സാറായിയെയും, മരിച്ചു പോയ തൻ്റെ മകൻ്റെ മകൻ ലോത്തിനെയും കൂട്ടിക്കൊണ്ട് കല്ദായരുടെ ഊർ ഉപേക്ഷിച്ച് കാനാനിലേക്ക് യാത്രയായി എന്നാണത്. അവർ വന്ന് താമസിച്ചതാകട്ടെ ഹാരാനിലും. അവിടെ വച്ചാണ് തേരാഹ് മരിക്കുന്നത്. അപ്പൻ്റെ മരണശേഷം - അപ്പൻ ആരംഭിച്ച യാത്ര പൂർത്തിയാക്കാനാണ് എന്നുപറയാം - ദൈവം അബ്രാമിനെ വ്യക്തിപരമായി വിളിക്കുന്നതും അയാൾക്ക് വ്യക്തിപരമായി വാഗ്ദാനങ്ങൾ നല്കുന്നതും. പിതൃദേശം വിട്ട് ഹാരാനിലായിരുന്നു അയാൾ അപ്പോൾ കഴിഞ്ഞിരുന്നത്. സ്വാഭാവികമായും അപ്പനെ അടക്കിയ മണ്ണുപോലും ഉപേക്ഷിക്കാനാണ് ദൈവം കല്പിക്കുന്നത്.


ഇറങ്ങിപ്പോകലിൻ്റെ രണ്ടാം തലമുറയാണ് അബ്രാം. ദൈവം അയാൾക്ക് വലിയ വാഗ്ദാനങ്ങളാണ് നല്കുന്നത്. നീ വഴി സർവ്വജനതകളും ആശീർവദിക്കപ്പെടും എന്നുകൂടി പറയുന്നുണ്ട് ദൈവം.


ചുരുക്കത്തിൽ അബ്രാമിനും മുമ്പേ തുടങ്ങിയതാണ് വിട്ടുപേക്ഷിക്കലുകൾ. ദൈവികമായ വിളികളിലെല്ലാം വിട്ടുപേക്ഷിക്കലിൻ്റെ ഒരു തലം ഏറിയും കുറഞ്ഞും കാണാനുണ്ട്. പ്രവാചകന്മാരുടെ വിളികളിലും, ഏറ്റവും ഒടുവിലായി ശിഷ്യരെ യേശു വിളിക്കുമ്പോഴും ഈയൊരു വീട്ടുപേക്ഷിക്കലിൻ്റെ തലം പ്രകടമായി കാണാനുണ്ട്.


ഇറങ്ങി നടപ്പാണ് നമ്മുടെ ലോകത്തെ ഇവിടെവരെ എത്തിച്ചിട്ടുള്ളത്! വിട്ടുപേക്ഷിക്കുക - ഇറങ്ങി നടക്കുക - എന്നത് പ്രധാനപ്പെട്ട ഒരു ആത്മീയ സാധനയാണ് എന്ന് നാം തിരിച്ചറിയുന്നു - പ്രത്യേകിച്ച് ഒരു നോമ്പുകാലത്ത്.

bottom of page