top of page

അനോറയുടെ പ്രയാണം

May 1, 2025

3 min read

വിനീത് �ജോണ്‍
A scene from 'Anora'

മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ സിനിമ പാം ദി ഓര്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ കാനിലെത്തി. ഇന്ത്യന്‍ പ്രതീക്ഷകളത്രയും കാറ്റില്‍ പറത്തി ഒരു ഹോളിവുഡ് സിനിമ പാം ദി ഓര്‍ നേടി. ഇന്ത്യന്‍ സംവിധായകന്‍ പായല്‍ കപാഡിയയ്ക്ക് 'ഗ്രാന്‍റ് പ്രി' പുരസ്കാരം കൊണ്ട് തൃപ്തയാകേണ്ടി വന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ് ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ ഒരു സാധാരണ സിനിമായിരുന്നു ആ വര്‍ഷത്തെ പാം ദി ഓര്‍ നേടിയത്. "അനോറ/ ഇംഗ്ലീഷ്/ 139 മിനിറ്റ്". ഷോണ്‍ ബേക്കര്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിംഗും അദ്ദേഹം തന്നെ.


സിനിമയിലെ നായിക അനോറ അല്ലെങ്കില്‍ 'അനി' ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയാണ്. അവിടേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ റഷ്യന്‍ കോര്‍പ്പറേറ്റ് ഭീമനായ നിക്കോളായ് സഖറോവിന്‍റെ മകന്‍ ഇവാന്‍ സഖറോവ് എന്ന 'വന്യ' എത്തിച്ചേര്‍ന്നു. ഒരു നൈറ്റ് ക്ലബ്ബിൽ വച്ച് അവന്‍ അനോറയെ കാണുകയും ഒരാഴ്ചത്തേയ്ക്ക് അവളെ വാടകയ്ക്ക് എടുക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ അവന് ഒരു അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് വേണം. അതിനായി അനോറയെ തെറ്റിദ്ധരിപ്പിച്ച് പ്രണയം നടിച്ച് അവളെ വിവാഹം കഴിക്കുകയായിരുന്നു അവന്‍റെ ഉദ്ദേശം. ചതി മനസ്സിലാക്കാതെ പോയ അനോറ എന്നോ നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാന്‍ ഒരു വഴി തുറന്നതായി വിചാരിച്ചു. സന്തോഷഭരിതമായ ആ ദിവസങ്ങളില്‍ അവന്‍ അവളെ വിവാഹം ചെയ്തു. വിവരം സഖറോവ് കുടുംബം അറിഞ്ഞു. അമേരിക്കയിലെ അവരുടെ പാദസേവകര്‍ ഒരു വിശ്വസ്ത ജോലിക്കാരനായ ഐഗറിനെയും കൂട്ടി അനിയും, വന്യയും താമസിക്കുന്ന വീട്ടില്‍ എത്തി. അപകടം മനസ്സിലാക്കിയ വന്യ അവിടെ നിന്ന് ഇറങ്ങിയോടി. അനി അപരിചിതരോടൊപ്പം ആ വീട്ടില്‍ തനിച്ചായി. റഷ്യയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന നിക്കോളായ്ക്കും ഭാര്യയ്ക്കും മുമ്പില്‍ വന്യയെ അവതരിപ്പിക്കേണ്ടത് ആ ജോലിക്കാരുടെ ചുമതലയാണ്. അതുകൊണ്ട് തന്നെ അവര്‍ വന്യയെ അന്വേഷിച്ചിറങ്ങി. അനോറയേയും ബലമായി അവരുടെ കൂടെക്കൂട്ടി. ഈ യാത്ര അവള്‍ക്ക് തിരിച്ചറിവ് നല്‍കിത്തുടങ്ങി. യാഥാര്‍ത്ഥ്യ ബോധത്തിലേയ്ക്ക് അവള്‍ മെല്ലെ അടുത്തു കൊണ്ടിരുന്നു. താന്‍ ചതിക്കപ്പെടുകയായിരുന്നു എന്നവള്‍ക്ക് ബോധ്യമായി. പിറ്റേന്ന് തന്നെ അവന്‍റെ മാതാപിതാക്കള്‍ സ്ഥലത്തെത്തി. അനിയെ ക്രൂരമായി നോവിച്ചുകൊണ്ട് വന്യ തന്‍റെ മാതാപിതാക്കള്‍ക്കൊപ്പം തിരികെപ്പോയി. കൗമാര ചാപല്യങ്ങള്‍ വിട്ടുമാറാത്ത ഒരു കോടീശ്വര പുത്രന്‍ അതിനിന്ദ്യമായി തന്നെ ചതിക്കുകയായിരുന്നു എന്ന് അവള്‍ തിരിച്ചറിഞ്ഞു. പണം കൊണ്ട് എന്തും നേടാന്‍ പരിശീലിച്ചവര്‍ തന്‍റെ സ്വപ്നങ്ങളെയും, പ്രതീക്ഷകളേയും വില നല്‍കി സ്വന്തമാക്കി. ആ തിരിച്ചറിവു അക്ഷരാര്‍ത്ഥത്തില്‍ അവളെ നടുക്കി. താന്‍ കണ്ട സ്വപ്നങ്ങള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. അവള്‍ ഒറ്റക്കായി. ഐഗറിനൊപ്പം അവള്‍ തന്‍റെ പഴയ തൊഴിലിടത്തിലേയ്ക്ക് യാത്രയായി. ആ മടക്കയാത്രയിലാണ് അനോറ ജീവിതത്തില്‍ ആദ്യമായി വാത്സല്യം അനുഭവിക്കുന്നത്. ശരീരം കൊടുക്കുമ്പോഴല്ലാതെ ഐഗര്‍ എന്ന മനുഷ്യനില്‍ നിന്ന് അനോറ ആദ്യമായി സ്നേഹം അനുഭവിച്ചു, ചേര്‍ത്തുനിര്‍ത്തലിന്‍റെ ചില നിമിഷങ്ങള്‍ അനുഭവിച്ചു. അത് അവര്‍ക്കിടയിലെ ഒരു കെമിസ്ട്രിയായി ചിത്രീകരിച്ചുകൊണ്ട് സിനിമ അവസാനിച്ചു. ഇതാണ് അനോറയുടെ പ്രമേയം. പറഞ്ഞ് പഴകിയ ഈ സിന്‍ഡ്രല്ല കഥ നര്‍മ്മത്തില്‍ തുടങ്ങി, പിന്നെ ഇത്തിരി വേദനിപ്പിച്ച് ഒടുവില്‍ ശുഭ പര്യാവസായി ആയി.


അനോറ ഒരു മോശം സിനിമയാണെന്നും പാം ദി ഓര്‍ , ഓസ്കാര്‍ പോലുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കത്തക്ക വിധത്തില്‍ അതിലൊന്നുമില്ലെന്നും അഭിപ്രായപ്പെട്ടവര്‍ ധാരാളമാണ്. സിനിമ കാണുന്ന മാധ്യമമാകാം അത്തരം ഒരു അഭിപ്രായത്തിലേയ്ക്ക് അവരെ എത്തിച്ചത്. സിനിമയ്ക്ക് 'തിയേറ്റര്‍ എക്സ്പീരിയന്‍സ്' എന്ന ഒരു സംഭവം ഉണ്ട്. സിനിമ അവസാനത്തോടടുക്കുമ്പോള്‍ തികച്ചും നിശബദ്ധമായ രംഗങ്ങളാണ് കൂടുതല്‍. ഭീകരമായ ആ നിശബദ്ധതയില്‍ അനോറ തീവ്രമായി കാണികളോടു സംസാരിക്കും. അതു തരുന്ന ഏക മാധ്യമം തിയേറ്ററാണ്. ആ എക്സ്പീരിയന്‍സ് മേല്‍പറഞ്ഞ അഭിപ്രായത്തെ മറിച്ചു പറയിക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.


2024 മെയ് 21 ന് ആണ് കാനില്‍ അനോറ പ്രദര്‍ശിപ്പിക്കുന്നത്. അന്ന് സിനിമ അവസാനിച്ച് പത്തുമിനിറ്റോളം തിയേറ്ററില്‍ തുടര്‍ന്ന കരഘോഷത്തെക്കുറിച്ച് പിന്നീട് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണം കൊണ്ട് എന്തിനേയും വിലക്കെടുക്കുന്നവര്‍ മനുഷ്യന്‍റെ കണ്ണുനീരിനും, സ്വപ്നങ്ങള്‍ക്കും, എല്ലാറ്റിനുമുപരി പെണ്ണിന്‍റെ മാനത്തിനും വിലയിടുമ്പോള്‍ ആര്‍ദ്രഹൃദയരായ കാഴ്ചക്കാര്‍ക്ക് നോവാതിരിക്കില്ല. ലൈംഗികത്തൊഴിലാളിയായി ജീവിക്കുന്നവര്‍ ലോകത്തെവിടെ ജീവിച്ചാലും അവരെ സമൂഹം മനുഷ്യരായി കാണുന്നില്ല എന്ന യാഥാര്‍ത്ഥ്യം അനോറ കാണിച്ചുതരുന്നു.


മിക്കി മാഡിസണ്‍ന്‍റെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന സിനിമയിലെ പ്രകടനമാകാം ഇതിലെ പ്രധാന വേഷത്തില്‍ എത്തിച്ചത്. വളരെ ചെറുതെങ്കിലും ആ ടോറന്‍റീനോ പടത്തില്‍ കണ്ട ആ പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. ഒരുപക്ഷേ ആ സിനിമയിലെ അവളുടെ കഥാപാത്രത്തിന്‍റെ ദാരുണാന്ത്യം കൊണ്ടുമായിരിക്കാം അത്. അനോറ, മിക്കിയുടെ മാത്രം സിനിമയാണ്. അനോറ എന്ന കഥാപാത്രത്തിന്‍റെ സങ്കടങ്ങളും, സ്വപ്നങ്ങളും, മോഹഭംഗങ്ങളും മിക്കിയിലൂടെ ഏറ്റവും തീവ്രതയോടെ കാണികള്‍ അനുഭവിച്ചു. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ശൂന്യമായ ജീവിതത്തിലേയ്ക്ക് കാഴ്ചക്കാരെയും കൊണ്ടവള്‍ ലാന്‍റ് ചെയ്തു. ഏറ്റവും മനോഹരമായ സേഫ് ലാന്‍റിംഗ്.


97-ാമത് ഓസ്കാര്‍ നിശയില്‍ 6 നോമിനേഷനാണ് അനോറ നേടിയത്. അതില്‍ അഞ്ചും അനോറ സ്വന്തമാക്കി.എഡിറ്റിംഗും, തിരക്കഥയും, സംവിധാനവും ചെയ്ത ഷോണ്‍ ബേക്കര്‍ മൂന്നിനും ഓസ്ക്കാര്‍ സ്വന്തമാക്കി. മികച്ച ചിത്രമായി തിരഞ്ഞെടുത്തതും അനോറ തന്നെ. പ്രധാനവേഷത്തിലെത്തിയ മിക്കി മാഡിസണ്‍ മികച്ച നടിയ്ക്കുള്ള ഓസ്ക്കാര്‍ സ്വന്തമാക്കി. ചിത്രത്തിന്‍റെ സംവിധായകന്‍ ഷോണ്‍ ബേക്കറും, പ്രധാന വേഷത്തിലഭിനയിച്ച മിക്കി മാഡിസണും തങ്ങളുടെ മറുപടി പ്രസംഗത്തില്‍ അവാര്‍ഡുകള്‍ ലൈംഗിത്തൊഴിലാളികള്‍ക്കായി സമര്‍പ്പിച്ചു. ആകെ അന്‍പതോളം ഫിലിം ഫെസ്റ്റിവെലുകളില്‍ പങ്കെടുത്ത അനോറ 193 നോമിനേഷനുകളില്‍നിന്നും 75 അവാര്‍ഡുകള്‍ സ്വന്തമാക്കി. മാര്‍ച്ച് 14നു ആരംഭിച്ച കോട്ടയം ഫിലിം ഫെസ്റ്റിവെലിലും ഉദ്ഘാടന ചലച്ചിത്രം അനോറയായിരുന്നു.


ലൈംഗിതൊഴിലാളികളുടെ ജീവിതം ഇതിനു മുന്‍പും സിനിമകളില്‍ പ്രമേയമായി വന്നിട്ടുണ്ട്. ഇന്ത്യന്‍ ഇതിഹാസ സംവിധായകന്‍ സഞ്ചയ് ലീലാ ബന്‍സാലിയുടെ 'ഗംഗുബായി കതിയ വാഡി', ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ സംവിധായകന്‍ ശ്രീജിത് മുഖര്‍ജിയുടെ 'ബീഗം ജാന്‍' എന്നിവയൊക്കെ ഇന്ത്യയില്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം പ്രമേയമായി വന്ന മുഖ്യധാരാ സിനിമകളാണ്. 'അവളുടെ രാവുകള്‍' ആണ് ആദ്യമായി മലയാളത്തില്‍ സ്ത്രീ ശരീരത്തിന്‍റെ അവകാശ പ്രഖ്യാപനം നടത്തിയ സിനിമയായി കണക്കാക്കുന്നത്. ഹോളിവുഡിലും കണക്കറ്റ സിനിമകള്‍ ഇത്തരം പ്രമേയങ്ങളുമായി വന്നിട്ടുണ്ട്. എന്നിട്ടും ലോക സിനിമയിലേയ്ക്ക് ഇതേ പ്രമേയവുമായി വരാന്‍ ഷോണ്‍ ബേക്കര്‍ ധൈര്യം കാണിച്ചത് ലൈംഗികതൊഴിലാളികളുടെ ജീവിതത്തിന് ഇന്നും മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാവും! അദ്ദേഹം മുന്നോട്ടു വച്ച പ്രമേയത്തിലെ രാഷ്ട്രീയം കേവലം പ്രസംഗം പോലെ അവതരിപ്പിക്കാതിരിക്കുന്നതില്‍ ഷോണ്‍ ബേക്കര്‍ വിജയിച്ചു. കലയുടെ മര്‍മ്മപ്രധാനമായ ദൗത്യങ്ങളിലൊന്നായ രസം ജനിപ്പിക്കുന്നതില്‍ സിനിമ അങ്ങേയറ്റം വിജയിച്ചു. അതി തീവ്രമായ കണ്ണീര്‍ക്കഥപോലെ പറയാമായിരുന്ന കഥയ്ക്ക് സംവിധായകന്‍ തിരഞ്ഞെടുത്തത് ഹാസ്യരസമാണ്. എന്നാല്‍ ഒരോ ചിരിയുടേയും അന്ത്യത്തില്‍ അനോറ ചിന്തിപ്പിക്കാന്‍ ചിലതു ബാക്കിവയ്ക്കുന്നുണ്ട്. അതുതന്നെയാണ് അനോറയ്ക്ക് ഫെസ്റ്റിവെലുകള്‍ക്കപ്പുറം ജീവിതത്തിന്‍റെ ചുവപ്പ് പരവതാനിയില്‍ ഇടം നല്‍കുന്നത്.

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page